Thursday, September 9, 2010

ഫ്ലാഷ്ബാക്ക് - 02



പേരക്ക, ആത്തക്ക, ചാമ്പയ്ക്ക, ആഞ്ഞിലിക്ക, ഓമയ്ക്ക.
ഏത്തപ്പഴം, ചെറുപഴം, പറങ്ങാപ്പഴം.
കൈതച്ചക്ക, തേങ്ങ,മാങ്ങ, പ്ലാങ്ങ........ഛെ.. സോറി...ചക്ക.

ഞാന്‍, ഇതെല്ലം വില്‍ക്കുന്ന ഒരു കട തുടങ്ങി എന്നല്ല പറഞ്ഞു വരുന്നത്.


മേല്‍പ്പറഞ്ഞ സാധനങ്ങളെല്ലാം അസുലഭമായി തിന്നു മുടിച്ച്‌ വളരാന്‍ അവസരം കിട്ടിയ ഒരു ഭാഗ്യവാനാണ് ഞാന്‍.
ഇവയില്‍ നിന്ന് കിട്ടിയ ഊര്‍ജ്ജത്തിന്‍റെ സിംഹഭാഗവും വീട്ടിലെ വളര്‍ത്തു മൃഗങ്ങളുടെ മേല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ താണ്ഡവമാടാന്‍ ഞാന്‍ വിനിയോഗിച്ചു.
ബാക്കി വന്ന ഊര്‍ജ്ജം ഉപയോഗിച്ചത്, ഇഴജന്തുക്കളായ ചേര, പാമ്പ് മുതലായവയെ കാണുമ്പോള്‍ ഓടി രക്ഷപ്പെടാനും, "അമ്മേ ! ഈ ചേട്ടന്‍ എന്നെ ഇടിക്കുവാ..." എന്ന് വിളിച്ച് കൂവാനും വേണ്ടിയാണ്.

പുഴകള്‍, മരങ്ങള്‍, കളകൂജനം പൊഴിക്കുന്ന കിളികോകിലങ്ങള്‍.
ഇവയെല്ലാം ഞങ്ങളുടെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ക്ക് Asian Paint Apex അടിച്ചത് പോലെ മങ്ങാത്ത നിറം പകരുന്നവയാണ്.
ഞങ്ങള്‍ നാലും ഒത്തു കൂടുമ്പോഴുള്ള പ്രധാന വിനോദോപാധികളില്‍ ഒന്നാണ് മരം കേറല്‍.

പറമ്പിലെ പീതവര്‍ണ്ണഫലങ്ങള്‍ ചൊരിയുന്ന പറങ്കാവില്‍ നിന്നു തുടങ്ങാം.

മൂട് കിഴക്കേ തോടിനോട് ചേര്‍ന്നുള്ള കയ്യാലയില്‍ ഉറപ്പിച്ച്, പറമ്പിലേക്ക് വളര്‍ന്ന്‌, പഴങ്ങള്‍ ഞങ്ങള്‍ക്ക് മാത്രം തരുന്നൊരു കുടുംബസ്നേഹി വൃക്ഷമാണത്. മൂട് കയ്യാലയോട് ചേര്‍ന്നായത് കൊണ്ട്, അതില്‍ കയറുമ്പോള്‍ കാല്‍ വഴുതിയാല്‍ വീഴുന്നത് തോട്ടിലേക്കാവും.
സൂക്ഷിച്ചില്ലെങ്കില്‍, പറങ്ങാപ്പഴം കിട്ടുകയുമില്ല, നടുവൊടിയുകയും ചെയ്യും.
പണ്ട് ലീഡറിന്‍റെ മകന്‍, പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനം രാജി വെച്ച് നിയമസഭയില്‍ മത്സരിച്ച പോലെ.

പൊതുവേ സാധാരണ മനുഷ്യര്‍ ആ ഭാഗം വഴി മരം കയറാന്‍ ധൈര്യപ്പെടാറില്ല. പകരം മറ്റൊരു ചാഞ്ഞ ചില്ല വഴി വലിഞ്ഞു കയറും.
എന്നാല്‍ പ്ലവംഗന്‍ സുനി, റിസ്ക്‌ ഉള്ള ഭാഗത്ത്‌ കൂടി കയറുമെന്ന് മാത്രമല്ല, പറങ്കാവിന്‍റെ മധ്യത്തിലുള്ള ഒറ്റ കൊമ്പിലൂടെ, ഹര്‍ത്താല്‍ ദിവസം നാഷണല്‍ ഹൈവേയില്‍ നടക്കുന്ന ലാഘവത്തോടെ നടക്കും.
എന്നിട്ട് അനിരഞ്ജിയാദിഗണങ്ങള്‍ വലിഞ്ഞു കയറുന്ന ചാഞ്ഞ ചില്ലകളിലെ പഴങ്ങള്‍ തിന്ന്‌ തുടങ്ങും. അല്ലെങ്കില്‍ താഴെ വായും പൊളിച്ചു നില്‍ക്കുന്ന എനിക്ക് എറിഞ്ഞു തരും.

