Thursday, December 2, 2010

ഹംസദമയന്തി ആട്ടക്കഥ.

   
മുകളില്‍ എഴുതിയ പേര് കണ്ടിട്ട് ഇതൊരു കഥകളിസംബന്ധമായ പോസ്റ്റ്‌ ആണെന്ന് തെറ്റിദ്ധരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് തെറ്റിദ്ധരിക്കാനും, തിരുത്തല്‍രേഖ തയ്യാറാക്കി വായന തുടരാനും  രണ്ട് മിനിറ്റ് സമയം അനുവദിച്ചിരിക്കുന്നു.

ഈ സംഭവകഥ നടന്നത് ഒരു വ്യാഴവട്ടക്കാലത്തിന്  മുന്‍പാണ്..
അതായത്, Nokia യും Sony Ericsson നും, മറ്റ് കുത്തകകളും കേരളത്തില്‍ റേഡിയേഷന്‍ കീടനാശിനി തളിച്ച്, ഊര്‍ജ്ജിതമൊബൈല്‍കൃഷി നടത്താനുള്ള ആലോചനകള്‍ നടത്തുന്ന കാലം.

കഥാനായകനായ പ്രീഡിഗ്രി രണ്ടാം വര്‍ഷക്കാരന്, ഒന്നാം വര്‍ഷക്കാരിയായ ജൂനിയര്‍ നായികയോട് എന്തോ ഒരു "ലത്" തോന്നി.

നായികയ്ക്ക് നല്ല മുഖശ്രീ, നല്ല ചിരി...ഒപ്പം നല്ല കാച്ചിയ പൊന്നിന്‍റെ നിറവും.. (ഈ കാച്ചിയ പൊന്ന് ഞാനിത് വരെ കണ്ടിട്ടില്ല....ഒരാവേശത്തിന് എഴുതിയതാണ്...ക്ഷമി  ) ....
ചുരുക്കിപ്പറഞ്ഞാല്‍ ഒരു ശാലീനസുന്ദരിദമയന്തി...  

നായകന്‍ ആള് മണ്ടനാനെങ്കിലും ചിന്താശീലനാണ് (ചിന്ത മുഴുവന്‍ ഓളെപ്പറ്റിത്തന്നെ). 
മുഖത്ത് സദാസമയം വവ്വാലിനെപ്പോലെ ഒരു കുതൂഹല ഭാവം.
ഉമിക്കരിപ്പരുവത്തിലുള്ള മീശ ഘടിപ്പിച്ച തൊലിക്ക്, തലശ്ശേരി കോട്ടയുടെ നിറം.
  
തന്‍റെ ഉള്ളില്‍ മൊട്ടിട്ട "മുഹബത്ത്" അവളെ നേരിട്ടറിയിക്കാന്‍ അവന് കഴിഞ്ഞില്ല. 
ഓള്‍ടെ അടുത്ത് ഖല്‍ബ് തുറക്കാന്‍ ചെല്ലുമ്പോള്‍ ഓന്‍റെ  മനസ്സില്‍ ഒരു മുഖം തെളിയും...
ടൗണില്‍, സ്റ്റേഷന്‍ ലോക്കപ്പില്‍, പൂവാലന്മാരെയും പോക്കറ്റടിക്കാരെയും കുനിച്ച് നിര്‍ത്തി കൂമ്പിനിട്ടിടിക്കുന്ന അവളുടെ അച്ഛന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ വാസുദേവക്കുറുപ്പിന്‍റെ ( P.C 535 ). 

ശൂന്യാകാശം ലക്ഷ്യമാക്കി പിരിച്ച കൂര്‍ത്ത മീശ ഫിറ്റ്‌ ചെയ്ത ആ മുഖം ഓര്‍ക്കുമ്പോള്‍ത്തന്നെ ബാക്ക്ഗ്രൗണ്ടില്‍ "ഡിഷ്യും ഡിഷ്യും" എന്ന ഇടി ശബ്ദം കേട്ട് തുടങ്ങും.. 
അപ്പോള്‍ അവന്‍ ഖല്‍ബ് തുറക്കല്‍ തല്‍ക്കാലം നീട്ടിവെക്കും.
അങ്ങനെ പ്രണയം മനസ്സില്‍ സൂക്ഷിച്ച് ഒന്ന് രണ്ട് മാസം കടന്നു പോയി.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മഴക്കാലത്ത് ജലനിരപ്പുയരും പോലെ അവന്‍റെ പ്രേമം മനസ്സിലുയര്‍ന്നു വന്ന ഒരു ദിവസം, ഗത്യന്തരമില്ലാതെ കാര്യം അവതരിപ്പിക്കാന്‍ അവന്‍ ഒരു സഹപാഠിയെ ഹംസവേഷത്തില്‍ നിയോഗിച്ചു.

ഹംസം സ്ഥലം സി.ഐ യുടെ മകനാണ്. 
സംഗതി വഷളായാല്‍, കലി തുള്ളി വരുന്ന വാസുദേവക്കുറുപ്പിനെ "മുകളില്‍" നിന്നു നിയന്ത്രിക്കാം എന്ന് നായകന്‍ കണക്ക് കൂട്ടി.
നായകന്‍റെ നിര്‍ദ്ദേശപ്രകാരം, ഹംസം ദമയന്തിയുമായി മച്ചാ മച്ചാ കമ്പനി ആയി...
ഈ വിഷയം പറയാനുള്ള സ്വാതന്ത്ര്യമായി എന്നുറപ്പായ ശേഷം, ഒരു  ദിവസം ഹംസം അവളോട്‌ സൂചിപ്പിച്ചു "നിന്നെ ഒരാള്‍ക്ക്‌ ഭയങ്കര ഇഷ്ട്ടമാണ്". 
ദമയന്തി: ആരാ അത്?
ഹംസം: അതൊക്കെ ഉണ്ട്...
ഹംസം തിരിച്ച് നായകന്‍റെയടുത്തേക്ക് പറന്നു.
  
ദമയന്തിക്ക് ആകാംക്ഷയായി. 
രണ്ട് ദിവസം അവളെ സ്ത്രീസഹജമായ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയതിന് ശേഷം ഹംസം ആളെ കാട്ടിക്കൊടുത്തു. 

മേല്‍പ്പറഞ്ഞ സൗന്ദര്യഗുണങ്ങള്‍ക്കുടമയായ നായകനാണ് തന്നെ പ്രേമിക്കുന്നത് എന്നറിഞ്ഞപ്പോള്‍, അവളുടെ മുഖം, സ്റ്റാര്‍ സിംഗറില്‍ നിന്നു പുറത്താക്കപ്പെട്ട ഒരു "ഫ്ലാറ്റ്മോഹി" ഗായികയെപ്പോലെയായി.

ഈ ഹംസം പക്ഷെ ആള് സൂത്രശാലിയും ആത്മാര്‍ത്ഥനുമായിരുന്നു. 
ദമയന്തിയുടെ ബ്രെയിന്‍ എക്സോ ഡിഷ്‌ വാഷ്‌ ബാറിട്ട് തേച്ച് കഴുകിയ ശേഷം നായകന്‍റെ സല്‍ഗുണങ്ങള്‍, മേളം മസാല ചേര്‍ത്ത് വര്‍ണ്ണിച്ച്  അവളുടെ മനസ്സില്‍ നായകനോടുള്ള ഒരു മൃദുമൂല (സോഫ്റ്റ്‌കോര്‍ണര്‍) ഹംസം ഉണ്ടാക്കിയെടുത്തു.    
ഹംസത്തിന്‍റെ നിതാന്തപരിശ്രമത്താല്‍ ദമയന്തിക്കും നായകനോട് ഒടുവില്‍ "ലത്" തോന്നിത്തുടങ്ങി.  

ഇരുവരുടെയും മനസ്സിലുള്ള "ലത്" അന്യോന്യം പറഞ്ഞ് തീര്‍ക്കാന്‍, ഹംസം ആള്‍ത്തിരക്കൊഴിഞ്ഞ ഒരു ക്ലാസ്സ്‌റൂമില്‍ ഒരു നാള്‍ ഉച്ചയ്ക്ക് അവരെ എത്തിച്ചു. എന്നിട്ട് പുറത്ത് കാവല്‍ നിന്നു.

Cut .
Camera to Classroom Interior ..

ക്ലാസ്സ്‌റൂമില്‍ ഒഴിഞ്ഞ ബഞ്ചുകള്‍, ഡെസ്കുകള്‍....
ബോര്‍ഡില്‍, കാല്‍ക്കുലസിലെ ഏതോ കണക്കിന്‍റെ അവശിഷ്ട്ടങ്ങള്‍.
നായകന്‍റെയും ദമയന്തിയുടെയും മുഖങ്ങള്‍ വലിഞ്ഞു മുറുകിയിരിക്കുന്നു...
തെരെഞ്ഞെടുപ്പിന്‍റെ  ഫലപ്രഖ്യാപനം   കാത്തിരിക്കുന്ന അണികളുടേത് പോലെ.

നായകന്‍ കണ്ണടച്ച്,കഴുത്തിലെ ഉറുക്കില്‍ മുറുകെ പിടിച്ച് വാസുദേവക്കുറുപ്പിനെ മനസ്സില്‍ നിന്ന് ആട്ടിയോടിച്ചു.
എന്നിട്ട് മുരടനക്കി മൗനം മുറിച്ചു.
ദമയന്തി പ്രതിമയെപ്പോലെ, നിലത്ത് വീണ് കിടക്കുന്ന ചോക്ക് പൊടിയില്‍ 
നോക്കിയിരിക്കുന്നു.

നായകന്‍: ഹംസം എന്‍റെ  ആത്മാര്‍ത്ഥ സുഹൃത്താണ്...അവന്‍ എല്ലാം പറഞ്ഞല്ലോ അല്ലേ? 
ദമയന്തി മൗനം.
നായകന്‍: ഒരുപാട് കാലമായി (രണ്ട് മാസം) മനസ്സില്‍ കൊണ്ട്‌ നടക്കുന്നു....ഇന്നാണ് ഒന്ന് സംസാരിക്കാന്‍ കഴിഞ്ഞത്.  
ദമയന്തിയുടെ ചുണ്ടിന്‍റെ മൂലയില്‍ ഒരു പുഞ്ചിരിയുടെ എത്തിനോട്ടം.
നായകന്‍: എന്നെ ഇഷ്ടമാണല്ലോ അല്ലെ?
ദമയന്തിയുടെ കണ്ണുകളില്‍ നാണം വിടര്‍ന്നു. കവിളുകള്‍ തുടുത്തു.

അത് കണ്ട് ഉള്‍പുളകത്തോടെ 
നായകന്‍: എന്നോടൊന്നും പറയാനില്ലേ?
ദമയന്തി മൗനം തുടര്‍ന്നു..
നായകന്‍: ഒന്നും....?  

നിലത്ത് നിന്നു കണ്ണെടുക്കാതെ, പതിഞ്ഞ ശബ്ദത്തില്‍ 
ദമയന്തി: നമ്മള്‍ രണ്ടും അല്ലാതെ ഈ കാര്യം വേറാരും അറിയരുത്.
നായകന്‍: ഉറപ്പ്, ആ തെണ്ടി ഹംസം പോലും അറിയില്ല.
ദമയന്തി: എന്‍റെ വീട്ടില്‍ ഒരിക്കലും ഇത് സമ്മതിക്കില്ല.
നായകന്‍: എന്‍റെ വീട്ടിലും സമ്മതിക്കില്ല...അവരാരും അറിയരുത്.

ദമയന്തി: നമ്മള്‍ രണ്ട് മതത്തിലുള്ളവര്‍ ആണ്..എനിക്കാലോചിച്ചിട്ട് പേടിയാകുന്നു.
നായകന്‍: ഒരു കൊല്ലത്തെ കാര്യം അല്ലേ? പേടിക്കണ്ട...ആരുമറിയില്ല.
ദമയന്തി: ഒരു കൊല്ലമോ? അപ്പൊ കല്യാണസമയത്തോ? 
കാര്യം മനസ്സിലാവാതെ നായകന്‍: കല്യാണമോ? ആരുടെ കല്യാണം?
ദമയന്തി: നമ്മുടെ കല്യാണം.
ഞെട്ടലോടെ നായകന്‍: നമ്മുടെ കല്യാണമോ?
ദമയന്തി: അതേ.
പരുങ്ങിക്കൊണ്ട് നായകന്‍: അല്ല...ഞാന്‍..... ഞാന്‍ ഉദ്ദേശിച്ചത് ഈ വരുന്ന ഒരു കൊല്ലത്തേക്ക് മാത്രം പ്രേമിക്കുന്ന കാര്യമാണ്...!!! 

ഠിം....ഠിം.....ഠിം....!!!
ദമയന്തിയുടെ മനസ്സിലെ പ്രണയകുടീരം കോമണ്‍ വെല്‍ത്ത് ഗെയിംസിന് കെട്ടിയ മേല്‍പ്പാലം പോലെ തകര്‍ന്നു.

നയവഞ്ചകനായ കഥാനായകനെ സുരേഷ് കല്‍മാഡിയോടോ അതൊ സ്പെക്ട്രം രാജയോടോ ഉപമിക്കേണ്ടത്‌ എന്നാലോചിച്ച് കൊണ്ട്‌ അവള്‍ ക്ലാസ്സ്‌ റൂമിന് പുറത്തേക്ക്.
Cut
Camera to Corridor       
   
പല്ല് കടിച്ചമര്‍ത്തി ക്ലാസ്സ്‌ റൂമില്‍ നിന്നു വെളിയിലേക്ക് ഇറങ്ങി വരുന്ന ദമയന്തിയുടെ മുഖം (ക്ലോസപ്പ് ഷോട്ട്).
അവളുടെ മുഖം, വിക്കിലീക്സ് വഴി വിവരങ്ങള്‍ ചോരുന്നതറിഞ്ഞ അമേരിക്കയുടേത് പോലെ വാടിയിരുന്നു.       

അവളുടെ കാഴ്ചപ്പാടില്‍ വരാന്തയില്‍ ഹംസം ചിറകു വിടര്‍ത്തി ഒരു കള്ളച്ചിരിയും ചിരിച്ചു നില്‍ക്കുന്നു.
ഹംസം: ചെലവു വേണം കേട്ടോ..? ചുളുവില്‍ തങ്കപ്പെട്ട ഒരു പയ്യനെ കിട്ടിയതിന്..
അത് പറഞ്ഞിട്ട് ഹംസം പൊട്ടിച്ചിരിച്ചു.

ദമയന്തി ഹംസത്തിന്‍റെ  അടുത്തേക്ക്‌ നടന്നെത്തി..
ഹംസം: നാണിക്കുകയൊന്നും  വേണ്ട...ഇനി സംസാരമൊക്കെ നേരിട്ട്...എന്നാലും സഹായം വല്ലതും വേണമെങ്കില്‍ പറയാന്‍ മടിക്കണ്ട കേട്ടോ ???

ദമയന്തി ഹംസത്തിന്‍റെ  മുഖത്തേക്ക് സകലശക്തിയുമെടുത്ത് "പ്ഫ്ഫ.!!!!." എന്ന് നീട്ടി ഒരാട്ട്. 
എന്നിട്ട് തിരിഞ്ഞ് എങ്ങോട്ടോ ഒരു നടത്തം.

ഇപ്പൊ ക്ലോസപ്പില്‍ ഹംസത്തിന്‍റെ മുഖം...

സ്ക്രീനില്‍ തെളിയുന്ന ടൈറ്റിലുകള്‍    
"ദമയന്തി ഹംസത്തെ ആട്ടി."
"ഹംസദമയന്തി ആട്ടകഥ ഇവിടെ പൂര്‍ണമാകുന്നു."
"ശുഭം."

Thursday, November 4, 2010

ഫ്ലാഷ്ബാക്ക് - 03 (വളര്‍ത്തു മൃഗങ്ങള്‍)


എന്നിലെ മൃഗസ്നേഹിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയാണ്‌ ഈ ലക്കത്തില്‍ പ്രതിപാദിക്കുന്നത്.

പശു, പട്ടി, പൂച്ച, കോഴി എന്നീ വളര്‍ത്തുമൃഗങ്ങളാണ് എന്‍റെ കുട്ടിക്കാലത്ത് വീട്ടില്‍ വാണരുളിയത്.  
ഞാനും ചേട്ടനും വീട്ടില്‍ തന്നെ ഉള്ളത് കൊണ്ടു കീരിയും പാമ്പും വേറെ വേണ്ട എന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചു.

വളര്‍ത്തുമൃഗങ്ങളില്‍ ശ്വാനമേഖലയിലുള്ള പുരുഷകേസരികളെ പറ്റി ചിന്തിച്ചാല്‍, അങ്ങേയറ്റം തലയെടുപ്പോട് കൂടി പ്രമുഖന്‍ ആയി നില്‍ക്കുന്നത് "പീപ്പി" എന്ന നായ ആണ്. 

നാട്ടുകാരെ ആക്രമിക്കാന്‍ സ്ഥിരോത്സാഹം കാട്ടിയിരുന്ന പീപ്പി, ദൈവത്തിനു പറ്റിയ ഒരു കൈപ്പിഴ ആണെന്ന് തോന്നുന്നു -  പീപ്പിയെ ഒരു വേട്ടപ്പട്ടി ആക്കാന്‍ തീരുമാനിച്ചിട്ട്  അവസാന നിമിഷം നാടന്‍പട്ടി മതി എന്ന് ദൈവം കരുതി കാണും. ഒരു വേട്ടപ്പട്ടിക്ക് വേണ്ട എല്ലാ ശൗര്യത്തോടും ക്രൗര്യഭാവത്തോടും കൂടിയായിരുന്നു അവന്‍  നാട്ടുകാരോട് പെരുമാറിയത്‌.

ശാന്തരായി ആ റോഡില്‍ കൂടി സൈക്കിള്‍ ഓടിച്ച നാട്ടുകാരില്‍ പലരേയും പീപ്പി പിന്തുടര്‍ന്ന് പിടിച്ചു അവരുടെ ഡബിള്‍ മുണ്ടുകള്‍ പല സൈസിലുള്ള സിംഗിള്‍ മുണ്ടുകള്‍ ആക്കിയിട്ടുണ്ട്. അത് കാരണം ഞങ്ങളുടെ കുഗ്രാമത്തിലെ ഒരേയൊരു തുണിക്കടയുടമ ദാനിയേലിന് അക്കാലത്ത് നല്ല കച്ചവടവും നടന്നിരുന്നു. പീപ്പി മൂലം സൈക്കിള്‍ സവാരിക്കാര്‍,  വീടിന് മുന്‍പില്‍കൂടി ഏകദേശം എണ്‍പത് കി.മി സ്പീഡില്‍ കിതച്ചു കൊണ്ടു സൈക്കിള്‍ ചവിട്ടി പോകുമായിരുന്നു. 

