Monday, November 21, 2011

ഹലോ മഹാരാജ് ....

"ഹലോ മഹാരാജ് ...."
"യേസ്. സ്പീകിംഗ്"

"മഹാരാജ്, ഇത് മുംബയില്‍ നിന്നാണ്, വലയന്‍സ് ഓയില്‍ കോര്‍പ്പറേഷന്‍ മൊയ്‌ലാളി സുകേഷ് നംബാനി"

മഹാരാജ്: പറയൂ നംബാനി, നോം ഇന്തോനേഷ്യയില്‍ നിന്ന് ഉച്ചകോടിയുടുത്ത് ദിപ്പോ എത്തിയതേ ഉള്ളൂ.
നംബാനി: അറിഞ്ഞു. അമേരിക്കന്‍ സാമ്രാട്ടുമായി ചര്‍ച്ച നടത്തിയോ മഹാരാജ്?

മഹാരാജ്: പിന്നില്ലാതെ, പാവം, സ്വന്തം ജനപ്രീതി നഷ്ടപ്പെട്ടതില്‍ ഖിന്നനാണ്. എന്‍റെ ജനപ്രീതിയുടെ അവസ്ഥ കണ്ടപ്പോഴാ മൂപ്പര്‍ക്ക് ഇത്തിരി ആശ്വാസ്‌ കിട്ടിയത്.
നംബാനി: ഉവ്വോ, അദ്ദേഹം വേറെ എന്ത് പറഞ്ഞു മഹാരാജ്?

മഹാരാജ്: ചുള്ളന്‍ ചൊല്ലിയതൊക്കെ നാം ഒളിച്ച് റെക്കോര്‍ഡ്‌ ചെയ്തു. ഗഡി എന്താ ഉദ്ദേശിച്ചതെന്ന് വ്യക്തമായില്ല. നോം പിന്നീട് നിഘണ്ടു നോക്കി മനസ്സിലാക്കിയിട്ട് അറിയിക്കാം.
അതുപോട്ടെ, നാട്ടില്‍ നല്ല വിശേഷങ്ങള്‍ ആണല്ലോ കേള്‍ക്കുന്നത്. ഐശ്വര്യക്കുട്ടി തിരുവയര്‍ ഒഴിഞ്ഞതില്‍ മാധ്യമപ്രജകള്‍ പുളകിതരല്ലേ?

നംബാനി: അതെ മഹാരാജ്, ബച്ചന്‍ അച്ഛച്ചന്‍ ആയ ട്വീറ്റ് കണ്ട് പുളകം സഹിക്കവയ്യാതെ ഇന്നലെ രണ്ടെണ്ണം കടലില്‍ ചാടി ദിവംഗതരായി.

മഹാരാജ്: ബലേ ഭേഷ്‌.പെട്രോള്‍ വില കുറച്ചെന്നും കേട്ടല്ലോ. ഇനി നോമിന് ധൈര്യമായി പുറത്തിറങ്ങാം. അല്ലേ?
നംബാനി: മഹാരാജ്, അങ്ങ് വയലന്‍റ് ആകരുത്. പെട്രോള്‍ വില തിരികെ എങ്ങനെയെങ്കിലും കൂട്ടിത്തരണം.

മഹാരാജ്: ദാണ്ടേ കിടക്കുന്നു. എടോ പ്രജകള്‍ ഇപ്പോത്തന്നെ വിലക്കയറ്റം കാരണം നട്ടം തിരിയുന്നുണ്ട്. അവശ്യസാധനങ്ങള്‍ക്കൊക്കെ ഒടുക്കത്തെ വിലയാണ്.
നംബാനി: പിന്നെന്താണ് മഹാരാജ് പ്രശ്നം? എല്ലാത്തിനും വില കയറുമ്പോള്‍ പെട്രോളിനോട് മാത്രം എന്തിനീ അനീതി? അതും കൂട്ടൂ...

മഹാരാജ്: ഇനീം കൂട്ടിയാല്‍ നോം വെളിയില്‍ ഇറങ്ങിയാല്‍ നാട്ടാര്‍ വന്ന് എന്‍റെ താടിക്ക് പെട്രോള്‍ സ്പ്രേ അടിച്ചിട്ട് കത്തിച്ച ബീഡി വലിക്കാന്‍ തരും. വിലവര്‍ദ്ധന നടക്കില്ല നംബാനീ.

നംബാനി: മഹാരാജ്, അങ്ങ് ഇങ്ങനെ കുത്തകസ്നേഹമില്ലാതെ സംസാരിക്കരുത്. ഞങ്ങള്‍ ഇപ്പൊ പെട്രോള്‍ നഷ്ടത്തിലാണ് വില്‍ക്കുന്നത് എന്ന് അങ്ങ് മറന്നോ?
മഹാരാജ്: ആ നഷ്ടക്കണക്ക് താന്‍ എക്ണോമിക്സ് അറിയാത്ത വല്ല ശുംഭന്മാരോടും പറഞ്ഞാല്‍ മതി.

നംബാനി: മഹാരാജ്, ശുംഭന്‍ എന്നാല്‍ പ്രകാശം പരത്തുന്നവന്‍ എന്നാണ് അര്‍ത്ഥം. കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ ബള്‍ബ്‌ വാങ്ങാന്‍ കടയില്‍ ചെന്ന് "നൂറ് വാട്ടിന്‍റെ ഒരു  ശുംഭന്‍" എന്നേ പറയാറുള്ളൂ.

മഹാരാജ്: എന്‍റെ സ്പെക്ട്രം പുണ്യാളാ..!!!

നംബാനി: നഷ്ടക്കണക്ക് ഞാന്‍ വ്യക്തമാക്കാം മഹാരാജ്.. അതായത് ക്രൂഡ്‌ ഓയില്‍ വിലയുടെ വിലനിവാരം വെച്ച്, അത് സംസ്കരിച്ച് അമേരിക്കയില്‍ നിന്ന് ഇറക്കുമതി     ചെയ്യുമ്പോഴുള്ള ചുങ്കവും മറ്റ് നികുതികളും കൂട്ടുമ്പോള്‍ ഞങ്ങള്‍     ഈ വിലയ്ക്ക് കൊടുക്കുന്നത് ജനങ്ങളോടുള്ള സ്നേഹം കൊണ്ട് മാത്രമാണെന്ന് അങ്ങ് മറക്കരുത് മഹാരാജ്, മറക്കരുത്..

മഹാരാജ്: എടോ നംബാനീ, തന്‍റെ ഈ കണക്ക് അവിടെ നിക്കട്ടെ, ഇവിടെ ഭാരതത്തില്‍ കൃഷ്ണാ ഗോദാവരി ഗര്‍ത്തങ്ങളില്‍ നിന്ന് കുഴിച്ചെടുക്കുന്ന സാധനത്തിനും താന്‍ ഈപ്പറഞ്ഞ അന്താരാഷ്ട്ര ഇറക്കുമതി കൂലി കൂട്ടി ജനങ്ങളെ പിഴിയുന്നില്ലേ?

താന്‍ പറയുന്ന ഈ കണക്ക് പ്രകാരമാണെങ്കില്‍, മൂന്നാറില്‍ തേയിലച്ചെടി ഉള്ളപ്പോള്‍, കേരളത്തിലെ ചായക്കടയില്‍ തേയിലയുടെ അന്താരാഷ്‌ട്ര വില കണക്കാക്കി അത് അമേരിക്കയില്‍ നിന്ന് ചുങ്കം നല്‍കി ഇറക്കുമതി ചെയ്ത് ചായ കുടിക്കാന്‍ ഒരു ചായയ്ക്ക് അമ്പത് രൂപ കൊടുക്കണം.
അങ്ങനെ നോക്കിയാല്‍ അവിടെ പരമുനായര്‍ തന്‍റെ ചായക്കടയില്‍ ഇപ്പൊ ഏഴ് രൂപയ്ക്ക് ചായ കൊടുക്കുന്നത് നാല്‍പ്പത്തിമൂന്ന് രൂപ നഷ്ടം സഹിച്ചാണെന്ന് പറയേണ്ടി വരും.
അങ്ങനെ താനിനി ജനങ്ങളെ പറ്റിക്കണ്ട.