Note: തല്ല് കൂടാന്‍ മാത്രമല്ല, മരം കയറുന്ന കാര്യത്തിലും ഞാന്‍ വളരെ പുറകോട്ടായിരുന്നു. തീറ്റസംബന്ധമായ കാര്യങ്ങളില്‍ ആയിരുന്നു എനിക്ക് വ്യക്തിമുദ്ര പതിപ്പിക്കാന്‍ താല്‍പര്യം.

ചില മുഴുത്ത പഴങ്ങള്‍ എറിഞ്ഞ് തരുന്നതിനിടയില്‍ സുനിച്ചേട്ടന്‍ പറയും "ഡാ അത് തിന്നരുത്‌, അതെനിക്ക് വേണം ".
പട്ടിയുടെ വായ Fevi-Quick വെച്ച് ഒട്ടിച്ചിട്ട്, അതിന് മുന്‍പില്‍ ഉണക്കമീന്‍ വെച്ചാല്‍ അതിനുണ്ടാകാവുന്ന അതേ നിസ്സഹായവസ്ഥയോട്‌ കൂടി പറങ്ങാപ്പഴവും കയ്യില്‍ പിടിച്ച് ഞാനിരിക്കും.

അതെങ്ങാനം തിന്നാല്‍, കിലുക്കം സിനിമയിലെ സമത്ഖാന്‍ ജഗതിയെ കൈകാര്യം ചെയ്യും പോലെ, സുനിച്ചേട്ടന്‍ ഇറങ്ങി വന്നെന്നോടു പെരുമാറുമോയെന്ന ഭയം കലര്‍ന്ന ചിന്ത പറങ്ങാപ്പഴത്തിന്‍റെ രൂപത്തില്‍ എന്നെ നോക്കി പല്ലിളിച്ചു.

പക്ഷെ കാലചക്രം തിരിയുമ്പോള്‍ ഏതു നീര്‍ക്കോലിയും തല പോക്കും.

ഒരു ദിവസം സുനിച്ചേട്ടന്‍ പേര മരത്തില്‍ നിന്നു ഒരു മുഴുത്ത പേരയ്ക്ക "നീ തിന്നരുത്‌" എന്ന നിബന്ധനയോടു കൂടി എനിക്ക് എറിഞ്ഞു തന്നു.
കേരളാ മാട്രിമോണിയില്‍ ചെറുക്കനെ തിരയുന്ന പൂത്ത കാശുള്ളൊരു ഗള്‍ഫ്കാരന്‍റെ ഒറ്റമോളെപ്പോലെ സുന്ദരിയായിരുന്നു ആ പേരയ്ക്ക. മുഖത്തെങ്ങും ഒരു പാട് പോലുമില്ല.
ഞാന്‍ മുകളിലേക്ക് നോക്കി. സുനിച്ചേട്ടന്‍ ഒറ്റച്ചാട്ടത്തിന് താഴെയെത്താന്‍ പറ്റാത്തത്ര പൊക്കമുള്ളൊരു കൊമ്പിലാണ്.
അഥവാ ചാടിയാലും, ഏഷ്യാനെറ്റില്‍ അളകനന്ദയ്ക്ക് പറയാന്‍ "വന്‍ വീഴ്ചകള്‍" പരിപാടിക്കൊരു എപിഡോസ് കൂട്ടാമെന്നല്ലാതെ മറ്റ് പ്രയോജനമൊന്നുമില്ല.
അപ്പൊ പിന്നെ ഇത് തിന്നുക തന്നെ.

ചന്ദ്രസ്വാമിയെയും സന്തോഷ്‌ മാധവനെയും മനസ്സില്‍ ധ്യാനിച്ച്‌ ഒരു ഋഷിവര്യന്‍റെ ഭാഷയില്‍ ഞാന്‍ പറഞ്ഞു "നോം ഈ പേരയ്ക്ക തിന്നാന്‍ പോകുകയാണ്..! ".