നാട്ടുകാരുടെ പേടിസ്വപ്നമായിരുന്നു പീപ്പി. വീട്ടില്‍ വരുന്നവരൊക്കെ "പട്ടിയെ കെട്ടിയിട്ടുണ്ടോ?" എന്ന് ചോദിച്ചിട്ടേ മുറ്റത്തു കാല്‍ കുത്തുകയുള്ളൂ. പീപ്പിയെ പേടിയില്ലാത്ത ഒരേ ഒരാളെ നാട്ടില്‍ ഉണ്ടായിരുന്നുള്ളു - ഗോപാലപിള്ളച്ചേട്ടന്‍. അദ്ദേഹത്തിന് മനുഷ്യരെയും പേടി ഉണ്ടായിരുന്നില്ല. രഞ്ജിച്ചേട്ടന്‍ പേരയില്‍ നിന്നു വീണ ദിവസം ഉണ്ടായ സംഭാഷണത്തിന് ശേഷം, ചേട്ടനെ കണ്ടാല്‍ മാത്രം പുള്ളിക്ക് മുട്ടിടിക്കും.

ഒരു അവധി ദിവസം. മദ്ധ്യാനനേരം..
പീപ്പി തുടലില്‍ ബന്ധനസ്ഥന്‍ ആണ്. ഊണ് കഴിഞ്ഞ് ഒരു ചെറുമയക്കത്തില്‍ ആരെയോ ഓടിച്ചിട്ട്‌ കടിക്കുന്ന ഒരു മധുര സ്വപ്നവും കണ്ട് കൂര്‍ത്ത മുഖത്ത് പുഞ്ചിരിയുമായി അവന്‍ കിടക്കുന്നു.

പെട്ടന്ന് വീട്ടില്‍ ആരോ വന്നു. പീപ്പി അലക്ഷ്യമായി കണ്ണ് തുറന്നു നോക്കി. പരിചയമില്ലാത്ത ആരോ ആണ്. പീപ്പി സൂക്ഷിച്ചു ഒന്ന് കൂടി നോക്കി. അതെ, പരിചയം ഇല്ലാത്ത ആള്‍ തന്നെ. ..... 
പുതുതായി ഒരാള്‍...താനിത് വരെ ഓടിച്ചിട്ട്‌ കടിക്കാത്ത ഒരാള്‍.... 
പീപ്പിയുടെ കണ്ണുകള്‍ സന്തോഷത്താല്‍ വിടര്‍ന്നു..പീപ്പിയിലെ വേട്ടപ്പട്ടി  തല പൊക്കി - എങ്ങനെയും അയാളെ കടിച്ചേ പറ്റൂ .
പീപ്പി കുരച്ചു കൊണ്ടു ചാടി. തന്നെ തുടലില്‍ ബന്ധിച്ചിട്ടുണ്ട്‌ എന്ന് മനസ്സിലാക്കിയ പീപ്പി സര്‍വ ശക്തിയുമെടുത്ത് തുടല്‍ പൊട്ടിക്കാന്‍ ശ്രമിച്ചു, ഇല്ല, ഒരു രക്ഷയുമില്ല.
പീപ്പിയുടെ ഭാവമാറ്റം കണ്ട് വന്നയാളിന്‍റെ  കണ്ണില്‍ ഭയം പൂത്തിരി കത്തിച്ചാടി.. അയാള്‍ വന്ന കാര്യം തീര്‍ത്തു കൊടുങ്കാറ്റിന്‍റെ വേഗത കടം വാങ്ങി ഓടി രക്ഷപ്പെട്ടു..

കുരച്ചു കൊണ്ടിരുന്ന പീപ്പിയെ ഒന്ന് ആശ്വസിപ്പിക്കാന്‍ വേണ്ടി രഞ്ജിച്ചേട്ടന്‍ പീപ്പിയുടെ അടുക്കല്‍ ചെന്ന് അവന്‍റെ മൂര്‍ദ്ധാവില്‍ മൃദുവായി തലോടിക്കൊണ്ട് പറഞ്ഞു "പോട്ടെടാ പീപ്പി..."
പിന്നെ കേട്ടത് പീപ്പിയുടെ കുരയെക്കാള്‍ ഉച്ചത്തില്‍ ചേട്ടന്‍റെ നിലവിളി ആണ്. വന്നയാളെ  കടിക്കാന്‍ കിട്ടില്ല എന്ന് മനസ്സിലാക്കിയ പീപ്പി, ആരെയെങ്കിലും ഒന്ന് കടിക്കാന്‍ കിട്ടിയാല്‍ മതി എന്ന് ചിന്തിച്ചിരുന്ന അവസരത്തില്‍ തന്‍റെ വായെത്തും ദൂരത്തു കണ്ട  കൈക്കിട്ടു നല്ല ഒന്നു കമ്മിയതാണ് കാര്യം..

പണ്ട് പീപ്പിയുടെ വാ തുറന്നു നോക്കി "നിന്‍റെ പല്ലേലെല്ലാം അഴുക്കാണല്ലോ പീപ്പി..." എന്ന് പറഞ്ഞ്,  പല്ല് തേച്ചു കൊണ്ടിരുന്ന സ്വന്തം ടൂത്ത് ബ്രഷ് ഉപയോഗിച്ചു, പീപ്പിക്ക് പല്ല് തേപ്പിച്ചു കൊടുത്തിട്ടുള്ള ആളാണ്‌ രഞ്ജിച്ചേട്ടന്‍.  
പീപ്പി അതേ പല്ല് കൊണ്ടു തന്നെ അതേ കൈക്കിട്ടു കടിച്ചപ്പോള്‍,  നന്ദിയുടെ കാര്യത്തില്‍ കണ്ണടച്ച് വിശ്വസിക്കാന്‍ കൊള്ളാവുന്ന മൃഗമല്ല  നായ എന്ന് കടി കൊണ്ട ചേട്ടനും, കടി കൊള്ളാത്ത ഞാനും മനസ്സിലാക്കി.  

പീപ്പിയെ പല്ല് തേപ്പിച്ച ശേഷം, അതേ ബ്രഷ് ഉപയോഗിച്ചു സ്വന്തം പല്ല് തുടര്‍ന്നു തേക്കാന്‍ മുതിര്‍ന്ന ചേട്ടനെ കണ്ട ഞാന്‍, അമ്മയെ വിളിച്ചു പറഞ്ഞ്, അമ്മ വന്നു ആ ബ്രഷ് പിടിച്ച് വാങ്ങി  കിഴക്കേ തോട്ടില്‍ എറിഞ്ഞത് കൊണ്ട്‌, ഇന്നെനിക്കു എഴുതാന്‍ ഒരു സംഭവം നഷ്ടപ്പെട്ടു.  
പീപ്പിയെ ഒടുവില്‍ ശല്ല്യം സഹിക്കാന്‍ വയ്യാതെ പട്ടി പിടുത്തക്കാര്‍ക്ക് കൊടുത്തു ഒഴിവാക്കേണ്ടി വന്നു.
പീപ്പിക്ക് പിന്‍ഗാമികളായി പാറാവ്‌സേവനം നടത്താന്‍ ജിണ്ടു, സിപ്പി, ടിപ്പന്‍ എന്നിങ്ങനെ പലതരം നാടന്‍ പട്ടികള്‍ വീട്ടിലെത്തി.... എങ്കിലും, സ്വഭാവ സവിശേഷതകള്‍ മൂലം എല്ലാത്തിനേയും അച്ഛന്‍ സമീപഗ്രാമങ്ങളിലെ ഒറ്റപ്പെട്ട വഴികളില്‍ ഇരുട്ടിന്‍റെ മറവില്‍ VRS നല്‍കി നിര്‍ബന്ധപൂര്‍വം യാത്രയാക്കി.

കൂട്ടത്തില്‍ ജിണ്ടു സ്നേഹമുള്ള ഒരു ശ്വാനബാലന്‍ ആയിരുന്നു. എനിക്ക് ചേട്ടനോടും, ചേട്ടന് എന്നോടും ഉള്ളതിലും സ്നേഹം ഞങ്ങള്‍ക്ക് ജിണ്ടുവിനോട് ഉണ്ടായിരുന്നു.
പക്ഷെ ജാതകവശാല്‍ കണ്ടകശനി സമയത്താണ് അത് ഞങ്ങളുടെ നാട്ടിലെത്തിയത്.പേപ്പട്ടി കടിച്ചു എന്ന നാട്ടുകാരുടെ ആരോപണത്തിന് മുന്‍പില്‍ അവനു തന്‍റെ ജീവന്‍ ബലി അര്‍പ്പിക്കേണ്ടി വന്നു. സംശയത്തിന്‍റെ പേരില്‍ ഫുര്‍ടാന്‍ നല്‍കി അവനെ യമപുരിക്ക് ടിക്കറ്റെടുത്തയച്ചു. 

പിറ്റേന്ന്  രാവിലെ, അവനെ മറവു ചെയ്ത പറമ്പില്‍ ചെന്ന് നിന്നു ഞാനും ചേട്ടനും അവന്‍റെ സ്മരണകളില്‍ കണ്ണീര്‍ വാര്‍ത്ത് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
******************************************************************************************

വീട്ടില്‍ ഒരു സമയത്ത് ധാരാളം കോഴികള്‍ ഉണ്ടായിരുന്നു. തവിട്ടു നിറമുള്ള കോഴി,വെള്ള കോഴി, തലയില്‍ വളഞ്ഞ പൂവുള്ള കോഴി എന്നിങ്ങനെ എല്ലാത്തിന്‍റെയും അടയാളങ്ങള്‍ അമ്മൂമ്മയ്ക്ക്‌ ഹൃദിസ്ഥമായിരുന്നു. 

ഏതൊക്കെ കോഴി എത്ര ദിവസം കൂടുമ്പോള്‍  മുട്ടയിടുമെന്നും അമ്മൂമ്മയ്ക്ക് കൃത്യമായി അറിയാമായിരുന്നു. കോഴികളെ ഉപദ്രവിക്കാന്‍ എന്‍റെ മനസ്സ് എപ്പോഴും ആഗ്രഹിക്കുമെങ്കിലും, നാടന്‍ മുട്ടയുടെ രുചിയും അമ്മൂമ്മയുടെ കയ്യിലെ കൂര്‍ത്ത നഖങ്ങളും എന്നെ പിന്തിരിപ്പിച്ചു. അത് കൊണ്ടു തന്നെ ആ ആഗ്രഹസാധ്യം ഞാന്‍ പൂവന്‍ കോഴികള്‍ക്ക് മറ്റാരും കാണാതെ അപ്രതീക്ഷിത തൊഴികള്‍ കൊടുത്തു നിറവേറ്റി.

കോഴികള്‍ക്ക് മുട്ടയിടാനായി അന്ന് വടക്കേ വരാന്തയില്‍ അരകല്ലിന് സമീപം ഒരു തൊട്ടിയില്‍ ഉമി നിറച്ചു അനുകൂലാന്തരീക്ഷം ഒരുക്കിയിരുന്നു.. കോഴി മുട്ടയിടാന്‍ അതിനകത്ത് ഇരിക്കുമ്പോള്‍ ഇടയ്ക്കിടെ ഞാന്‍ ചെന്ന് അവയെ പൊക്കി നോക്കും. മുട്ടയിട്ടു കഴിഞ്ഞില്ലെങ്കില്‍ അവയെ തിരിച്ചു യഥാസ്ഥാനത്ത് വെയ്ക്കും. മുട്ടയിട്ടെങ്കില്‍, മുട്ടയെടുത്തു മാറ്റിയിട്ടു കോഴിയെ വടക്കേ മുറ്റത്തേക്ക് ഒരേറു കൊടുക്കും..ചില അവസരങ്ങളില്‍ അങ്ങനെ കിട്ടുന്ന മുട്ട സ്പോട്ടില്‍ തന്നെ വാട്ടി കുടിച്ചിട്ടുമുണ്ട്.

ഒരു കോഴിക്ക് ഒരു ദിവസം ഒരു മുട്ടയേ ഇടാന്‍ പറ്റുകയുള്ളു എന്ന കറുത്ത സത്യം എന്നെ വളരെ വേദനിപ്പിച്ചിരുന്നു. ..

പശുക്കള്‍ വലിപ്പം കൊണ്ടും അവയുടെ കൂര്‍ത്ത കൊമ്പ് കൊണ്ടും എന്നില്‍ അല്പം ഭീതി ഉണര്‍ത്തിയിരുന്നു..  അത് കൊണ്ടു അവറ്റകളോട് കളിക്കാന്‍ ഞാന്‍ പോയിട്ടില്ല.
******************************************************************************************
മത്സ്യക്കടത്ത്  

സുനിച്ചേട്ടന്‍ വരുമ്പോള്‍ ഞങ്ങള്‍ എല്ലാവരും താഴെ തോട്ടില്‍ കുളിക്കാന്‍ പോകുന്ന കാര്യം നേരത്തെ എഴുതിയിട്ടുണ്ടല്ലോ..

അത്തരം ചില അവസരങ്ങളില്‍ ചില മത്സ്യങ്ങളെ ഞങ്ങള്‍ ജീവനോടെ പിടിക്കാനും സമയം കണ്ടെത്തിയിരുന്നു. അക്വേറിയം സ്വപ്നങ്ങളില്‍ തന്നെ വിരളമായ കാലം. സിനിമകളില്‍ മാത്രമേ അന്ന് അക്വേറിയം കണ്ടിട്ടുള്ളു.
 തോര്‍ത്ത്‌ ഉപയോഗിച്ച് പരല്‍, മാനത്തുകണ്ണി മുതലായ പീക്കിരി മീനുകളെ പിടിച്ചു. അവയ്ക്ക് വിശാലമായി കുടുംബസമേതം നീന്തിത്തുടിക്കാന്‍,പാവങ്ങളുടെ അക്വേറിയമായ  കാല്‍ കിലോയുടെ ഹോര്‍ലിക്സ് കുപ്പിയും ഞങ്ങള്‍ നല്‍കി...

ഒരിക്കല്‍ അങ്ങനെ പിടിച്ച മീനുകളെ സുനിച്ചേട്ടന്‍റെ വീട്ടിലേക്ക് കടത്താന്‍ തീരുമാനിച്ചു. മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ സമ്മതിച്ചു. 

രാവിലെ ഏഴേമുക്കാലിന്‍റെ ജോബിന്‍ ബസില്‍ പോകാന്‍ എല്ലാവരും റെഡി ആയി. ധൃതിയില്‍ പ്രാതല്‍ കഴിക്കുമ്പോള്‍, "മീനുകള്‍ക്ക് വിശക്കുന്നുണ്ടാവില്ലേ?" എന്ന് സുനിച്ചേട്ടന് തോന്നി. അവറ്റകള്‍ക്ക് കഴിക്കാന്‍ അടുക്കളയിലെ കലത്തില്‍ നിന്നു  ഒരു പിടി ചൂട്‌ ചോറു കുപ്പിയില്‍ ഇട്ടു കൊടുത്തു. കുപ്പി ഭദ്രമായി അടച്ചു മുറുക്കി ബാഗില്‍ വെച്ചു യാത്ര തുടങ്ങി. 

മാനത്ത്കണ്ണികള്‍ വളര്‍ന്നു തിമിംഗലത്തിന്‍റെ വലുപ്പമെത്തുന്നതും അവയുടെ പിറക്കാത്ത കുഞ്ഞുങ്ങള്‍ അതേ പോലെ വളരുന്നതും, ഒടുവില്‍ എല്ലാത്തിനേയും വെട്ടി മുളകരച്ചു വറക്കുന്നതും  ഒക്കെ  വായില്‍ വെള്ളമൂറിച്ചു  കൊണ്ടു സ്വപ്നം കണ്ട് സുനിച്ചേട്ടന്‍ ബസ്‌ ഇറങ്ങി.

വീട്ടില്‍ എത്തിയ പാടെ സുനിച്ചേട്ടന്‍ കുപ്പി തുറന്നു നോക്കി.
അതാ മാനത്തുകണ്ണികള്‍, മാനത്ത് കണ്ണും നട്ട് ചത്ത്‌ കിടക്കുന്നു.....

അതില്‍ നിന്നും സുനിച്ചേട്ടന്‍ തന്‍റെ തെറ്റ് മനസ്സിലാക്കി.പിന്നീട് പരല്‍മീനുകളെ ജീവഹാനി വരുത്താതെ വീട്ടില്‍ എത്തിക്കാന്‍ പഠിച്ചു. അവിടെ വെച്ചു മണിക്കൂറുകള്‍ ഇടവിട്ട്‌ ജലശുദ്ധീകരണം നടത്തിയും ഇളം പായല്‍ വര്‍ഗത്തില്‍ പെട്ട ചെടികള്‍ വെള്ളത്തില്‍ നട്ടും അവയ്ക്ക് അല്പം കൂടി നല്ല അന്തരീക്ഷം നല്‍കാന്‍ ശ്രമിച്ചു. ജലശുദ്ധീകരണം എന്ന് പറഞ്ഞാല്‍, കുപ്പിയില്‍ ഉള്ള മീനിനെ സുനിച്ചേട്ടന്‍ തന്റെ മന്തന്‍ കൈ കൊണ്ടു ബലമായി പിടിച്ച്  എടുത്തു കൊണ്ടു വേറെ ഒരു കുപ്പി വെള്ളത്തിലിടും. 

ബലമേറിയ ഈ പിടുത്തത്തിനാല്‍ മീനുകള്‍ വികലാംഗരായി  മാറി.  പിന്നീട് അവ ഒരു വശം ചരിഞ്ഞു മാത്രം നീന്തും. നിരന്തരമായ ശുശ്രൂഷ സഹിക്കാനാവാതെ മീനുകള്‍ തങ്ങളുടെ ശരീരം ഉപേക്ഷിച്ചു സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി.
**********************************************************************************************

ഓര്‍മകളുടെ കണ്ണാടി മാര്‍ജ്ജാര വര്‍ഗത്തിന് നേരെ തിരിക്കുകയാണ് ഇനി.
ഒരു പൂച്ചയെ എത്രത്തോളം മാനസികമായും ശാരീരികമായും പീഡിപ്പിക്കാം എന്ന് ദൈവം പോലും മനസ്സിലാക്കിയത്, ഒരു പക്ഷെ വീട്ടിലെ മക്കുപ്പൂച്ചയുടെ വിധി കണ്ടിട്ടാവും.
 മക്കു, നാട്ടിലെ ഒരു വികൃതിപ്പയ്യനായ ലാലുവിന്‍റെ വീട്ടിലെ, ലല്ലു എന്ന പെണ്‍പൂച്ചയുടെ ഏകമകള്‍ ആണ്.
ലല്ലുവും മക്കുവും കാഴ്ചയില്‍ ഏകദേശം ഒരുപോലെ തന്നെ. ശ്രീനിവാസനേയും വിനീത് ശ്രീനിവാസനേയും പോലെ. 
മക്കുവിനെ, ലല്ലു കാണാതെ സഞ്ചിയിലിട്ടു ഞാന്‍ BSA SLR സൈക്കളില്‍ വീട്ടിലെത്തിച്ചു. മക്കു എന്ന പേര് രഞ്ജിച്ചേട്ടന്‍ നല്‍കിയതാണ്. 