നംബാനി: അങ്ങയുടെ തൊപ്പിയും ലുക്കും കണ്ടാല്‍ ഇത്ര വിവരമുണ്ടെന്ന് തോന്നില്ല.
മഹാരാജ്: രാജഭക്തി ഇല്ലാതെ സംസാരിക്കുന്നോ? നോം കോപാക്രാന്തനായാല്‍ പിന്നെ ഒന്നിനേം വെച്ചേക്കില്ല.

നംബാനി: ഭരണത്തില്‍ കേറി കൊല്ലം പത്തായിട്ടും മഹാരാജിന്‍റെ തമാശകള്‍ക്ക് ഒരു കുറവുമില്ല. മഹാരാജിന് അത്ര ജനസ്നേഹം ഉണ്ടെങ്കില്‍ കേന്ദ്രസംസ്ഥാന നികുതികള്‍     ഉപേക്ഷിക്കൂ. പെട്രോള്‍ വില ഹാഫിലും താഴും.

മഹാരാജ്: അതുപേക്ഷിച്ചാല്‍ ഞങ്ങള്‍ മന്ത്രിമാര്‍ രാവിലെ ചിരട്ടപ്പുട്ടിന് പകരം ചിരട്ട മാത്രം തിന്നേണ്ടി വരും. മാത്രമല്ല, യുവരാജും മഹാറാണിയും കൂടി എന്നെ പഞ്ഞിക്കിട്ട് വീല്‍ ചെയറില്‍ ഇരുത്തും.

നംബാനി: അപ്പൊ, മഹാരാജിന് കാര്യങ്ങളുടെ കിടപ്പ് നന്നായി അറിയാം, ബൈ ദ വേ, യുവരാജ്‌ ഇപ്പൊ ഇവിടെയുണ്ട്?
മഹാരാജ്: കുമാരന്‍ കോഴിക്കോട്ട് പൊറോട്ട തിന്നാന്‍ പോയിരിക്കുകയാ.
നംബാനി: എങ്ങനെ പോയി?
മഹാരാജ്: സര്‍ക്കാര്‍ ചെലവില്‍.

നംബാനി: മടക്കം..???
മഹാരാജ്: പൊറോട്ട ദഹിച്ച് കഴിഞ്ഞാലുടന്‍.
നംബാനി: മടക്കവും..??
മഹാരാജ്: സര്‍ക്കാര്‍ ചെലവില്‍ തന്നെ. യുവരാജ്‌ ഉത്തരവാദിത്തം ഉള്ളവനാണ്. സ്വന്തം കീശേന്ന് അഞ്ചിന്‍റെ പൈസ കളയില്ല.

നംബാനി: അമ്മ മഹാറാണി?
മഹാരാജ്: ആപ്പ്രേഷന്‍റെ അനന്തരഫലമായി അന്തപ്പുരത്തില്‍ അറയില്‍ ആശ്വാസം അന്വേഷിക്കുന്നു.

നംബാനി: ഓകെ...അപ്പൊ മഹാരാജ്, നമ്മള്‍ മാറ്ററില്‍ നിന്ന് വിട്ടുപോയി. പെട്രോള്‍ വില..???
മഹാരാജ്: അതല്ലേ, ഞാന്‍ ഇത്ര നേരം പറഞ്ഞത്. തനിക്ക് അജയ്‌ വല്ല്യയുടെ വിമാനക്കമ്പനിയില്‍ നിന്ന് ഇന്ധനക്കൂലി കുറേ കിട്ടാനില്ലേ?
നംബാനി: ഉവ്വ് മഹാരാജ്, അത് തരുന്നില്ലെന്ന് മാത്രമല്ല.. വേണങ്കില്‍ കുറച്ച് ഷെയര്‍ വാങ്ങി സഹായിക്കാം എന്ന് പറഞ്ഞ ചെന്ന എന്നെ അവന്‍ കൊഞ്ഞനം കുത്തി കാണിച്ചു.

മഹാരാജ്: അവന്‍ വിവരമുള്ളവനാ, "കാടിയുള്ള കലത്തിലേ പശു തലയിടൂ" എന്നവനറിയാം. തന്‍റെ സഹായം ഇപ്പൊ സ്വീകരിച്ചാല്‍ അവന്‍റെ "മുങ്ങ്ഫിഷര്‍
എയര്‍ലൈന്‍സ്" വിമാനത്തില്‍ ഉടലില്‍ തന്‍റെ "വലയന്‍സ്" കമ്പനിയുടെ പേരും താന്‍ കിണിക്കുന്ന മോന്തയും ഒട്ടിക്കാന്‍ വൈകില്ല എന്നും അവനറിയാം.

നംബാനി: വല്ലാത്ത ചതിയായിപ്പോയി, എന്തൊക്കെ മോഹിച്ചതാ.... ആ പോട്ടെ, അപ്പൊ പെട്രോള്‍ വില?
മഹാരാജ്: ഇത് വല്ല്യ ദുരിതമായല്ലോ...എടോ പണപ്പെരുപ്പം, ഡോളര്‍ വിനിമയം, ധനക്കമ്മി എന്നൊക്കെ പറഞ്ഞാ നമ്മള്‍ ഇത്ര നാളും ജനങ്ങളെ പറ്റിച്ചത്. ഇനിയത് നടക്കില്ല.

നംബാനി: ക്രൂഡ്‌ഓയിലിന്‍റെ വില അഞ്ച് പൈസ കൂടീട്ടുണ്ട്. അത് കൊണ്ട് ഡോളര്‍ തീരുവയില്‍ ഗ്ലോബല്‍ ഇന്‍ഫ്ലേഷന്‍ ബാധിച്ചത് മൂലമുള്ള രൂപയുടെ മൂല്യശോഷണത്തിന്‍റെ ഫലമായി വില കൂട്ടുകയാണെന്ന് പറഞ്ഞാലോ?

മഹാരാജ്: പറഞ്ഞാല്‍, രാജ്യത്തെ വിവരമുള്ള ഇക്കണോമിസ്റ്റുകള്‍ വന്ന് പ്രായം പരിഗണിക്കാതെ എന്‍റെ മേല്‍ കൈ വെക്കും. അത്ര തന്നെ.

നംബാനി: ഛെ, വേറെ ഒരു വഴിയുമില്ലേ മഹാരാജ്.
മഹാരാജ്: നോ വേ.
നംബാനി: ഇന്ധനം കൊടുക്കുന്ന അളവില്‍ കൃത്രിമം കാണിച്ചാലോ?
മഹാരാജ്: അത് താന്‍ ഇപ്പോഴേ ചെയ്യുന്നുണ്ടല്ലോ.

നംബാനി: ശ്ശെടാ.. ഈ മഹാരാജ് ഇതെങ്ങനെ കണ്ടുപിടിച്ചു?
മഹാരാജ്: നോം കൊട്ടാരരഥത്തിന് കഴിഞ്ഞ മാസം മുഴുവന്‍ ഡീസല്‍ അടിച്ചത് തന്‍റെ പമ്പില്‍ നിന്നായിരുന്നു. മൈലേജ് കുറഞ്ഞെന്ന് മാത്രമല്ല, വാഹനം പെരുവഴിയില്‍ കിടന്ന് "ഇംബ്രേ ഇംബ്രേ" ശബ്ദിക്കുകയും ചെയ്തു. ഇന്ധനം കന്നാസില്‍ വാങ്ങി നോക്കിയപ്പോഴല്ലേ കളി മനസ്സിലായത്‌.

നംബാനി: മഹാരാജ്, അങ്ങ് അപാരന്‍ തന്നെ. അങ്ങയെക്കൊണ്ട് എന്‍റെ ഈ ദുര്‍ഘടഘട്ടം തരണം ചെയ്ത് തരാന്‍ പറ്റും.
മഹാരാജ്: ഇല്ല വല്‍സാ. നടക്കില്ല.
നംബാനി: ആലോചിക്കൂ മഹാരാജ്, ഒത്താല്‍ കിട്ടുന്നതില്‍ പാതി തരാം.
മഹാരാജ്: സത്യമാണോ?
നംബാനി: ക്രൂഡ്‌ ഓയിലാണേ സത്യം.

