Sunday, April 24, 2011

അങ്ങനെ ഭഗവാന്‍ ആത്മീയാചാര്യനായി


ഇന്നലെ വരെ ഭഗവാന്‍ എന്ന് വിളിച്ചവര്‍, ഇന്ന് കളം മാറ്റി ചവിട്ടി.
Cardio Respiratory Failure മൂലം മരിച്ച സായിബാബ ഒരു ദിവസം കൊണ്ട് വെറും ആത്മീയാചാര്യനായി Depromote ചെയ്യപ്പെട്ടു.

Wikipediaയില്‍ ഉണ്ടായിരുന്ന സായിബാബയുടെ പ്രവചനമായ "താന്‍ 2022 വരെ ജീവിച്ചിരിക്കുമെന്നും, എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2030ല്‍ പ്രേമസായിബാബ എന്ന പേരില്‍ കര്‍ണാടകത്തില്‍ പുനര്‍ജ്ജനിക്കുമെന്നും" എഴുതിയത് ഇന്ന് രാവിലെ അപ്രത്യക്ഷമായി.

ഇന്നലെ അദ്ദേഹത്തിന്‍റെ ഭക്തര്‍ അദ്ദേഹത്തിന്‍റെ ജീവന് വേണ്ടി പൂജ നടത്തുന്ന വാര്‍ത്തകള്‍ കണ്ടപ്പോള്‍ ഒരു സംശയം.
ഇവര്‍ എന്താണ് പ്രാര്‍ത്ഥിച്ചത്?
ആരോടാണ് പ്രാര്‍ത്ഥിച്ചത്?

ദൈവമായ സായിബാബയെ രക്ഷിക്കണേ ഒറിജിനല്‍ ഭഗവാനേ എന്നോ?
അതോ സായിബാബഭഗവാനേ, നിന്നെ നീ തന്നെ കാത്തോളണേ എന്നോ?

മരണവാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനിടയില്‍ ഇന്ന് ടിവിയില്‍ ചില ഭക്തന്മാര്‍ പറഞ്ഞത്.
1. ലോകത്തിന് വരാനിരുന്ന ദുരന്തം സ്വയം ഏറ്റുവാങ്ങി സായിബാബ കുറച്ച് കാലത്തേക്ക് ഭൂമിയില്‍ നിന്ന് മാറി നില്‍ക്കുകയാണ്.
2. ഇത് മരണമല്ല. ഭഗവാന്‍ തന്‍റെ അവതാരലക്ഷ്യം പൂര്‍ത്തിയാക്കി മടങ്ങിയതാണ്. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം കൊണ്ട് വര്‍ണവിവേചനം ഇല്ലാതായി. ആണവാക്രമണം അവസാനിച്ചു. ജാതിചിന്തകള്‍ മനസ്സില്‍ മാത്രമായി.
3. അദ്ദേഹം സമാധിയായി.

ഒന്നാമത്തെ അഭിപ്രായം പറഞ്ഞ ഭക്തി തലയ്ക്ക് പിടിച്ച മനുഷ്യനോട് മറുപടി പറയാന്‍, ഞാന്‍ തികച്ചും അശക്തനാണ്.

ഭഗവാന്‍റെ അവതാരലക്ഷ്യത്തില്‍  വെള്ളത്തെ പെട്രോളാക്കുകയും കല്ലിനെ മുട്ടായിയാക്കുകയും (കടപാട്: ഏഷ്യാനെറ്റ്‌ ന്യൂസ്‌)  ചെയ്യുന്നതിനോടൊപ്പം  എന്‍ഡോസള്‍ഫാന്‍  പനിനീരാക്കുകയും, തീവ്രവാദികളുടെ ബോംബ്‌ കുരവപ്പൂവാക്കുകയും  കൂടി ഉണ്ടായിരുന്നെങ്കില്‍ വളരെ നന്നായിരുന്നു ഭക്താ....

28 ദിവസം ആശുപത്രിയില്‍ കിടന്ന് Ventilator കൊണ്ട് മാത്രം ജീവന്‍ നിലനിര്‍ത്തി വന്നിട്ട്, അവസാനം ഒരു രക്ഷയുമില്ലാതെ മരിക്കുന്നതാണ് സമാധിയെങ്കില്‍, യഥാര്‍ത്ഥ സമാധിയെ എന്ത് പേര് വിളിക്കും?


രോഗശുശ്രൂഷ സൗജന്യമായി ചെയ്യാന്‍ അവസരമൊരുക്കിത്തരുന്നവരോട് ജനങ്ങള്‍ക്ക്‌ സ്വാഭാവികമായി ഉണ്ടാകുന്ന നന്ദിയും കടപ്പാടും മുതലെടുത്ത്, ആ വികാരത്തെ ഭക്തിയാക്കി മാറ്റി, അന്തരീക്ഷത്തില്‍ നിന്ന് വിഭൂതിയും സ്വര്‍ണമാലയും സൃഷ്ടിച്ച് ഗിമിക്കുകള്‍ കാട്ടി വര്‍ഷങ്ങളോളം അവരുടെയെല്ലാം ദൈവമായി ജീവിച്ച, സ്വര്‍ണ്ണരഥമേറിയ ഒരു മനുഷ്യന്‍ അങ്ങനെ മറ്റെതൊരാളെയും പോലെ മരണത്തിനു കീഴടങ്ങി... അത്ര തന്നെ.


എന്തായാലും ഇന്നലെ വരെ "ഭഗവാന്‍" എന്ന് വിളിച്ചിരുന്ന ആളിനെ അനുയായികള്‍ പോലും മാധ്യമങ്ങളില്‍ കൂടി  ഇന്ന് അദ്ദേഹത്തിനെ "ആത്മീയാചാര്യന്‍" എന്നാണ് വിളിക്കുന്നത്‌.

എല്ലാം ഭഗവാന്‍റെ ഒരു കളിയായിരിക്കും അല്ലേ?

/അജ്ഞാതന്‍/