Sunday, January 23, 2011

വേര്‍പാടിന്‍റെ ഇരുപതാം വര്‍ഷം.

 "ഞാന്‍ ഗന്ധര്‍വന്‍. 
ചിത്രശലഭമാകാനും മേഘമാലകളാകാനും, പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും - നിന്‍റെ ചുണ്ടിന്‍റെ മുത്തമാകാനും നിമിഷാര്‍ദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി."   മരണമില്ലാത്ത കഥകള്‍ പറഞ്ഞ്, മരണത്തിലേക്ക് നടന്നകന്ന ഗന്ധര്‍വന്‍റെ വേര്‍പാടിന് ഇന്ന് ഇരുപതു വയസ്സ്.

/അജ്ഞാതന്‍/

Sunday, January 9, 2011

കൂര്‍ഗിലെ ആ രാത്രി


ലോട്ടറി ടിക്കറ്റിന്‍റെ ഒന്നാം സമ്മാനത്തുക പോലെയുള്ള എന്‍റെ കേരളാ എന്‍ട്രന്‍സ്‌ റാങ്ക് കണ്ട് ഞെട്ടിത്തരിച്ച എന്‍റെ അഭ്യുദയകാംക്ഷികള്‍ മൂക്കത്ത് വിരലും, തുടര്‍ന്ന്‌  തലയില്‍ കയ്യും വച്ച്  " ഇവനെ ഇനിയെന്ത് ചെയ്യും ഈശ്വരാ...??? " എന്നലോചിച്ചിരിക്കുമ്പോഴാണ്‌ മരുഭൂമിയിലെ കുളിര്‍കാറ്റ് പോലെ വന്ന കര്‍ണാടക എന്‍ട്രന്‍സ് റിസള്‍ട്ട്‌ എന്നെ കൂര്‍ഗിലെത്തിക്കുന്നത്.

കൂര്‍ഗ് എന്ന കുടക്.
കുറച്ച് കാലം കൂര്‍ഗില്‍ പ്രാക്റ്റീസ് നടത്തിയിരുന്ന ഡോക്ടര്‍ പത്മനാഭങ്കിള്‍, കുടക് നിരക്ഷരനായ എനിക്ക് ആദ്യവിവരങ്ങള്‍ തന്നു. 

"കണ്ണൂര്‍ - ബാംഗ്ലൂര്‍ ഹൈവേയിലാണ് കുടക്. 
നല്ല കാലാവസ്ഥ, ധാരാളം കാപ്പിക്കൃഷി, നല്ല ഭക്ഷണം....അതിസുന്ദരികളായ പെണ്‍കുട്ടികള്‍.
കാശ്മീര്‍ കഴിഞ്ഞാല്‍ ഏറ്റവും നല്ല സുന്ദരികള്‍ ഉള്ള സ്ഥലമാണ് കൂര്‍ഗ്."

കേരളം വിട്ടു പോകാന്‍ വലിയ താല്പര്യമില്ലാതിരുന്ന ഞാന്‍, മേല്‍പ്പറഞ്ഞ ഗുണഗണങ്ങള്‍ (വിശേഷിച്ചും അവസാനത്തേത്) കേട്ട് മനം മാറി കൂര്‍ഗില്‍ പോകാന്‍ തയ്യാറായി. 

മണിവത്തൂരിലെ ആയിരം ശിവരാത്രികളില്‍ മമ്മൂട്ടി പുതച്ച് പാട്ടും പാടി  ഊട്ടിയില്‍ കറങ്ങിനടന്നത് പോലെ, കുടകിലെ മഞ്ഞ് പെയ്യുന്ന പ്രഭാതങ്ങളില്‍ കാപ്പിച്ചെടികള്‍ക്ക് നടുവിലൂടെ മൂടിപ്പുതച്ച്, "കെട്ടിപ്പുടി കെട്ടിപ്പുടി ഡാ..♫..." എന്ന ഈണത്തില്‍,  "...കാപ്പിപ്പൊടി കാപ്പിപൊടി ഡാ..." എന്ന് മൂളി  നടക്കുന്ന എന്നെ സ്വയം സങ്കല്‍പിച്ച്‌ ഞാന്‍ യാത്ര തിരിച്ചു.

സങ്കല്പത്തിലെ ആ പ്രഭാത സവാരിയില്‍ എന്നോടൊപ്പം കോറസ് പാടാന്‍ കൂര്‍ഗിസുന്ദരിമാര്‍ ഉണ്ടായിരുന്നോ..? ഓര്‍മ്മയില്ല.

