Tuesday, May 31, 2011

ക്ഷണക്കത്ത്


ബസ്‌ ഇരച്ച് കൊണ്ട്‌ ചുരം കയറുമ്പോള്‍, ഷട്ടര്‍ അല്‍പം പൊക്കി അലക്സ്‌ പുറത്തേക്ക് നോക്കി....
കുന്നിന്മുകളിലെ പള്ളി ചെറുതായി കണ്ടു തുടങ്ങിയിരിക്കുന്നു.

മഴവെള്ളം ബസ്സിനുള്ളിലേക്ക്‌ തെറിച്ചപ്പോള്‍, ഷട്ടര്‍ തിരികെ താഴ്ത്തി അയാള്‍ കണ്ണുകളടച്ചു.

കാലം കുറെയായി താനിതുവഴി വന്നിട്ട്.... അയാള്‍ മനസ്സിലോര്‍ത്തു.
കൃത്യമായി പറഞ്ഞാല്‍ നാല് വര്‍ഷങ്ങള്‍.

അവളുടെ വിവാഹത്തിനാണ് അവസാനമായി ആ പള്ളിയില്‍ വന്നത്... ആദ്യമായും.

വിവാഹം നിശ്ചയിച്ച കാര്യം തന്നോടവള്‍ പറഞ്ഞപ്പോള്‍, ആ ഇടറിയ ശബ്ദത്തില്‍ കേട്ട വേദന ഇപ്പോഴും തന്‍റെ കാതുകളിലുണ്ട്..

പോകേണ്ട എന്നാണ് ആദ്യം കരുതിയത്. പക്ഷേ, പോയി.

അവളെ നഷ്ടപ്പെട്ടു എന്ന് തനിക്ക് പൂര്‍ണമായി ഉള്‍ക്കൊള്ളണമെങ്കില്‍, അവള്‍ മറ്റൊരാളുടേതാകുന്നത് കാണണമെന്ന് അന്ന് തനിക്ക് തോന്നി.

ദൂരെ നിന്ന് അവള്‍ കാണാതെ താന്‍ ആ വിവാഹം കണ്ടു.

പള്ളിയുടെ പടികള്‍ തിരിച്ചിറങ്ങുമ്പോള്‍ മനസ്സില്‍ ഒന്നേ  പ്രാര്‍ത്ഥിച്ചുള്ളൂ..
"താന്‍ കൊടുക്കാനാഗ്രഹിച്ച സ്നേഹം, തനിക്ക് കൊടുക്കാന്‍ കഴിയാതെ പോയ സ്നേഹം, അതവള്‍ക്ക് നല്‍കാന്‍ അവന് കഴിയട്ടെ."

പിന്നീടൊരിക്കലും അവള്‍ക്കെഴുതുകയോ അവളെപ്പറ്റിയറിയാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല... അവളും.

നാട് വിട്ട് മരുഭൂമിയിലെത്തിയ നാളുകളില്‍, അവള്‍ ഉള്ളില്‍ മായാത്ത ഒരു വേദനയായിരുന്നു.
നാല് വര്‍ഷക്കാലത്തെ മണലാരണ്യത്തിലെ ഉരുകുന്ന വെയിലും പൊള്ളുന്ന മണല്‍ക്കാറ്റും തന്ന അനുഭവങ്ങള്‍, തന്നെ വേദനകള്‍ നേരിടാനും മറക്കാനും കഴിയുന്നൊരു മനുഷ്യനാക്കി മാറ്റി.

കാലം മായ്ച്ച വേദനകളുടെ കൂട്ടത്തില്‍ അവളും മറഞ്ഞു.....ആ വേര്‍പാടും..

തന്‍റെ വിവാഹക്ഷണക്കത്ത് കിട്ടും മുന്‍പ് തന്നെ, അവളെയാണ് ആദ്യം ക്ഷണിക്കേണ്ടത് എന്ന് തീരുമാനിച്ചിരുന്നു.