മഹാരാജ്: എന്നാ പിടിച്ചോ, രണ്ടാഴ്ച കൂടുമ്പോള്‍ പെട്രോള്‍ വില പരിശോധിച്ച് പുനക്രമീകരണം നടത്താനുള്ള അധികാരം.
നംബാനി: താങ്ക്യു മഹാരാജ് അങ്ങ് മഹാനാണ്, കുത്തകകളുടെ മുത്താണ്.
മഹാരാജ്: വെല്‍ക്കം.

നംബാനി: അങ്ങേയ്ക്കും എന്നെ സഹായിക്കാന്‍ പറ്റിയില്ലെങ്കില്‍ ഞാന്‍ വരുമാനത്തിന് ഒരു പുതിയ പ്ലാന്‍ റെഡി ആക്കിയിരുന്നു.
മഹാരാജ്: എന്താത്?

നംബാനി: ആദ്യം നാട്ടിലെ മഴക്കുഴികളെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് മൂടിക്കും. എന്നിട്ട് എന്‍റെ മേല്‍നോട്ടത്തില്‍ കോടിക്കണക്കിന് രൂപ ചെലവിട്ട് ഒരു      ആകാശക്കിണര്‍ ഇന്ത്യക്ക് മുകളില്‍ സ്ഥാപിക്കും. മഴ മുഴുവന്‍ അതിലേക്ക് മാത്രമേ വീഴൂ. ഭൂമിയില്‍ ഒരു തുള്ളി പോലും വീഴില്ല.

മഹാരാജ്: എന്നിട്ട്???
നംബാനി: അപ്പൊ ഡിമാന്‍റ് കൂടും, സ്വാഭാവികമായി വിലയും. അപ്പൊ ഞങ്ങള്‍ ജനങ്ങളെ സഹായിക്കും.

മഹാരാജ്: എങ്ങനെ?
നംബാനി: വലയന്‍സ് കമ്പനിയുടെ "നംബാനി ശുദ്ധജലം" ലിറ്റര്‍ ഒന്നിന് നൂറ് രൂപക്ക് ഞങ്ങള്‍ ജനങ്ങള്‍ക്ക്‌ നല്‍കും... എങ്ങനെയുണ്ട്? എങ്ങനെയുണ്ട്? എങ്ങനെയുണ്ട്?

മഹാരാജ്: ഇതിന് ഞാന്‍ മറുപടി പറഞ്ഞാല്‍ കുഴീല്‍ കിടക്കുന്ന നിങ്ങള്‍ടെ ഡാഡി ഉണ്ടല്ലോ? ഭീരുഭായി നംബാനി, അവനും ഒരു മൂന്ന് മുന്‍തലമുറകളും കല്ലറയില്‍ കിടന്ന് തുമ്മി തുമ്മി ഒന്നൂടെ ചാവും.

നംബാനി: കാര്യം മനസ്സിലായി, അപ്പൊ വെക്കട്ടെ, ഗുഡ്‌ നൈറ്റ്‌ മഹാരാജ്.
മഹാരാജ്: ഗുഡ്‌ നൈറ്റ്‌ ഉത്തം പ്രജാ...


/അജ്ഞാതന്‍/

Wednesday, November 2, 2011

കേരളപ്പിറവി ക്വിസ്


(1) പിള്ള മനസ്സില്‍ കള്ളമില്ല എന്ന് പറഞ്ഞത് ഏത് പിള്ളയെ ഉദ്ദേശിച്ചാണ്?

(i) ബാലകൃഷ്ണപിള്ള

(ii) രാധാകൃഷ്ണപിള്ള

(iii) മണിയന്‍പിള്ള


(2) ടി വി രാജേഷ്‌ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കണ്ണീര്‍ വാര്‍ത്തത് എന്ത് കൊണ്ട്?


(i) പാര്‍ട്ടി പറഞ്ഞത് കൊണ്ട്.

(ii) തന്‍റെ മുഖത്ത് ഉദ്ദേശിച്ച വികാരം വരുന്നില്ലല്ലോ എന്ന ദുഃഖം സഹിക്കാന്‍ വയ്യാതെ.

(iii) സഭയില്‍ ഇല്ലാത്ത വാക്കിടോക്കി കൊണ്ട് കുത്തേറ്റുണ്ടായ അദൃശ്യ മുറിവില്‍ ഡെറ്റോള്‍ വെച്ചപ്പോള്‍ ഉണ്ടായ നീറ്റല്‍ കൊണ്ട്.(3)ബാലകൃഷ്ണപിള്ളയെ മോചിപ്പിച്ചത് എന്ത് കൊണ്ട്?


(i) ഗണേശനെ പിന്‍വലിക്കും എന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ട്

(ii) കിംസിലെ ബില്‍ കൊടുക്കുന്നതിലും ലാഭം വെറുതെ വിടുകയാണെന്ന് സര്‍ക്കാരിന് തോന്നിയത് കൊണ്ട്.

(iii) മൂപ്പര്‍ ആകാശവാണിയിലേക്ക് വിളിച്ച് ഇഷ്ടഗാനം ചോദിക്കുമോ എന്ന ഭയം കൊണ്ട്.


(4) നിര്‍മ്മല്‍ മാധവിനോട് എസ്.എഫ് ഐ ഇനി എങ്ങനെ പെരുമാറണം?

(i) കാന്‍റീനില്‍ വെച്ച് പെരുമാറണം.

(ii) ഹോസ്റ്റലില്‍ കയറി പെരുമാറണം.

(iii) റോഡില്‍ വെച്ച് പെരുമാറണം.


(5) നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോകാതിരിക്കാന്‍ എന്ത് ചെയ്യണം?


(i) നിയമസഭ നടക്കുന്ന സമയം മുഴുവനും വാതില്‍ പുറത്ത് നിന്ന് പൂട്ടണം..

(ii) ഇറങ്ങിപ്പോകുന്ന ദിവസത്തെ ശമ്പളം കട്ട് ചെയ്യണം.

(iii) SFI DYFI പ്രവര്‍ത്തകരുടെ റോഡിലെ പ്രകടനം പോലീസ് പുഞ്ചിരിയോടെ പ്രോത്സാഹിപ്പിക്കണം.


(6) പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള ഇക്കൊല്ലത്തെ മികച്ച കേരളപ്പിറവി ഓഫര്‍.

(i) പെട്രോള്‍ വില വര്‍ദ്ധന.

(ii) ഡീസല്‍ വില വര്‍ദ്ധനയും ഡീസല്‍ കാറുകളുടെ നികുതി ഉയര്‍ത്തലും.

(iii) MLA മാരുടെ ശമ്പളം ഇരുപതിനായിരത്തില്‍ നിന്ന് നാല്‍പ്പതിനായിരമാക്കല്‍.

(iv)  സൗജന്യ ജോഡി സിം. (കണ്ണൂര്‍ ജയിലിലെ തീവ്രവാദികള്‍ക്ക് മാത്രം.)


(7) ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇനി പുറത്ത് വിടുന്നത് ആരെ?


(i) തടിയന്റവിട നസീര്‍.

(ii) ഗോവിന്ദച്ചാമി.

(iii) സന്തോഷ്‌ മാധവന്‍.


(8) താരതമ്യം നടത്തി മെച്ചപ്പെട്ടതിനെ കണ്ടെത്തുക.

(i) ഇ.പി. ജയരാജന്‍.

(ii) എം.വി. ജയരാജന്‍‍.

(iii) പി. ജയരാജന്‍.


(9) താഴെപ്പറയുന്നവയില്‍ ജാതിചിന്ത ഇല്ലാത്ത സംഘടന ഏത്?

(i) എന്‍.എസ്.എസ്..

(ii) എസ്.എന്‍.ഡി.പി.

(iii) മുസ്ലീം ലീഗ്

(iv) കേരള കത്തോലിക്ക ബിഷപ്പ് കൗണ്‍സില്‍.


(10) തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട റിപ്പര്‍ ജയാനന്ദന്‍ രക്ഷപ്പെടാന്‍ എന്ത് ചെയ്യണം?