തലശ്ശേരിയില്‍ നിന്നുള്ള ബാംഗ്ലൂര്‍ ബസ്‌ കയറി കൂത്തുപറമ്പ്, മട്ടന്നൂര്‍, ഇരിട്ടി എന്നീ ശാന്തമായ സ്ഥലങ്ങള്‍ കടന്ന് കൂട്ടുപുഴ പാലത്തിലെത്തി....അതാണ്‌ കേരളാ കര്‍ണാടക ബോര്‍ഡര്‍.    

പാലത്തിന് അക്കരെ കര്‍ണടകാംബ... ഇക്കരെ കേരളാംബ.
ഏത് അംബയുടെ പുത്രിയാണ് താനെന്നറിയാതെയൊഴുകുന്ന പുഴ സാക്ഷിയായി ഞാന്‍ കുടകില്‍ പ്രവേശിച്ചു.

ഏതാനം ദിവസങ്ങള്‍ കൊണ്ട്‌ തന്നെ കൂര്‍ഗിനെപ്പറ്റി കുറച്ച് കാര്യങ്ങള്‍ കൂടി പഠിച്ചു. 
കൂര്‍ഗിജനത മലയാളികളെ, വിശേഷിച്ച് മുസ്ലീങ്ങളെ അല്‍പം അവജ്ഞതയോടെയാണ് കണ്ടിരുന്നത്‌.  
പണ്ടൊരു കൂര്‍ഗിപ്പെണ്ണിനെ പ്രേമിച്ച മലയാളിപ്പയ്യനെ, ആ പെണ്ണിന്‍റെ അച്ഛന്‍ വെടി വെച്ചു കൊന്ന കഥ കേട്ടപ്പോള്‍ തന്നെ "All Indians are my brothers & Sisters" എന്ന തത്വത്തില്‍ അടിയുറച്ച് വിശ്വസിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

കാപ്പിത്തോട്ടങ്ങള്‍ നശിപ്പിക്കുന്ന പന്നികളെ വെടി വെയ്ക്കാന്‍ ഒട്ടുമിക്ക കൂര്‍ഗി മുതലാളിമാര്‍ക്കും ലൈസന്‍സ് ഉള്ള തോക്കുണ്ട് എന്ന് കൂടി കേട്ടപ്പോള്‍ എന്‍റെ തീരുമാനം കറക്റ്റ് തന്നെയാണെന്ന് എനിക്ക് ബോധ്യപ്പെട്ടു.

കൂര്‍ഗ് മദ്യപന്മാര്‍ക്ക് ഒരു പറുദീസയാണ്.
ഏതു ചെറിയ പട്ടണത്തിലുമുണ്ടാവും ചുരുങ്ങിയത് പത്ത് മദ്യഷാപ്പുകളെങ്കിലും.
രാത്രി എട്ട് മണി കഴിഞ്ഞാല്‍ ഈ ചെറുപ്പട്ടണങ്ങളിലെ കാറ്റിന് പോലുമുണ്ടാകും മദ്യത്തിന്‍റെ ഗന്ധം.
    
കോളജില്‍ നിന്നും കുറച്ചകലെ ഗോണിക്കൊപ്പ എന്ന സ്ഥലത്ത്, വല്ലപ്പോഴും മലയാള സിനിമകള്‍ എത്തിനോക്കുന്ന രണ്ട് തിയേറ്ററുകള്‍ ഉണ്ടായിരുന്നു - മമതയും നയനയും.

 "Optical Stereo " എന്ന് അവകാശപ്പെടുന്ന, എന്നാല്‍  "ഒപ്പിക്കല്‍ stereo " പോലുമില്ലാത്ത മമതയില്‍ ഒരു നാള്‍, മമ്മൂക്കാന്‍റെ  "ഫാന്‍റം പൈലി" കേരളത്തിലെ തിയേറ്ററുകളില്‍  പൊട്ടിയത് പോരാഞ്ഞ്, ബോര്‍ഡര്‍ താണ്ടി  കര്‍ണാടകത്തിലും പൊട്ടാനെത്തി.

സംഭവദിവസം, ഞങ്ങള്‍ അഞ്ചു പേരടങ്ങുന്ന സംഘം അത് കാണാന്‍ തീരുമാനിച്ചു. ഹോസ്റ്റലില്‍ തിരികെ കേറേണ്ട സമയം എട്ട് മണിയാണ്. എങ്കിലും ഞങ്ങള്‍ ഫസ്റ്റ് ഷോക്ക് പോയി.

