Sunday, September 5, 2010

ഫ്ലാഷ്ബാക്ക് - 01

കൂട്ടുകുടുംബ ബൂര്‍ഷ്വാ വ്യവസ്ഥിതിയില്‍ വിശ്വസിക്കുന്നവര്‍ നോക്കിയാല്‍, ഒരുപാട് അണികളുള്ള,....ക്ഷമിക്കണം...ഒരുപാട് അംഗങ്ങളുള്ള ഒരു കുടുംബത്തിലെ ഏറ്റവും ഇളയ സന്തതിയാണ് ഞാന്‍. പതിനാറാമന്‍.

അണുകുടുംബ മൂന്നാംമുന്നണി സംഘടനാതത്വപരമായി നോക്കിയാലും ഞാന്‍ തന്നെ ഏറ്റവും ഇളപ്പന്‍. എനിക്ക് ഒരു ചേട്ടന്‍ മാത്രമെയുള്ളൂ...രഞ്ജി.

ജന്മനാ അഹങ്കാരിയും, ആവശ്യത്തിന് തല്ലുകൊള്ളിത്തരവും കുറച്ചേറെ പിടിവാശിയും ഉണ്ടെന്നല്ലാതെ മറ്റ് കുഴപ്പങ്ങളൊന്നും എനിക്കില്ലായിരുന്നു.
കൊതി, നുണപറച്ചില്‍, അടി കൊള്ളാനുള്ള സാഹചര്യം മണക്കുമ്പോള്‍ തന്നെയുള്ള കണ്ണീര്‍വാതക പ്രയോഗം, മുതലായ സദ്ഗുണങ്ങളും എന്നില്‍ നില കൊണ്ടിരുന്നു.

ശരീരപ്രകൃതിയെപ്പറ്റി പറയുകയാണെങ്കില്‍, എനിക്ക് ഏതാണ്ട് പന്ത്രണ്ട് വയസ്സാകുന്നതു വരെ, സാമാന്യം കാഴ്ചയുള്ള ഒരാള്‍ നോക്കിയാല്‍ X-Ray ഇല്ലാതെ തന്നെ എന്‍റെ വാരിയെല്ലുകള്‍ എണ്ണിയെടുക്കാന്‍ കഴിയുമായിരുന്നു.
അതിനാല്‍ കുട്ടിക്കാലത്തെ എന്‍റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്ന്, നല്ല ആരോഗ്യമുള്ള ഒരു ശരീരത്തിനുടമയാവുക എന്നതായിരുന്നു. എന്‍റെ ആരാധ്യപുരുഷനായ ധാരാസിംഗിനെപ്പോലെ.

അങ്ങനെയൊരു ദുരാഗ്രഹത്തിനുള്ള പ്രധാന കാരണം സ്വന്തം സഹോദരനുമായി ഉണ്ടായിട്ടുള്ള മല്‍പ്പിടുത്ത അനുഭവങ്ങളാണ്.
ഞാനും ചേട്ടനും കുട്ടിക്കാലത്ത് ബുഷും ബിന്‍ലാദനും പോലെയായിരുന്നു.

അഭിപ്രായവ്യത്യാസമുള്ള എന്തു കാര്യത്തിനും ഞങ്ങള്‍ ആക്ഷന്‍ മാര്‍ഗം സ്വീകരിച്ചിരുന്നു.
മുട്ടായി കിട്ടിയാല്‍ അത് പങ്ക് വെയ്ക്കാന്‍, പുതിയ ബാലരമ വന്നാല്‍ അത് ആദ്യം വായിക്കാന്‍, മാവില്‍ കല്ലെറിയാന്‍, കാരംസ് കളിക്കാന്‍, ഊഞ്ഞാലാടാന്‍, ഉറക്കത്തില്‍ പുതപ്പു പിടിച്ചു പറിക്കാന്‍ ....അങ്ങനെ....അങ്ങനെ.....എന്തിനും ഏതിനും.

അക്കാലത്തെ എല്ലാ ഗുസ്തിപ്രകടനങ്ങളുടെയും ക്ലൈമാക്സിന് എന്‍റെ കണ്ണീരിന്‍റെ നനവുണ്ടായിരുന്നു.

എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ ചേട്ടന്‍റെ മേല്‍ ഞാന്‍ വിജയക്കൊടി പാറിച്ചത് രണ്ടോ മൂന്നോ അവസരങ്ങളില്‍ മാത്രം.......നിര്‍ഭാഗ്യവശാല്‍ അതെല്ലാം സ്വപ്നങ്ങളിലായിരുന്നു.

പക്ഷെ എന്‍റെ ഈ കണ്ണീരെല്ലാം മുകളില്‍ നിന്നൊരാള്‍ കാണുന്നുണ്ടായിരുന്നു.

"മുകളില്‍" എന്ന് പറയുമ്പോള്‍ അക്കാലത്ത് തട്ടിന്‍പുറത്ത്, "ഒളിച്ചേ കണ്ടേ" കളിച്ചുല്ലസിക്കുന്ന പെരുച്ചാഴികളെയും, അവറ്റകളെ ഇംഗ്ലീഷ് മരുന്ന് പോലെ തൊണ്ട തൊടാതെ വിഴുങ്ങാന്‍ കാത്തിരിക്കുന്ന ചേരകളെയുമല്ല ഞാന്‍ ഉദ്ദേശിച്ചത്.

എന്‍റെ കണ്ണീരൊപ്പാനുള്ള കര്‍ച്ചീഫ് ദൈവം കൊടുത്തയച്ചത് സുനിച്ചേട്ടന്‍റെ കൈകളിലായിരുന്നു.

സുനിച്ചേട്ടന്‍.......... രക്തബന്ധം റെഫര്‍ ചെയ്ത് പരിചയപ്പെടുത്തുകയാണെങ്കില്‍ എന്‍റെ അപ്പച്ചിയുടെ മൂത്ത മകനാണ് ടിയാന്‍. എന്നെക്കാള്‍ ആറ് വയസ്സിനു മൂപ്പന്‍.

അതിശക്തന്‍, തികഞ്ഞ മമ്മൂട്ടി ആരാധകന്‍, കുരങ്ങിന്‍റെ മെയ്‌വഴക്കമുള്ള ശരീരത്തിനുടമ, സാഹസികന്‍.
സ്വന്തം അനിയനെ ഇടിച്ച് ഡബ്ല്യു പരുവമാക്കുന്നതില്‍ രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ വാങ്ങിച്ചവന്‍. ശക്തിയുടെ കാര്യത്തില്‍ എന്തുകൊണ്ടും ഭീമസേനനുമായി ഒരു താരതമ്യത്തിന് യോഗ്യന്‍.
എങ്ങനെ ആരാധന തോന്നാതിരിക്കും?
എന്നെ സംബന്ധിച്ചിടത്തോളം മൂപ്പര്‍, സുഗ്രീവന് ശ്രീരാമനെപ്പോലെയായിരുന്നു.

കുട്ടിക്കാലത്തെ അദ്ദേഹത്തിന്‍റെ കുട്ടിത്തമില്ലാത്ത പീഡന പ്രവൃത്തികള്‍ കണ്ടിട്ട്, ഇവന്‍ വലുതാകുമ്പോള്‍ ഒരു മാവോയിസ്റ്റ് നേതാവോ, ഗബ്ബര്‍സിംഗോ മറ്റോ ആകുമെന്ന് എല്ലാവരും കരുതി.
ഞങ്ങളുടെ കുടുംബത്തില്‍ നിന്നും, മൂപ്പര്‍ പഠിച്ച സ്കൂളില്‍ നിന്നുമുള്ള ഏക നക്സലൈറ്റ് പ്രതീക്ഷയും അദ്ദേഹമായിരുന്നു.

വര്‍ഷങ്ങളായുള്ള എന്‍റെ പ്രതികാരദാഹം തീര്‍ക്കാന്‍ ക്വട്ടേഷന്‍ ഞാന്‍ ആ ദേവദൂതന് കൈമാറി.
ആവശ്യപ്പെടുമ്പോള്‍ കാലു തിരുമ്മികൊടുക്കലും തല മസ്സാജിങ്ങും ആയിരുന്നു ദേവദൂതന്‍റെ ഫീസ്‌.