(i) കേരള കോണ്‍ഗ്രസ്‌(ബി) യില്‍ ചേരണം.

(ii) ബിനീഷ്‌ കോടിയേരിയുടെ സുഹൃത്തായിട്ട് അടുത്ത എല്‍.ഡി.എഫ് ഭരണം വരെ കാത്തിരിക്കണം.

(iii) സ്വയം തമിഴനായി പ്രഖ്യാപിച്ച് കരുണാനിധിയുടെ അനുഗ്രഹത്തോടെ ഡി.എം.കെ അംഗത്വം സ്വീകരിക്കണം.


(11) വി.എസ് അച്യുതാനന്ദന്‍റെ ആദര്‍ശധീരത വ്യക്തമാക്കിയ സംഭവം.

(i) ബിനീഷ്‌ കോടിയേരിയുടെ പേരിലുള്ള കേസുകള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്‍വലിച്ചപ്പോള്‍ മിണ്ടാതിരുന്നത്..

(ii) വി.എ അരുണ്‍കുമാറിന് ആറ് വര്‍ഷത്തേക്ക് ഒന്നര ലക്ഷം രൂപ ശമ്പളം ഉള്ള തസ്തിക ഉണ്ടാക്കിയത്.

(iii) മുന്നൂറ് കോടിയുടെ ലാവലിന്‍ അഴിമതി മറന്ന് രണ്ട് കോടിയുടെ ഇടമലയാര്‍ കേസിന് പുറകെ പോയത്.

(iv) ഐസ്ക്രീം കേസിന്‍റെ നിയമോപദേശത്തിന് പൊതുഖജനാവില്‍ നിന്ന് വെറും മുപ്പത് ലക്ഷം രൂപ ചെലവാക്കിയത്.


(12) നിയമസഭയിലെ സ്പീക്കര്‍

(i) Sony

(ii) Panasonic

(iii) Philips

(iv) ജി. കാര്‍ത്തികേയന്‍


(13) ആദായനികുതി വകുപ്പ് എന്ത് കൊണ്ട് ജയറാമിന്‍റെ വീട്ടിലെ ആനക്കൊമ്പ് പിടിച്ചില്ല?

(i) ജയറാം സമ്മതിക്കാത്തത് കൊണ്ട്.

(ii) പാര്‍വതി സമ്മതിക്കാത്തത് കൊണ്ട്.

(iii) കാളിദാസന്‍ സമ്മതിക്കാത്തത് കൊണ്ട്.

(iv) ആന സമ്മതിക്കാത്തത് കൊണ്ട്.


(14) ചേരുംപടി ചേര്‍ക്കുക.

(i) ഇ.പി. ജയരാജന്‍  - പട്ടികജാതി.

(ii) എം.വി. ജയരാജന്‍ - CBI യോട് പോടാ പുല്ലേ എന്ന് പറയും.

(ii) കെ.ബി. ഗണേഷ്‌ കുമാര്‍ - നികൃഷ്ടജീവി.

(iv) പി. സി. ജോര്‍ജ്ജ് - ഞരമ്പ്‌ രോഗം.

(v) പിണറായി വിജയന്‍ - ശുംഭന്‍

(15) മുന്‍ ആഭ്യന്തരമന്ത്രി കോടിയേരിയുടെ നിഘണ്ടുവിലെ കേരള പൊലീസിന്‍റെ സ്പെല്ലിംഗ്.

(i) KERALA PULICE.

(ii) KERALA POLLICE.

(iii) KERALA POOLEES.

ശരിയുത്തരങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍

 മൂന്നാം സമ്മാനം: "നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള നൂറ് കുറുക്കുവഴികള്‍" എന്ന പ്രതിപക്ഷനേതാവിന്‍റെ തുടരന്‍ തപാലില്‍ (100  പേര്‍ക്ക് )
 
രണ്ടാം സമ്മാനം: ഷാജി കൈലാസ് രചിച്ച "പഴയ വീഞ്ഞ് എങ്ങനെ പുതിയ കുപ്പിയില്‍ ആക്കാം" എന്ന പുസ്തകം (5  പേര്‍ക്ക് ) 

ഒന്നാം സമ്മാനം: സന്തോഷ്‌ പണ്ഡിറ്റ്‌ നേരിട്ട് വീട്ടില്‍ വന്ന് അദ്ദേഹത്തിന്‍റെ അടുത്ത അഞ്ചു സിനിമകളിലെ പാട്ടുകള്‍ പാടിക്കൊടുക്കും. (ഒരാള്‍ക്ക്‌ മാത്രം)
   
/അജ്ഞാതന്‍/

Creative Commons License
http://hiddenflash.blogspot.com by Ajnaathan is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.

Sunday, October 16, 2011

ജീന്‍സ്‌


അന്ന് ഒരു ബുധനാഴ്ച ആയിരുന്നു. 
എന്‍റെ ജീവിതത്തില്‍ ജീന്‍സ് നിര്‍ണായകമായ സ്വാധീനം ചെലുത്തിയ ഒരു ബുധനാഴ്ച. 

പൊതുവേ സ്ത്രീകള്‍ ജീന്‍സ്‌ ഉപയോഗിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. നല്ല ചുരിദാറിട്ട് കലമാന്‍ കുരുന്നുകളെപ്പോലെ ശാലീനസുന്ദരികളായ പെണ്‍കുട്ടികള്‍ ജീന്‍സ്‌ ഇട്ട് കാണുമ്പോള്‍,എവിടെയോ ഒരു പത്ത് പൈസയുടെ കുറവ്  എനിക്ക് ഫീല്‍ ചെയ്യാറുണ്ട്.

ആരുടേയും കുറ്റമല്ല, എന്തോ എനിക്കങ്ങനെ തോന്നും....

സ്വതവേ സൗന്ദര്യകാര്യത്തിലും ഡ്രസ്സ്‌ സെന്‍സിലും പുരുഷന്മാരേക്കാള്‍ ഒരു പടി മുകളില്‍ ചിന്തിക്കുന്ന സ്ത്രീകള്‍,  അമിതമായ സ്വന്തം തടി പോലും മറന്ന് ജീന്‍സ്ധാരികളായി വേച്ച് വേച്ച് നടക്കുമ്പോള്‍, ഇവരുടെയൊക്കെ ആ സൗന്ദര്യബോധം എവിടെപ്പോയൊളിച്ചു  എന്നും ഞാന്‍ അത്ഭുതപ്പെടാറുണ്ട്. 

അതും ആരുടേയും കുറ്റമല്ല, എന്തോ എനിക്കങ്ങനെ തോന്നും....

നുമ്മടെ തൊറേല് സാമാന്യം പേരുള്ള ഒരു ബാച്ചിലര്‍ ഗഡിയാണ് ഞാന്‍. കല്യാണാലോചനകള്‍ ബഹുകേമമായി വരുന്നുമുണ്ട്.

പക്ഷെ, എന്‍റെ ഗ്രഹനിലപ്രകാരം ശുക്രന്‍ കിഴക്കോട്ടും, ബുധന്‍ പടിഞ്ഞാട്ടും, ചൊവ്വ മേലോട്ടും നോക്കി ബീഡി വലിച്ചിരിക്കുന്നതിനാല്‍ ഈ ആലോചനകളൊക്കെ ജ്യോത്സ്യന്‍റെ കവടി നിരത്തലില്‍ സ്വാഹയാകും.    

ഈ അടുത്ത്, എന്ന് വെച്ചാ, കോഴിക്കോട് അസിസ്റ്റന്റ്‌ കമ്മീഷണര്‍ രാധാകൃഷ്ണപിള്ള എസ്എഫ്ഐ ക്കാര്‍ക്ക് നേരെ "ഠോ ഠോ" ന്ന് ഉന്നം നോക്കി വെടി വെച്ചിട്ട്, "ഛെ, സര്‍ക്കാറിന്‍റെ ഉണ്ട പോയത് മിച്ചം." എന്ന്  നിരാശപ്പെട്ട ദിവസത്തിന് മുന്‍പുള്ള ആ ഞായറാഴ്ച, ഞാന്‍ ഒരു പെണ്ണ് കാണാന്‍ പോയി.