സിനിമ കഴിഞ്ഞ് ബസ്‌ കയറി ഞങ്ങള്‍ പൊന്നംപേട്ട് എന്ന സ്ഥലത്തെത്തി. ഹോസ്റ്റലിലേക്ക് ഇനിയും മൂന്നാല് കിലോമീറ്ററുണ്ട്. ഓട്ടോയും ബസ്സുമൊന്നും കിട്ടാഞ്ഞതിനാല്‍ ഞങ്ങള്‍ നടന്നു തുടങ്ങി.


തമാശകള്‍ പറഞ്ഞ് നടന്ന് ഞങ്ങള്‍ ഇരുവശങ്ങളിലും തരിശ്പാടങ്ങള്‍ മാത്രമുള്ള വിജനമായ ഒരു ചെറിയ പാലത്തിനരികിലെത്തി. പുറകേ ഒരു ജീപ്പ് വരുന്ന ശബ്ദം കേട്ട് ഞങ്ങള്‍ ഒരു വശത്തേയ്ക്ക് ഒതുങ്ങി നടന്നു.

ജീപ്പ് ഞങ്ങളെ ബ്ലോക്ക്‌ ചെയ്ത് എടങ്ങേറ് പിടിച്ച ഒരു ബ്രേക്കും ചവിട്ടി നിര്‍ത്തി.
മുപ്പത് വയസ്സ് തോന്നിക്കുന്ന അപരിചിതരായ രണ്ട് ചെറുപ്പക്കാര്‍ ഇറങ്ങി...കണ്ടാലേ അറിയാം..തണ്ണിക്കേസുകള്‍ ആണ്.
വെള്ളമടിച്ചാല്‍ മുന്നും പിന്നും നോക്കാതെ എന്തും ചെയ്യുന്നവരാണ് കൂര്‍ഗികള്‍. 

ഇരുവരും അടുത്ത് വന്ന് അന്തരീക്ഷത്തില്‍ മദ്യഗന്ധം പടര്‍ത്തി ഞങ്ങളെ ചോദ്യം ചെയ്തു തുടങ്ങി. "എവിടെ പോകുന്നു? എവിടെ നിന്ന് വരുന്നു..?" മുതലായ ചോദ്യങ്ങള്‍...

പഠിക്കാന്‍ വേണ്ടി കേരളത്തില്‍ നിന്നു വന്നതാണെന്നും ഇപ്പോള്‍ ഇവിടെ സിനിമയ്ക്ക് പോയതാണെന്നും ഞങ്ങള്‍ വിനയാന്വിതരായി പറഞ്ഞു കേട്ടപ്പോള്‍ അവന്മാരുടെ "മലയാളിവിരുദ്ധകൂര്‍ഗിരക്തം" നൂറു ഡിഗ്രിയില്‍ തിളച്ചു.

"എന്തടാ പട്ടീ" എന്ന് കന്നട ചുവയില്‍ വിളിച്ച് കൊണ്ട്‌ അതിലൊരുവന്‍ ദേഹോപദ്രവമേല്‍പ്പിക്കാന്‍ ഞങ്ങളുടെ നേരെ കുതിച്ചു വന്നു. പുറകോട്ടു നീങ്ങി ഞങ്ങള്‍ പാലത്തിന്‍റെ അറ്റത്തെത്തി. അവന്‍ ഒന്ന് തള്ളിയാല്‍ ഞാനും മറ്റൊരുത്തനും വെള്ളത്തില്‍ വീഴും. തള്ളാനായി അവന്‍ മുന്നോട്ടടുത്തു.

തോറബോറ മലയടിവാരത്തില്‍ "ഇനിയാരെ തട്ടണം? എങ്ങനെ തട്ടണം? എന്നാലോചിച്ചിരിക്കുന്ന താലിബാന്‍കൂട്ടത്തിന്‍റെ മുന്‍പില്‍പെട്ട അമേരിക്കക്കാരെപ്പോലെ ഞങ്ങള്‍ പരുങ്ങി.