"To Mrs. & Mr. Antony" എന്നെഴുതിയ ക്ഷണക്കത്ത് അയാള്‍ വെറുതെ കയ്യിലെടുത്ത് നോക്കി.
തന്നെക്കാണുമ്പോള്‍... ഇത് കൊടുക്കുമ്പോള്‍..... അവളെങ്ങനെയാകും പ്രതികരിക്കുക...?

"പള്ളിമുക്ക് പള്ളിമുക്ക്....." കണ്ടക്ടറുടെ ശബ്ദം അലക്സിനെ ചിന്തകളില്‍ നിന്നുണര്‍ത്തി.

ക്ഷണക്കത്ത് ബാഗില്‍ ഭദ്രമായി തിരികെ വെച്ച് അയാള്‍ ബസ്സില്‍ നിന്നിറങ്ങി.

മഴയുടെ ശക്തി അപ്പോഴും കുറഞ്ഞിട്ടുണ്ടായിരുന്നില്ല.
വഴിയരികില്‍ കണ്ട ചായക്കടയുടെ തിണ്ണയിലേക്ക് കയറി നിന്ന്, മരുഭൂമിയില്‍ താന്‍ കാണാന്‍ കൊതിച്ച മഴയെ അയാള്‍ കൗതുകത്തോടെ നോക്കി.

ശക്തിയായി വീശിയ കാറ്റ് മുഖത്തേക്ക് വെള്ളം തെറിപ്പിച്ചപ്പോള്‍ അയാള്‍ അറിയാതെ പുഞ്ചിരിച്ചു..... മുഖത്ത് ആരോ ഇക്കിളിപ്പെടുത്തുന്ന പോലെ.

"ഒരു ചായയെടുക്കട്ടെ"
ശബ്ദം കേട്ട്, അലക്സ്‌ തിരിഞ്ഞു നോക്കി... ചായക്കടക്കാരനാണ്.

"ഉം"

"ഇവിടെ ആദ്യായിട്ടാണെന്ന് തോന്നുന്നു."

"അതെ"

"എവിടുന്നാ?"

അലക്സ്‌ മറുപടിയൊന്നും പറഞ്ഞില്ല..

"ആരെക്കാണാനാ? " ചായക്കടക്കാരന്‍ വിടുന്ന ഭാവമില്ല.

"ആന്‍റണി..." അലക്സ്‌ പറഞ്ഞു.

കടയിലുണ്ടായിരുന്നവര്‍ പരസ്പരം നോക്കി.

ആരും മിണ്ടുന്നില്ലെന്ന് കണ്ട് അലക്സ്‌ "ഇവിടെ അടുത്തെവിടെയോ അല്ലേ വീട്? നടക്കാനുള്ള ദൂരമേയുള്ളോ?"

നാട്ടുകാരിലൊരാള്‍ "ആന്‍റണിയുടെ ആരാ?"

അലക്സിന് എന്തോ പന്തികേട് തോന്നി.

നാട്ടുകാരന്‍ "മൂപ്പരെക്കാണണമെങ്കില്‍ നേരെ സബ്ജയിലിലേക്ക് വിട്ടോ.. ആളവിടെ ഇനി കുറച്ച് കാലം കാണും.. കൊലക്കേസാ ! "
 
തിരികെ നടക്കുമ്പോള്‍ ചായക്കടക്കാരന്‍റെ വാക്കുകള്‍ അലക്സിന്‍റെ കാതില്‍ മുഴങ്ങുന്നുണ്ടായിരുന്നു. " സ്റ്റൌ പൊട്ടിത്തെറിച്ചതാ... ആ പെണ്ണിന് പണ്ടാരോടോ പ്രേമമുണ്ടായിരുന്നെന്നറിഞ്ഞ മുതല്‍ ആ ദുഷ്ടന്‍ അവളെ കൊല്ലാകൊല ചെയ്യുകാരുന്നു. ചെലപ്പോ സഹികെട്ട് അവള്‍ തന്നെ ചെയ്തതാവും. അത്രയ്ക്ക് ദ്രോഹിച്ചിട്ടുണ്ട്. അതിന്‍റെ കാലക്കേട്, ഏതോ നല്ല തറവാട്ടില്‍ പിറന്നതാ... പറഞ്ഞിട്ടെന്താ...അതിനിത്രേ വിധിച്ചുട്ടുള്ളൂ."