പെണ്‍കുട്ടി സോഫ്റ്റ്‌വെയര്‍, ഞാനും സോഫ്റ്റ്‌വെയര്‍.
പെണ്‍കുട്ടി കര്‍ണാടക ബിടെക്, ഞാനും കര്‍ണാടക ബിടെക്.
എന്തിനേറെ പറയുന്നു, ആ കുട്ടീടെ അച്ഛന്‍റെയും നുമ്മടെ ഡാഡീടേം പേര് വരെ സെയിം സെയിം.
ജാതകം ചേരുമോ എന്ന് നോക്കിയ ജ്യോത്സ്യന്‍, ശുക്രനും ചൊവ്വയും പല്ലിളിച്ച്  ഷേക്ക്‌ ഹാന്‍ഡ്‌ കൊടുക്കുന്നത് കണ്ട് ബോധം കേട്ട് വീണു.

അങ്ങനെ പെണ്ണ് കാണാന്‍ പുറപ്പെട്ടു. പെണ്ണിനെ കണ്ടു. സംസാരിച്ചു.
വല്ല്യ കുഴപ്പങ്ങളൊന്നും കണ്ടില്ല. 
ചെറിയേ ചെറിയേ  അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രം. 

മൂപ്പത്തിയാര്‍ "എല്ലാരേം പോലെ ഞാനും ഒരു വലിയ എ.ആര്‍.റഹ്മാന്‍ ഫാന്‍ ആണ്" എന്ന് പറഞ്ഞപ്പോള്‍ "ഞാന്‍ അത്ര ഫാനല്ല" എന്ന എന്‍റെ സത്യസന്ധമായ അഭിപ്രായം ഞാന്‍ പറഞ്ഞു.

രുചിയോടെ ഒരു ഡബിള്‍ ബുള്‍സൈ കഴിക്കുന്നതിനിടയില്‍ ഒരു മുട്ടത്തോട് കഷ്ണം കടിച്ച ഒരു സുഖമില്ലായ്മ ഞാന്‍ ആ മുഖത്ത് കണ്ടു.

ഞാന്‍ അതത്ര മൈന്‍ഡ് ചെയ്തില്ല. എന്തിന് മൈന്‍ഡ് ചെയ്യണം?
അതെന്‍റെ സ്വന്തം അഭിപ്രായമാണ്. 
ഞാന്‍ വേണേല്‍ എ.ആര്‍.റഹ്മാന്‍റെ മുഖത്ത് നോക്കിയും പറയും.

എന്തൊക്കെ ഡ്രസ്സ്‌ ആണ് ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ എല്ലാ ഡ്രെസ്സും ഇഷ്ടമാണെന്നും, ജീന്‍സ്‌ ധരിക്കാറുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നും മറുപടി പറഞ്ഞു.

എന്‍റെ രണ്ടാം അഭിപ്രായമായ "പെണ്‍കുട്ടികള്‍ പൊതുവേ ചുരിദാര്‍ ധരിക്കുന്നതാണ് എനിക്ക് കാണാന്‍ ഇഷ്ടം" എന്ന് കൂടി കേട്ടപ്പോള്‍, അത് വരെ 800 വാട്സില്‍ കത്തിക്കൊണ്ടിരുന്ന അവളുടെ മുഖകാന്തി 500 വാട്സായി കുറഞ്ഞു.

ആദ്യം അത് 1000 വാട്സായിരുന്നു. എന്‍റെ എ.ആര്‍.റഹ്മാന്‍ ഡയലോഗില്‍ ആണ് അത് 800 ആയിക്കുറഞ്ഞത്‌.

പാചകത്തിലുള്ള നൈപുണ്യം അറിയാന്‍ ആയി എന്‍റെ അടുത്ത ശ്രമം.
എന്തൊക്കെ ഉണ്ടാക്കാന്‍ അറിയാം എന്ന ചോദ്യത്തിന് "ചിക്കന്‍ ബിരിയാണി" എന്ന് മാത്രം പറഞ്ഞ് നിര്‍ത്തി.

രാവിലെയും ഉച്ചയ്ക്കും വൈകിട്ടും രാത്രിയിലും ചിക്കന്‍ ബിരിയാണി മാത്രമോ? ... ഇംപോസിബിള്‍.

"ഇഡലി, ദോശ, പുട്ട്, ചോറും കറീം ....... എന്നിവയൊന്നും...????" എന്ന ചോദ്യത്തിന് മറുപടി ഒന്നും കിട്ടിയില്ല.
500 വാട്സ് കുറഞ്ഞ് 200 വാട്സ് ആയത് മിച്ചം.

പിന്നെ, ഞാന്‍ എന്നെപ്പറ്റി അല്‍പം നന്നായി പുകഴ്ത്തി സംസാരിച്ചു.

അതായത്, കാര്യം നമ്മള്‍ സോഫ്റ്റ്‌വെയറും ബ്ലോഗും ഒക്കെ ആണെങ്കിലും പച്ചക്കറികൃഷി, ജൈവവളനിര്‍മ്മാണ ഗവേഷണം, ഡ്രൈവിംഗ്, സിനിമ, തിരക്കഥ വായിക്കല്‍ എന്നീ മേഖലകളില്‍ ഉള്ള എന്‍റെ താല്‍പര്യവും, പാചക കലയില്‍ കഞ്ഞി, പയര്‍ (ചെറുതും വലുതും), പുട്ട്, ഉപ്പുമാവ് എന്നിവ വെക്കാനുള്ള എന്‍റെ നൈപുണ്യത്തെപ്പറ്റിയും ഞാന്‍ ബ്രേക്കില്ലാതെ സംസാരിക്കുമ്പോള്‍, എന്‍റെ ഉള്ളില്‍ ആരോ ഇരുന്ന് "ഇത് കൊഞ്ചം ഓവറാ ഉനക്കേ തെരിയലേ...?" എന്ന് ചോദിച്ചെങ്കിലും, ഞാന്‍ പറയാനുള്ളത് മുഴുവന്‍ പറഞ്ഞിട്ടേ നിര്‍ത്തിയുള്ളൂ.

പെണ്‍കുട്ടി നമ്മുടെ പല ടെസ്റ്റ്‌ കേസുകളിലും ഫെയില്‍ ആയെങ്കിലും, ഒരു അഡ്ജസ്റ്റബിള്‍ നേച്ചര്‍ ആണെന്നൊരു ഫീലിംഗ് തോന്നിയതിനാലും, കുട്ടിയുടെ ലുക്കും സംസാരവും വീട്ടുകാരെയും ഒക്കെ ഇഷ്ടപ്പെട്ടതിനാലും,   ആകെമൊത്തത്തില്‍ ഈ ആലോചയുമായി മുന്നോട്ട് പോകാം എന്നെനിക്ക് തോന്നി.

ചായേടെ കൂടെ ഒരേയൊരു അണ്ടിപ്പരിപ്പ് മാത്രം തിന്ന്, ഹലുവയില്‍ തൊടാതെ കുടുംബത്തിന്‍റെ മാനം കാത്ത് ഞാനിറങ്ങി.

വീട്ടിലെത്തി വണ്ടിയുടെ എന്‍ജിന്‍റെ ചൂടാറും മുന്‍പേ, ഞാന്‍ കല്യാണത്തിന് റെഡി ആണെന്ന് അച്ഛനെക്കൊണ്ട് വിളിച്ച് പറയിപ്പിച്ചു.

അന്ന് വൈകുന്നേരം വരെ ആയിട്ടും എന്‍റെ നിര്‍ദ്ദേശങ്ങള്‍ക്കുള്ള പ്രതികരണമൊന്നും (കടപ്പാട്: ശ്രീനിവാസന്‍) പെണ്‍വീട്ടില്‍ നിന്ന് വന്നില്ല.