പൂച്ചകള്‍ക്ക് പേരിടാന്‍ രഞ്ജിച്ചേട്ടന് ഒരു പ്രത്യേക കഴിവാണ്. പണ്ട് എങ്ങു നിന്നോ അലഞ്ഞു തിരിഞ്ഞു തട്ടയില്‍ വന്ന രണ്ടു പൂച്ചകള്‍ക്ക് ചേട്ടന്‍ ഇട്ട പേരുകള്‍ "അവറാന്‍" എന്നും "അവറാച്ചന്‍" എന്നുമായിരുന്നു.
മക്കു ഞങ്ങളുടെ ഓമനയായി വളര്‍ന്നു. 
ഒരിക്കല്‍ അനി ഉള്ള ഒരവധിക്കാലം. നല്ല കോരിച്ചൊരിയുന്ന മഴയുള്ളൊരു  സായാഹ്നം. നല്ല തണുപ്പുമുണ്ട്‌. ചേട്ടന്‍റെ തലയില്‍ അതുവരെ കത്താത്ത ഒരു ബള്‍ബ്‌ കത്തി - മക്കുവിനെ കുളിപ്പിക്കുക. ഞങ്ങളും ഒപ്പം കൂടി. ചര്‍ച്ച കേട്ടപ്പോഴേ അമ്മൂമ്മ പറഞ്ഞു "പിള്ളാരേ, പൂച്ചയെ ആരും കുളിപ്പിക്കാറില്ല. പൂച്ച നല്ല വൃത്തിയുള്ള ജന്തു ആണ്". 
ആ ഉപദേശത്തെ നിഷ്ക്കരുണം തൃണവല്‍ഗണിച്ചു കൊണ്ടു ഞങ്ങള്‍ മുന്നോട്ടു നീങ്ങി.

ആ പെരുമഴയത്ത് രഞ്ജിച്ചേട്ടന്‍ മക്കുവിനെ ചായിപ്പില്‍ വെച്ചു ലൈഫ്ബോയ്‌ സോപ്പ് തേച്ചു കുളിപ്പിച്ചു. തണുത്തു വിറച്ച പൂച്ചയുടെ ദീനരോദനങ്ങള്‍ ആരും പരിഗണിച്ചില്ല. തണുത്ത വെള്ളത്തില്‍ കുളിപ്പിച്ചതിനു ശേഷം പൂച്ചയെ അര ബക്കറ്റു വെള്ളത്തില്‍ കര്‍ചീഫ്‌ ഉലയ്ക്കുന്നത് മാതിരി രണ്ടു തവണ ഉലച്ചിട്ടു ചേട്ടന്‍ കൈ വലിച്ചു. 

എല്ലാരും ആകാംക്ഷയോടെ ബക്കറ്റിലേക്ക് നോക്കി. മക്കു ബക്കറ്റിലെ വെള്ളത്തിനടിയില്‍ ആണ്..
"മക്കു എവിടെ?" ഞങ്ങള്‍ അന്യോന്യം ചോദിച്ചു. ബക്കറ്റില്‍ നിന്നു രണ്ടു മൂന്നു വായു കുമിളകള്‍ ആയിരുന്നു മറുപടി. 

മക്കുവും ഇഹലോക വാസം വെടിഞ്ഞോ എന്ന് ഞങ്ങള്‍ സംശയിച്ചിരിക്കെ, പൊടുന്നനെ തന്‍റെ ബാക്കിയുള്ള ജീവനിലെ  ശക്തി സംഭരിച്ച മക്കു,  ഒരു ഹൈജംപോട് കൂടി ബക്കറ്റിനു വെളിയിലെത്തി ഞങ്ങള്‍ക്ക് പിടി തരാതെ ചീറിപ്പാഞ്ഞോടി രക്ഷപ്പെട്ടു.
അത് കണ്ട് അനി പറഞ്ഞു. "രഞ്ജിച്ചേട്ടാ..പാവം മക്കു...ഇതവന്‍റെ അവസാനത്തെ ഓട്ടമായിരിക്കും. മിക്കവാറും ആ പൂച്ച ഇന്ന് തന്നെ ചാകും."

അതിനു ശേഷം അന്ന് മുഴുവന്‍ ഞങ്ങള്‍ മക്കുവിനെ വിളിച്ചു നടന്നു. എങ്ങു നിന്നും ഒരു "മ്യാവൂ" മറുപടിയായി കിട്ടിയില്ല. മക്കുവിനെ കാലന്‍ കൊണ്ടു പോയി എന്ന് ഞങ്ങള്‍ ഉറപ്പിച്ചു. പിറ്റേന്ന് കണ്ടെത്തിയാല്‍, മക്കുവിന്‍റെ ഭൗതിക ശരീരം സംസ്കരിക്കാനുള്ള സ്ഥലം ഏതു വേണമെന്നായി അടുത്ത ചിന്ത.
മഴ വന്നപ്പോള്‍ പതിവ് പോലെ കറണ്ടും പോയി. വെള്ളം കുടിക്കാന്‍ ഇരുട്ടത്ത്‌ വിളക്കുമെടുത്തു  അടുക്കളയില്‍ എത്തിയ ഞാന്‍ അടുപ്പിന്‍റെ അടുത്ത് ഒരനക്കം കണ്ട് നോക്കി. മക്കു അടുപ്പ്കല്ലില്‍ ഇരുന്നു ചൂട് പിടിച്ച് തന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ അദ്ധ്വാനിക്കുന്നു. ആശ്വസിപ്പിക്കാന്‍ കൈ നീട്ടിയ എന്നെ കണ്ട് മക്കു സകല  ശക്തിയുമെടുത്ത് ഓടി.

ചേട്ടന്‍റെ പത്താം ക്ലാസ്സ്‌ സമയത്ത്, ചേട്ടന്‍ മക്കുവിനെ പിടിച്ച് "എനിക്കില്ലാത്ത മീശ നിനക്കെന്തിനാ?" എന്നോ മറ്റോ പറഞ്ഞ് കത്രിക കൊണ്ടു മക്കുവിന്‍റെ മീശ മുറിച്ചു കളഞ്ഞിട്ടുണ്ട്. നാട്ടിലെ മുടി വെട്ടാനറിയാത്ത ബാര്‍ബര്‍ ആശാന്‍റെ കടയില്‍ നിന്നു വൃത്തിഹീനമായ ഒരു cutting & trimming കഴിഞ്ഞിറങ്ങിയ ഒരാളുടേത്‌ പോലെ ആയിരുന്നു അന്ന് മക്കുവിന്‍റെ മുഖം.

*****************************
പൂച്ച എങ്ങനെ വീണാലും നാല് കാലിലേ വീഴുകയുള്ളൂ

ഈ  കേട്ടറിവ് ശരിയാണോ തെറ്റാണോ എന്ന് ഞാന്‍ ഒരുപാട് ആലോചിച്ചിട്ടുണ്ട്. കയ്യില്‍ ഒരു പൂച്ച ഉള്ളപ്പോള്‍ എന്തിനു സംശയിക്കണം. സംഗതി  ടെസ്റ്റ്‌ ചെയ്ത് നോക്കാന്‍ ഞാന്‍ തീരുമാനിച്ചു. 

പറമ്പില്‍ സ്വന്തന്ത്രനായി നടന്നിരുന്ന മക്കുവിനെ കപടസ്നേഹം കാണിച്ചു ഞാന്‍ കയ്യില്‍ എടുത്തു.
ആദ്യം പതുക്കെ ഒന്ന് മുകളിലേക്കെറിഞ്ഞു. മക്കു നാല് കാലില്‍ തന്നെ കുത്തി നിന്നു.... കൊള്ളാമല്ലോ....
ഞാന്‍ അടുത്തതായി മക്കുവിന്‍റെ നാല് കാലിലും പിടിച്ച്, മലര്‍ത്തി പിടിച്ച് കൊണ്ടു ഒരാള്‍ പൊക്കത്തില്‍ നിന്നു താഴേക്കിട്ടു. അത്ഭുതം എന്നെ പറയേണ്ടു...മക്കു നാല് കാലില്‍ തന്നെ ഭൂമിയിലെത്തി.

പിന്നെ കൂടുതല്‍ ആലോചിച്ചില്ല....മക്കുവിനെ കഴുത്തിന്‌ പുറകില്‍ പിടിച്ച് കാറ്റാടി പോലെ കറക്കി മുകളിലേക്ക് വലിച്ചെറിഞ്ഞു. വായുവില്‍ മുകളിലേക്ക് പോകുമ്പോ തന്നെ മക്കുവിന്‍റെ നിസ്സഹായമായ ഒരു രോദനം കേട്ടു.
മുകളിലേക്ക് കാറ്റാടി പോലെ പോയ മക്കു, നിലത്തു കീഴ്ത്താടി അടിച്ചു നിലം പൊത്തി. മാര്‍ജ്ജാര ഭാഷയില്‍ എന്തോ ഒരു മുഴുത്ത മാര്‍ക്കറ്റ്‌ തെറി എന്നെ വിളിച്ചു കൊണ്ടു മക്കു കിഴക്കേ തോട്ടില്‍ അപ്രത്യക്ഷനായി...

സന്തോഷത്തോടെ ഞാന്‍ കണ്ടെത്തി...പൂച്ച എങ്ങനെ വീണാലും നാല് കാലില്‍ വീഴില്ല.
മക്കു കാലക്രമേണ വളര്‍ന്നു രണ്ടു കുട്ടികള്‍ക്ക് ജന്മം നല്‍കി..ഒരു പെണ്ണും ഒരു ആണും.
പെണ്‍കുട്ടിയായ "കുഞ്ഞീവി" അനിസുനിയാദികളുടെ വീട്ടിലും ആണ്‍കുട്ടിയായ "മുകുള്‍" ഞങ്ങളുടെ വീട്ടിലും വളര്‍ന്നു.

പെണ്‍മക്കളില്ലാത്ത വീട്ടില്‍ കുഞ്ഞീവി ഒരു മകളായി ജീവിച്ചു. "മുകുള്‍ മോന്‍" ഞങ്ങളുടെ പുതിയ ക്രിയാത്മകമായ പീഡനരീതികള്‍ സഹിക്കാനാവാതെ രായിക്ക് രാമാനം അടുത്ത കുഗ്രാമത്തിലേക്ക് ഒളിച്ചോടി.

മക്കുവിനു പിന്നീടുണ്ടായ ഒരു ആണ്‍തരി അശാസ്ത്രീയമായ രീതിയില്‍ റോഡ്‌ ക്രോസ് ചെയ്യുന്നതിനിടയില്‍ ഒരു ടെമ്പോയുടെ കീഴില്‍ ഒടുങ്ങി.

കുഞ്ഞീവിയും കാലക്രമേണ അമ്മയായി. ദുര്യോധനനെ പോലെ ഒരാണ്‍കുട്ടി. കണ്ടാല്‍ Jungle Book - ലെ "ബഗീര" യെ പോലെയോ, കറുത്ത വാവ് രാത്രി പോലെയോ, റോഡില്‍ വീണ ടാര്‍  പോലെയോ  ഒക്കെ തോന്നല്‍ ഉണ്ടാക്കുന്ന  ഒരു ഒരു കറുകറുത്ത പൂച്ച. അവനു "കറപ്പന്‍" എന്ന് പേരിട്ടു.

ജനിച്ചു 28 തികഞ്ഞ അന്ന് നാട്ടുകാര്‍ സാക്ഷികളായി സുനിയും അനിയും കറപ്പനെ മടിയില്‍ ഇരുത്തി, ഒരു ചെവി വെറ്റില കൊണ്ടടച്ച് മറ്റേ ചെവിയില്‍ വാത്സല്യത്തോടെ ഓതി..."കറപ്പാ...കറപ്പാ....കറപ്പോ ...." ഈ രംഗം കണ്ട് കുഞ്ഞീവി ഗദ്ഗദത്തോടെ വിതുമ്പി കരഞ്ഞു.

പുറമേ കറുപ്പനെങ്കിലും അവന്‍റെ ഉള്ളു വെളുപ്പായിരുന്നു...വളരെ സ്നേഹോഷ്മളനായ ഒരു പൂച്ച. അക്കാലത്ത് കറപ്പന്‍റെ വയര്‍ നിറഞ്ഞാല്‍ മാത്രമേ ചിറ്റ അനിസുനിയാദികള്‍ക്ക് ചോറു വിളമ്പുമായിരുന്നുള്ളൂ..അതില്‍ ആര്‍ക്കും പരാതിയും ഇല്ലായിരുന്നു. അതായിരുന്നു കറപ്പന്‍  ആ വീട്ടിലും, അവിടെ ഉള്ളവരുടെ മനസ്സിലും കയ്യാളിയ സ്ഥാനം.

 ആവശ്യത്തില്‍ കൂടുതല്‍ കറുപ്പ് അവനു തൊലിപ്പുറത്ത് നല്‍കിയത് കൊണ്ടാവാം, അവന്‍റെ ആയുര്‍ രേഖ വരച്ചപ്പോള്‍ മഷി തീര്‍ന്നു ദൈവത്തിനു മുഴുമിക്കാന്‍ പറ്റാതെ പോയത്. പെട്ടന്നൊരു ദിവസം കറുപ്പനെ കാണാതായി. കരിമ്പൂച്ചകളെ തല്ലിക്കൊന്നു  തിന്നാല്‍ ആരോഗ്യത്തിനു നല്ലതാണ് എന്ന ധാരണയില്‍ ആരോ അവനെ നിഷ്കരുണം കൊന്നതാവാം...

അവന്‍റെ തിരോധാനത്തിന്‍റെ സത്യാവസ്ഥ ഇന്നും അജ്ഞാതം. ഈ സംഭവത്തിന്‌ ഏതാനം ദിവസങ്ങള്‍ക്കു ശേഷം കുഞ്ഞീവിയും ദുരൂഹസാഹചര്യത്തില്‍ മരിച്ചു.


വീട്ടിലെ ഒട്ടുമിക്ക വളര്‍ത്തു മൃഗങ്ങളുടെയും ക്ലൈമാക്സ്‌ ശുഭകരം ആയിരുന്നില്ല. കോഴികളെ കുറുക്കന്‍ കടിച്ചും, പൂച്ചകള്‍  ടെമ്പോ കയറിയും.. ഒളിച്ചോടിയും..പട്ടികള്‍ ഉപേക്ഷിക്കപ്പെട്ടും  ....അങ്ങനെ പലവിധത്തിലും അശുഭ അന്ത്യങ്ങള്‍....‍. 

ഒരു പക്ഷെ മുജ്ജന്മത്തില്‍ പൊറുക്കാനാവാത്ത പാപങ്ങള്‍ ചെയ്ത മനുഷ്യരെ നരകത്തില്‍ ശിക്ഷിക്കുന്നതിനു പകരം, അതിലും  എളുപ്പവും ചെലവു കുറവും ഉള്ള മാര്‍ഗം ഞങ്ങള്‍ monstersന്‍റെ ഇടയിലേക്ക് അവരെ മൃഗങ്ങളായി വിടുന്നതാണ് എന്ന് ദൈവം തിരിച്ചറിഞ്ഞത് കൊണ്ടാവും അവറ്റകള്‍ക്ക് ഇത്രയധികം പീഡനം സഹിക്കേണ്ടി വന്നത്......... 

/അജ്ഞാതന്‍/

Creative Commons License
http://hiddenflash.blogspot.com by Ajnaathan is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.

Thursday, October 21, 2010

ഹിന്ദിയും ദുരവസ്ഥയും

ഞാന്‍ ജന്മനാ തന്നെ അതിബുദ്ധിമാനും വിദ്യാഭ്യാസതല്പരനുമായിരുന്നു.

എന്നെ എഴുത്തിനിരുത്തിയ ദിവസം, എന്നെക്കൊണ്ട് "ഹരിശ്രീ" പറയിക്കാന്‍ അച്ഛന്‍ പതിനേഴടവും എടുത്ത്  പരാജയപ്പെടുകയും ഒടുവില്‍ അവസാനത്തെ അടവായ "ഇത് പറഞ്ഞില്ലെങ്കില്‍ ഇവന് അവലും ശര്‍ക്കരയും കൊടുക്കണ്ട" എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ "ഹരിശ്രീ" പറഞ്ഞ് തുടങ്ങി എന്നുമാണ് അസൂയാലുവായ എന്‍റെ ജ്യേഷ്ഠസഹോദരന്‍ പാടി നടക്കുന്നത്.

Entry യുടെ opposite Dysentery ആണെന്ന് ഇംഗ്ലീഷ് മാഷിനോടും., An electron is a proton എന്ന പ്രപഞ്ചസത്യം കെമിസ്ട്രി മാഷിനോടും പറഞ്ഞതിനാല്‍ സ്കൂളില്‍ അധ്യാപകരുടെ ഇടയില്‍ പ്രശസ്തനായിരുന്നു എന്‍റെ അഗ്രജന്‍.

എന്‍റെ വായനാശീലമില്ലായ്മയും തല്‍ഫലമായുണ്ടായ പൊതുവിജ്ഞാനക്കുറവും കണ്ട് സഹികെട്ട അച്ഛന്‍, ഒരു ഞായറാഴ്ച ദിവസം ഉച്ച തിരിഞ്ഞ് മുറ്റത്ത് ഗോലി കളിച്ചു കൊണ്ടിരുന്ന എന്നെ പത്രപാരായണത്തിന് നിര്‍ബന്ധിക്കുകയും, താല്പര്യക്കൂടുതല്‍ കൊണ്ട്‌ "മൊറാര്‍ജി ദേശായ് ആശുപത്രിയില്‍..." എന്ന വാര്‍ത്ത  "മെറ്റാര്‍ജി ദേശായ് ആശുപത്രിയില്‍..." എന്ന് ഞാന്‍  വായിച്ചതും...എന്‍റെ ശുഷ്കാന്തി കണ്ട് കണ്ണു നിറഞ്ഞ അച്ഛന്‍ "പോടാ...പോയി ഗോലി കളി" എന്ന് പറഞ്ഞ് കയ്യൊഴിഞ്ഞതും ചരിത്രം.

പരന്തു, ഹിന്ദി മേം മേ ബഹുത് മസ്ബൂത് ഥാ.
എന്ന് വെച്ചാല്‍, മറ്റെല്ലാ വിഷയങ്ങളും പോലെ ഹിന്ദിയിലും ഞാന്‍ മോശമായിരുന്നു
ഞാന്‍ പത്താം തരത്തില്‍ ഉഴപ്പുന്ന കാലം...
പഠിക്കുന്ന കാലം എന്ന് പറഞ്ഞാല്‍, അത് യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാവും.
നാട്ടിലെ ഹിന്ദി ട്യൂഷന്‍ മാഷ്‌ എന്‍റെ മുന്നില്‍ മുട്ട് കുത്തിയ ഒരു സംഭവം.