മുകളില്‍ പേരയ്ക്ക തിരയുന്ന കണ്ണുകള്‍ ഒരു നൊടിയിട കൊണ്ട് എന്‍റെ മേല്‍ പതിച്ചു.
ഷിബു സോറന്‍ മുഖ്യമന്ത്രിക്കസേരയില്‍ നോക്കും പോലെ.

"ഡാ...! " ഗര്‍ജനത്തില്‍ പൊതിഞ്ഞ ഒരു താക്കീതായിരുന്നു ആ വിളി. പണ്ടായിരുന്നെങ്കില്‍ ഞാന്‍ പേരയ്ക്ക തിന്നാനുള്ള ആ ചിന്തയെ അതോടെ ഉപേക്ഷിച്ചേനെ. പക്ഷെ അന്ന്, എനിക്ക് എവിടെ നിന്നോ അത് തിന്നാനുള്ള ധൈര്യം വന്നു. ചെലപ്പോള്‍, കാലം എന്നിലെ കുട്ടിക്ക് പുരുഷസഹജമായ ഗുണങ്ങള്‍ തന്നു തുടങ്ങിയത് ആവാം. എന്‍റെ തീരുമാനത്തില്‍ തന്നെ ഞാന്‍ ഉറച്ചു നിന്നു.

മഹര്‍ഷി ഭാഷ തുടര്‍ന്നു "ഇല്ല മകനേ, ഈ പേരയ്ക്ക നിനക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടാന്‍ പോവുകയാണ്. ഇതാ, ഇത് നോം ഭക്ഷിച്ചു തുടങ്ങുന്നു".
ഞാന്‍ പേരയ്ക്കയില്‍ ആദ്യത്തെ കടി കടിച്ചിട്ട്‌ മുകളിലേക്ക് നോക്കി. കണ്മുന്നിലെ വിശ്വാസവഞ്ചനയെ അവിശസനീയത തുളുമ്പുന്ന കണ്ണുകളോട് കൂടി സുനിച്ചേട്ടന്‍ നോക്കി. ചാടാനും വയ്യ, പിടിച്ചു മാറ്റാനും വയ്യ. സുനിച്ചേട്ടന്‍ ഇതികര്‍ത്തവ്യഥാമൂനായി യാഥാര്‍ത്ഥ്യത്തോട്‌ പൊരുത്തപ്പെട്ടു. വഞ്ചനയില്‍ തെല്ലും ദുഖമില്ലാതെ ഞാന്‍ ആ പേരയ്ക്ക തിന്നു.

ഇതേ പേര മരവുമായി ബന്ധപ്പെട്ട മറ്റൊരു കഥ.

രഞ്ജിച്ചേട്ടന്‍ പേര മരത്തിനു മുകളിലും, മരം കേറാന്‍ കൊള്ളാത്ത ഞാന്‍ താഴെയും നില്‍ക്കുന്ന ഒരു അവസരം.
തന്നെ കടിച്ച നീറിനെ കൈകാര്യം ചെയ്യാനോ മറ്റോ കൈ വിട്ട ചേട്ടന്‍, ഭൂമിയുടെ ഗുരുത്വാകര്‍ഷണ ശക്തി ശരി വെച്ച് കൊണ്ട് g=9.8 m/s2 എന്ന accelaration ഓടെ നിലം പൊത്തി...ചിരിക്കാതെ തന്നെ മണ്ണും കപ്പി.
വീഴ്ചയുടെ ഞെട്ടല്‍ വിട്ടു മാറുന്നതിനു മുന്‍പ് "ഈയ്യക്കാവോ" എന്ന് നിലവിളിയും തുടങ്ങി. ശബ്ദം കേട്ട് തൊട്ടപ്പുറത്തെ കടയില്‍ നിന്നു ഗോപാലപിള്ള ചേട്ടന്‍ രക്ഷകനായി ഓടിയെത്തി.

കൈ ഒടിഞ്ഞു കിടക്കുന്ന ചേട്ടനോട്, ജന്മനാ ഉള്ള പരുക്കന്‍ സ്വരത്തില്‍ ഗോപാലപിള്ള ചേട്ടന്‍ ആജ്ഞാപിച്ചു "കൈ നൂക്കെടാ ചെറുക്കാ". കരഞ്ഞു കൊണ്ട് ചേട്ടന്‍.. "അയ്യോ എനിക്ക് വയ്യേ".