ബസ്സ് ചുരമിറങ്ങുമ്പോള്‍ അലക്സ്‌, ക്ഷണക്കത്ത് ചുരുട്ടി പുറത്തേക്കെറിഞ്ഞു.

ഹെയര്‍പിന്‍ ബെന്റുകള്‍ തിരിയുന്നതിനിടയിലെപ്പോഴോ അയാള്‍ തിരിഞ്ഞു നോക്കി.

കുന്നിന്‍മുകളിലെ പള്ളി ഒരു പൊട്ട് പോലെ ചെറുതായി അപ്പോഴും കാണാമായിരുന്നു. മെല്ലെ മെല്ലെ അതയാളുടെ കണ്ണില്‍ നിന്ന് മറഞ്ഞു.

/അജ്ഞാതന്‍/

Tuesday, May 17, 2011

ലിജു എന്ന നിഷ്കളങ്കന്‍.

"കൊല പണ്ണിടുവേന്‍ റാസ്കല്‍.....ഉനക്ക്‌ എവ്വളവ് ധൈര്യം ഇരുക്കെടാ അയോഗ്യ.?......."   പൊതുവേ ശാന്തനായ പ്രിന്‍സിപ്പല്‍ പോറ്റിസാറിന്‍റെ പതിവില്ലാത്ത ഗര്‍ജ്ജനം കേട്ട്, ഓടിവന്ന സ്റ്റാഫുകളെ തള്ളിമാറ്റി ലിജു സര്‍വ്വശക്തിയുമെടുത്ത് പുറത്തേക്കോടി.

ലിജു നിഷ്കളങ്കനായിരുന്നു.

അല്ലെങ്കില്‍ കാല്‍ക്കുലസ് ക്ലാസ്സില്‍, കണക്ക് പകര്‍ത്തിയെഴുതുമ്പോള്‍, ബോര്‍ഡിലെ മാറാത്ത പാട് കണ്ടിട്ട്, "ആ രണ്ട് ഇക്വേഷന്‍റെ ഇടയില്‍ എന്തിനാ സാറേ ഒരു വെളുത്ത വര ?" എന്നവന്‍ ചോദിക്കുമായിരുന്നില്ല.

കെമിസ്ട്രിക്ലാസ്സില്‍, മാഷ്‌ ഒരു ഓര്‍ഗാനിക് കോമ്പൌണ്ട് ബോര്‍ഡില്‍ വരച്ച്, അതില്‍ ചൂണ്ടി "പേര് പറ" എന്ന് ലിജുവിനോട് നിര്‍ദ്ദേശിച്ചപ്പോള്‍, തന്‍റെ പേരാണ് ചോദിക്കുന്നതെന്ന് കരുതി "ലിജു" എന്നും, "ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍" എന്നോ മറ്റോ പ്രതീക്ഷിച്ച മാഷ്‌, "ലിജു" എന്ന ഉത്തരം കേട്ട് ഞെട്ടി നിന്നപ്പോള്‍, "ലിജുലിജുലിജു" എന്നുമവന്‍ തറപ്പിച്ച് പറയുമായിരുന്നില്ല.


സുവോളജി ലാബില്‍ അവന്‍ കൊന്ന് കീറിപ്പഠിച്ച തവള, ലാബ് കഴിഞ്ഞപ്പോള്‍ പരസഹായമില്ലാതെ ചാടിപ്പോയത് ഇന്നും തെളിയാത്ത പ്രഹേളികയാണ്..