വ്യാകരണം പഠിച്ച് ഞാന്‍ ഒരു സൂര്‍ദാസ് ആകുമെന്ന്‌ സ്വപ്നം കണ്ട് മാതാപിതാക്കള്‍ എന്നെ ആ ഹിന്ദി ഗുരുകുലത്തിലേക്കയച്ചു.
 എന്‍റെ വിധി എന്നല്ലാതെ ക്യാ ബോലൂ ?

കുറച്ചു നേരത്തെ സംസാരത്തിനു ശേഷം ഞാന്‍ ഹിന്ദിയുടെ ബാലപാഠങ്ങള്‍ 
(അതായത് യെ കലം ഹെ, യെ കിതാബ് ഹെ, ഏക്‌ ദോ തീന്‍ മുതലായവ)അറിയാവുന്നവനാണെന്നും, വാക്യത്തില്‍ പ്രയോഗിക്കുമ്പോളാണ് കാലിടറുന്നതെന്നും മൂപ്പര്‍ക്ക് പിടി കിട്ടി.
അദ്ദേഹം പത്തു മലയാളം വാക്യങ്ങള്‍ എനിക്ക് ഹിന്ദീകരിക്കാന്‍ പറഞ്ഞ് തന്നിട്ട് കുളിക്കാന്‍ പോയി.

ഒമ്പതെണ്ണം ഞാന്‍ എഴുതി. ഒരെണ്ണം എത്ര ആലോചിച്ചിട്ടും എനിക്ക് ഹിന്ദീകരിക്കാന്‍ പറ്റുന്നില്ല.
ആ വാചകം "ഞാന്‍ ദേഷ്യത്തെ സ്നേഹിക്കുന്നു" എന്നായിരുന്നു.
അത് കേട്ടപ്പോള്‍ തന്നെ എനിക്കെന്തോ പന്തികേട്‌ മണത്തിരുന്നു. വീണ്ടും ഒന്ന് കൂടി ചോദിച്ചതുമാണ്...
"ഞാന്‍ ദേഷ്യത്തെ സ്നേഹിക്കുന്നു"...എന്ന് തന്നെ മാഷ് തറപ്പിച്ചു പറഞ്ഞു തരികയും ചെയ്തു.

ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി...എന്തായിരിക്കും മാഷ്‌ ഉദ്ദേശിച്ചത്..?
ദേഷ്യത്തെ ആരെങ്കിലും സ്നേഹിക്കുമോ...?
ഈ മാഷ്‌ ഒരു പാവമാണെന്ന് കേട്ടിരുന്നു. 
ഇനി അതുകൊണ്ട് ഇദ്ദേഹത്തിന് ദേഷ്യത്തോടും ദേഷ്യപ്പെടുന്നവരോടും വല്ല ബഹുമാനമോ സ്നേഹമോ കാണുമോ...?
ഇനി ദൂഷ്യമാണോ ഉദ്ദേശിച്ചത്..? 
അതോ ദോഷമോ...?  ,
ഞാന്‍ തല പുകച്ച് പുകച്ച് മുറിയില്‍ പുക നിറച്ചു.

ഒടുവില്‍ തീരുമാനിച്ചു.. 
ഉത്തരം എഴുതുക തന്നെ.... 
അമിതാഭ് ബച്ചന്‍റെ അച്ഛന്‍ ഹരിവംശറായ് ബച്ചനെ മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ എഴുതി....
 "മേം ക്രോധ് കോ പ്യാര്‍ കര്‍ത്താ ഹെ"

മാഷ്‌ കുളിച്ചിട്ട് വന്ന്, ഭസ്മം പൂശി വിളക്ക് കത്തിച്ച് പ്രാര്‍ത്ഥന കഴിഞ്ഞ്  വന്ന് ഞാനെഴുതിയത് നോക്കിത്തുടങ്ങി.
പേനയെടുത്ത് ചിലത് വെട്ടിയും ചിലത് ശരിയിട്ടും, നോട്ടം നീങ്ങി താഴേക്ക് പോകുന്നതിനിടയില്‍ പെട്ടന്ന് സഡന്‍ ബ്രേക്കിട്ട് നിന്നു.

ഞാന്‍ മാഷിന്‍റെ മുഖഭാവം ശ്രദ്ധിച്ചു...
ആദ്യ നോട്ടത്തില്‍ വായിക്കാന്‍ പറ്റാത്തതിനാല്‍ മൂപ്പര്‍ കണ്ണാടിയൂരി ഒന്ന് തുടച്ച് വൃത്തിയാക്കി വീണ്ടും ശ്രമിച്ചു...രക്ഷയില്ല. 
 ഗാമായ ചിന്ത മൂലം മാഷിന്‍റെ പുരികം വളഞ്ഞ് വളഞ്ഞ് ഒടിയുന്ന പരുവത്തിലെത്തി.
 എന്‍റെ വാക്യം അദ്ദേഹത്തിന് വ്യക്തമായില്ലെന്നു എനിക്ക് വ്യക്തമായി..

മാഷ്‌(സൗമ്യനായി): ഇതെന്താ, നീ എഴുതിയിരിക്കുന്നത്?
ഞാന്‍: മേം ക്രോധ് കോ പ്യാര്‍ കര്‍ത്താ ഹെ..!!!
മാഷ്‌(സംശയാലുവായി): ക്രോധോ...? അതെന്താ?
ഞാന്‍(നിഷ്കളങ്കനായി): മാഷല്ലേ പറഞ്ഞത് ഞാന്‍ ദേഷ്യത്തെ സ്നേഹിക്കുന്നു എന്ന്.. ദേഷ്യത്തിന്‍റെ ഹിന്ദി ക്രോധ് എന്ന് തന്നെയല്ലേ..?

ഒരു നിമിഷം മുന്‍പ് സൗമ്യതയും സംശയവും കളിയാടിയ മുഖത്ത് ദൈന്യത നിറയുന്നത് ഞാന്‍ കണ്ടു...
പിന്നെ ചുമരിലെ ഭഗവാന്‍റെ നേരെയായി നോട്ടം.. 
മുഖത്ത് "എന്നോടെന്തിനീ പരീക്ഷണം..?" എന്ന ഭാവം.   

മാഷ്(സ്വബോധം വീണ്ടെടുത്ത്): ക്രോധ് പോലും....ഞാന്‍ പറഞ്ഞത് "ദേശത്തെ സ്നേഹിക്കുന്നു എന്നാണ്"...
"ദേശം ദേശം...ദേഷ്യമല്ല..." മാഷിന്‍റെ സ്വരം കനത്തു...കണ്ണുകള്‍ കത്തി.

"മനസ്സിലായോടാ ഹിന്ദിപ്പൊട്ടകൊണാപ്പാ" എന്ന് മൂപ്പര്‍ വിളിച്ചില്ലെങ്കിലും അങ്ങനെയെന്തോ ഒന്ന് പുള്ളി മനസ്സിലുദ്ദേശിച്ചു എന്നെനിക്കു മനസ്സിലായി.

പത്താം ക്ലാസ്സ്‌ കഴിഞ്ഞതോടെ ഞാന്‍ ഹിന്ദി കിതാബിനോട് ശുക്രിയ പറഞ്ഞ് പിരിഞ്ഞ്, പ്രീഡിഗ്രിക്ക് മാതൃഭാഷാസ്നേഹിയായി മാറി.

പക്ഷെ, ഹിന്ദി പുസ്തകങ്ങളോട് വിട പറഞ്ഞെങ്കിലും എന്നിലെ ഹിന്ദി മരിച്ചിരുന്നില്ല.

"മുഴുത്ത ബി" എന്നറിയപ്പെടുന്ന  വല്ല്യ ബച്ചനും, ഹേമാമാലിനീകാന്തനായ ധര്‍മേന്ദ്രയും, മറ്റൊരു വേന്ദ്രനായ ജിതേന്ദ്രയും, കപൂര്‍ കുലത്തില്‍ ജനിച്ച നായികാനായകന്മാരും, മസ്സിലുള്ളതും ഇല്ലാത്തതുമായ ഖാന്‍മാരും അഭിനയിച്ച സിനിമകള്‍, എന്നിലെ ഹിന്ദിച്ചെടിയുടെ ചുവട്ടില്‍ എല്ലാ വെള്ളിയാഴ്ചയും DD 1 വഴി വന്ന് വെള്ളമൊഴിച്ച് തന്നിരുന്നു.
     
ആ ചെടിയെ ഞാന്‍ മൂടോടെ പിഴുതെറിയുന്നത് എന്‍ജിനിയറിംഗ് കാലത്താണ്.
ഹോസ്റ്റലിലെ സമാധാനപ്രിയനായ ഒരു ബംഗാളി പയ്യനോട് "ബംഗാള്‍ സേ ആനേവാലാ മേരാ ദോസ്ത്" എന്ന് പറഞ്ഞ് തുടങ്ങിയ ഞാന്‍ "കിന്‍തു, പരന്തു, ക്യോംകി, ഇസ് ലിയേ, ഹമാരേ ദേശീയ ത്യോഹാര്‍ ഓണം ഹെ, പിതാജീ നേ ബോലാ കീ..." എന്നീ വ്യാകരണപദങ്ങളും പ്രയോഗങ്ങളും ഉപയോഗിച്ച് സംസാരിച്ചു തുടങ്ങി അഞ്ച് മിനിട്ട് കഴിയും മുന്‍പേ അവന്‍ എന്നെ മുറിക്ക് പുറത്തിറക്കി "Please don't kill Hindi" എന്ന് പറഞ്ഞു മുറി പൂട്ടി.

അവന്‍റെ വികാരം ഞാന്‍ മനസ്സിലാക്കുന്നു.
പക്ഷെ, പണ്ടൊരു ഓട്ടോഡ്രൈവറോട് "ബാക്കി കയ്യിലിരിക്കട്ടെ" എന്നതിനെ തര്‍ജ്ജമ ചെയ്തു "ബാക്കി ഹാത് മേം ബൈഠിയേ " എന്ന് പറഞ്ഞപ്പോള്‍ അയാള്‍ക്ക്‌ തോന്നിയത് എന്താവും.....?                                               
(Note : അത് പറഞ്ഞത് ഞാനല്ല കേട്ടോ)

ദുരവസ്ഥ 
പതിനഞ്ച് വര്‍ഷം മുന്‍പ് നടന്ന ഈ സംഭവത്തില്‍ പ്രതിപാദിക്കുന്ന വ്യക്തിയെ, ഇപ്പൊ കയ്യില്‍ കിട്ടിയാലും ഞാന്‍ രണ്ട് പൂശും.
ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലം.
എഴില്‍ പഠിക്കുന്ന പിള്ളേര്‍ക്ക് സ്കോളര്‍ഷിപ്പ് പരീക്ഷ എന്നൊരു ഏര്‍പ്പാടുണ്ട്‌.
ഇംഗ്ലീഷ്, മലയാളം, കണക്ക് എന്നിവയോടൊപ്പം വിദ്യാര്‍ത്ഥികളുടെ സാമൂഹ്യപരിജ്ഞാനത്തെയും നിഷ്കരുണം ചോദ്യം ചെയ്യും എന്നാണെന്‍റെയോര്‍മ്മ. 

S.S.L.C പരീക്ഷ എഴുതുന്ന ചേട്ടന്മാരുടെ കൂടെയിരുത്തിയാണ് ഈ പരീക്ഷ എഴുതിക്കുന്നത്.
രണ്ട് S.S.L.C ക്കാരുടെ ഇടയില്‍ ഒരു സ്കോളര്‍ഷിപ്പ്കാരന്‍ എന്ന ക്രമത്തിലാണ് ഇരുപ്പ്.

എന്‍റെ തൊട്ട് പുറകിലത്തെ ബഞ്ചിലിരുന്ന ഒരു മഞ്ഞ നിക്കറിട്ട ഗഡിയാണ് കഥാനായകന്‍...പേരോര്‍ക്കുന്നില്ല.
പരീക്ഷാഹാളില്‍ കേറുന്നതിനു മുന്‍പ് തന്നെ, ഇംഗ്ലീഷ് ഗ്രാമര്‍ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കാണിച്ചു കൊടുക്കണമെന്ന് അവന്‍ എന്നോടപേക്ഷിച്ചു. 
പരോപകാരമേ പുണ്യത്തില്‍ വിശ്വസിച്ചിരുന്ന ഞാന്‍ "ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും" എന്നോര്‍ത്ത് അത് സമ്മതിച്ചു.
പരീക്ഷ തുടങ്ങി...ഉടമ്പടി പ്രകാരം ഞാന്‍ അവനെ സഹായിച്ചു, 
ആ ശവി ഫോട്ടോസ്റ്റാറ്റ് മെഷീന്‍ കോപ്പി എടുക്കുന്ന കൃത്യതയോട് കൂടി എല്ലാം പകര്‍ത്തിയെഴുതി..

മലയാളം ചോദ്യങ്ങള്‍ക്കിടയില്‍ ഒരു "ചേരുംപടി ചേര്‍ക്കുക" ഉണ്ടായിരുന്നു.
ഒരു ഭാഗത്ത്‌ കവിതകളും മറുഭാഗത്ത്‌ കവികളും....
അറിയാവുന്ന ചേരുംപടികള്‍ ചേര്‍ത്ത് കഴിഞ്ഞപ്പോള്‍ ഒന്ന് മാത്രം ബാക്കി.
"ദുരവസ്ഥ" എന്ന കവിത ആരെഴുതിയതാണ് എന്നെനിക്കൊരു പിടിയുമില്ല.
അപ്പുറത്ത് കുമാരനാശാനും വള്ളത്തോളും.

കുറേ ആലോചിച്ചിട്ടും പിടി കിട്ടാഞ്ഞപ്പോള്‍ ഞാന്‍ മെല്ലെ തിരിഞ്ഞ് ആ പീതവര്‍ണ്ണ നിക്കര്‍ധാരിയോട് ദുരവസ്ഥ ആരുടെ കൃതിയാണെന്ന് ചോദിച്ചു.
അവന്‍ ഉത്തരം പറഞ്ഞു തന്നില്ലെന്നു മാത്രമല്ല...എന്നെ നോക്കിയത് പോലുമില്ല...
എന്‍റെ ചോദ്യം കേട്ട ഭാവവുമില്ല.....നന്ദി കെട്ടവന്‍.
ഞാന്‍ വീണ്ടും ഒന്ന് ഭാഗ്യം പരീക്ഷിച്ചു "ഡേ..ആരാ ഈ ദുരവസ്ഥ എഴുതിയത്"

കണ്ണിച്ചോരയില്ലാത്ത ആ ഹിമാറ് പറഞ്ഞ മറുപടി ഇതായിരുന്നു. 
"ദുരവസ്ഥ എഴുതിയത് മൈക്കിള്‍ ഫാരഡെ"
ഇത് പറഞ്ഞിട്ട് അവന്‍ എഴുത്ത് തുടര്‍ന്നു.

ഇത് കേട്ട് അവന്‍റെ അടുത്തിരുന്ന S.S.L.C പരീക്ഷയെഴുത്തുകാരന്‍ പരീക്ഷ മറന്ന് പൊട്ടിച്ചിരിച്ചതും, കാരണമന്വേഷിച്ച ടീച്ചര്‍ കാര്യമറിഞ്ഞ് എന്നെ നോക്കി, സാരിത്തുമ്പ് കൊണ്ട്‌ വാ പൊത്തിച്ചിരിച്ചതും ചരിത്രം...
എന്‍റെ ഒരു ദുരവസ്ഥയേ....  
  
/അജ്ഞാതന്‍/

Monday, September 27, 2010

ടിഷ്യു പേപ്പര്‍ (ചെറുകഥ)

"എടോ താനിത്രേം വല്ല്യ തരികിടയാരുന്നോ? താനൊരു പാവമാണെന്നാ ഞാന്‍ കരുതിയത്‌..
മുതലാളിയുടെ മുന്നില്‍ മാധവന്‍ തല കുനിച്ച് നിന്നു

ഏതായാലും തന്‍റെ കയ്യിലിരുപ്പ് കൊള്ളാം.... അങ്ങേര് വേണ്ടെന്ന് പറഞ്ഞത് കൊണ്ട്‌ മാത്രമാ തന്നെ ഇന്ന് പിരിച്ചു വിടാഞ്ഞത്‌....
അയാളുടെ സ്ഥാനത് ഞാനായിരുന്നെങ്കില്‍ ഇന്ന് തന്‍റെ അവസാനമായിരുന്നേനെ"

ഒന്നമര്‍ത്തി മൂളിയിട്ട് മുതലാളി തുടര്‍ന്നു
"ഓരോരുത്തന്മാര് ഇറങ്ങിക്കോളും മനുഷ്യന് പണിയുണ്ടാക്കാന്‍....ഒരൊറ്റയെണ്ണത്തിനെ വിശ്വസിക്കാന്‍ കൊള്ളില്ല... ഉം....ശരി ശരി...ഇപ്പൊ പൊക്കോ..."

മുതലാളിയുടെ മുറിയില്‍ നിന്നിറങ്ങി വന്നപ്പോള്‍ കുമാരേട്ടന്‍ ചോദിച്ചു "എന്താ മാധവാ പ്രശ്നം? ആരാ അയാള്‍ ?"

നിറഞ്ഞു വന്ന കണ്ണുകള്‍ തുടച്ചിട്ട് മാധവന്‍ ഒന്നും മിണ്ടാതെ ബാറില്‍ നിന്നിറങ്ങി ഇരുട്ടില്‍ ബസ്‌സ്റ്റാന്‍ന്റ് ലകഷ്യമാക്കി നടന്നു... കൂടെ കുമാരേട്ടനും.
ബസ്സില്‍ കയറുമ്പോഴെങ്കിലും സംസാരിക്കുമെന്ന് കരുതി സ്റ്റാന്‍ഡില്‍ എത്തും വരെ കുമാരേട്ടന്‍ ഒന്നും ചോദിച്ചില്ല.
പക്ഷെ യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞിട്ടും മാധവന്‍ ഒന്നും മിണ്ടിയില്ല.

ഒടുവില്‍ കുമാരേട്ടന് ചോദിക്കേണ്ടി വന്നു "മാധവാ, എന്താ സംഭവിച്ചത് ?"
പുറത്ത് ഇരുട്ടിലേക്ക് നോക്കിയിരുന്നതല്ലാതെ അയാള്‍ മറുപടിയൊന്നും പറഞ്ഞില്ല.

ആ സായാഹ്നം മാധവനൊരിക്കലും മറക്കാന്‍ കഴിയുമായിരുന്നില്ല...ജീവിതത്തില്‍ അയാളേറ്റവും അപമാനിക്കപ്പെട്ട ദിവസം.

പതിവ് പോലെ അന്ന് വൈകുന്നേരവും അയാളും കൂട്ടുകാരും തേച്ച് മിനുക്കിയ വസ്ത്രങ്ങള്‍ ധരിച്ച് തയ്യാറായിരുന്നു, അതിഥികളെ സ്വീകരിക്കാന്‍.
മറ്റുള്ളവരുടെ ജോലികള്‍ അവസാനിക്കുമ്പോഴാണല്ലോ ദിവസവും തങ്ങളുടെ ജോലി തുടങ്ങുക...മാധവന്‍ വെറുപ്പോടെ ഓര്‍ത്തു.

