"വിധിയുടെ വിളയാട്ടം"
അതെ അത് തന്നെ.
എന്‍റെ ഓര്‍മ്മകളെയും അനുഭവങ്ങളെയും പുറംലോകത്തെ എഴുതി അറിയിക്കാന്‍ ഞാന്‍ എടുത്ത തീരുമാനത്തെ അങ്ങനയേ വിളിക്കാന്‍ കഴിയൂ.
നിര്‍ണായകമായ ആ തീരുമാനമെടുത്ത ശേഷം ഞാന്‍ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങി ചുറ്റും നോക്കി.
എന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രകൃതിയില്‍ കൊടുങ്കാറ്റു വീശിയോ?
- ഭാഗ്യം ! ഇല്ല. ഒരു മന്ദമാരുതന്‍ പോലുമില്ല.
കുറുനരികള്‍ ഉച്ചത്തില്‍ ഓരിയിട്ടോ?
- കുറുനരി പോയിട്ട്, കുറുനിരകള്‍ ഉള്ള ഒരു പെണ്‍കുട്ടിയുടെ ശബ്ദം പോലും കേള്‍ക്കാനില്ല.
അടുത്ത വീട്ടിലെ വളര്‍ത്തുമൃഗങ്ങള്‍ കെട്ട് പൊട്ടിച്ചോടിയോ?
- അടുത്ത വീട്ടിലെ മൃഗങ്ങള്‍ യഥാസ്ഥാനത്തുണ്ടെന്ന് മാത്രമല്ല, വഴിയരികിലെ നായ്ക്കളും അവിടെത്തന്നെയുണ്ട്...
അവറ്റകളുടെ മുഖത്ത്, "നീ ബ്ലോഗെഴുതും അല്ലേടാ കശ്മലേന്ദ്രാ..?" എന്ന ഭാവവുമില്ല.
ഇനി അശരീരികള്‍ വല്ലതും കേട്ടോ?
- ഹേയ്. പരിസരത്തെങ്ങും ഒരു ആശാരി പോലുമില്ല
കിണറുകളില്‍ വെള്ളം വറ്റിയോ?
- ഇല്ല... കിണറ്റിലും ടെറസ്സിലെ ടാങ്കിലും ആവശ്യത്തിനു വെള്ളമുണ്ട്
ഞാന്‍ കണ്ണും കാതും കൂര്‍പ്പിച്ചു..... ഇല്ല...അസ്വാഭാവികമായി ഒന്നുമില്ല.....പ്രകൃതിരമണിച്ചേച്ചിക്ക് എതിര്‍പ്പൊന്നുമില്ല.
അപ്പൊ പിന്നെ എന്‍റെ തീരുമാനവുമായി സധൈര്യം മുന്നോട്ട് തന്നെ.
വായന തുടങ്ങും മുന്‍പ് നിങ്ങളോട് രണ്ട് വാക്ക്.
തല്‍ക്കാലം, ഞാന്‍ ഒരു അജ്ഞാതനായി ഇരിക്കാന്‍ ആഗ്രഹിക്കുന്നു. എന്‍റെ വ്യക്തിത്വം ഇപ്പൊ വെളിപ്പെടുത്തിയാല്‍, ഇതില്‍ പറയുന്ന കഥാപാത്രങ്ങളെ ചിലര്‍ക്കെങ്കിലും തിരിച്ചറിയാന്‍ കഴിയും.
അത് ഞാനും, അവരും ആഗ്രഹിക്കുന്നില്ല...... അത് കൊണ്ടാണ് ഈ അജ്ഞാതവാസം...
അല്ലാതെ ആരെയും പേടിച്ചിട്ടല്ല.
ഇതില്‍ ഉപയോഗിച്ചിരിക്കുന്ന കഥാപാത്രങ്ങളുടെ പേരുകളും സ്ഥലപ്പേരുകളും ഒന്നും യഥാര്‍ത്ഥത്തിലുള്ളതല്ല.
എനിക്ക് എപ്പോഴാണ് എഴുതണമെന്ന് ആദ്യമായി തോന്നിയത്....? ഓര്‍മ്മയില്ല !
മീശ മുളച്ചു തുടങ്ങിയ പ്രായത്തില്‍, തെരുവുവിളക്കുകള്‍ മങ്ങിയ പ്രകാശം ചൊരിയുന്ന നഗരവീഥിയില്‍ കൂടി നടന്നപ്പോഴാ...... ?
അതോ...ആഗ്രഹങ്ങളൊടുങ്ങാത്ത മനുഷ്യമനസ്സിനെ ഓര്‍മ്മിപ്പിക്കുന്ന തിരയൊഴിയാത്ത കടലിനെ കണ്ടപ്പോഴോ.....?
അതോ.....ദൂരദര്‍ശനില്‍ "തപ്പും തുടിയും" കണ്ടിരുന്നപ്പോഴോ .....?
അറിയില്ല.
പിന്നെ എപ്പോഴാണ്?
ഓ മൈ ഗോഡ്...എപ്പോഴെങ്കിലുമാകട്ടെ !
ആമുഖത്തിലേ നിങ്ങളെ ബോറടിപ്പിക്കുന്നില്ല...അതിനുള്ള അവസരം പിന്നാലെ വരുന്നുണ്ട്.
ആമുഖത്തോടൊപ്പം ഈ ബ്ലോഗ് ഉത്ഘാടനവും നടന്നതായി ഔപചാരികമായി അറിയിച്ചു കൊണ്ട് ഞാന്‍ എന്‍റെ കന്നി പോസ്റ്റിന്‍റെ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുന്നു.
എന്ന് സ്വന്തം
/അജ്ഞാതന്‍/
http://hiddenflash.blogspot.com by Ajnaathan is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.
മറഞ്ഞിരിക്കുന്നതിനെ ഭീരുത്വമായി
ReplyDeleteകണക്കാക്കിയാലോ ?
ആക്കിക്കോളൂ.....നോ പരാതി.
ReplyDeleteഎഴുത്തിന്റെ ലോകത്തെ സ്വഗതം
ReplyDelete