സംഗതി പാളിയോ എന്ന് സംശയിച്ച് രാത്രിയില്‍ ഉറങ്ങാന്‍ കിടന്നു. പെട്ടെന്ന് ഉറങ്ങാന്‍ കഴിഞ്ഞില്ല, 


എങ്ങനെ ഉറങ്ങാനാ.. ?
തൊട്ടപ്പുറത്തെ കട്ടിലില്‍ കിടന്ന് എന്‍റെ പ്രിയ ജ്യേഷ്ഠന്‍ എസ്ഡി ആക്സിലറേറ്റ് ചെയ്യും മാതിരി എന്നാ കൂര്‍ക്കം വലിയാരുന്നു. ഹൊ ഭയങ്കരം തന്നെ.

പിറ്റേന്ന് രാവിലെ ഓഫീസിലെത്തി.
ഉച്ചയായപ്പോള്‍ അച്ഛന്‍റെ ഫോണ്‍. "ആ കുട്ടിയുടെ ഒരമ്മാവന്‍ നിന്നെ കാണാന്‍ ഇന്ന് വൈകിട്ട് വരും"
"ഠോ" മനസ്സില്‍ ഒന്നാമത്തെ ലഡ്ഡുപൊട്ടി.


ഇനിയങ്ങോട്ടുള്ള ഓരോ നിമിഷവും, പൊട്ടാന്‍ റെഡിയായി എന്‍റെ മനസ്സില്‍ ലഡ്ഡുമാര്‍ കതിന പോലെ  നിരന്ന് നിന്നു.

വൈകിട്ട് അമ്മാവനും അമ്മായീം വന്നുകണ്ടു പോയി. രണ്ടും ചെറുപ്പക്കാര്‍, എന്നെക്കാള്‍ നാലോ അഞ്ചോ വയസ്സ് കൂടുമായിരിക്കും.
വെരി നൈസ് ഫെലോസ്‌. 

സംസാരത്തിനിടയില്‍ അമ്മാവന്‍, എന്‍റെ "ജീന്‍സ്‌ ഡയലോഗ്" കേട്ട് പെണ്‍കുട്ടി കുറച്ച് ഡള്‍ ആയി ഇരിക്കുകയാണ് എന്ന് ഒന്ന് സൂചിപ്പിച്ചു.


ആ ഡയലോഗ്, തീപ്പൊരി കാത്തിരിക്കുന്ന എന്‍റെ ലഡ്ഡുകതിനകളില്‍ ഒരു ബക്കറ്റ് വെള്ളം കോരി ഒഴിച്ചു.

"വിളിക്കാം" എന്ന് പറഞ്ഞ് അമ്മാവന്‍ പോയി. 
ഒരു രണ്ട് ദിവസത്തേക്ക് അങ്ങടും ഇങ്ങടും വിളി ഒന്നും നടന്നില്ല.

കാര്യങ്ങളുടെ കിടപ്പ് എനിക്ക് ഏകദേശം പിടികിട്ടി.

അങ്ങനെ ആ ബുധനാഴ്ച വന്നെത്തി.
അന്നേക്ക് ദുര്‍ഗാഷ്ടമി. 
എന്‍റെ ബാധ, മകളുടെ മേല്‍ നിന്ന് ഒഴിപ്പിച്ചതായി ആ ഡാഡി ഏന്‍ ഡാഡിയെ വിളിച്ച് പറഞ്ഞു.

"മോനെ ഒന്നുപദേശിച്ചേക്ക്" എന്നവര്‍ പറഞ്ഞില്ലെങ്കിലും, എന്‍റെ "ജീന്‍സ്‌ ഡയലോഗ്" അവളെ വല്ലാതങ്ങ് ഹഠാകര്‍ഷിച്ചു എന്ന് സ്പൈ വര്‍ക്ക്‌ വഴി അറിഞ്ഞ എന്‍റെ മാതാശ്രീ, അടുത്തതിന് ഇങ്ങനൊന്നും പറയരുതെന്ന് എന്നെ നന്നായി ഉപദേശിച്ചു. ഞാനതൊന്നും  ചെവിക്കൊള്ളില്ല എന്ന് അറിയാമായിരുന്നു എങ്കിലും.

പിന്നീടിരുന്നു താത്വികമായി അവലോകനം ചെയ്തപ്പോള്‍ ആലോചന മുടങ്ങാനുള്ള കാരണം എനിക്ക് പിടികിട്ടി.


എന്‍റെ  ഒരു കല്യാണവും കുറേ ചിന്തകളും എന്ന പോസ്റ്റില്‍, പരമ്പരാഗത വിവാഹരീതിയെക്കുറിച്ചുള്ള  എന്‍റെ അഭിപ്രായങ്ങള്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. മുന്‍പ് അറിയാത്ത ഒരാളെ പത്തോ ഇരുപതോ മിനിറ്റ് നേരത്തെ സംസാരം കൊണ്ട് മനസ്സിലാക്കി ഒരു തീരുമാനമെടുക്കേണ്ട ബുദ്ധിമുട്ട് ചെറുതല്ല.

സോ,  ഈ അവസരത്തില്‍ സത്യങ്ങള്‍ മാത്രം പറയുക എന്നുള്ളതാണ് എന്‍റെ പോളിസി. 
ഇഷ്ടാനിഷ്ടങ്ങള്‍ കേട്ടിട്ട്, കുഴപ്പമില്ല എന്ന് തോന്നുന്നവര്‍ക്ക് അംഗീകരിക്കാം. 
അല്ലാത്തവര്‍ക്ക് പരിപാടി നിര്‍ത്താം.

കുറച്ച് കൂടി സിമ്പിള്‍ ആയിപ്പറഞ്ഞാല്‍...    
സംഗതി ഞാന്‍ സോഫ്റ്റ്‌വെയര്‍ ആണെങ്കിലും ഉള്ളിന്‍റെയുള്ളില്‍ ഒരു സാധാരണക്കാരന്‍ ആണെന്നാണ്‌ ഞാന്‍ പറയാന്‍ ശ്രമിച്ചത്. 

കടിഞ്ഞൂല്‍ പെണ്ണുകാണല്‍ ആയിരുന്ന ആ കുട്ടി, അവളുടെ വസ്ത്രസ്വാതന്ത്ര്യം പോലും ഹനിക്കുന്ന ഒരു അസാധാരണ കാടനായി എന്നെ തെറ്റിദ്ധരിച്ചു.

അത്ര തന്നെ.

(എന്‍റെ സൗന്ദര്യത്തെപ്പറ്റിയുള്ള അവരുടെ ആശങ്കകള്‍ ഇവിടെ പറയാന്‍ വിട്ടുപോയത് മനപ്പൂര്‍വമല്ല, തികച്ചും യാദൃശ്ചികം മാത്രം.)
വാല്‍കഷ്ണം: ദാമ്പത്യ ജീവിതത്തില്‍ ജീന്‍സിന് ഇത്ര പ്രാധാന്യമുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു.

/അജ്ഞാതന്‍/

Monday, September 12, 2011

ഓണസദ്യ (?)Director: "Lights ON......Camera Ready......Action...!!!"

അവതാരക: നമസ്കാരം, ഓണചൂഷണം പരിപാടിയിലേക്ക് സ്വാഗതം. എല്ലാ മലയാളികള്‍ക്കും ഞങ്ങളുടെ ചൂഷണാശംസകള്‍.

ഓണചൂഷണത്തില്‍ ഇന്ന് നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നത് ഓണസദ്യ കാറ്ററിംഗ് ബിസ്സിനെസ്സിനെപ്പറ്റിയാണ്.
നമ്മുടെ ഇന്നത്തെ അതിഥി ടെക്പാര്‍ക്കിന് മുന്‍പില്‍ പ്രവര്‍ത്തിക്കുന്ന D6 Innന്‍റെ ഈവന്റ്റ്‌ മാനേജരും കസ്റ്റമര്‍ കൊണാണ്ടറുമായ ശ്രീ ലാഭകുമാരന്‍തമ്പി ആണ്. അനേകവര്‍ഷങ്ങള്‍ ബിയറില്‍ മിനറല്‍ വാട്ടര്‍ കലക്കിയും, പൊട്ടാസ്യം പെര്‍മാംഗനേറ്റ് നിറമുള്ള വൈനും വിറ്റ് ഉജ്ജ്വല സേവനം നടത്തി ടെക്കികള്‍ക്കിടയില്‍ പ്രശസ്തനാണ് ഈ വ്യക്തി.  