ഒരു മെനുവുമായി ചെന്ന് "സര്‍,പ്ലീസ് ഗിവ് യുവര്‍ ഓര്‍ഡര്‍" എന്ന് പറഞ്ഞ് കുമ്പിട്ട്‌ നില്‍ക്കേണ്ടി വരുന്ന ഈ ജോലി അയാള്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തത് കൊണ്ടാണ് സ്വീകരിച്ചത്....ഒരു കുടുംബം പുലര്‍ത്തേണ്ടത് കൊണ്ട്‌ മാത്രം.
ഇവിടുന്നു കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ട്‌ ജീവിക്കാനുള്ള ബുദ്ധിമുട്ട് പലതവണ മുതലാളിയോട് പറഞ്ഞതാണ്. പക്ഷെ പ്രയോജനമൊന്നുമില്ല.

"മാധവാ..ആ മൂലയ്ക്കുള്ള ടേബിളില്‍ ആളെത്തിയിട്ടുണ്ട്‌..നീ പോയി ഓര്‍ഡര്‍ എടുക്ക്"
കുമാരേട്ടന്‍ വിളിച്ച് പറഞ്ഞത് കേട്ടാണ് താന്‍ മെനുവുമായി ചെന്നത്. മേശക്കരികില്‍ എത്തിയപ്പോള്‍ മാത്രമാണ് ഇരിക്കുന്നവരുടെ കൂട്ടത്തില്‍ അയാളെ കണ്ടത് .
മുഖത്തെ ആ വലിയ മീശ.....ഞെട്ടലോടെ ആളെ തിരിച്ചറിഞ്ഞു. തിരിഞ്ഞ് നടക്കാന്‍ കഴിഞ്ഞില്ല. അതിന് മുന്‍പേ അയാള്‍ തന്നെ കണ്ടു കഴിഞ്ഞു.

"ഏയ്‌ ബെയറര്‍, ഇവിടെ വാ", അയാളുടെ ശബ്ദത്തില്‍ തന്നോടുള്ള പരിഹാസത്തിന്‍റെ ചുവ നിറഞ്ഞിരുന്നു.
കുനിഞ്ഞ മുഖവുമായി താന്‍ മേശക്കരികിലെത്തി മെനു നീട്ടിയിട്ട്‌, "സര്‍, ഓര്‍ഡര്‍ പ്ലീസ്" എന്നൊരു വിധം പറഞ്ഞൊപ്പിച്ചു.

കൂട്ടത്തിലുള്ള മറ്റൊരാള്‍ മെനു വാങ്ങി തിരിച്ചും മറിച്ചും നോക്കി...എന്നിട്ട് മീശക്കാരനെ നോക്കി പറഞ്ഞു... "നമുക്ക് ബിയറില്‍ തുടങ്ങാം തോമാച്ചാ...ബാക്കി പുറകേ പറയാം...എന്താ ?"

"തോമാച്ചന്‍"...മറന്ന് തുടങ്ങിയിരുന്നു താന്‍ ആ പേര്..മാധവന്‍ ഓര്‍ത്തു..
ഒളികണ്ണിട്ടു അയാളെ ഒന്ന് നോക്കിയപ്പോള്‍, ആ കണ്ണുകളിലെ പക നേരിടാന്‍ കഴിയാതെ നോട്ടം പിന്‍വലിക്കേണ്ടി വന്നു.
തുളച്ചു കയറുന്ന ആ നോട്ടം തന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു.

മെനു വാങ്ങിയ ആള്‍ "മൂന്ന് ബിയര്‍...വേറെ കഴിക്കാനെന്താ..?" എന്ന് ചോദിച്ചത് താന്‍ കേട്ടില്ല.
തന്‍റെ നേരെയുള്ള ആ ചൂഴ്ന്ന നോട്ടം മാത്രമായിരുന്നു അപ്പോള്‍ മനസ്സില്‍.
അയാള്‍ ചോദ്യമാവര്‍ത്തിച്ചതും താന്‍ കേട്ടില്ല.

"പ്ഫ ചെറ്റേ, നിന്‍റെ തിരുമോന്ത കാണാനാണോടാ ഞങ്ങളിവിടെ വന്നത് ?"
അലര്‍ച്ച കേട്ട് താന്‍ ഞെട്ടി നോക്കിയപ്പോള്‍ കണ്ടത് തോമാച്ചനെയാണ്.
അയാള്‍ കസേരയില്‍ നിന്നെഴുന്നേറ്റു തന്‍റെ നേരെ വിരല്‍ ചൂണ്ടിയലറി .. "പറയെടാ...നിന്‍റെ മോന്ത കാണാനാണോ ഞങ്ങള്‍ വന്നതെന്ന് ?"

കോപത്താല്‍ വികൃതമായ ആ മുഖം കണ്ട് തന്‍റെ തൊണ്ട വരണ്ടു പോയിരുന്നു. വാക്കുകള്‍ക്കായി പരതി.."സര്‍, ഞാന്‍...."
ഓര്‍ഡര്‍ കൊടുത്തയാള്‍ എഴുന്നേറ്റ് "ഛെ..എന്താടോ തോമാച്ചാ ഇത്, തനിക്കെന്തു പറ്റി ?"
തോമാച്ചന്‍ തന്‍റെ നേരെ തുടര്‍ന്നു "ചോദിച്ചതിന് സമാധാനം പറയെടാ.. നിന്നോടല്ലേ ചോദിച്ചത്..?"
കൂട്ടത്തിലെ മൂന്നാമന്‍ "തോമാച്ചാ...ദേ..ആളുകളൊക്കെ ശ്രദ്ധിക്കുന്നു. താനവിടെ ഇരിക്ക്..."
അവര്‍ ഒരു വിധം തോമാച്ചനെ പിടിച്ചിരുത്തി..

ബഹളം കേട്ട് ബാറിലുണ്ടായിരുന്ന മറ്റുള്ളവരെല്ലാം കണ്ണുകള്‍ തന്‍റെ മേലെയായി.

മൂന്നാമന്‍ പറഞ്ഞ ഓര്‍ഡര്‍ കുറിച്ചെടുക്കുമ്പോള്‍ തന്‍റെ കൈകള്‍ വല്ലാതെ വിറച്ചിരുന്നുവെന്ന് മാധവനോര്‍ത്തു..
വിക്കി വിക്കി "സോറി സര്‍" എന്നോരുവിധം പറഞ്ഞൊപ്പിച്ചു.
"നിന്ന് നേരം കളയാതെ പോയി പറഞ്ഞത് എടുത്തോണ്ട് വാടാ..."
തോമാച്ചന്‍റെ മറുപടി കേട്ട് തിരികെ നടക്കുമ്പോള്‍ രണ്ടാമന്‍ പറയുന്നത് കേട്ടു
"ഹൊ, ഒന്ന് വിട് തോമാച്ചാ...അവന്‍ ഒരു പാവം പയ്യന്‍...താനൊന്ന് അടങ്ങിയിരിക്ക്‌"

തിരികെ നടക്കുമ്പോള്‍ മദ്യത്തില്‍ മുങ്ങിയ അനേകം കണ്ണുകള്‍ തന്നെ വലയം ചെയ്തിരുന്നുവെന്ന് മാധവനോര്‍ത്തു.

ബിയര്‍ എടുത്തു ട്രേയില്‍ വെക്കുന്നതിനിടയില്‍ കുമാരേട്ടന്‍ അടുത്ത് വന്ന് ചോദിച്ചു "എന്താ മാധവാ പ്രശനം ? ആരാ അത് ? നീ കടം വാങ്ങിയ വല്ലവരുമാണോ?"
ഒന്നും പറയാന്‍ കഴിഞ്ഞില്ല. തന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
കുമാരേട്ടന്‍ "അതിങ്ങ്‌ താ..ഞാന്‍ കൊണ്ട്‌ പോയി കൊടുത്തോളാം" എന്ന് പറഞ്ഞ് തന്‍റെ സമ്മതത്തിന് കാത്ത് നില്‍ക്കാതെ കുപ്പികള്‍ വെച്ച ട്രേ വാങ്ങി നടന്നു പോയി.

ട്രേയുമായി ചെന്ന കുമാരേട്ടനെ കണ്ട തോമാച്ചന്‍ പറയുന്നത് കേട്ടു. "നേരത്തെ വന്നവനെ വിളിക്ക്....
എനിക്ക് അവന്‍ തന്നെ ഇവിടെ സെര്‍വ് ചെയ്ത് തരണം."

കുമാരേട്ടന്‍ തോമാച്ചനോട് പറഞ്ഞ് നോക്കി "സര്‍, അവന്‍ ഒരു പാവമാ....മൂന്നാല് മാസം മുന്‍പേ വന്നതെയുള്ളു, ഒരുപാട് പ്രാരാബ്ധമൊക്കെയുള്ളതാ..."
തോമാച്ചന്‍: ആണോ? എന്നാല്‍ ആ പ്രാരാബ്ധക്കാരനെ താനൊന്നു വിളിക്ക്. ഒന്ന് കാണട്ടെ
കുമാരേട്ടന്‍: "സര്‍ പ്ലീസ്"
തോമാച്ചന്‍ തുടര്‍ന്നു "ഇവിടത്തെ മാനേജര്‍ എനിക്ക് വളരെ വേണ്ടപ്പെട്ടവനാണ് ...എന്നു വെച്ചാ..ഞാനങ്ങേരോടൊന്ന്‌ പറഞ്ഞാല്‍ താനീപ്പറഞ്ഞ പ്രാരാബ്ധവുമായി നാളെത്തൊട്ട് അവന്‍ വീട്ടിലിരിക്കും."

കുമാരേട്ടന്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്നത് കണ്ട് തോമാച്ചന്‍ "എടോ അവനെ വിളിക്കാന്‍ .....അതല്ല, താന്‍ വിളിച്ചില്ലെങ്കില്‍ നാളെത്തൊട്ടു വീട്ടിലിരിക്കുന്നത് അവനായിരിക്കില്ല....മനസ്സിലായോ?"

കുമാരേട്ടന്‍ നിസ്സഹായനായി തിരിച്ചു വന്ന് തന്നോട് ചോദിച്ചു "നീ സത്യം പറ, അയാളാരാ? അയാള്‍ക്ക് നിന്നെ എങ്ങനറിയാം? "

മറുപടി പറയാതെ കുമാരേട്ടന്‍റെ കയ്യില്‍ നിന്ന് ട്രേയും വാങ്ങി താന്‍ വീണ്ടും മേശക്കരികിലെത്തിയപ്പോള്‍, തോമാച്ചന്‍ ഒരു സിഗരറ്റിനു തീ കൊളുത്തിയിട്ട് തന്നെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
താന്‍ വീണ്ടും അവിടെയെത്തിയപ്പോള്‍ മറ്റ് മേശകളിലുള്ളവരുടെ ശ്രദ്ധ വീണ്ടും തന്‍റെ നേരെയായി.

കുപ്പിയില്‍ നിന്ന് ബിയര്‍ ഗ്ലാസ്സിലേക്ക്‌ പകര്‍ന്നു കൊണ്ടിരുന്ന തന്നെ നോക്കി തോമാച്ചന്‍ കൃത്രിമ ഭവ്യതയില്‍, "ഇവിടെയിരുന്നു പുക വലിക്കുന്നത് കൊണ്ട്‌ സാറിന് പരാതി വല്ലോം ഉണ്ടോ ആവൊ?" എന്ന് ചോദിക്കുമ്പോള്‍ അയാളുടെ കൂടെയുള്ളവരും തന്നെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു.
താനാരാണെന്ന് തോമാച്ചന്‍ അവരോട് പറഞ്ഞ് കാണണം

തന്‍റെ മൗനം തോമാച്ചനെ കൂടുതല്‍ കരുത്തനാക്കിയെന്നു തോന്നുന്നു "നിനക്ക് വലിയ പ്രാരാബ്ധമൊക്കെയാണെന്ന് കേട്ടല്ലോ... വീട്ടിലാരൊക്കെയുണ്ട്‌ ?"
മറുപടി കാണാഞ്ഞ് തോമാച്ചന്‍ കൂടുതല്‍ ഉച്ചത്തില്‍ "ചോദിച്ചത് കേട്ടില്ലെടാ...?"
രംഗം വഷളാവാതിരിക്കാന്‍ മറുപടി പറയേണ്ടി വന്നു.."ഞാനും..."
തോമാച്ചന്‍..."ഞാനും...? "
മുഴുമിപ്പിക്കേണ്ടി വന്നു "ഞാനും ഭാര്യയും"
പറഞ്ഞ് തീരും മുന്‍പേ തോമാച്ചന്‍റെ അടുത്ത ചോദ്യം വന്നു "വേറാരുമില്ലേ ? നീയെന്താ ഭൂമിയില്‍ നിന്ന് പൊട്ടി മുളച്ചതാണോ? "
തൊട്ടപ്പുറത്തുള്ള മേശയില്‍ നിന്ന് ഒരു കുടിയന്‍ അത് കേട്ട് ആസ്വദിച്ച് പൊട്ടിച്ചിരിച്ചു.

കൂട്ടത്തിലെ മൂന്നാമന്‍ ഇടപെട്ടു "വിട് തോമാച്ചാ...ഇനിയിപ്പം നമുക്ക് .......അല്ല...ഒന്നുമല്ല ....പോട്ടെ"
എന്നിട്ട് തന്നോട് പറഞ്ഞു "എടോ താന്‍ പോ...., എന്നിട്ട് വേറെ ആരെയെങ്കിലും പറഞ്ഞ് വിട് ".

കുമാരേട്ടനാണ് ബാക്കി ഓര്‍ഡറുകളെല്ലാം എടുത്തത്. ബില്ലിന്‍റെ പണം വെക്കുന്നതോടൊപ്പം തോമാച്ചന്‍ അതില്‍ ഒരു ടിഷ്യു പേപ്പറില്‍ എന്തോ എഴുതുന്നത്‌ കണ്ടു, എന്നിട്ട് നേരെ മാനേജറുടെ മുറിയിലേക്ക് പോയി.
കുറച്ചു സമയത്തിനു ശേഷം ഇറങ്ങി വന്ന് തന്നെ വെറുപ്പോടെയോന്നു നോക്കിയിട്ട് ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.

"വാ, ഇറങ്ങേണ്ട സ്ഥലമായി" കുമാരേട്ടന്‍റെ ശബ്ദം മാധവനെ ചിന്തകളില്‍ നിന്നുണര്‍ത്തി.

ബസ്സില്‍ നിന്നിറങ്ങിയപ്പോള്‍ മഴ ചാറിത്തുടങ്ങിയിരുന്നു.
നടക്കാന്‍ തുടങ്ങിയപ്പോള്‍ കുമാരേട്ടന്‍ വീണ്ടും ചോദിച്ചു "മാധവാ..നീ ഇനിയെങ്കിലും സത്യം പറ..എന്താ ഉണ്ടായത് ?"
മാധവന്‍ കുമാരേട്ടനെ നോക്കി ഒരു നിമിഷം ആലോചിച്ചു...കുമാരേട്ടന്‍ സ്വന്തം ജ്യേഷ്ഠനെപ്പോലെയാണ്, കുറച്ചു മാസങ്ങളുടെ പരിചയമേ ഉള്ളെങ്കിലും അയാള്‍ക്ക്‌ കുമാരേട്ടനെ ഇഷ്ടമായിരുന്നു. വന്നതാരാണെന്ന് കുമാരേട്ടനില്‍ നിന്ന് മറയ്ക്കേണ്ട കാര്യമില്ല.

മാധവന്‍ പോക്കറ്റില്‍ നിന്ന് തോമാച്ചനെഴുതിയ ആ ടിഷ്യു പേപ്പര്‍ എടുത്തു കുമാരേട്ടന് നല്‍കി.
കയ്യിലിരുന്ന ടോര്‍ച്ച് അതിലേക്കു തെളിയിച്ചു കുമാരേട്ടന്‍ വായിച്ചു തുടങ്ങി.

അതില്‍ ഇങ്ങനെ എഴുതിയിരുന്നു
"ഞാന്‍ ഇന്നിവിടെ യാദൃശ്ചികമായി വന്നതല്ല. നിന്നെ കാണാന്‍ തന്നെയാണ് വന്നത്......നിന്നെ ഈ കോലത്തില്‍ കണ്ണ് നിറയെ കാണാന്‍.
സ്നേഹിച്ചു വളര്‍ത്തിയ മകളെ തട്ടിയെടുത്ത്, അവളെക്കുറിച്ചുള്ള സ്വപ്നങ്ങളെ ചവിട്ടിയരച്ച ഒരുവനോട് ഒരച്ഛന് ഇതിലും മാന്യമായി പെരുമാറാന്‍ കഴിയില്ല.....
നീ അനുഭവിച്ചു തുടങ്ങിയിട്ടേയുള്ളൂ....."

വായിച്ചു കഴിഞ്ഞ് കുമാരേട്ടന്‍ തന്നെ നോക്കി.
കണ്ണുകള്‍ നിറഞ്ഞത്‌ കൊണ്ട്‌ മാധവന് കുമാരേട്ടന്‍റെ മുഖം ഒരു മൂടല്‍ പോലെയേ കാണാന്‍ കഴിഞ്ഞുള്ളൂ.
ഒരു മിന്നലിന്‍റെ അകമ്പടിയോടെ ചാറ്റല്‍മഴ ശക്തിയാര്‍ജ്ജിച്ച് തുടങ്ങി.

"അയാള്‍......അയാളുടെ മകളെയാണോ നീ ..?" കുമാരേട്ടന്‍റെ ചോദ്യം മുഴുവന്‍ കേള്‍ക്കാന്‍ മാധവന്‍ നിന്നില്ല... അയാള്‍ തിരിഞ്ഞ് നടന്നു...

വഴിവിളക്കുകളുടെ അരണ്ട പ്രകാശത്തില്‍, വിജനമായ തെരുവീഥിയിലൂടെ നടന്നു പോകുന്ന മാധവനെ കുമാരേട്ടന്‍ ഒരു നിമിഷം നോക്കി നിന്നു.
ദൂരെയെവിടുന്നോ ഒരു രാത്രിവണ്ടിയുടെ നേര്‍ത്ത ശബ്ദം കേള്‍ക്കാം.
മാധവന്‍ പതുക്കെ ഇരുളില്‍ മറഞ്ഞു....

മഴ ശക്തിയായി പെയ്തു തുടങ്ങിയപ്പോള്‍ ടിഷ്യു പേപ്പര്‍ ചുരുട്ടിയെറിഞ്ഞ് കുമാരേട്ടനും നടന്നു.
മകളെ നഷ്ടപ്പെട്ട ഒരച്ഛന്‍റെ വേദന പകര്‍ത്താനുപയോഗിക്കപ്പെട്ട ആ ടിഷ്യു പേപ്പര്‍ മഴത്തുള്ളികള്‍ വീണ് കുതിര്‍ന്നു.