HODയുടെ ഒപ്പിട്ട് വീണയുടെ റെക്കോര്‍ഡില്‍ പ്രണയലേഖനമെഴുതിയതും, ഫിസിക്സ്‌ ലാബിലെ ന്യൂട്ടന്‍റെ ചിത്രത്തില്‍ മീശ വരച്ച് ചുണ്ടില്‍ ബീഡി തിരുകി, താഴെ "ആരുണ്ടെടാ എന്നോടും ഐന്‍സ്റ്റീനിനോടും കളിക്കാന്‍?" എന്നെഴുതിയതും, വാര്‍ഡന്‍റെ മുറിയിലേക്ക് കത്തിക്കാത്ത മാലപ്പടക്കം എറിഞ്ഞിട്ട് "ഇതെന്താ മാരണം പൊട്ടാത്തത് ?" എന്ന് ചിന്തിച്ച് വെളിയില്‍ കാത്തുനിന്നതും, ലിജുവിന്‍റെ ലീലകള്‍ ആയിരുന്നുവെങ്കിലും, കെമിസ്ട്രി ലാബിലെ പിപ്പെറ്റും ബ്യൂററ്റും പൊട്ടിച്ചതില്‍ അവന് പങ്കില്ലായിരുന്നു.

ലിജു കുറ്റാരോപിതനായത് തികച്ചും സ്വാഭാവികമായിരുന്നു.

ഓഫീസ് മുറിയില്‍ വെച്ച് അധ്യാപകര്‍ പ്രിന്‍സിപ്പലിന്‍റെ നേതൃത്വത്തില്‍ മാറി മാറി ചോദ്യം ചെയ്തപ്പോള്‍, ലിജു മൗനം പാലിച്ചു..... ലാബിലെ അക്രമത്തിന് പിന്നില്‍ ആരാണെന്ന് അറിയാമായിരുന്നുവെങ്കിലും.

ചോദ്യംചെയ്യലിനിടയിലെപ്പോഴോ‍, പോറ്റിസാറിന് കുടിക്കാന്‍, പ്യൂണ്‍ മേശപ്പുറത്ത് ചായ കൊണ്ട് വെച്ചു.

ചോദ്യങ്ങളാല്‍ പീഡിപ്പിക്കപ്പെട്ട് സ്വബോധം നഷ്ടപ്പെട്ടതോ, അതോ ഏതോ ഉച്ചക്കിറുക്കിന്‍റെ ആരംഭലക്ഷണമോ..എന്തോ

ഉപബോധമനസ്സിലെ ഏത് ചേതോവികാരത്തിന് അടിമപ്പെട്ടാണെന്നറിയില്ല, മേശയ്ക്കടുത്ത് നിന്ന ലിജു ആ ചായയെടുത്ത് ഒരു കവിള്‍ കുടിച്ചു !!!!

പോറ്റിസാറടക്കം സകലരും സ്തബ്ധരായി ചുറ്റിനും നില്‍ക്കുന്നത്, ലിജു ഒരു നിമിഷം അറിഞ്ഞില്ല.
"How dare you...?" എന്ന പോറ്റിസാറിന്‍റെ ചോദ്യമാണ് ലിജുവിനെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്.

സംഗതികള്‍ അവിടെയും തീര്‍ന്നില്ല. . 

സംഭവത്തിന്‍റെ ഗൗരവം മനസ്സിലാക്കിയ ലിജുവിന്‍റെ തലച്ചോറിലെ Reflex Action, അതിലും ഭീകരമായിരുന്നു.
വായിലൊഴിച്ച ചായ തിരികെ കപ്പിലേക്ക് refill ചെയ്തിട്ട്, "സോറി സര്‍, സാറിന് കൊണ്ട് വന്നതാണല്ലേ.. സാര്‍ കുടിച്ചോളൂ." എന്ന് പറഞ്ഞു ലിജു, കപ്പ്‌ മേശപ്പുറത്ത് പോറ്റിസാറിന്‍റെ അടുത്തേക്ക്‌ നീക്കിവെച്ചു.

ലിജുവിന്‍റെ സ്വബോധവും അബോധവും ഒന്നിനൊന്ന് അലമ്പാണെന്ന് തിരിച്ചറിഞ്ഞ പോറ്റിസാര്‍, മുണ്ട് മടക്കിക്കുത്തി തമിഴ്‌ തുടങ്ങിയതും, പരിപൂര്‍ണ്ണസ്വബോധം തിരിച്ചുകിട്ടിയ ലിജു ഇറങ്ങി ഓടിയതും സ്വാഭാവികം.