വീണ്ടും ഗോപാലപിള്ള ചേട്ടന്‍ "എടാ കൈ നൂക്കെടാ ചെറുക്കാ.." ..
ചേട്ടന്‍ വീണ്ടും.. "അയ്യോ എനിക്ക് നൂക്കാന്‍ വയ്യേ".

എന്നാല്‍ ഇവനെ കൊണ്ട് കൈ നൂത്തിച്ചിട്ടേ പോകു എന്ന് തീരുമാനിച്ച ഗോപാലപിള്ള ചേട്ടന്‍ ദിഗന്ദങ്ങള്‍ നടുങ്ങുമാറ് ആജ്ഞാപിച്ചു " എടാ ചെറുക്കാ, നിന്നോടല്ലേ പറഞ്ഞത് കൈ നൂക്കാന്‍?".

പറഞ്ഞു തീരും മുന്‍പേ ചേട്ടന്‍റെ മറുപടി വന്നു "തന്നോടല്ലേടോ പറഞ്ഞത്, എനിക്ക് കൈ നൂക്കാന്‍ വയ്യെന്ന്?"

രക്ഷകന്‍ ആകാന്‍ വന്ന എഴുപതു വയസ്സുകാരനായ ഗോപാലപിള്ള ചേട്ടന്‍, പന്ത്രണ്ടു വയസ്സുകാരനായ രഞ്ജിച്ചേട്ടന്‍റെ "താന്‍" എന്ന് അഭിസംബോധന ചെയ്ത മറുപടി കേട്ട്, കുനിഞ്ഞ ശിരസ്സുമായി തിരിഞ്ഞ് നടന്നു.
പശ്ചാത്തലത്തില്‍ "എവിടെ നിന്നെത്തിയെന്നറിയില്ല...എങ്ങോട്ട് പോകുമെന്നറിവീല..." എന്ന ഗാനവും കേട്ടു.

പറങ്കാവുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം.

ഞങ്ങള്‍ നാല് ഭീകരരും സജി ചേട്ടനും കൂടി ക്രിക്കറ്റ്‌ കളിക്കാന്‍ തീരുമാനിച്ചു. സജി എന്‍റെ മറ്റൊരപ്പചിയുടെ മറ്റൊരു മകനാകുന്നു. എന്നെക്കാള്‍ ഒരു പത്ത് പന്ത്രണ്ട് വയസ്സ് കൂടും.
പറങ്കാവില്‍ മടല്‍ ചാരി വെച്ച് സ്ടംപ്‌ ഉണ്ടാക്കി ഞങ്ങള്‍ കളിക്കാന്‍ തയ്യാറായി.

ആ പറങ്കാവിന്‍റെ മുകളില്‍ കടന്നല്‍സംഘത്തിന്‍റെ ഒരു കുടുംബശ്രീ യൂണിറ്റ് ആരുമറിയാതെ പ്രവര്‍ത്തിച്ചിരുന്നു.

"ഞാന്‍ ആദ്യം ബാറ്റ് ചെയ്യാം" എന്ന് സജിച്ചേട്ടന്‍ പറഞ്ഞു തീര്‍ന്നതും, കടന്നല്‍ക്കൂട് വിനയനെക്കണ്ട അമ്മയെപ്പോലെ ഇളകി. കടന്നലിന്‍റെ കുത്തേറ്റ സജിച്ചേട്ടന്‍, മമ്മൂട്ടി പോക്കിരിരാജയില്‍ ഡാന്‍സ് ചെയ്യും പോലെ വെകിളി പിടിച്ചോടി. അപകടം മനസ്സിലാക്കിയ മറ്റു സഹോദരര്‍ അപ്രത്യക്ഷരായി. ബാക്കി വന്നത് ഞാന്‍ മാത്രം.

എന്നോട് കടന്നല്‍ക്കൂട്ടം നന്നായി പെരുമാറി.
കുട്ടിക്കടന്നലുകള്‍ എന്നെ കുത്തി ഹരിശ്രീ കുറിച്ചു
യുവ കടന്നലുകള്‍ കഴിവ് തെളിയിച്ചു.
കുഴിയിലേക്ക് കാലും നീട്ടി ഇരുന്ന വൃദ്ധക്കടന്നലുകള്‍ അവരുടെ അവസാനത്തെ ആഗ്രഹം സാധിച്ച സന്തോഷത്തില്‍ വീണ്ടും വീണ്ടും എന്നെ കുത്തി പരിക്കേല്‍പ്പിച്ചു.