എനിക്ക് വേണ്ടി ഓപറേഷന്‍ "പ്രതികാരാഗ്നിശമന" തുടങ്ങി.
എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ "സുനിച്ചേട്ടാ..." എന്നൊരൊറ്റ വിളി മതി.
ടോം & ജെറിയിലെ "സ്പൈക്" ( ബ്രൌണ്‍ നിറമുള്ള ആ ഗുണ്ടപ്പട്ടി ) പ്രത്യക്ഷപ്പെടുന്ന പോലെ സുനിച്ചേട്ടന്‍ എവിടെ നിന്നെങ്കിലും പറന്നു വന്ന് ഇടി തുടങ്ങും.

അവാച്യമായ നവ്യാനുഭൂതി പ്രദാനം ചെയ്യുന്ന നയനാനന്ദകരമായ കാഴ്ചയായിരുന്നു എനിക്കത്.
ഇടി കൊള്ളുമ്പോഴുള്ള ചേട്ടന്‍റെ മുഖം കണ്ടാല്‍, ചേട്ടന്‍റെ തലയ്ക്കു ചുറ്റും നക്ഷത്രങ്ങള്‍ രാജധാനി എക്സ്പ്രസ്സില്‍ തത്ക്കാല്‍ ടിക്കറ്റെടുത്ത് പായുന്നുണ്ടെന്ന് തോന്നും.
ആ മുഖഭാവത്തെക്കാള്‍ എനിക്ക് രസം തോന്നിയത് ഇടി കൊള്ളുമ്പോള്‍ "അയ്യോ...എടാ സുനീ....വിടെടാ...എന്‍റെ അമ്മോ...ആരേലും ഓടിവായോ....ചിറ്റപ്പാ..." എന്നിങ്ങനെയുള്ള നിലവിളികളായിരുന്നു.

ഓണാവധിയും ക്രിസ്മസ് അവധിയും മറ്റു gigantic അവധികളും സുനിച്ചേട്ടന്‍റെ മുന്‍പിലേക്ക് ചേട്ടനെ വലിച്ചെറിഞ്ഞു കൊടുക്കാന്‍ ഞാന്‍ അവസരങ്ങള്‍ മെനഞ്ഞു.
എനിക്ക് വേണ്ടി തുടങ്ങിയ ഈ ഇടിപ്രോഗ്രാം ക്രമേണ സുനിച്ചേട്ടന് ഒഴിവാക്കാന്‍ പറ്റാത്ത ഒരു ശീലമായി മാറി.
ഒരു പ്രമുഖ ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം, അതേ പാര്‍ട്ടിയിലുള്ള ഒരു മുതിര്‍ന്ന നേതാവിന്‍റെ മകനെ പീഡിപ്പിച്ച് രസിക്കുന്ന പോലെയായിരുന്നു ആ ശീലം.

അവധിക്കാലത്തെ ഒരു സുപ്രഭാതം.
സൂര്യന്‍ മറ്റ് ജോലി ഒന്നും ഇല്ലാത്തതിനാല്‍, പതിവ് പോലെ രാവിലെ തന്നെ നേരം വെളുപ്പിച്ച് തുടങ്ങി.
ക്ലോക്കില്‍ മണി എഴടിച്ചു.

സുനിച്ചേട്ടന്‍ ക്രൂരനയനങ്ങള്‍ ചിമ്മിത്തുറന്നു.
"ഇന്നെന്ത് നാശമുണ്ടാക്കണം? " എന്നാലോചിച്ച് കൊണ്ട്‌ ചുറ്റും നോക്കി.
തൊട്ടടുത്ത് ചേട്ടന്‍ സുഖസുഷുപ്തിയില്‍ വായും പൊളിച്ച് കിടക്കുന്നു.
കൂടുതലൊന്നും ആലോചിച്ചില്ല. കൈ ചുരുട്ടി ചേട്ടന്‍റെ പുറത്തൊരിടി..."ഡും". എന്നിട്ട് പുതപ്പ് തലവഴി മൂടി സുനിച്ചേട്ടന്‍ തിരിഞ്ഞു കിടന്നു.

കണ്ണിലിരുട്ടുമായി ചേട്ടനുണര്‍ന്നു.
സുനിച്ചേട്ടനാണ് ഇടിച്ചത് എന്ന് മനസ്സിലായി. ആഹാ...അത്രക്കായോ..? എങ്കില്‍ പിന്നെ ചോദിച്ചിട്ട് തന്നെ ബാക്കി കാര്യം.
ചേട്ടന്‍ ചോദിച്ചു. സുനിച്ചേട്ടന്‍ വിസ്സമ്മതിച്ചു....വീണ്ടും ചോദിച്ചു....വീണ്ടും വിസ്സമ്മതിച്ചു.