പെട്ടന്ന് അത് വഴി വന്ന മറ്റൊരു വാഹനത്തിന്‍റെ പ്രകാശവലയം ഞങ്ങളെ പൊതിഞ്ഞു. 
അപരിചിതര്‍ വന്നത് കൊണ്ട്‌ മദ്യപാനികള്‍ "കൂര്‍ഗ്സ്നേഹം" പുറത്ത് കാട്ടാനുള്ള ഉദ്യമത്തില്‍ നിന്നു പിന്‍വാങ്ങി ജീപ്പെടുത്ത് സ്ഥലം വിട്ടു.

"കുത്തിമലര്‍ത്തണം  കള്ളപ്പന്നിയെ" ഞങ്ങളുടെ സംഘത്തലവന്‍ പ്രവീണ്‍ പറഞ്ഞു.
പ്രവീണ്‍ കണ്ണൂരുകാരനാണ്. ഇണങ്ങിയാല്‍ നക്കിയും പിണങ്ങിയാല്‍ ഞെക്കിയും കൊല്ലുന്ന യഥാര്‍ത്ഥ കണ്ണൂരുകാരന്‍.
R.S.S  ശാഖയില്‍ പോയി അടിയും തടയും പഠിച്ച വീരന്‍.
കണ്ണൂര്‍ക്കാരന്‍ എന്ന് പറഞ്ഞാല്‍ ചോരയില്‍ മുങ്ങി കുളിക്കുന്നവന്‍ എന്ന് കേരളത്തിലെ മറ്റ് ജില്ലക്കാര്‍ വിശ്വസിച്ചിരുന്ന കാലം.

അവന്‍റെ വാക്കുകള്‍ ഞങ്ങളെ ഉന്മേഷഭാരിതരാക്കി.
അവന്മാരെ ഇനി കയ്യില്‍ കിട്ടിയാല്‍ സംസാരിച്ച് സമയം കളയാതെ  അങ്ങോട്ട്‌ കേറി രണ്ട് പൊട്ടിച്ച് "We are Malayalees. Just remeber that..." എന്നും പറഞ്ഞ് ഇരുട്ടത്ത് സ്ലോ മോഷനില്‍ നടന്നു മറയണം എന്ന് തീരുമാനിച്ചുറപ്പിച്ച് തികഞ്ഞ ആത്മവിശ്വാസവുമായി ഞങ്ങള്‍ നടന്നു

അഞ്ചു മിനിട്ട് കൂടി നടന്ന് ഞങ്ങള്‍ കോളേജിലേക്ക് തിരിയുന്ന റോഡെത്തി.... ആ റോഡ്‌ കോളേജിലേക്കും ഹോസ്റ്റലിലേക്കും മാത്രമുള്ളതാണ്.

ചിരിച്ചുല്ലസിച്ച്‌ മുന്നോട്ട് നടന്ന ഞങ്ങള്‍ ഞെട്ടലോടെ ആ കാഴ്ച കണ്ടു.
ഇരുട്ടില്‍ ഒരു ജീപ്പ്...
ലൈറ്റ് ഒക്കെ അണച്ച് അവന്മാര്‍ ഞങ്ങളെ കാത്തിരിക്കുകയാണ്......കൂര്‍ഗ്ദേശസ്നേഹികള്‍. 
കുറച്ച് മുന്‍പ് തോന്നിയ ആത്മവിശ്വാസം വെറും നിശ്വാസമായി മാറുന്നത് ഞങ്ങള്‍ മനസ്സിലാക്കി.

ശബ്ദമുണ്ടാക്കാതെ ഞങ്ങള്‍ നടന്നപ്പോള്‍ അവന്മാര്‍ രണ്ടും ചാടിയിറങ്ങി. ഇപ്പൊ ഞങ്ങള്‍ ശരിക്കും അകപെട്ടു എന്ന് മനസ്സിലായി. ഇരുവശത്തും ഇനി വീടുകള്‍ ഒന്നുമില്ല. ആരും സഹായിക്കാന്‍ വരുകയുമില്ല. വാഹനങ്ങളും വരില്ല.