നമസ്കാരം സര്‍, ജനചൂഷണത്തിലേക്ക് സ്വാഗതം. 

ലാഭകുമാരന്‍: നമസ്കാരം.

അവതാരാക: സര്‍, മറ്റൊരു ഓണം കൂടി വന്ന് പോകുകയാണ്. ഓണസദ്യ എങ്ങനെ ലാഭകരമായി നല്‍കാം എന്ന വിഷയത്തെപ്പറ്റിയാണ് നമ്മളിന്നിവിടെ ചര്‍ച്ച ചെയ്യാന്‍ പോകുന്നത്. ചര്‍ച്ച ആരംഭിക്കും മുന്‍പ്‌ താങ്കളുടെ ഓണക്കാല സ്മരണകള്‍ പ്രേക്ഷകരുമായി ഒന്ന് പങ്ക് വെക്കാമോ?

ലാഭകുമാരന്‍: തീര്‍ച്ചയായും, അതിന് മുന്‍പ് നിങ്ങള്‍ പറഞ്ഞ ഒരു കാര്യത്തോട് ഞാന്‍ എന്‍റെ വിയോജിപ്പ് അറിയിച്ചു കൊള്ളട്ടെ. ബിയറില്‍ മിനറല്‍ വാട്ടര്‍ കലര്‍ത്തി എന്ന് നിങ്ങള്‍ പറഞ്ഞ കാര്യം തികച്ചും വാസ്തവവിരുദ്ധമാണ്...

അവതാരക:  പക്ഷെ സര്‍, താങ്കളുടെ റെസ്റ്റോറന്റിലെ ജീവനക്കാരന്‍ തന്നെയാണ് ഈ കാര്യം ഞങ്ങളുടെ ലേഖകനോട് പറഞ്ഞത്. മിനറല്‍ വാട്ടര്‍  കുപ്പികളില്‍ കൊണ്ട് വന്ന് താങ്കളുടെ നേതൃത്വത്തില്‍ ബിയറില്‍ കലക്കാറുണ്ടെന്നാണ്  ഞങ്ങള്‍ക്ക് കിട്ടിയ വിവരം.

ലാഭകുമാരന്‍: അസത്യമാണത്, ആരാണത് പറഞ്ഞത്? ആക്കുളം കായലിലെ വെള്ളവും മിനറല്‍ വാട്ടെറും തിരിച്ചറിയാന്‍ വയ്യാത്ത അവനെ ഞാന്‍ ഇന്ന് തന്നെ പിരിച്ച് വിടും. 
 
അവതാരക: അപ്പോള്‍ സര്‍, മിനറല്‍ വാട്ടര്‍ എന്ന് പറഞ്ഞ് താങ്കള്‍ പതിനഞ്ച് രൂപയ്ക്ക് കൊടുക്കുന്നത്....????

ലാഭകുമാരന്‍: അതൊക്കെ ഇപ്പൊ എന്തിനാ നമ്മള്‍ അന്വേഷിക്കുന്നത്? നമുക്ക് സദ്യയുടെ വിവരങ്ങള്‍ ചര്‍ച്ച ചെയ്‌താല്‍ പോരേ?

അവതാരക: യെസ് യെസ്... അപ്പോള്‍ ഈ സദ്യയുടെ കാറ്ററിംഗ് രീതികള്‍ എങ്ങനെയൊക്കെയാണ്?
 
ലാഭകുമാരന്‍: സത്യസന്ധമായിപ്പറഞ്ഞാല്‍ നമുക്ക് ഏറ്റവും കൂടുതല്‍ ലാഭം നല്‍കുന്ന ഏര്‍പ്പാടാണ് ഈ സദ്യകള്‍.
ഉദാഹരണത്തിന്, ഞങ്ങള്‍ സാധാരണയായി ഹോട്ടലില്‍ കൊടുക്കുന്ന ഊണിന് എണ്‍പത് രൂപയാണ്. ഇതേ സാധനം, ചില്ലറ വ്യത്യാസങ്ങളോടെ നമ്മള്‍ അവിടെക്കൊണ്ട് സദ്യ എന്ന പേരില്‍ വിളമ്പിക്കൊടുത്താല്‍ ഒരു നൂറ്റമ്പത് മുതല്‍ ഇരുനൂറ് രൂപ വരെ വാങ്ങാം.
 
അവതാരക: പക്ഷെ സര്‍, സദ്യക്ക് കൂടുതല്‍ വിഭവങ്ങള്‍ ഇല്ലേ? മൂന്ന്‍ തരം പായസം, പഴം, കൂടുതല്‍ കൂട്ടാനുകള്‍ എന്നിവ. അപ്പോഴെങ്ങനെ ലാഭം കൂടും?
 
ലാഭകുമാരന്‍: പറഞ്ഞ് തരാം. ഇവിടെയാണ്‌ നമ്മള്‍ ബുദ്ധി ഉപയോഗിക്കേണ്ടത്. സാധാരണ കാറ്ററിംഗ് മണ്ടന്മാര്‍ ചെയ്യുന്ന ഒരു ഏര്‍പ്പാടുണ്ട്. ആയിരം ഊണ് ഓര്‍ഡര്‍ ചെയ്‌താല്‍ ഒരു അമ്പത്‌ ഊണ് എക്സ്ട്രാ കൊണ്ട് വരും. ഞങ്ങള്‍ നേരെ തിരിച്ചാണ്.
ആയിരം പേര്‍ ഓര്‍ഡര്‍ ചെയ്‌താല്‍ ഞങ്ങള്‍ ഒരു എഴുനൂറ് ഊണ് മാത്രമേ കൊണ്ട് വരൂ.
അവതാരക: അയ്യോ, അപ്പോള്‍ സര്‍ ഫുഡ്‌ തികയാതെ വരില്ലേ?

ലാഭകുമാരന്‍: ഇല്ല.. അവിടെയാണ് നമ്മളുടെ തന്ത്രം. നന്നായി ട്രെയിന്‍ ചെയ്ത വിളമ്പുകാരെ മാത്രമേ നമ്മള്‍ വിടാവൂ. അവിയല്‍, തോരന്‍, കിച്ചടി, പച്ചടി മുതലായ സാധനങ്ങള്‍ വിളമ്പാന്‍ തവി കൊടുത്ത് വിടരുത്, ചെറിയ ടേബിള്‍ സ്പൂണ്‍ വേണം കൊടുക്കാന്‍.
ചോറ് വിളമ്പലാണ് നമ്മുടെ മാസ്റ്റര്‍ തന്ത്രം. ആദ്യം ചോറ് വിളമ്പുമ്പോള്‍ ഒരു തവി ചോറ് മാത്രം ഇടുക.
 
അവതാരക: അപ്പോള്‍ സര്‍, അവര്‍ കൂടുതല്‍ വിളമ്പാന്‍ ചോദിക്കില്ലേ?
 
ലാഭകുമാരന്‍: ചോദിക്കും. ഇത് പരിപ്പ് ഒഴിക്കാനാണ്. സാമ്പാര്‍ ഒഴിക്കാന്‍ ചോറ് വേറെ വരും എന്ന് നമ്മുടെ ട്രെയിനികളെക്കൊണ്ട് പറയിപ്പിക്കുക. 

കൂടെ ജോലി ചെയ്യുന്നവരുടെ മുന്നില്‍ മാനം കളയണ്ട എന്ന് കരുതി മിക്കവാറുമുള്ളവര്‍ അത് കേട്ടടങ്ങും. സാമ്പാര്‍ ഒഴിക്കാനും ഇത് പോലെ തന്നെ വിളമ്പുക. അപ്പോള്‍ കൂടുതല്‍ ചോറ് ചോദിച്ചാല്‍ പുളിശ്ശേരിക്കും രസത്തിനും പുറകെ ചോറ് വരും എന്ന് പറയുക.