ചേട്ടന്‍ : എനിക്കറിയാം, നീയാണ് ഇടിച്ചത് !
സുനി : ഉറപ്പാണോ?
ചേട്ടന്‍ : അതേ, ഉറപ്പാണ്.
സുനി : എന്നാല്‍ ഇതും പിടിച്ചോ..!
ഇത് പറഞ്ഞിട്ട് സുനിച്ചേട്ടന്‍ ഫ്രഷ്‌ ആയിട്ട് പുതിയ രണ്ടിടി കൂടി കൊടുത്തു.

അലക്ക്കല്ലില്‍ തുണിയടിക്കുമ്പോള്‍ ഉണ്ടാകുന്നത് പോലുള്ള ശബ്ദം കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു. നോക്കുമ്പോള്‍ ചേട്ടന്‍ ഇടി കൊണ്ട ഭാഗം അമര്‍ത്തി തിരുമ്മുന്നു.
സുനിച്ചേട്ടന്‍റെ മുഖത്ത്, കലമാനെ കടിച്ച കടുവയുടെ മന്ദഹാസം.

സുനിച്ചേട്ടന്‍ എന്‍റെ ചേട്ടനെ ഇടിച്ച് പേസ്റ്റ് തീര്‍ന്ന Colgate പേസ്റ്റ് ട്യൂബ് പോലെ ആക്കുന്നത് കണ്ട് ഞാന്‍, മനസ്സില്‍ പെയ്ത കുളിര്‍മഴയില്‍ പോപ്പി കുട ചൂടി കോള്‍മയിരേറ്റ് രോമാഞ്ചകഞ്ചുകനായി ഉറങ്ങി.

ഇടിയേറ്റ ചേട്ടന്‍റെ ദീനരോദനങ്ങള്‍ എനിക്ക് ഓമനത്തിങ്കള്‍ കിടാവിനെക്കാളും ഉണ്ണീ വാവാവോയെക്കാളും നല്ല താരാട്ട് പാട്ടായി മാറി.

മനസ്സില്‍ ധാരാസിംഗിന്‍റെ വിഗ്രഹത്തിനടുത്ത് ഞാന്‍ ഒരു ഉപമൂര്‍ത്തീവിഗ്രഹം പ്രതിഷ്ഠിച്ചു പൂജയും തുടങ്ങി... സുനിച്ചേട്ടനായിരുന്നു ആ വിഗ്രഹമൂര്‍ത്തി..

ഈ അക്രമങ്ങള്‍ക്കൊക്കെ ഒരു മൂകസാക്ഷി കൂടിയുണ്ട്.....അനി.... സുനിച്ചേട്ടന്‍റെ സ്വന്തം ഇടികൊള്ളി അനുജന്‍.

ഞാന്‍ ജനിക്കുന്നതിന് മുന്‍പുള്ള മൂന്ന് തിരുവോണങ്ങള്‍ക്കും ഉച്ചയ്ക്ക് ഇല വടിച്ച്‌ വെടിപ്പാക്കിയ അനുഭവസമ്പത്തിനുടമയാണ് അനി.
മൂന്ന് വിഷുവിന് കൈനീട്ടവും കൈ നീട്ടി വാങ്ങിയിട്ടുണ്ട്.

അവനെപ്പറ്റി രണ്ട് വാക്ക്...കറ തീര്‍ന്ന മോഹന്‍ലാല്‍ ആരാധകന്‍, സ്വന്തം ജ്യേഷ്ഠന്‍റെ ഇടി വാങ്ങുന്നതില്‍ എന്നെക്കാള്‍ ബഹുകേമന്‍....

ഞാനും അനിയും തമ്മിലുള്ള പ്രധാന വ്യത്യാസം....ഞാന്‍ ദേഹം നൊന്താല്‍ നാടന്‍ ചാവാലിപ്പട്ടിക്ക് ഏറു കൊണ്ട പോലെ മോങ്ങും..കണ്ണീര്‍ കൊണ്ട്‌ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിക്കും.