ഷര്‍ട്ടിന്‍റെ കോളര്‍ കൊണ്ട്, മേല്‍ച്ചുണ്ടില്‍ പറ്റിയ പത തുടച്ച് ഓടുമ്പോള്‍, ലിജു മനസ്സിലോര്‍ത്തു......"നല്ല കടുപ്പം.."


/അജ്ഞാതന്‍/Creative Commons License
http://hiddenflash.blogspot.com by Ajnaathan is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.

Sunday, May 1, 2011

സൂപ്പര്‍ കമ്പ്യൂട്ടര്‍


മനുഷ്യന്‍റെ തലച്ചോറിനെ വിവരമുള്ളവര്‍ വിളിക്കുന്ന ഒരു പേരുണ്ട്, സൂപ്പര്‍ കമ്പ്യൂട്ടര്‍.
എന്‍റെ കാര്യത്തില്‍ മേല്‍പ്പറഞ്ഞത് വാസ്തവവിരുദ്ധമാണെങ്കിലും, പലരുടെയും കാര്യത്തില്‍ ഇത് ശരിയാണ്.

പറഞ്ഞു വരുന്നത് ശാസ്ത്രഞ്ജന്മാരെപ്പറ്റിയോ, പണ്ഡിതശ്രേഷ്ഠന്മാരെപ്പറ്റിയോ അല്ല.... സാധാരണ ഗ്രാമീണരെപ്പറ്റിയാണ്, ചുറ്റുപാടുമുള്ളവരെ സദാസമയം നിരീക്ഷിക്കുന്ന തനി നാട്ടിന്‍പുറത്തുകാരെപ്പറ്റി.

തങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ എവിടെ, എന്ത്, എപ്പോള്‍, എങ്ങനെ ചെയ്യുന്നു, എന്ന് ഉറക്കത്തില്‍ വിളിച്ചു ചോദിച്ചാല്‍ പോലും അവര്‍ക്ക് പറയാന്‍ കഴിയും.

നിരീക്ഷണം മാത്രമല്ല, കിട്ടിയ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഗമനങ്ങളും അവരുടെ പ്രവചനശേഷിയും ഇന്നത്തെ ഏത് സൂപ്പര്‍കംപ്യൂട്ടറിനെയും നമ്രമുഖരാക്കും.

എന്‍റെ അമ്മൂമ്മ അത്തരത്തില്‍ നടത്തിയ ഒരു സൂപ്പര്‍ നിരീക്ഷണം ആണ് ഇന്നത്തെ വിഷയം.

ഞങ്ങളുടെ വീടിന്‍റെ തൊട്ടുമുന്‍പില്‍ ഒരു ചെറിയ ഇടവഴിയുണ്ട്. പൊതുവേ കാല്‍നടയാത്രക്കാര്‍ മാത്രം ഉപയോഗിക്കുന്ന ഒരു പാവം നാട്ടുവഴി.

ഈ വഴിയില്‍ക്കൂടി പോകുന്ന എല്ലാവരെയും അമ്മൂമ്മ പത്രപാരായണത്തിനിടയില്‍ നിരീക്ഷിക്കും. ചിലരുമായി കുശലപ്രശ്നങ്ങള്‍ നടത്തി തലച്ചോറിലെ  "നാട്ടുവിശേഷങ്ങള്‍"  എന്ന ഡാറ്റബേസ് അപ്ഡേറ്റ് ചെയ്യും.

ഒരു ദിവസം രാവിലെ ഞാനും അമ്മൂമ്മയും കൂടി മുറ്റത്ത് വെടിവട്ടം പറഞ്ഞിരിക്കുമ്പോള്‍, ഞങ്ങളുടെ അടുത്ത വീട്ടിലെ ശിവരാമന്‍ ചേട്ടനും, കുറച്ചകലെയുള്ള പിള്ളച്ചേട്ടനും കൂടി നടന്നു പോയി.