ഞങ്ങളുടെ കൂട്ടത്തിലൊരുത്തന്‍റെ കോളറില്‍ പിടിച്ച് ഒരുവന്‍ അലറി "നിങ്ങള്‍ മലയാളികള്‍ക്ക് ഞങ്ങളെ എന്തു ചെയ്യാന്‍ പറ്റുമെന്നാടാ പറഞ്ഞത്ത്..?
"ഞങ്ങളൊന്നും....പറഞ്ഞി..."
മുഴുമിപ്പിക്കാന്‍ സമ്മതിക്കാതെ അവന്‍ അലറല്‍ തുടര്‍ന്നു "നിന്നെയൊക്കെ ഞങ്ങള്‍ വെടി വെച്ചു കൊല്ലും...നീയെന്തു ചെയ്യും? സുബ്ബയ്യാ  തോക്കെട്"

മെയിന്‍ കോഴ്സ് ആയ വെടിവെച്ചു കൊല്ലല്‍ നടത്തും മുന്‍പ്, ഒരടി അപ്പറ്റൈസറായി  കൊടുത്ത് തുടങ്ങാനായി ജീപ്പില്‍ ചാരി നിന്ന സുബയ്യ,  മുന്നോട്ട് വന്ന് ഒരു ചുരുട്ട് കത്തിച്ച് പ്രവീണിന്‍റെ മുഖത്തിന് നേരെ ഒന്നാഞ്ഞു കൈ വീശി....
നൊടിയിടയില്‍ പ്രവീണ്‍ എന്തോ ചെയ്തു.
"ടപ്പ്.." എന്നൊരു ശബ്ദവും തുടര്‍ന്നു "എന്റമ്മേ" എന്നൊരു നിലവിളിയും ആരോ ഓടുന്ന ശബ്ദവും...

എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാന്‍ ഒരു നിമിഷം വേണ്ടി വന്നു.

അടി കൊണ്ട് നിലവിളിച്ചത് ആരാണ്? ഞാന്‍ സുബ്ബയ്യയെ നോക്കി. സുബ്ബയ്യ നല്ല പയറ് പോലെ നില്‍ക്കുന്നു.
അടി കൊണ്ട ആളെ കണ്ടു. പ്രവീണിന്‍റെ അടുത്ത് നിന്ന ഞങ്ങളുടെ സംഘാംഗം.

അപ്പൊ ഓടിയ ശബ്ദം......അതാര് ?

ഇരുട്ടിനിടയിലും ഞാന്‍ ഓടുന്നയാളെ കണ്ടു .....കണ്ണൂരിന്‍റെ രക്തപുത്രന്‍ പ്രവീണ്‍.
R.S.S  ശാഖയില്‍ പോയി അടിയും തടയും പഠിച്ച അതേ മഹാവീരന്‍, ധീരന്‍.
   
പിന്നെ ഞാന്‍ വെറുതെ ഇരുന്നില്ല.....എന്‍റെ മലയാളിരക്തം തിളച്ചു... കൂടെ വന്ന ഒരുത്തന്‍ കൂര്‍ഗിയുടെ അടി കൊണ്ട്‌ മുഖം പൊത്തി കരയുന്നു.
സംഭവിച്ചത് എന്താണെന്ന് മനസ്സിലാക്കാന്‍ സുബ്ബയ്യക്കും കൂട്ടാളിക്കും ഒരു നിമിഷം കൂടി വേണ്ടി വന്നു. 

ആ സമയം എനിക്ക് പ്രതികരിക്കാന്‍ ധാരാളമായിരുന്നു.
ഞാന്‍ പ്രതികരിച്ചു... ഒരു തനിമലയാളിയായി..

ഒരു നിമിഷം പോലും പാഴാക്കാതെ, പ്രവീണ്‍ ഓടിയ വഴിയേ കണ്ണുമടച്ച് ഞാനും ഓടി...!!!!!

ജയസൂര്യ അടിച്ചു പറത്തിയ പന്തിന്‍റെ പുറകേ ഓടുന്ന ഇന്ത്യന്‍ ഫീല്‍ഡറെപ്പോലെ പ്രവീണിന്‍റെ പുറകേ ഞാന്‍ നിര്‍ത്താതെ ഓടുമ്പോള്‍ "കണ്ണൂരൊക്കെ ശാഖയില്‍ ഓട്ടം പഠിപ്പിക്കുന്നുണ്ടോ..?" എന്ന് ഞാന്‍ സംശയിച്ചു.  
മുന്‍പിലോടുന്ന പ്രവീണിന് P.T. ഉഷയെക്കാള്‍ സ്പീഡ്...

ഇരുവശങ്ങളിലും കാപ്പിച്ചെടികള്‍ ഞങ്ങളെ പരിഹസിച്ചു ചിരിക്കുന്നതായി തോന്നി.
പുറകില്‍ കൂരിരുട്ട്, മുന്‍പില്‍ അതിനപ്പുറത്തെ കുറ്റാക്കൂരിരുട്ട്...