The End


/അജ്ഞാതന്‍/


Sunday, September 19, 2010

ഒരു കല്യാണവും കുറേ ചിന്തകളും


കഴിഞ്ഞ പിറന്നാള്‍ ദിവസം....
എന്‍റെ പ്രായമണി { പ്രിയാമണി അല്ല } ദിഗന്ദങ്ങള്‍ പൊട്ടുമാറ് 27 അടിച്ചു.

നാട്ടുകാര്‍ക്ക് എന്നെ കാണുമ്പോള്‍ ചോദിക്കാന്‍ ഒരു ചോദ്യം കൂടി കിട്ടി...
"എന്തായി കല്യാണക്കാര്യങ്ങള്‍, എന്നാണ് ഞങ്ങള്‍ക്കൊരു ഊണ് തരുന്നത്?"
കല്യാണം കഴിക്കണോ വേണ്ടയോ എന്ന് ഞാന്‍ തീരുമാനിച്ചില്ല. അതിനു മുന്‍പേ നാട്ടുകാര്‍ ഊണിന്‍റെ കാര്യം പറഞ്ഞു തുടങ്ങി...
വെറുതെയല്ല കേരളത്തില്‍ അരി തികയാത്തത്.

സാധാരണ നാട്ടുകാര്‍ എന്നോട് ചോദിക്കുന്നത് സ്ഥിരം രണ്ട് ചോദ്യങ്ങളാണ്
"എപ്പോ വന്നു ? " , "എപ്പോ പോവും ? "
ഇടക്കാലത്ത് മറ്റൊരു ചോദ്യവും കേട്ടു " ഇപ്പൊ സാമ്പത്തിക പ്രതിസന്ധിയല്ലേ ? ജോലി പോയോ ? "
നല്ലവരായ അഭ്യുദയകാംക്ഷികള്‍.

പണ്ട്, ചേട്ടന്‍ പുര നിറഞ്ഞ്, പഴുത്ത മാമ്പഴം പോലിരുന്ന കാലം.
കോഴിക്കുഞ്ഞിനെ നോട്ടമിട്ട പരുന്തിനെപ്പോലെ ബ്രോക്കര്‍മാര്‍ വീടിന് ചുറ്റും റാകിപ്പറന്ന്‌ നടന്നു.
ശൂര്‍പ്പണകയെപ്പോലുള്ള പെണ്ണിന്‍റെ ഫോട്ടോ കാണിച്ചിട്ട് ബ്രോക്കര്‍ പറയും " നല്ല കുട്ടിയാ സാറെ, മോന് ചേരും"
ഫോട്ടോ കാണുമ്പോള്‍ ചേട്ടന്‍ ബ്രോക്കറോട് മനസ്സില്‍ പറയും
"ശരിയാ...മോന് ചേരും,......തന്‍റെ മോന് ! "

സ്ഥിരം ബ്രോക്കര്‍ ജോര്‍ജ്ജിന്‍റെ അന്വേഷണം ലക്ഷ്യം കാണുന്നില്ലെന്ന് കണ്ട്, ലോക്കല്‍ പോലീസിന്‍റെ കേസ് സിബിഐക്ക് കൈമാറും പോലെ, അന്വേഷണം മറ്റൊരു പ്രഗല്‍ഭനായ ബ്രോക്കറെ ഏല്‍പ്പിച്ചു.
ജോര്‍ജ്ജ് ഇതിനെതിരെ അമര്‍ഷം രേഖപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല.

പുതിയ ബ്രോക്കര്‍ അന്വേഷണം തുടങ്ങി. തികച്ചും വ്യത്യസ്തമായ അന്വേഷണം.
അദ്ദേഹം ചേട്ടന്‍റെ എല്ലാ ഡീറ്റൈല്‍സും, കക്ഷത്തില്‍ ഉറപ്പിച്ച ഡയറിയില്‍ കുറിച്ചെടുത്തു.

എന്നിട്ട് ഞങ്ങളുടെ വീടിന്‍റെ മുകളില്‍ കയറി, ചേട്ടന്‍റെ അതേ പൊക്കവും തൂക്കവുള്ള ഡമ്മി താഴേക്കിട്ടു നോക്കി.
വധുവിന്‍റെ ഡമ്മി ഊഹം വെച്ച് നിര്‍മ്മിച്ച്‌ അതും താഴേക്കെറിഞ്ഞു.
താഴെ വന്നു ഡമ്മി ടു ഡമ്മി ദൂരം ടേപ്പ് എടുത്ത് നോക്കിയിട്ട്, തനിക്ക് അളക്കാനറിയില്ലെന്ന് ഉറപ്പു വരുത്തി.
വീട്ടില്‍ പോയി സിബിഐ മ്യൂസിക്‌ കേട്ട്, കൈ പുറകില്‍ കെട്ടി പലതവണ ഉലാത്തി.
എണ്ണ തേച്ചു മുടി പുറകോട്ടു ചീകി, നെറ്റിയില്‍ ചുവന്ന കുറി വരച്ചു. കണ്ണില്‍ കണ്ടവരെയെല്ലാം "ചാക്കോ" എന്ന് അഭിസംബോധന ചെയ്തു.

ഒടുവില്‍ ആദ്യത്തെ ആലോചനയുമായി വീട്ടിലെത്തി.
പെണ്ണുകാണല്‍ ചടങ്ങും കല്യാണമുറപ്പിക്കലും, സുരേഷ് ഗോപിയുടെ കോമഡി സിനിമ തിയേറ്റര്‍ വിടുന്ന വേഗത്തില്‍ ശുഭമായി നടന്നു.

നിശ്ചയദിവസം വരവായി.
ചടങ്ങ് കഴിഞ്ഞ് അച്ഛന്‍ ബ്രോക്കറോട് ചോദിച്ചു..."എത്രയാ ? "
വധുവിന്‍റെ നാണം പലിശയ്ക്ക് കടമെടുത്തു കൊണ്ട്‌ ബ്രോക്കര്‍ പറഞ്ഞു
"ഇരുപത്തയ്യായിരം..! " (തുക സത്യമാണ്)
അത് കേട്ട് അന്നവിടെ ഉണ്ടായിരുന്നവരെല്ലാവരും ഞെട്ടി.
കേട്ടവരില്‍ ചിലര്‍ ബ്രോക്കറാവാന്‍ വേണ്ടി അവരുടെ സ്ഥിരം ജോലി രാജി വെയ്ക്കാനോടി.

അത് കണ്ട് ഞാനാശിച്ചു. എന്‍റെ കല്യാണത്തിന് ബ്രോക്കറെ പോയിട്ട് ഒരു ബ്രോയിലര്‍ കോഴിയെപ്പോലും അടുപ്പിക്കരുത്‌.
അച്ഛനമ്മമാരെ ബുദ്ധിമുട്ടിക്കാതെയുള്ള ഒരു സ്വയംപര്യാപ്ത വിവാഹമായിരുന്നു മനസ്സില്‍.

കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട്‌ ഞാനും പുര നിറഞ്ഞു.
ഇപ്പോഴാണ് ഞാനോര്‍ക്കുന്നത്. എന്‍റെ സ്വയംപര്യാപ്ത വിവാഹസ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഞാനിത് വരെ ഒരു ചെറിയ കരുനീക്കം പോലും നടത്തിയിട്ടില്ല.

ഒരു നിമിഷം ഞാന്‍ മനസ്സിനെ F5 ഞെക്കി റിഫ്രെഷ് ചെയ്തു.
മനസ്സില്‍ പെണ്‍കുട്ടികള്‍ക്കായി മാറ്റി വെച്ച രഹസ്യ ഡേറ്റാബേസില്‍, കലക്കനൊരു ക്വറി എഴുതിയോടിച്ചു.
കുറേ മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞു. പക്ഷെ രക്ഷയില്ല.
എല്ലാത്തിന്‍റെയും ഒക്കത്ത് ഇപ്പോള്‍ മിനിമം ഒരു കൊച്ചെങ്കിലുമുണ്ട്.

അപ്പൊ ഇനി പുതിയതായി അന്വേഷിക്കുകയേ രക്ഷയുള്ളൂ.
ബ്രോക്കര്‍രഹിത മാര്‍ഗ്ഗങ്ങള്‍ ആലോചിച്ചു തുടങ്ങി.
പെട്ടന്ന് തോന്നി, എന്തുകൊണ്ട്‌ ഒരു മാട്രിമോണി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു കൂടാ?

ആ ചിന്തയുടെ ചൂടാറും മുമ്പ് ഞാന്‍ രജിസ്ട്രേഷന്‍ നടത്തി. ഇപ്പൊ എല്ലാം ശരിയാകും എന്ന് കരുതി കാത്തിരുന്നു.
ഒരു ദിവസം ഉച്ചയ്ക്ക് ചോറുരുട്ടി വായിലേക്കെറിഞ്ഞു വിഴുങ്ങുന്നതിനിടയില്‍ ഒരു ഫോണ്‍. എറണാകുളം നമ്പര്‍.
ഈശ്വരാ....ഇന്നലെ പ്രൊഫൈല്‍ നോക്കിയ വയറ്റിലുള്ള...ഛെ..വയറ്റില്ലയിലുള്ള പെണ്‍കൊടിയുടെ ഡാഡികൂള്‍ ആണോ?

വായില്‍ കിടന്ന ഉരുള ഒരു വിധത്തില്‍ സൈഡ് ഒതുക്കി പാര്‍ക്ക്‌ ചെയ്തിട്ട് ഫോണ്‍ എടുത്തു...."ഹളോ ..."
"ഹലോ" അപ്പുറത്ത് നിന്നൊരു കുയില്‍നാദം....ദൈവമേ ...പെണ്ണു നേരിട്ട് വിളിക്കുന്നോ?
"ഹലോ ഇത് xxxx മാട്രി മോണിയില്‍ നിന്നാണ് വിളിക്കുന്നത്‌...സര്‍ കല്യാണം കഴിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?"
ചോദ്യം കേട്ടു ഞാന്‍ ഞെട്ടി. വായില്‍ ഒതുക്കിയിട്ട ഉരുള ഞാനറിയാതെ വയറ്റിലെത്തി.
ഈശ്വരാ...എന്‍റെ പ്രൊഫൈല്‍ കണ്ടിട്ട് "നിനക്കൊന്നും പെണ്ണു കിട്ടില്ല" എന്ന് പറയാന്‍ വിളിക്കുവാണോ?

"ഉ...ഉ... ഉദ്ദേശിക്കുന്നുണ്ട്" ഞാന്‍ പറഞ്ഞൊപ്പിച്ചു.
കുയില്‍നാദം തുടര്‍ന്നു..."സര്‍, താങ്കളുടെ പ്രൊഫൈല്‍ കണ്ടിട്ട് ഞങ്ങള്‍ക്ക് ധാരാളം റിക്വസ്റ്റുകള്‍ വന്നിട്ടുണ്ട്"
ഹൊ...ആശ്വാസമായി.. അപ്പൊ ലത് പറയാന്‍ വിളിച്ചതല്ല.
ധാരാളം അന്വേഷണങ്ങള്‍ വന്നത്രേ. എന്‍റെ ഉള്ളില്‍ ഒരു ആഹ്ലാദപുഷ്പം മൊട്ടിട്ടു.

"എവിടെ നിന്നാണ് റിക്വസ്റ്റ് വന്നത്? കുട്ടി എന്തു ചെയ്യുന്നു ?" നാണം മറച്ചുവെച്ച്, പാത്രത്തിലെ മാങ്ങ അച്ചാര്‍ തൊട്ട് നക്കി ഞാന്‍ ചോദിച്ചു.
മറുപടി കിട്ടി. "സാറിന് ഡീറ്റെയില്‍സ് വേണമെങ്കില്‍, സര്‍ ഞങ്ങളുടെ പെയ്ഡ്‌ മെമ്പര്‍ ആകണം."
"ശ്.ശ്ശ്......." ഉള്ളില്‍ മൊട്ടിട്ട ആഹ്ലാദപുഷ്പം വിരിയും മുന്‍പേ കരിഞ്ഞ ശബ്ദമാണ്.

"പെയ്ഡ്‌മെമ്പര്‍ ആവാന്‍ എങ്ങനെയാണ് ചാര്‍ജ്ജ് ?" വെറുതെ ഒരു ചോദ്യശരം** തൊടുത്തു.
(Note : ചോദ്യശരം** - അമ്പിന്‍റെ മൂര്‍ച്ചയുള്ള അറ്റത്ത്‌ ചോദ്യം ഘടിപ്പിച്ച് നിര്‍മ്മിച്ച ഒരായുധം..വാക്പോരില്‍ ഉപയോഗിക്കുന്നത്)

കുയില്‍മൊഴി തന്‍റെ സ്വരത്തില്‍ മധുരം കൂട്ടി മെംബര്‍ഷിപ്‌ വിവരങ്ങള്‍ മൊഴിഞ്ഞു തുടങ്ങി..
"ഗോള്‍ഡ്‌ മെംബര്‍, പ്ലാറ്റിനം മെംബര്‍, പ്രീമിയം മെംബര്‍, ഫ്രീ മെംബര്‍ എന്നിങ്ങനെയാണ് മെംബര്‍ഷിപ്പുകള്‍......."
ഞാന്‍ കാതോര്‍ത്തു...പഞ്ചായത്ത് മെംബര്‍ ഉണ്ടോ?...അതില്ല, ഭാഗ്യം....

മൂന്ന് മാസം, ആറ് മാസം, ഒരു വര്‍ഷം എന്നിങ്ങനെ കുറേ സമയക്കണക്കുകളും..ഒപ്പം രൂപയുടെ ആയിരക്കണക്കുകളും. വിരലിലെണ്ണാവുന്ന പ്രൊഫൈലുകള്‍ അയച്ച് തരുമത്രേ. ഒന്നും വ്യക്തമല്ല.
മൊത്തത്തില്‍ കാശു വെറുതെ പോകുന്ന ഇടപാടല്ലേ എന്നൊരു സംശയം.

ചോദ്യം ഘടിപ്പിച്ച ഒരു ശരം കൂടി എയ്തു "എങ്ങനെയാണ് നിങ്ങള്‍ടെ പെയ്മന്റ്റ് രീതി ?"
കുയില്‍നാദത്തില്‍ തേനൂറിയൊഴുകി "സര്‍ സ്ഥലം പറഞ്ഞാല്‍ ഇപ്പോത്തന്നെ ഞങ്ങള്‍ ഞങ്ങള്‍ടെ എക്സിക്യുട്ടീവിനെ അങ്ങോട്ട്‌ വിടാം...വിടട്ടെ ?"

പഴ്സിന്‍റെ കനം ഒന്ന് തപ്പിനോക്കിയിട്ട് ഞാന്‍ മറുപടി പറഞ്ഞു..."വേണ്ട".
കുയിലിന്‍റെ ശബ്ദത്തിലെ മാധുര്യം കുറഞ്ഞു.."സര്‍ ഇന്ന് പെയ്ഡ്‌ മെമ്പര്‍ ആയാല്‍ താങ്കള്‍ക്കു നല്ല ഓഫറുകളുണ്ട്"
ഈ നമ്പര്‍ ഞാന്‍ മുന്‍പ് ധാരാളം കേട്ടിട്ടുണ്ട്....മറുപടി കൊടുത്തു "ഞാനൊന്ന് ആലോചിച്ചിട്ട് പറയാം"
കുയിലിന്‍റെ ശബ്ദം മാറി കാക്കയുടെതായി "ഇന്നെടുത്താല്‍ മാത്രമേ ഓഫറുകള്‍ കിട്ടൂ"

മുന്നിലിരിക്കുന്ന പുളിശ്ശേരിയൊഴിച്ച ചോറിലും, വറുത്ത മത്തിയിലും നോക്കി ഞാന്‍ പറഞ്ഞു. "കുറച്ച് തിരക്കുണ്ട്‌...പിന്നെ വിളിക്കാം"
കാക്ക താല്‍പര്യമില്ലാതെ പറഞ്ഞു "ശരി".

ഫോണ്‍ വെച്ച് ഊണ് തുടരുമ്പോള്‍ ഞാനാലോചിച്ചു. ഇനിയെന്തെല്ലാം കടമ്പകള്‍...രണ്ട് കൂട്ടരുടെയും ജാതകം അയച്ച് കൊടുക്കല്‍, ഇരുവിഭാഗങ്ങളും വിശ്വാസമര്‍പ്പിക്കുന്ന ജ്യോത്സ്യന്മാരുടെ ഗ്രീന്‍ സിഗ്നല്‍, ഫോട്ടോ സ്ക്രീനിംഗ്, കുടുംബ സ്ക്രീനിംഗ്, പെണ്ണുകാണല്‍, ഇഷ്ടപ്പെടല്‍, നിശ്ചയം, കല്യാണക്കുറിയടിക്കല്‍ , ക്ഷണിക്കല്‍, കല്യാണം, പെണ്ണിന്‍റെ കൂടെയിരുന്ന് സ്വന്തം വില കളയാതെ സദ്യയുണ്ണല്‍....ഹൊ. എന്തെല്ലാം എന്തെല്ലാം.

ഇതില്‍ പെണ്ണുകാണല്‍ തന്നെയാണ് ഏറ്റവും വലിയ കടമ്പ.
പരമ്പരാഗതമായ ഈ കേരളീയ പെണ്ണുകാണല്‍ രീതിയോട് പണ്ടേ വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളെ, പത്തു മിനിറ്റത്തെ സംസാരം കൊണ്ട്‌ മനസ്സിലാക്കി ഒരു തീരുമാനമെടുക്കുക. അതും ഇരുവീട്ടുകാരും തൊട്ടടുത്തോ, അല്ലെങ്കില്‍ അപ്പുറത്തെ മുറിയിലോ കാതും കൂര്‍പ്പിച്ചിരിക്കുമ്പോള്‍ ..ബുദ്ധിമുട്ടേറിയ ദൗത്യം.
എല്ലാത്തിലും ഭീകരം പെണ്ണുകാണലിന്‍റെ ആ അന്തരീക്ഷമാണ്.

ഒരിക്കല്‍, അമ്മാവന്‍റെ മകന്‍ സജിത്തേട്ടന്‍റെ കൂടെ മൂപ്പര്‍ക്ക് പെണ്ണുകാണാന്‍ ഞാനും പോയി.

പെണ്ണിന്‍റെ അച്ഛന്‍ ഞങ്ങളെ സ്വീകരിച്ചിരുത്തി. ബ്രോക്കര്‍ ഞങ്ങളെ ഇരുവരെയും അദ്ദേഹത്തിന് പരിചയപ്പെടുത്തി.
പരിചയപ്പെടുത്തലിനു ശേഷം മുറിയില്‍ കനത്ത നിശബ്ദത.
ആരും ആരോടും ഒന്നും മിണ്ടുന്നില്ല. പെണ്ണിന്‍റെ അച്ഛന് ഞങ്ങളെക്കാള്‍ നാണം.....മൂപ്പര്‍ക്കും ഇത് ആദ്യത്തെ അനുഭവമാണെന്ന് തോന്നുന്നു...നല്ല ചമ്മലുണ്ട് മുഖത്ത്..