ശിവരാമന്‍ചേട്ടന്‍ പരമസാധുവും, ആരോടും അധികം ഇടപെടാന്‍ പോകാത്ത ആളുമാണ്.
ഇക്കാലത്തിനിടയ്ക്ക് ഞാന്‍ കണ്ടിട്ടുള്ളപ്പോഴൊക്കെ മൂപ്പരുടെ നടത്തം ഒറ്റയ്ക്കാണ്. അപൂര്‍വ്വമായി മാത്രം കുടുംബത്തിലെ ആരുടെയെങ്കിലും കൂടെ നടക്കുന്നത് കാണാം.

അങ്ങനെയുള്ള ആ മനുഷ്യന്‍ തന്‍റെ Wavelengthന് തികച്ചും വിരുദ്ധനായ പിള്ളച്ചേട്ടനുമായി നടന്നു പോകുന്നത് കണ്ടപ്പോള്‍ എനിക്കും എന്തോ പന്തികേട് തോന്നി. സാധാരണ കാണാത്ത ഒരു കൂട്ടുകെട്ട്, മോഡിയേം മദനിയേം പോലെ.
ഞാന്‍ അമ്മൂമ്മയെ നോക്കി.

അമ്മൂമ്മ: ഇവരൊന്നിച്ച് നടക്കുന്നത് കാണാന്‍ തുടങ്ങിയിട്ട് രണ്ട് ദിവസമായി.... എന്തിനായിരിക്കും?
അമ്മൂമ്മ ചിന്താമാഗ്നയായി.

ചുറ്റുപാടുമുള്ള സകലരുടെയും സകല Movements & Whereabouts നെക്കുറിച്ചുമുള്ള വിശദവിവരങ്ങളടങ്ങിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് അമ്മൂമ്മ കണ്ണുകള്‍ അടച്ചു.

"നാട്ടുവിശേഷങ്ങള്‍" ഡാറ്റാബേസില്‍ ക്വറിയോടിച്ച്. കിട്ടിയ റിസള്‍ട്ട്‌ അനലയ്സ് ചെയ്ത്, ലോജിക് ഉപയോഗിച്ച് ഹരിച്ച് ഗുണിച്ച് കൂട്ടിക്കിഴിച്ച്, ഒരു മിനിട്ടിനുള്ളില്‍ ഔട്പുട്ട് തന്നു.

അമ്മൂമ്മ: പിടികിട്ടീ....അപ്പൊ അതാണ്‌ കാര്യം. ശിവരാമന്‍റെ മോള് സുമതിയെ, പിള്ളേടെ മോന്‍ സുബാഷിനെക്കൊണ്ട് കെട്ടിക്കാനാണ് പരിപാടി. അതാണ്‌ ഇവരുടെ രണ്ട് ദിവസമായിട്ടുള്ള വരവും പോക്കും. രണ്ടിനും കെട്ടുപ്രായമായിരിക്കുകയാണ്.

ഞാന്‍ അത്ഭുതം കൂറി.

അമ്മൂമ്മ (ആത്മഗതം): ഛെ, എനിക്കിതെന്താ ഇന്നലെത്തന്നെ തോന്നാഞ്ഞത്? ആ പ്രായമായില്ലേ...? ഇനി ഇങ്ങനെയൊക്കെയാവും..!
അമ്മൂമ്മ നെടുവീര്‍പ്പിട്ടു.

എണ്‍പത് വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുണ്ടായിട്ടും തളര്‍ച്ചലേശമന്യേ മുന്നേറുന്ന ആ നിരീക്ഷണനിഗമനപാടവം എന്നില്‍ ആശ്ചര്യവും അസൂയയും ഉണര്‍ത്തി.

കുറച്ച് കഴിഞ്ഞപ്പോള്‍ പിള്ളച്ചേട്ടന്‍ കുറേ വാഴയിലയും കൊണ്ട് നടന്ന് വരുന്നത് കണ്ട്, "അപ്പൊ ഇന്ന് ബന്ധുക്കളൊക്കെ വന്ന് കല്യാണം ഉറപ്പിക്കലാണ്" എന്ന് എന്നോട് പറഞ്ഞിട്ട് അമ്മൂമ്മ മൂപ്പരെ പിടിച്ച് നിര്‍ത്തി.