ഇടത്തേ കണ്ണിന്‍റെ തൊട്ടു താഴെയും, നെഞ്ചിലും, കാലിലുമായി എനിക്ക് അന്ന് ആവശ്യത്തിനു കിട്ടി.

അന്ന് വൈകുന്നേരം ആയപ്പോഴേക്കും എന്‍റെ കണ്ണുകള്‍ സിനിമാ നടന്‍ അച്ചന്‍കുഞ്ഞിന്‍റെ പോലെ ആയി. ഒന്ന് നീര് വന്നു തുറക്കാന്‍ പറ്റാതെ ചെറുതും, മറ്റേതു വലുതും.

അന്ന് രാത്രി, എല്ലാവരും "ഒരു വടക്കന്‍ വീരഗാഥ" കാണാന്‍ പോയി. മറ്റുള്ളവര്‍ സിനിമ നന്നായി ആസ്വദിച്ചു കണ്ടു, ഞാന്‍ കഷ്ട്ടപ്പെട്ടു തുറന്നു പിടിച്ച എന്‍റെ ഒന്നര കണ്ണിലൂടെയും....

മത്സ്യബന്ധനം അന്നും ഇന്നും ഞങ്ങള്‍ക്ക് ഒരു വിനോദമാണ്. മത്സ്യബന്ധനം കഴിഞ്ഞു തോട്ടില്‍ ഉള്ള കുളി ആയിരുന്നു മറ്റൊരു പ്രധാന ആകര്‍ഷണം. ചൂണ്ടയും തോര്‍ത്തുമായി നാല്‍വര്‍ സംഘം വീട്ടില്‍ നിന്നിറങ്ങുമ്പോഴേ "തോട്ടില്‍ കുളിക്കരുത്" എന്ന താക്കീത് കിട്ടും. അനുസരണാശീലമുള്ള ഞങ്ങള്‍ ആ താക്കീത് കാറ്റില്‍ പറത്തി വെള്ളത്തിലാറാടും.

നിബന്ധനകള്‍ക്ക് വിധേയമാകാതെ പല തവണ ഞങ്ങള്‍ അവിടെ സ്നാന കര്‍മങ്ങള്‍ നടത്തുന്നത് കൊണ്ട് ഒരു തവണ ഞങ്ങളെ എത്ര കേണപേക്ഷിച്ചിട്ടും വിട്ടില്ല. ഒടുവില്‍ "തോട്ടില്‍ കുളിക്കില്ല" എന്ന് ഉറപ്പു കൊടുത്തിട്ട് എല്ലാരും ഇറങ്ങി. മത്സ്യബന്ധനത്തില്‍ അന്ന്, തറവാട്ടില്‍ പിറന്ന ഒരു മീന്‍ പോലും കിട്ടിയില്ല. ആകെ വല്ലാത്ത നിരാശ...മീനുമില്ല, കുളിയുമില്ല. എനിക്കാണ് സഹിക്കാന്‍ കഴിയാത്ത വിഷമം.

ഒടുവില്‍ എന്‍റെ കുരുന്നു കുരുട്ടു ബുദ്ധിയില്‍ ഒരു മിന്നാമിനുങ്ങ് കത്തി.

"അയ്യോ അമ്മേ" എന്ന് വിളിച്ചു കൊണ്ട്, ഏതോ വലിയ മീന്‍ ചൂണ്ടയില്‍ കൊത്തി എന്നെ വലിച്ച് വെള്ളത്തില്‍ ഇട്ടതു പോലെ ഞാന്‍ വെള്ളത്തിലേക്ക്‌ മറിഞ്ഞു. എന്‍റെ ബുദ്ധിയില്‍ മിന്നാമിനുങ്ങായി തെളിഞ്ഞത് സുനിച്ചേട്ടന് ആയിരം വാട്സ് ബള്‍ബ്‌ ആയി കത്തി. എന്നെ രക്ഷിക്കാന്‍ എന്ന വ്യാജേന "ഡാ.... " എന്ന് നീട്ടി വിളിച്ചു കൊണ്ട് സുനിച്ചേട്ടനും ചാടി. രണ്ട് സെക്കന്റ്‌ കഴിഞ്ഞ് ഐഡിയ പിടി കിട്ടിയ അനിയും ചാടി.
ഒന്നും മനസ്സിലാവാതെ ചേട്ടന്‍ "എടാ വെള്ളത്തില്‍ ചാടരുത് എന്നല്ലേ വീട്ടില്‍ പറഞ്ഞത് ?".