എനിക്ക് പുള്ളിക്കാരന്‍റെ മുഖം കണ്ടിട്ട് നന്നായി ചിരി വരുന്നുണ്ട്. അത് പുറത്ത് ചാടാതിരിക്കാന്‍ ഞാന്‍, മുറ്റത്തെ ആരാമത്തിലേക്കും, മുറിയിലെ ആന്തൂറിയത്തിലേക്കും കണ്ണുകള്‍ മാറി മാറി നട്ടു.

നിശബ്ദസിനിമ കണ്ട് മടുത്ത ബ്രോക്കര്‍ പറഞ്ഞു. "എങ്കില്‍ പിന്നെ മോളെ വിളിച്ചോളൂ"
ഞാന്‍ ഒളികണ്ണിട്ടു നാണക്കാരന്‍ ഡാഡിയെ നോക്കി. മൂപ്പര്‍ എന്‍റെ നോട്ടം കണ്ട് നാണിച്ച് അകത്തേക്കോടി.
എന്നിട്ട് തിരിച്ചു വന്ന് പൂര്‍വസ്ഥിതിയില്‍ ഇരുന്നു.

"ചില്‍...ചില്‍...." പാദസരത്തിന്‍റെ ശബ്ദം അടുത്തടുത്ത് വരുന്നു.
ഞങ്ങള്‍ മസില്‍ പിടിച്ച് കൂടുതല്‍ മാന്യത മുഖത്ത് വരുത്തി.

ചുവന്ന സാരിയും കയ്യില്‍ രസ്ന തുളുമ്പുന്ന ഗ്ലാസ്സുകള്‍ വെച്ച ട്രേയുമായി ഒരാള്‍ മുന്നില്‍ വന്നു നിന്നു.
ശാലീനസുന്ദരിയെ കാണാന്‍ ഞങ്ങള്‍ പതുക്കെ തലയുയര്‍ത്തി.....
തലയില്‍ നര വീണ ഒരു മധ്യവയസ്ക......
ഈശ്വരാ....രണ്ടാം കെട്ടാണോ ? അതോ വീട് മാറിപ്പോയോ..? ഞങ്ങള്‍ ബ്രോക്കറെ നോക്കി.
ഞങ്ങളുടെ മുഖം കണ്ട് പെട്ടന്ന് ബ്രോക്കര്‍ ഇടപെട്ടു "ഇത് കുട്ടിയുടെ അമ്മ ! "
ഹൊ..അമ്മയായിരുന്നോ....ശ്വാസം നേരെ വീണു.

വീണ്ടും നിശബ്ദത...ഹാസ്യജനകമായ നിശബ്ദത.
രസ്ന വാങ്ങി പതുക്കെ ആദ്യ കവിള്‍ കുടിക്കാന്‍ തുടങ്ങുമ്പോള്‍, പെണ്ണിന്‍റെ അമ്മയുടെ വക ഒരു ചോദ്യം "ഇതില്‍ ആരാ പയ്യന്‍ ? "

"ഹ..ഹ...ഹ" ഒതുക്കി നിര്‍ത്തിയിരുന്ന പൊട്ടിച്ചിരിയുടെ ആദ്യഗഡു, ഞാന്‍ പോലുമറിയാതെ ബാരിക്കേഡ്‌ തകര്‍ത്ത് പുറത്ത് വന്നു.
പെട്ടന്ന് വായടച്ച് ഞാന്‍ മെല്ലെ തിരിഞ്ഞ് പയ്യനെ നോക്കി.
നെറ്റിയില്‍ പൊടിയുന്ന വിയര്‍പ്പും, വായില്‍ ഒരു കവിള്‍ രസ്നയുമായി എന്‍റെ നേരെ മച്ചുനന്‍റെ ദൈന്യത നിറഞ്ഞ നോട്ടം........

ബ്രോക്കര്‍ ആ അമ്മയ്ക്ക് ഞങ്ങളെ പരിചയപ്പെടുത്തി.
ആ സ്ത്രീ സജിത്തേട്ടനെ സ്നേഹവാത്സല്യഭയഭക്തിബഹുമാനങ്ങളോടെ നോക്കി.
എന്നെ അല്‍പം പുച്ഛത്തോടെയും.
ആ ഭാവം കണ്ട് എനിക്ക് കൂടുതല്‍ ചിരി വന്നു.
ഞാന്‍ മുഖം കുനിച്ച് മനസ്സില്‍ പ്രാര്‍ത്ഥിച്ചു .......ഈശ്വരാ എന്നെ ചിരിപ്പിക്കല്ലേ.

രംഗം വഷളാവുന്നത് കണ്ട ബ്രോക്കര്‍ പറഞ്ഞു..."എങ്കില്‍ കുട്ടിയെ വിളിച്ചോളൂ"
അമ്മ അകത്തേക്ക് പോയി....വീണ്ടും എല്ലാം പഴയപടി.
മുറിയില്‍ കനത്ത നിശബ്ദത.
ഡാഡിയുടെ മുഖത്തെ നാണം കണ്ട എന്‍റെ കണ്ണുകള്‍ വീണ്ടും ആന്തൂറിയവും ആരാമവും തേടിപ്പായാന്‍ നിര്‍ബന്ധിതമായി.

ഒടുവില്‍ യഥാര്‍ത്ഥ പെണ്ണു വന്നു ..കേരളത്തില്‍ ലഭ്യമായ എല്ലാത്തരം ഉപ്പേരികളുമായി.
ഇത്തവണ ബ്രോക്കര്‍ ആദ്യമേ ഇടപെട്ടു. സജിത്തേട്ടനെ ചൂണ്ടി പറഞ്ഞു "ഇതാണ് പയ്യന്‍".
പയ്യന്‍ പെണ്ണിനെ ഒന്ന് നോക്കി..
പിന്നെ നിസ്സംഗനായി വാതിലിനു പുറത്തെ ഏകാന്തതയിലേക്കും, പാത്രത്തിലെ ഉപ്പേരിയിലേക്കും നോക്കിയിരിപ്പായി.
വീണ്ടും നിശബ്ദത...ബ്രോക്കര്‍ ഉപ്പേരി തിന്നുന്ന "കറും മുറും" ശബ്ദമല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ല.

ഉപ്പേരിയെടുക്കാന്‍ മുന്നോട്ടായുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു..."സംസാരിക്കണോ ? "
ടെലിഫോണിലെ ഡയല്‍ടോണ്‍ പോലെ ഒരു ചെറിയ ശബ്ദം മറുപടിയായി കേട്ടു "വേണ്ട വേണ്ട.... പോകാം"

പോകാമെന്ന് തല കൊണ്ടൊരു സിഗ്നല്‍ സജിത്തേട്ടന്‍ ബ്രോക്കറോട് കാണിച്ചു.
സിഗ്നല്‍ കണ്ട് തെറ്റിദ്ധരിച്ച ബ്രോക്കര്‍
"മോന് സംസാരിക്കണോ ? ... ധൈര്യമായിട്ട് സംസാരിച്ചോ..! "
എന്നിട്ട് "കണ്ടോ...എന്‍റെ ഒരു മിടുക്ക്. എത്ര വേഗമാണ് ഒരു ബന്ധമൊത്തത് ...ഇനി വേണമെങ്കില്‍ നിന്‍റെ" എന്ന ഭാവത്തില്‍ ബ്രോക്കര്‍ എന്നെ നോക്കി.....ഏഭ്യന്‍
ഞാന്‍ മെല്ലെ തല ചരിച്ച് സജിത്തേട്ടനെ നോക്കി.
നേരത്തെ കണ്ട പൊടിഞ്ഞ വിയര്‍പ്പ്, കവിളത്തൂടെ പുഴയായൊഴുകി, താഴെ റെഡ്ഓക്സൈഡ്‌ പൂശിയ തറ നനച്ചിരിക്കുന്നു .
ഈശ്വരാ...ചിരിക്കാതിരിക്കാന്‍ ശക്തി തരൂ...

കുറച്ച് നേരം കൂടി നിശബ്ദനാടകം കളിച്ചിട്ട് "ഞങ്ങള്‍ അറിയിക്കാം" എന്ന് പറഞ്ഞ് ഒരു വിധത്തില്‍ ഓടി രക്ഷപ്പെട്ടു.

ഇങ്ങനെയുള്ള എന്തെല്ലാം മുഹൂര്‍ത്തങ്ങള്‍ ഞാനിനി ജീവിതത്തില്‍ നേരിടണം.
പക്ഷെ എനിക്ക് ഭയമില്ല. ഇതും ഇതിനപ്പുറവും കടന്നവനാണ് ഞാന്‍.
എന്‍ജിനിയറിങ്ങിന് പഠിക്കുമ്പോള്‍ ലാബില്‍ വൈവ ചോദിച്ച അധ്യാപകനോട് ട്രാന്‍സിസ്റ്ററിന് രണ്ട് കാലുകളെ ഉള്ളുവെന്നും അത് പോസിറ്റീവും നെഗറ്റീവും ആണെന്ന് പറഞ്ഞ അസാമാന്യബുദ്ധിശാലിയാണ് ഞാന്‍.
സ്കൂളില്‍ പഠിക്കുന്ന കാലത്ത് ബോറടി മാറ്റാന്‍ ഒരു ജ്വല്ലറിയിലേക്ക് ഫോണ്‍ ചെയ്ത് അവിടെ നിന്ന് വാങ്ങിയ സ്വര്‍ണം മുക്കുപണ്ടമാണെന്ന് പറഞ്ഞ മഹാധൈര്യശാലിയും ഞാന്‍ തന്നെ.

എനിക്കാരെയും പേടിയില്ല.
ഇങ്ങനെയൊക്കെയാണെങ്കിലും വിവാഹക്കാര്യത്തില്‍ സ്വാഭാവിക ആശങ്കകളുള്ള ഒരു സാധാരണക്കാരനാണ് ഞാന്‍.

വിവാഹജീവിതത്തെപ്പറ്റി ചില അനുഭവസ്ഥര്‍ എനിക്ക് നല്‍കിയ ഉപദേശങ്ങള്‍ ചുവടെ ചേര്‍ത്തു കൊണ്ട്‌ ഉപസംഹരിക്കുന്നു.

1. വിവാഹശേഷമുള്ള ആദ്യത്തെ ആറ് മാസം വളരെ രസകരമാവും. പിന്നീട് ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ചോദ്യചിഹ്നരൂപത്തില്‍ നമ്മളെനോക്കി പല്ലിളിച്ചു തുടങ്ങും.

2. ഭര്‍ത്താവുദ്യോഗം ഒരു വലിയ ജോലിയാണ്.

3. സംതൃപ്തജീവിതം പുറത്ത് കാട്ടുന്ന പല കുടുംബങ്ങളും ഉള്ളില്‍ സംതൃപ്തമായിരിക്കില്ല. തൊണ്ണൂറു ശതമാനം കുടുംബങ്ങളിലും പുരുഷന്മാര്‍ അഡ്ജസ്റ്റ് ചെയ്യുന്നത് കൊണ്ടാണ് കാര്യങ്ങള്‍ പൊട്ടിത്തെറിയില്ലാതെ മുന്‍പോട്ടു പോകുന്നത്.

4. കല്യാണം കഴിക്കുന്നതോട് കൂടി നമ്മുടെ സ്വാതന്ത്ര്യം എന്നെന്നേക്കുമായി അവസാനിക്കും.

5. ഒരിക്കല്‍ എന്‍റെ ഒരു അഭ്യുദയകാംക്ഷി ഉദാഹരണസഹിതം എന്നെ ഉപദേശിച്ചത് ഇങ്ങനെയാണ്.

"പ്ലാവില്‍ പഴുത്ത് പൊട്ടിയ ചക്കയില്‍ ഈച്ച പറ്റിയിരിക്കുമ്പോള്‍ നമ്മള്‍ വിചാരിക്കും അത് സുഖമായി ഇരുന്ന് ചക്ക തിന്നുകയാണെന്ന്....പക്ഷെ സത്യം അതല്ല.
ഈച്ച, മധുരം കണ്ട ഒരാവേശത്തിന് അതില്‍ ചെന്നിരിന്നിട്ട്, അതില്‍ ഒട്ടിപ്പോയത് കാരണം തിരിച്ചു പറക്കാന്‍ കഴിയാതെയിരിക്കുകയാണ്. അതവിടിരുന്നു അനങ്ങാനാവാതെ ചത്തു പോകും,
ഇത് പോലെ തന്നെയാണ് കുടുംബ ജീവിതത്തില്‍ പുരുഷന്‍റെ അവസ്ഥ."

ഇത് വായിക്കുന്ന മഹിളകള്‍ക്ക്, എന്നോട് വിരോധം തോന്നരുതെന്ന്‌ അപേക്ഷ.
കേട്ട ചില ഉപദേശങ്ങള്‍ ഇവിടെ പങ്ക് വെച്ചെന്ന് മാത്രം..

എന്ന് പാവം


Thursday, September 9, 2010

ഫ്ലാഷ്ബാക്ക് - 02പേരക്ക, ആത്തക്ക, ചാമ്പയ്ക്ക, ആഞ്ഞിലിക്ക, ഓമയ്ക്ക.
ഏത്തപ്പഴം, ചെറുപഴം, പറങ്ങാപ്പഴം.
കൈതച്ചക്ക, തേങ്ങ,മാങ്ങ, പ്ലാങ്ങ........ഛെ.. സോറി...ചക്ക.

ഞാന്‍, ഇതെല്ലം വില്‍ക്കുന്ന ഒരു കട തുടങ്ങി എന്നല്ല പറഞ്ഞു വരുന്നത്.


മേല്‍പ്പറഞ്ഞ സാധനങ്ങളെല്ലാം അസുലഭമായി തിന്നു മുടിച്ച്‌ വളരാന്‍ അവസരം കിട്ടിയ ഒരു ഭാഗ്യവാനാണ് ഞാന്‍.
ഇവയില്‍ നിന്ന് കിട്ടിയ ഊര്‍ജ്ജത്തിന്‍റെ സിംഹഭാഗവും വീട്ടിലെ വളര്‍ത്തു മൃഗങ്ങളുടെ മേല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ താണ്ഡവമാടാന്‍ ഞാന്‍ വിനിയോഗിച്ചു.
ബാക്കി വന്ന ഊര്‍ജ്ജം ഉപയോഗിച്ചത്, ഇഴജന്തുക്കളായ ചേര, പാമ്പ് മുതലായവയെ കാണുമ്പോള്‍ ഓടി രക്ഷപ്പെടാനും, "അമ്മേ ! ഈ ചേട്ടന്‍ എന്നെ ഇടിക്കുവാ..." എന്ന് വിളിച്ച് കൂവാനും വേണ്ടിയാണ്.

പുഴകള്‍, മരങ്ങള്‍, കളകൂജനം പൊഴിക്കുന്ന കിളികോകിലങ്ങള്‍.
ഇവയെല്ലാം ഞങ്ങളുടെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ക്ക് Asian Paint Apex അടിച്ചത് പോലെ മങ്ങാത്ത നിറം പകരുന്നവയാണ്.
ഞങ്ങള്‍ നാലും ഒത്തു കൂടുമ്പോഴുള്ള പ്രധാന വിനോദോപാധികളില്‍ ഒന്നാണ് മരം കേറല്‍.

പറമ്പിലെ പീതവര്‍ണ്ണഫലങ്ങള്‍ ചൊരിയുന്ന പറങ്കാവില്‍ നിന്നു തുടങ്ങാം.

മൂട് കിഴക്കേ തോടിനോട് ചേര്‍ന്നുള്ള കയ്യാലയില്‍ ഉറപ്പിച്ച്, പറമ്പിലേക്ക് വളര്‍ന്ന്‌, പഴങ്ങള്‍ ഞങ്ങള്‍ക്ക് മാത്രം തരുന്നൊരു കുടുംബസ്നേഹി വൃക്ഷമാണത്. മൂട് കയ്യാലയോട് ചേര്‍ന്നായത് കൊണ്ട്, അതില്‍ കയറുമ്പോള്‍ കാല്‍ വഴുതിയാല്‍ വീഴുന്നത് തോട്ടിലേക്കാവും.
സൂക്ഷിച്ചില്ലെങ്കില്‍, പറങ്ങാപ്പഴം കിട്ടുകയുമില്ല, നടുവൊടിയുകയും ചെയ്യും.
പണ്ട് ലീഡറിന്‍റെ മകന്‍, പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനം രാജി വെച്ച് നിയമസഭയില്‍ മത്സരിച്ച പോലെ.

പൊതുവേ സാധാരണ മനുഷ്യര്‍ ആ ഭാഗം വഴി മരം കയറാന്‍ ധൈര്യപ്പെടാറില്ല. പകരം മറ്റൊരു ചാഞ്ഞ ചില്ല വഴി വലിഞ്ഞു കയറും.
എന്നാല്‍ പ്ലവംഗന്‍ സുനി, റിസ്ക്‌ ഉള്ള ഭാഗത്ത്‌ കൂടി കയറുമെന്ന് മാത്രമല്ല, പറങ്കാവിന്‍റെ മധ്യത്തിലുള്ള ഒറ്റ കൊമ്പിലൂടെ, ഹര്‍ത്താല്‍ ദിവസം നാഷണല്‍ ഹൈവേയില്‍ നടക്കുന്ന ലാഘവത്തോടെ നടക്കും.
എന്നിട്ട് അനിരഞ്ജിയാദിഗണങ്ങള്‍ വലിഞ്ഞു കയറുന്ന ചാഞ്ഞ ചില്ലകളിലെ പഴങ്ങള്‍ തിന്ന്‌ തുടങ്ങും. അല്ലെങ്കില്‍ താഴെ വായും പൊളിച്ചു നില്‍ക്കുന്ന എനിക്ക് എറിഞ്ഞു തരും.

Note: തല്ല് കൂടാന്‍ മാത്രമല്ല, മരം കയറുന്ന കാര്യത്തിലും ഞാന്‍ വളരെ പുറകോട്ടായിരുന്നു. തീറ്റസംബന്ധമായ കാര്യങ്ങളില്‍ ആയിരുന്നു എനിക്ക് വ്യക്തിമുദ്ര പതിപ്പിക്കാന്‍ താല്‍പര്യം.

ചില മുഴുത്ത പഴങ്ങള്‍ എറിഞ്ഞ് തരുന്നതിനിടയില്‍ സുനിച്ചേട്ടന്‍ പറയും "ഡാ അത് തിന്നരുത്‌, അതെനിക്ക് വേണം ".
പട്ടിയുടെ വായ Fevi-Quick വെച്ച് ഒട്ടിച്ചിട്ട്, അതിന് മുന്‍പില്‍ ഉണക്കമീന്‍ വെച്ചാല്‍ അതിനുണ്ടാകാവുന്ന അതേ നിസ്സഹായവസ്ഥയോട്‌ കൂടി പറങ്ങാപ്പഴവും കയ്യില്‍ പിടിച്ച് ഞാനിരിക്കും.