അനി കുറച്ച് കൂടി കായബലവും മനോബലവും ഉള്ളവനാണ്....അങ്ങേയറ്റം രണ്ട് തുള്ളി കണ്ണീര്‍ മാത്രം....റോഡരികിലെ പഞ്ചായത്ത് പൈപ്പ് തുറന്നാല്‍ വരുന്നത് പോലെ.

അനിയുടെയും സുനിച്ചേട്ടന്‍റെയും ശത്രുതയുടെ ആഴം കണ്ടാല്‍ ഇസ്രയേലും പലസ്തീനും നാണിച്ച് കാല്‍വിരല്‍ കൊണ്ട്‌ നിലത്ത് കളം വരയ്ക്കും.
ലാലേട്ടനും അഴീക്കോടും പിണക്കം മറന്ന് ആശ്ലേഷിക്കും.
മമ്മൂക്കയും തിലക്ജിയും "മമ്മി" നിര്‍മ്മിക്കുന്ന സിനിമയില്‍ സയാമീസ് ഇരട്ടകളായി അഭിനയിക്കും.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഞങ്ങള്‍ നാലും ഞങ്ങളുടെ ഈ ഒത്തുകൂടലിനെ ആഘോഷമാക്കി മാറ്റിയിരുന്നു. ഓരോ ഒത്തുകൂടലും സ്നേഹോഷ്മളമായ അന്തരീക്ഷത്തില്‍ ആവും ആരംഭിക്കുക.

രോഹിണി ബസ്‌ രാവിലെ എട്ടു മണിക്ക് വീടിന് മുന്‍പില്‍ നിര്‍ത്തുമ്പോള്‍ അനിയും സുനിച്ചേട്ടനും അലറിക്കൊണ്ട്‌ വീട്ടിലേക്കോടി വരും. അതിലും ഉച്ചത്തില്‍ അലറിക്കൊണ്ട്‌ ഞാനും ചേട്ടനും ഓടിച്ചെന്ന് ചെന്ന് അവരെ കെട്ടിപ്പിടിക്കുന്നത് ബസിലെ യാത്രക്കാര്‍ കൗതുകത്തോടെ നോക്കുമായിരുന്നു.

സ്നേഹം കുറച്ച് കഴിയുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടി പോലെ ഗ്രൂപ്പ്‌ പിരിഞ്ഞ് അടി തുടങ്ങും. ഞാനും സുനിച്ചേട്ടനും ഒരു പക്ഷത്ത്‌...... അനിയും രഞ്ജിച്ചേട്ടനും മറു പക്ഷത്തും.

(തുടരും...)


കൂടുതല്‍ ഒത്തുകൂടല്‍ വിശേഷങ്ങള്‍ അടുത്ത ലക്കത്തില്‍.
/അജ്ഞാതന്‍/

Creative Commons License
http://hiddenflash.blogspot.com by Ajnaathan is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.

9 comments:

  1. Good going!, Chirichu Mannu kappi - From Garden City!

    ReplyDelete
  2. Vinith Sreenivaasan niraasapeduthi ennu kettu. Sreenivasanu sesham aaru enna chodyathinu utharama aayi valarnnu varaan ente aasamsakal !!
    Kunjettan

    ReplyDelete
  3. ha ha
    in one word "kidillan"

    kooduthal flasbackinnai kathirikkunnu..........

    nav hyderabad

    ReplyDelete
  4. ugran athyugran ...kunje..alla ajgnaathaaaa... namovaakam.. athi gambheeram
    veendum veendum njangale chirichu 'sand' kappikkuka

    ReplyDelete
  5. nalla saili, nalla ezhuthu, nalla narmam. sugreevante vigraha moorthi thanneyanu ividekkulla vazhi paranju thannathu. enthayalum sandarsanam veruthe aayilla. iniyum dharalam ezhuthuka... koode cherkkatte, ningalude aa spike, njangalude classileyum thaaramayirunnu..

    ReplyDelete
  6. Himaji,
    Link forward cheyyunna karyam Vigrahamoorthi ennodu paranjirunnu. Thanks for patient reading & comments :-)

    ReplyDelete
  7. നല്ല നര്‍മം വാഇകാന്‍ ആഗ്രഹിക്കുനവര്ക് ഒരു ഉത്തമ സമ്മാനം

    ReplyDelete
  8. sakhalakala vallabhana alle..kidilam...

    ReplyDelete