സുനിച്ചേട്ടന്‍റെ മറുപടി വന്നു "വേണേല്‍ ചാടെടാ".
ഒപ്പം അനി "രഞ്ജി ചേട്ടാ...ധൈര്യമായി ചാട്...... വീട്ടില്‍ ചോദിച്ചാല്‍ ആദ്യം ചാടിയത്‌ ഇവനാണെന്ന് നമുക്ക് പറയാം".
ആ ഐഡിയ ഇഷ്ടപ്പെട്ട ചേട്ടന്‍ സര്‍വ്വശക്തിയുമെടുത്ത് വെള്ളത്തിലേക്ക്‌ ചാടി....

വെള്ളത്തിലുള്ള മറ്റൊരു സംഭവം:

ഒരിക്കല്‍ രഞ്ജിച്ചേട്ടനെ രണ്ടു കയ്യിലും പിടിച്ചു കമഴ്ത്തിയിട്ടു സുനിച്ചേട്ടന്‍ നീന്തല്‍ പഠിപ്പിക്കുകയാണ്.
അത് കണ്ട് കൊതി സഹിക്ക വയ്യാതെ, ഞാന്‍ അനിയോട്‌ ഞാന്‍ ചോദിച്ചു "അനിച്ചേട്ടാ, സുനിച്ചേട്ടന്‍ ചെയ്യുന്നത് പോലെ, എന്നെ ഒന്ന് നീന്താന്‍ പഠിപ്പിക്കാമോ?"

അനി മറുപടി തുടങ്ങും മുന്‍പൊരു ശബ്ദം കേട്ടു. "ബ്ലും...".
ഞങ്ങളങ്ങോട്ട്‌ നോക്കി.
സുനിച്ചേട്ടനൊന്ന് കൈ വിട്ടപ്പോള്‍ രഞ്ജിച്ചേട്ടന്‍ പാറ വെള്ളത്തില്‍ വീണത്‌ പോലെ താഴ്ന്നു പോയതാണ്.

എന്‍റെ ചോദ്യത്തിന് അനി മറുപടി പറഞ്ഞു.."എടാ, പഠിപ്പിക്കുന്ന സുനിക്ക് നീന്തല്‍ അറിയില്ല..! ഈ പരിശീലനം കഴിഞ്ഞ് രഞ്ജി ഒറ്റയ്ക്ക് നീന്തുന്നത് കാണാന്‍ നില്‍ക്കുകയാണ് ഞാന്‍."


സുനിച്ചേട്ടന്‍ ചുണ്ടത്തു വിരല്‍ വെച്ച് ഞങ്ങളോട് മിണ്ടരുത് എന്ന് ആംഗ്യം കാട്ടി.
ഞങ്ങള്‍ തല കുലുക്കി "ഓള്‍ ദി ബെസ്റ്റ്" ആശംസിച്ചു.

ഇതൊന്നുമറിയാതെ രഞ്ജിച്ചേട്ടനപ്പോഴും സുനിച്ചേട്ടനെ ഗുരുവായി മനസ്സില്‍ ധ്യാനിച്ച്‌ വെള്ളത്തില്‍ മുങ്ങിയും പൊങ്ങിയും കൈകാലിട്ടടിക്കുന്നുണ്ടായിരുന്നു.


(തുടരും...)

/അജ്ഞാതന്‍/



4 comments:

  1. ajnaathan bloggerkku anonymous comment.
    Etho oru cinemapperu pole. :-)

    Thanks

    ReplyDelete
  2. എന്നോട് കടന്നല്‍ക്കൂട്ടം നന്നായി പെരുമാറി.
    കുട്ടിക്കടന്നലുകള്‍ എന്നെ കുത്തി ഹരിശ്രീ കുറിച്ചു
    യുവ കടന്നലുകള്‍ കഴിവ് തെളിയിച്ചു.
    കുഴിയിലേക്ക് കാലും നീട്ടി ഇരുന്ന വൃദ്ധക്കടന്നലുകള്‍ അവരുടെ അവസാനത്തെ ആഗ്രഹം സാധിച്ച സന്തോഷത്തില്‍ വീണ്ടും വീണ്ടും എന്നെ കുത്തി പരിക്കേല്‍പ്പിച്ചു.

    beautiful....laughed a lot..

    ReplyDelete
  3. ഇതാണ് കുട്ടികാലം ...അത് എത്രയും നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ ഉള്ള കഴിവ് അതിലും അഭിനദനീയം...

    ReplyDelete