അതെങ്ങാനം തിന്നാല്‍, കിലുക്കം സിനിമയിലെ സമത്ഖാന്‍ ജഗതിയെ കൈകാര്യം ചെയ്യും പോലെ, സുനിച്ചേട്ടന്‍ ഇറങ്ങി വന്നെന്നോടു പെരുമാറുമോയെന്ന ഭയം കലര്‍ന്ന ചിന്ത പറങ്ങാപ്പഴത്തിന്‍റെ രൂപത്തില്‍ എന്നെ നോക്കി പല്ലിളിച്ചു.

പക്ഷെ കാലചക്രം തിരിയുമ്പോള്‍ ഏതു നീര്‍ക്കോലിയും തല പോക്കും.

ഒരു ദിവസം സുനിച്ചേട്ടന്‍ പേര മരത്തില്‍ നിന്നു ഒരു മുഴുത്ത പേരയ്ക്ക "നീ തിന്നരുത്‌" എന്ന നിബന്ധനയോടു കൂടി എനിക്ക് എറിഞ്ഞു തന്നു.
കേരളാ മാട്രിമോണിയില്‍ ചെറുക്കനെ തിരയുന്ന പൂത്ത കാശുള്ളൊരു ഗള്‍ഫ്കാരന്‍റെ ഒറ്റമോളെപ്പോലെ സുന്ദരിയായിരുന്നു ആ പേരയ്ക്ക. മുഖത്തെങ്ങും ഒരു പാട് പോലുമില്ല.
ഞാന്‍ മുകളിലേക്ക് നോക്കി. സുനിച്ചേട്ടന്‍ ഒറ്റച്ചാട്ടത്തിന് താഴെയെത്താന്‍ പറ്റാത്തത്ര പൊക്കമുള്ളൊരു കൊമ്പിലാണ്.
അഥവാ ചാടിയാലും, ഏഷ്യാനെറ്റില്‍ അളകനന്ദയ്ക്ക് പറയാന്‍ "വന്‍ വീഴ്ചകള്‍" പരിപാടിക്കൊരു എപിഡോസ് കൂട്ടാമെന്നല്ലാതെ മറ്റ് പ്രയോജനമൊന്നുമില്ല.
അപ്പൊ പിന്നെ ഇത് തിന്നുക തന്നെ.

ചന്ദ്രസ്വാമിയെയും സന്തോഷ്‌ മാധവനെയും മനസ്സില്‍ ധ്യാനിച്ച്‌ ഒരു ഋഷിവര്യന്‍റെ ഭാഷയില്‍ ഞാന്‍ പറഞ്ഞു "നോം ഈ പേരയ്ക്ക തിന്നാന്‍ പോകുകയാണ്..! ".

മുകളില്‍ പേരയ്ക്ക തിരയുന്ന കണ്ണുകള്‍ ഒരു നൊടിയിട കൊണ്ട് എന്‍റെ മേല്‍ പതിച്ചു.
ഷിബു സോറന്‍ മുഖ്യമന്ത്രിക്കസേരയില്‍ നോക്കും പോലെ.

"ഡാ...! " ഗര്‍ജനത്തില്‍ പൊതിഞ്ഞ ഒരു താക്കീതായിരുന്നു ആ വിളി. പണ്ടായിരുന്നെങ്കില്‍ ഞാന്‍ പേരയ്ക്ക തിന്നാനുള്ള ആ ചിന്തയെ അതോടെ ഉപേക്ഷിച്ചേനെ. പക്ഷെ അന്ന്, എനിക്ക് എവിടെ നിന്നോ അത് തിന്നാനുള്ള ധൈര്യം വന്നു. ചെലപ്പോള്‍, കാലം എന്നിലെ കുട്ടിക്ക് പുരുഷസഹജമായ ഗുണങ്ങള്‍ തന്നു തുടങ്ങിയത് ആവാം. എന്‍റെ തീരുമാനത്തില്‍ തന്നെ ഞാന്‍ ഉറച്ചു നിന്നു.

മഹര്‍ഷി ഭാഷ തുടര്‍ന്നു "ഇല്ല മകനേ, ഈ പേരയ്ക്ക നിനക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടാന്‍ പോവുകയാണ്. ഇതാ, ഇത് നോം ഭക്ഷിച്ചു തുടങ്ങുന്നു".
ഞാന്‍ പേരയ്ക്കയില്‍ ആദ്യത്തെ കടി കടിച്ചിട്ട്‌ മുകളിലേക്ക് നോക്കി. കണ്മുന്നിലെ വിശ്വാസവഞ്ചനയെ അവിശസനീയത തുളുമ്പുന്ന കണ്ണുകളോട് കൂടി സുനിച്ചേട്ടന്‍ നോക്കി. ചാടാനും വയ്യ, പിടിച്ചു മാറ്റാനും വയ്യ. സുനിച്ചേട്ടന്‍ ഇതികര്‍ത്തവ്യഥാമൂനായി യാഥാര്‍ത്ഥ്യത്തോട്‌ പൊരുത്തപ്പെട്ടു. വഞ്ചനയില്‍ തെല്ലും ദുഖമില്ലാതെ ഞാന്‍ ആ പേരയ്ക്ക തിന്നു.

ഇതേ പേര മരവുമായി ബന്ധപ്പെട്ട മറ്റൊരു കഥ.

രഞ്ജിച്ചേട്ടന്‍ പേര മരത്തിനു മുകളിലും, മരം കേറാന്‍ കൊള്ളാത്ത ഞാന്‍ താഴെയും നില്‍ക്കുന്ന ഒരു അവസരം.
തന്നെ കടിച്ച നീറിനെ കൈകാര്യം ചെയ്യാനോ മറ്റോ കൈ വിട്ട ചേട്ടന്‍, ഭൂമിയുടെ ഗുരുത്വാകര്‍ഷണ ശക്തി ശരി വെച്ച് കൊണ്ട് g=9.8 m/s2 എന്ന accelaration ഓടെ നിലം പൊത്തി...ചിരിക്കാതെ തന്നെ മണ്ണും കപ്പി.
വീഴ്ചയുടെ ഞെട്ടല്‍ വിട്ടു മാറുന്നതിനു മുന്‍പ് "ഈയ്യക്കാവോ" എന്ന് നിലവിളിയും തുടങ്ങി. ശബ്ദം കേട്ട് തൊട്ടപ്പുറത്തെ കടയില്‍ നിന്നു ഗോപാലപിള്ള ചേട്ടന്‍ രക്ഷകനായി ഓടിയെത്തി.

കൈ ഒടിഞ്ഞു കിടക്കുന്ന ചേട്ടനോട്, ജന്മനാ ഉള്ള പരുക്കന്‍ സ്വരത്തില്‍ ഗോപാലപിള്ള ചേട്ടന്‍ ആജ്ഞാപിച്ചു "കൈ നൂക്കെടാ ചെറുക്കാ". കരഞ്ഞു കൊണ്ട് ചേട്ടന്‍.. "അയ്യോ എനിക്ക് വയ്യേ".

വീണ്ടും ഗോപാലപിള്ള ചേട്ടന്‍ "എടാ കൈ നൂക്കെടാ ചെറുക്കാ.." ..
ചേട്ടന്‍ വീണ്ടും.. "അയ്യോ എനിക്ക് നൂക്കാന്‍ വയ്യേ".

എന്നാല്‍ ഇവനെ കൊണ്ട് കൈ നൂത്തിച്ചിട്ടേ പോകു എന്ന് തീരുമാനിച്ച ഗോപാലപിള്ള ചേട്ടന്‍ ദിഗന്ദങ്ങള്‍ നടുങ്ങുമാറ് ആജ്ഞാപിച്ചു " എടാ ചെറുക്കാ, നിന്നോടല്ലേ പറഞ്ഞത് കൈ നൂക്കാന്‍?".

പറഞ്ഞു തീരും മുന്‍പേ ചേട്ടന്‍റെ മറുപടി വന്നു "തന്നോടല്ലേടോ പറഞ്ഞത്, എനിക്ക് കൈ നൂക്കാന്‍ വയ്യെന്ന്?"

രക്ഷകന്‍ ആകാന്‍ വന്ന എഴുപതു വയസ്സുകാരനായ ഗോപാലപിള്ള ചേട്ടന്‍, പന്ത്രണ്ടു വയസ്സുകാരനായ രഞ്ജിച്ചേട്ടന്‍റെ "താന്‍" എന്ന് അഭിസംബോധന ചെയ്ത മറുപടി കേട്ട്, കുനിഞ്ഞ ശിരസ്സുമായി തിരിഞ്ഞ് നടന്നു.
പശ്ചാത്തലത്തില്‍ "എവിടെ നിന്നെത്തിയെന്നറിയില്ല...എങ്ങോട്ട് പോകുമെന്നറിവീല..." എന്ന ഗാനവും കേട്ടു.

പറങ്കാവുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം.

ഞങ്ങള്‍ നാല് ഭീകരരും സജി ചേട്ടനും കൂടി ക്രിക്കറ്റ്‌ കളിക്കാന്‍ തീരുമാനിച്ചു. സജി എന്‍റെ മറ്റൊരപ്പചിയുടെ മറ്റൊരു മകനാകുന്നു. എന്നെക്കാള്‍ ഒരു പത്ത് പന്ത്രണ്ട് വയസ്സ് കൂടും.
പറങ്കാവില്‍ മടല്‍ ചാരി വെച്ച് സ്ടംപ്‌ ഉണ്ടാക്കി ഞങ്ങള്‍ കളിക്കാന്‍ തയ്യാറായി.

ആ പറങ്കാവിന്‍റെ മുകളില്‍ കടന്നല്‍സംഘത്തിന്‍റെ ഒരു കുടുംബശ്രീ യൂണിറ്റ് ആരുമറിയാതെ പ്രവര്‍ത്തിച്ചിരുന്നു.

"ഞാന്‍ ആദ്യം ബാറ്റ് ചെയ്യാം" എന്ന് സജിച്ചേട്ടന്‍ പറഞ്ഞു തീര്‍ന്നതും, കടന്നല്‍ക്കൂട് വിനയനെക്കണ്ട അമ്മയെപ്പോലെ ഇളകി. കടന്നലിന്‍റെ കുത്തേറ്റ സജിച്ചേട്ടന്‍, മമ്മൂട്ടി പോക്കിരിരാജയില്‍ ഡാന്‍സ് ചെയ്യും പോലെ വെകിളി പിടിച്ചോടി. അപകടം മനസ്സിലാക്കിയ മറ്റു സഹോദരര്‍ അപ്രത്യക്ഷരായി. ബാക്കി വന്നത് ഞാന്‍ മാത്രം.

എന്നോട് കടന്നല്‍ക്കൂട്ടം നന്നായി പെരുമാറി.
കുട്ടിക്കടന്നലുകള്‍ എന്നെ കുത്തി ഹരിശ്രീ കുറിച്ചു
യുവ കടന്നലുകള്‍ കഴിവ് തെളിയിച്ചു.
കുഴിയിലേക്ക് കാലും നീട്ടി ഇരുന്ന വൃദ്ധക്കടന്നലുകള്‍ അവരുടെ അവസാനത്തെ ആഗ്രഹം സാധിച്ച സന്തോഷത്തില്‍ വീണ്ടും വീണ്ടും എന്നെ കുത്തി പരിക്കേല്‍പ്പിച്ചു.

ഇടത്തേ കണ്ണിന്‍റെ തൊട്ടു താഴെയും, നെഞ്ചിലും, കാലിലുമായി എനിക്ക് അന്ന് ആവശ്യത്തിനു കിട്ടി.

അന്ന് വൈകുന്നേരം ആയപ്പോഴേക്കും എന്‍റെ കണ്ണുകള്‍ സിനിമാ നടന്‍ അച്ചന്‍കുഞ്ഞിന്‍റെ പോലെ ആയി. ഒന്ന് നീര് വന്നു തുറക്കാന്‍ പറ്റാതെ ചെറുതും, മറ്റേതു വലുതും.

അന്ന് രാത്രി, എല്ലാവരും "ഒരു വടക്കന്‍ വീരഗാഥ" കാണാന്‍ പോയി. മറ്റുള്ളവര്‍ സിനിമ നന്നായി ആസ്വദിച്ചു കണ്ടു, ഞാന്‍ കഷ്ട്ടപ്പെട്ടു തുറന്നു പിടിച്ച എന്‍റെ ഒന്നര കണ്ണിലൂടെയും....

മത്സ്യബന്ധനം അന്നും ഇന്നും ഞങ്ങള്‍ക്ക് ഒരു വിനോദമാണ്. മത്സ്യബന്ധനം കഴിഞ്ഞു തോട്ടില്‍ ഉള്ള കുളി ആയിരുന്നു മറ്റൊരു പ്രധാന ആകര്‍ഷണം. ചൂണ്ടയും തോര്‍ത്തുമായി നാല്‍വര്‍ സംഘം വീട്ടില്‍ നിന്നിറങ്ങുമ്പോഴേ "തോട്ടില്‍ കുളിക്കരുത്" എന്ന താക്കീത് കിട്ടും. അനുസരണാശീലമുള്ള ഞങ്ങള്‍ ആ താക്കീത് കാറ്റില്‍ പറത്തി വെള്ളത്തിലാറാടും.

നിബന്ധനകള്‍ക്ക് വിധേയമാകാതെ പല തവണ ഞങ്ങള്‍ അവിടെ സ്നാന കര്‍മങ്ങള്‍ നടത്തുന്നത് കൊണ്ട് ഒരു തവണ ഞങ്ങളെ എത്ര കേണപേക്ഷിച്ചിട്ടും വിട്ടില്ല. ഒടുവില്‍ "തോട്ടില്‍ കുളിക്കില്ല" എന്ന് ഉറപ്പു കൊടുത്തിട്ട് എല്ലാരും ഇറങ്ങി. മത്സ്യബന്ധനത്തില്‍ അന്ന്, തറവാട്ടില്‍ പിറന്ന ഒരു മീന്‍ പോലും കിട്ടിയില്ല. ആകെ വല്ലാത്ത നിരാശ...മീനുമില്ല, കുളിയുമില്ല. എനിക്കാണ് സഹിക്കാന്‍ കഴിയാത്ത വിഷമം.

ഒടുവില്‍ എന്‍റെ കുരുന്നു കുരുട്ടു ബുദ്ധിയില്‍ ഒരു മിന്നാമിനുങ്ങ് കത്തി.

"അയ്യോ അമ്മേ" എന്ന് വിളിച്ചു കൊണ്ട്, ഏതോ വലിയ മീന്‍ ചൂണ്ടയില്‍ കൊത്തി എന്നെ വലിച്ച് വെള്ളത്തില്‍ ഇട്ടതു പോലെ ഞാന്‍ വെള്ളത്തിലേക്ക്‌ മറിഞ്ഞു. എന്‍റെ ബുദ്ധിയില്‍ മിന്നാമിനുങ്ങായി തെളിഞ്ഞത് സുനിച്ചേട്ടന് ആയിരം വാട്സ് ബള്‍ബ്‌ ആയി കത്തി. എന്നെ രക്ഷിക്കാന്‍ എന്ന വ്യാജേന "ഡാ.... " എന്ന് നീട്ടി വിളിച്ചു കൊണ്ട് സുനിച്ചേട്ടനും ചാടി. രണ്ട് സെക്കന്റ്‌ കഴിഞ്ഞ് ഐഡിയ പിടി കിട്ടിയ അനിയും ചാടി.
ഒന്നും മനസ്സിലാവാതെ ചേട്ടന്‍ "എടാ വെള്ളത്തില്‍ ചാടരുത് എന്നല്ലേ വീട്ടില്‍ പറഞ്ഞത് ?".

സുനിച്ചേട്ടന്‍റെ മറുപടി വന്നു "വേണേല്‍ ചാടെടാ".
ഒപ്പം അനി "രഞ്ജി ചേട്ടാ...ധൈര്യമായി ചാട്...... വീട്ടില്‍ ചോദിച്ചാല്‍ ആദ്യം ചാടിയത്‌ ഇവനാണെന്ന് നമുക്ക് പറയാം".
ആ ഐഡിയ ഇഷ്ടപ്പെട്ട ചേട്ടന്‍ സര്‍വ്വശക്തിയുമെടുത്ത് വെള്ളത്തിലേക്ക്‌ ചാടി....

വെള്ളത്തിലുള്ള മറ്റൊരു സംഭവം:

ഒരിക്കല്‍ രഞ്ജിച്ചേട്ടനെ രണ്ടു കയ്യിലും പിടിച്ചു കമഴ്ത്തിയിട്ടു സുനിച്ചേട്ടന്‍ നീന്തല്‍ പഠിപ്പിക്കുകയാണ്.
അത് കണ്ട് കൊതി സഹിക്ക വയ്യാതെ, ഞാന്‍ അനിയോട്‌ ഞാന്‍ ചോദിച്ചു "അനിച്ചേട്ടാ, സുനിച്ചേട്ടന്‍ ചെയ്യുന്നത് പോലെ, എന്നെ ഒന്ന് നീന്താന്‍ പഠിപ്പിക്കാമോ?"

അനി മറുപടി തുടങ്ങും മുന്‍പൊരു ശബ്ദം കേട്ടു. "ബ്ലും...".
ഞങ്ങളങ്ങോട്ട്‌ നോക്കി.
സുനിച്ചേട്ടനൊന്ന് കൈ വിട്ടപ്പോള്‍ രഞ്ജിച്ചേട്ടന്‍ പാറ വെള്ളത്തില്‍ വീണത്‌ പോലെ താഴ്ന്നു പോയതാണ്.

എന്‍റെ ചോദ്യത്തിന് അനി മറുപടി പറഞ്ഞു.."എടാ, പഠിപ്പിക്കുന്ന സുനിക്ക് നീന്തല്‍ അറിയില്ല..! ഈ പരിശീലനം കഴിഞ്ഞ് രഞ്ജി ഒറ്റയ്ക്ക് നീന്തുന്നത് കാണാന്‍ നില്‍ക്കുകയാണ് ഞാന്‍."


സുനിച്ചേട്ടന്‍ ചുണ്ടത്തു വിരല്‍ വെച്ച് ഞങ്ങളോട് മിണ്ടരുത് എന്ന് ആംഗ്യം കാട്ടി.
ഞങ്ങള്‍ തല കുലുക്കി "ഓള്‍ ദി ബെസ്റ്റ്" ആശംസിച്ചു.

ഇതൊന്നുമറിയാതെ രഞ്ജിച്ചേട്ടനപ്പോഴും സുനിച്ചേട്ടനെ ഗുരുവായി മനസ്സില്‍ ധ്യാനിച്ച്‌ വെള്ളത്തില്‍ മുങ്ങിയും പൊങ്ങിയും കൈകാലിട്ടടിക്കുന്നുണ്ടായിരുന്നു.


(തുടരും...)

/അജ്ഞാതന്‍/