"സാമ്രാജ്യം" സിനിമയില്‍ മമ്മൂട്ടി ക്യാപ്റ്റന്‍ രാജുവിന്‍റെ പുറത്ത് പൊട്ടിച്ച പോലൊരു വെടി, ജീപ്പിലിരുന്ന്കൊണ്ട്‌ സുബ്ബയ്യ ഡബിള്‍ ബാരല്‍ ഗണ്ണെടുത്ത് എന്‍റെ പുറത്തേക്ക് ഉന്നം ടെസ്റ്റ്‌ ചെയ്തു വെക്കുന്നത് ഞാന്‍ മനസ്സില്‍ കണ്ടു കൊണ്ടോടി.

ഓടിയോടി ഞാന്‍ തളര്‍ന്ന് തുടങ്ങി...കിതച്ച് കൊണ്ട്‌ ഞാന്‍ പ്രവീണിനെ വിളിച്ചു.." ഡാ......"

എന്‍റെ ആ വിളി കേട്ടപ്പോള്‍ അവന്‍റെ ഓട്ടത്തിന്‍റെ ശക്തി കൂടി...
എനിക്കുറപ്പായി...കണ്ണൂര്‍ ഭാഗത്ത് ശാഖയില്‍ പ്രധാനവിഷയം ഓട്ടം തന്നെ..

സുബ്ബയ്യയുടെ കൈ കൊണ്ടുള്ള ദാരുണമായ അന്ത്യം മനസ്സില്‍ കണ്ട് ഞാന്‍ സകലശക്തിയുമെടുത്ത് വിളിച്ച് കൂവി "പ്രവീണേ ഒന്ന് നിക്കടാ പ്ലീസ്...എനിക്കിനി ഓടാന്‍ വയ്യ"

അത് കേട്ടപ്പോള്‍ അവന്‍ നിന്നു.
പിന്നെ എന്നെയും പിടിച്ച് വലിച്ചു കൊണ്ടോടി.

ഓടുന്നതിനിടയില്‍ സൈഡിലെ വേലി തുറന്ന് കാപ്പിച്ചെടികള്‍ക്കുള്ളില്‍ ഒളിച്ചാലോ എന്ന് തോന്നി. വേലി തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അതാ പുറകില്‍ ജീപ്പിന്‍റെ ശബ്ദം.
ഒരു വിധം ഞങ്ങള്‍ ഓടി കോളേജ് കോമ്പൗണ്ടില്‍ കയറി ഹോസ്റ്റലിനുള്ളില്‍ കയറിപ്പറ്റി.

ശാഖയിലെ പ്രധാന സിലബസിനെപ്പറ്റി ചോദിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും "നീയെന്താ ഞാന്‍ വിളിച്ചിട്ടും നില്‍ക്കാതെ ഓടിയത്...? " എന്ന കിതച്ച് കൊണ്ടുള്ള എന്‍റെ ചോദ്യത്തിന് കിതച്ച് കൊണ്ട്‌ തന്നെ അവന്‍ മറുപടി പറഞ്ഞു.. 
"എന്‍റെ പുറകേ ഓടി വന്നത് സുബ്ബയ്യ ആണെന്നാണ് ഞാന്‍ കരുതിയത്‌... നീയാണെന്ന് എനിക്ക് മനസ്സിലായില്ല...!!!! "
പറഞ്ഞിട്ട് അവന്‍ നാണിച്ച് ചിരിച്ചു.

"ഇരട്ടച്ചങ്കുള്ള ഡബിള്‍ ധീരന്‍..!!!"  ഞാന്‍ മനസ്സിലോര്‍ത്തു.

കുറച്ച് സമയം കഴിഞ്ഞപ്പോള്‍ സംഘത്തില്‍ നിന്നു ചിതറിപ്പോയവരും ഹോസ്റ്റലില്‍ തിരിച്ചെത്തി.

അടിയേറ്റ ഗഡി "A friend in need is a friend indeed" എന്ന പഴമൊഴിയോര്‍ത്തുകൊണ്ട്  ഞങ്ങളെ നോക്കി പല്ലിറുമ്മിയപ്പോള്‍  "Sorry അളിയാ, അളിയന് വേദനിച്ചോ..?" എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു... പക്ഷെ ചോദിച്ചില്ല...

കൈ വെയ്ക്കുമോ എന്ന് ഭയന്നിട്ടൊന്നുമല്ല....എന്തിനാ വെറുതെ.....?    

/അജ്ഞാതന്‍/

Creative Commons License