Tuesday, September 7, 2010

"സീഡന്‍"

"സീഡന്‍" ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന ഒരു പുതിയ തമിഴ് ചിത്രമാണ്. അത് വെറുമൊരു തമിഴ് സിനിമയെന്ന് പറഞ്ഞൊഴിവാക്കാന്‍ നമുക്ക് പറ്റില്ല.
മലയാളത്തില്‍ നിന്നുള്ള മറ്റൊരു മൊഴിമാറ്റമാണ് സീഡന്‍.

മറ്റേതൊരു മലയാളിയേയും പോലെ, മൊഴി മാറ്റിയ പുതിയ തമിഴ് സിനിമയെയും അതിന്‍റെ യഥാര്‍ത്ഥ വേരായ മലയാള സിനിമയെയും താരതമ്യം ചെയ്ത് തമിഴ് സിനിമയെ കുറ്റം പറയാന്‍ എനിക്കും അവകാശമുണ്ട്‌

രഞ്ജിത്ത് എന്ന പ്രതിഭയുടെ തൂലികയില്‍ വിരിഞ്ഞ സുന്ദരപ്രണയകാവ്യമായ നന്ദനത്തിന്‍റെ മൊഴിമാറ്റമാണ് സീഡന്‍.

നന്ദനം സീഡനാകുമ്പോള്‍ ഉണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍
പൃഥ്വിരാജ് - കൃഷ്ണ നായര്‍ (പുതുമുഖം)
നവ്യ നായര്‍ - അനന്യ നായര്‍ (ഹൊ...നായര്‍ മയം തന്നെ .. പടം മിക്കവാറും ചങ്ങനാശ്ശേരി പെരുന്നയില്‍ റിലീസ് ചെയ്യും)
രേവതി - സുഹാസിനി
കവിയൂര്‍ പൊന്നമ്മ - ഷീല
ജഗതി ശ്രീകുമാര്‍ - വിവേക്

ഇതിനും പുറമേ മറ്റൊരു പുതുമ കൂടിയുണ്ട്. ഏതൊരു മലയാളിയേയും ഞെട്ടിപ്പിക്കുന്ന ഒരു മാറ്റം.
നന്ദനത്തിലെ ഗുരുവായൂരപ്പന്‍, സീഡനില്‍ സാക്ഷാല്‍ പഴനി മുരുകനാകുന്നു.

സ്ക്രീനില്‍ മുരുകനാവുന്നതോ തമിഴ് ചുള്ളനായ ധനുഷ്.

ഭാര്യാപിതാവായ രജനീകാന്ത് യന്തിരനാകുമ്പോള്‍, കുടുംബത്ത് തലയുയര്‍ത്തി നില്‍ക്കാന്‍, താന്‍ മിനിമം മുരുകനെങ്കിലും ആയേ പറ്റൂ എന്ന് ധനുഷിന് തോന്നിക്കാണും.

ജയറാം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയില്‍ "തമിഴില്‍ എല്ലാത്തിനും ഡോസ് കുറച്ച് കൂടുതല്‍ വേണം" എന്ന് പറഞ്ഞത് പോലെയാണ് കാര്യങ്ങളെന്ന് തോന്നുന്നു.

ചിത്രത്തിന്‍റെ പുറത്ത് വന്ന സ്റ്റില്‍സില്‍ കാണാന്‍ കഴിയുന്നത്‌, ധനുഷ്(മുരുകന്‍) തോളത്തൊരു തോര്‍ത്തുമിട്ട്‌ അടുക്കളയില്‍ പാത്രത്തില്‍ ചായ പകരുന്നതാണ്. (മുരുകാ.. പൊറുക്കണേ)

നന്ദനത്തില്‍ ഗുരുവായൂരപ്പന്‍ മഞ്ചാടിക്കുരു ബാലാമണിയുടെ ദാവണിയില്‍ ചുവന്ന പുള്ളികളാക്കി മാറ്റുന്ന രംഗത്തിനു പകരം, തമിഴില്‍ ചുള്ളന്‍ ധനുഷ് അടുക്കളയില്‍ കയറി ഇഡലി പുട്ടാക്കുന്നതും , പച്ചത്തണ്ണി ഹോര്‍ലിക്ക്സ് കലക്കിയ പാലാക്കുന്നതും, തൈര്സാദം പൂരിമസാലയാക്കുന്നതും ഉള്‍പ്പടെയുള്ള മാജിക്കുകള്‍ കണ്ട് തമിഴ് ജനത സായൂജ്യമടയുമെന്നു കരുതാം.

മുരുകന്‍റെ ആക്ഷന്‍ രംഗങ്ങളും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് ധനുഷ് ഫാന്‍സ്‌ പ്രതീക്ഷിക്കുന്നത്.
"നീ വെറും അണ്ണാമലൈ...നാന്‍ പളനി മലയേറിയവന്‍ടാ" മുതലായ അമ്മായിയപ്പന്‍ രജനീകാന്തിന്‍റെ കുറിക്കു കൊള്ളുന്ന ചൂടന്‍ ഡയലോഗുകള്‍ക്കും പഞ്ഞമുണ്ടാവില്ല.


ഗുഡ് നൈറ്റ്‌ മോഹന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുബ്രമണ്യംശിവ ആണ്.
പ്രധാനലൊക്കേഷന്‍ പഴനി.

മണിച്ചിത്രത്താഴിന്‍റെ തമിഴ് പതിപ്പായ ചന്ദ്രമുഖിയും അജിത്ത് അഭിനയിച്ച കിരീടത്തിന്‍റെ ക്ലൈമാക്സും കണ്ടതിന്‍റെ മനപ്രയാസം ഇപ്പോഴും ഉള്ളിലുണ്ട്.

ഇവ രണ്ടും കണ്ടിട്ടില്ലാത്തവര്‍
ചന്ദ്രമുഖിയിലെ ഒരു ഗാനംകാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
കിരീടം തമിഴ് ക്ലൈമാക്സിനു ഇവിടെയും.


സീഡന്‍ മറ്റൊരു ചന്ദ്രമുഖി ആകരുതേ എന്ന് സാക്ഷാല്‍ മുരുകനോട് പ്രാര്‍ത്ഥിച്ച് കൊണ്ട്‌ നിര്‍ത്തുന്നു.

തമിഴ്സ്നേഹികള്‍ ജയറാമിന്‍റെ വീടാക്രമിച്ച പോലെ എന്നെ ആക്രമിക്കില്ല എന്ന വിശ്വാസത്തോടെ...
/അജ്ഞാതന്‍/

Creative Commons License
http://hiddenflash.blogspot.com by Ajnaathan is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.

1 comment:

  1. ആരയൂം വേദനിപ്പികാത്ഹ പ്രതിഷേധം ....

    ReplyDelete