അമ്മൂമ്മ: എന്താ പിള്ളേ ഇലയൊക്കെയായിട്ട്, വീട്ടില്‍ വിശേഷം ഏതാണ്ടുണ്ടല്ലോ?
പിള്ള (ഒരു ചെറിയ ചിരിയുമായി): ഓ, അങ്ങനൊന്നുമില്ല. ഒരു ചെറിയ വിശേഷം.
അമ്മൂമ്മ അര്‍ത്ഥം വെച്ച് ഒന്ന് മൂളി.
അമ്മൂമ്മ: ഉം...ഉം...നടക്കട്ടെ.... സുബാഷ് എന്നാ ലീവിന് വരുന്നത്?
പിള്ള: അവന്‍ ഇന്ന് ഉച്ചയ്ക്ക് മുമ്പ് ഇങ്ങെത്തും. അവനും ഇവിടെ വേണമല്ലോ.

അമ്മൂമ്മ "കണ്ടോടാ... എന്‍റെ ബുദ്ധിയെങ്ങനുണ്ട്" എന്ന മട്ടില്‍ എന്നെ നോക്കി കണ്ണിറുക്കി.
അമ്മൂമ്മ CBIയില്‍ ചേരാഞ്ഞത് CBIക്ക് ഒരു തീരാനഷ്ടമായിപ്പോയി  എന്ന് ഞാനോര്‍ത്തു.

എന്നിട്ട് ഒന്നുമറിയാത്തപോലെ അമ്മൂമ്മ: വിശേഷമെന്താണെന്ന് പിള്ള പറഞ്ഞില്ലല്ലോ?

പിള്ള: ഇന്ന് സുബാഷിന്‍റെ രണ്ടാമത്തെ മോന്‍റെ ഒന്നാം പിറന്നാളാ....എന്നാ ഞാന്‍ പോട്ടേ, തിരക്കുണ്ട്‌.
പിള്ളച്ചേട്ടന്‍ മെല്ലെ നടന്നകന്നു.

ഞാന്‍ അമ്മൂമ്മയെ നോക്കി.
അമ്മൂമ്മ നൊടിയിടകൊണ്ട് പത്രമെടുത്ത് ചമ്മിയ മുഖം മറച്ച് ഒന്നും സംഭവിക്കാത്തത് പോലെ വായന തുടര്‍ന്നു.

മുറ്റത്തെ റോസാപ്പൂവില്‍ തേന്‍ കുടിച്ചു കൊണ്ട് ഞങ്ങളെ നിരീക്ഷിച്ചിരുന്ന ഒരു നാട്ടുവണ്ട്‌ അമ്മൂമ്മയുടെ നിരീക്ഷണനിഗമനപാടവം കണ്ട് ചിരിച്ച് ചിരിച്ച്‌, തേന്‍ ഛര്‍ദ്ദിച്ച് താഴെ വീണു.

പൊടി തട്ടിയെഴുന്നേറ്റ്, ഒന്നൂടെ പൊട്ടിച്ചിരിച്ച്, പൂമ്പൊടിക്കൊപ്പം ഈ വാര്‍ത്തയും പരത്താന്‍ ആ ഭ്രമരകുമാരന്‍ അമ്മൂമ്മയുടെ മൂക്കിനടുത്ത് കൂടി "കൂയ്‌" എന്ന് വിളിച്ച് മൂളിപ്പറന്നകന്നു.

ശുഭം...

ബന്ധുക്കളോട് ഒരു വാക്ക്:
ഇത് വായിക്കുന്നതൊക്കെ കൊള്ളാം. ഇതിന്‍റെ ഉള്ളടക്കം അമ്മൂമ്മയെ അറിയിച്ച് വെറുതെ കുടുംബകലഹം ഉണ്ടാക്കരുത്.

/അജ്ഞാതന്‍/Creative Commons License