ഒരുമാതിരിപ്പെട്ടവനൊക്കെ പായസം കഴിഞ്ഞാല്‍ പിന്നെ ചോറ് കഴിക്കില്ല. അങ്ങനെ നമുക്ക് നമ്മുടെ ചെലവ് കുറച്ച് വരുമാനം വര്‍ദ്ധിപ്പിക്കാം.

അവതാരക: Wow.... What a Fantastic, Bomblastic & Pediyatric ഐഡിയ.. !!!  (കടപ്പാട്:ക്രഞ്ചു)

ലാഭകുമാരന്‍: വരട്ടെ, കഴിഞ്ഞിട്ടില്ല. ഇനിയുമുണ്ട് തന്ത്രങ്ങള്‍. ഞങ്ങള്‍ കഴിഞ്ഞയാഴ്ച ടെക്പാര്‍ക്കിലെ ഒരു വലിയ കമ്പനിയില്‍ പരീക്ഷിച്ച് വിജയിച്ചതാണ്.

അവതാരക: എന്താണത്?

ലാഭകുമാരന്‍: നമ്മള്‍ ഒരു ഓര്‍ഡര്‍ ഏറ്റെടുക്കുമ്പോള്‍ ആദ്യം അന്വേഷിക്കേണ്ടത്, ആ കമ്പനിയില്‍ എല്ലാവരും ലഞ്ച് കഴിക്കുന്നത്‌ എത്ര മണിക്ക് ആണെന്നാണ്‌.
ഉദാഹരണത്തിന്, പന്ത്രണ്ടരയ്ക്കാണ് അവിടുത്തെ ലഞ്ച് ബ്രേക്ക്‌ എങ്കില്‍ നമ്മള്‍ ഒരു ഒന്നര കഴിഞ്ഞിട്ടേ ചോറ് റെഡി ആക്കാവൂ. കൃത്യസമയത്ത് ഭക്ഷണം കഴിക്കണം എന്ന് നിര്‍ബന്ധമുള്ള കുറെ ആള്‍ക്കാരുണ്ടാവും. അവരൊക്കെ വെയിറ്റ് ചെയ്യാന്‍ പറ്റാതെ അപ്പോള്‍ തന്നെ പുറത്ത്‌ പോയി കഴിച്ചോളും

പിന്നെ വിളമ്പ് തുടങ്ങിയാലും ആദ്യത്തെ ഒന്ന് രണ്ടു പന്തി പരമാവധി പതുക്കെ വിളമ്പുക.
അവതാരക: അതെന്തിനാണ് സര്‍.?
 
ലാഭകുമാരന്‍: അതെന്തിനാണെന്ന് വെച്ചാല്‍, അങ്ങനെ ചെയ്‌താല്‍ മൂന്നാം പന്തി തുടങ്ങുമ്പോഴേക്ക് ഒരു രണ്ടേമുക്കാല്‍ മൂന്നുമണി ആകും. അത്ര സമയം കാത്ത് നില്‍ക്കാന്‍ ആരും മെനക്കെടില്ല. അപ്പോഴും വീണ്ടും കുറേപ്പേര്‍ പുറത്തു പോയി കഴിക്കും. 

പിന്നെയും ചിലരുണ്ട്, അവര്‍ കാത്തിരിക്കും. നമ്മളുടെ ഫുഡ്‌ കഴിച്ചിട്ടേ പോകൂ എന്ന് വാശിയുള്ളവര്‍. അങ്ങനെയുള്ളവരെ നമ്മള്‍ ഒരു മൂന്നേമുക്കാല്‍ മണി വരെ വെയിറ്റ് ചെയ്യിപ്പിച്ച് നോക്കും. എന്നിട്ടും പോയില്ലെങ്കില്‍ അവരെ അകത്തു കയറ്റി ഇരുത്തും.

എന്നിട്ട് ഒരു പതിനഞ്ച് മിനിറ്റ്‌ വരെ ഒന്നും വിളമ്പാതെ ഇരിക്കുക. ചോദിച്ചാല്‍ ചോറ് തീര്‍ന്നു. ഞങ്ങള്‍ വിളിച്ച് പറഞ്ഞിട്ടുണ്ട് എന്ന് പറയുക. അത് കേട്ടിട്ടും പോകാതെ പിന്നെയും കാത്തിരിക്കുന്ന കുറച്ച് പേരുണ്ടാകും. ഇന്നിനി വീട്ടില്‍ പോയില്ലെങ്കിലും തിന്നിട്ടേ അടങ്ങൂ എന്നുള്ളവര്‍.
അവര്‍ക്ക് നമ്മള്‍ വിളമ്പിക്കൊടുത്തേ മതിയാകൂ.
 
അവതാരക: ഓ, ഹൗ സ്വീറ്റ്‌.
 
ലാഭകുമാരന്‍: യാ യാ, താങ്ക്സ്. ഇനിയാണ് നമ്മുടെ പതിനെട്ടാം അടവ്. ഉണ്ടിട്ടേ പോകൂ എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് നമ്മള്‍ ഐറ്റംസ് കുറച്ച് മിനിസദ്യ വിളമ്പും.
 
അവതാരക: ഓ, അതെങ്ങനെ?
 
ലാഭകുമാരന്‍: ഒരു തവി ചോറ് വിളമ്പുക. കൂടുതല്‍ ചോദിക്കുന്നവരോട് സാമ്പാറിന്‍റെ കൂടെ ബാക്കി ചോറ് തരുമെന്ന് പറയുക. എന്നിട്ട് പുറകെ പതുക്കെ പായസം വിളമ്പുക. സാമ്പാറില്ലേ എന്നന്വേഷിക്കുന്നവരോട് ചോറ് തീര്‍ന്നു എന്ന് ദുഃഖം അഭിനയിച്ച് പറയുക. 

അത് കൊണ്ട് പല ഗുണങ്ങളുണ്ട്. സാമ്പാര്‍ ലാഭം. സാമ്പാര്‍ ഒഴിച്ച് കഴിക്കേണ്ട ചോറ് ലാഭം. ഒപ്പം പായസം കഴിഞ്ഞ് വിളമ്പാനുള്ള ചോറും പുളിശ്ശേരിയും മോരും ലാഭം.
 
അവതാരക: അപ്പോള്‍ ഫുഡ്‌ ബാക്കി വന്നാല്‍ നിങ്ങള്‍ എന്ത് ചെയ്യും?
 
ലാഭകുമാരന്‍: ഭക്ഷണം വേസ്റ്റ് ആക്കുന്നത് പണ്ടേ എനിക്കിഷ്ടമല്ല. ഈ മിച്ചം കിട്ടുന്ന ഫുഡ്‌ നമ്മള്‍ അടുത്ത കമ്പനിയിലെ സദ്യക്ക് കൊടുക്കും.
 
അവതാരക: അപ്പോള്‍ ഫുഡ്‌ ചീത്തയാവില്ലേ?
 
ലാഭകുമാരന്‍: ഹേ, എവിടുന്ന്? ഈ അവിയല്‍ ഒരാഴ്ച കഴിഞ്ഞാലും പയറ് പോലെ നില്‍ക്കും. ഈ ഓണം സീസണിലേക്കുള്ള അവിയല്‍ ഞങ്ങള്‍ എന്നേ സ്റ്റോക്ക്‌ ചെയ്ത് കഴിഞ്ഞു.

അവതാരക: എന്റമ്മേ..!!!

 ര്‍ണിം.....ര്‍ണിം........ലാഭകുമാരന്‍റെ ഫോണ്‍ ബഹളം വെച്ചു.
ലാഭകുമാരന്‍:  ഹലോ, അതെ സര്‍, D6 തന്നെ..ഞങ്ങളാണ് ഇന്ന് കേരളത്തില്‍ ഏറ്റവും ഗുണനിലവാരമുള്ള സദ്യകള്‍ നല്‍കുന്നത്. കസ്റ്റമേര്‍ഴ്സിന്‍റെ സന്തോഷമാണ് ഞങ്ങളുടെ ലക്‌ഷ്യം. മൂന്ന്‍ കൂട്ടം പായസവും, പരിപ്പും പപ്പടവും എല്ലാമുള്ള ഒരുഗ്രന്‍ സദ്യ....അടുത്ത വെള്ളിയോ? ഓകെ സര്‍, അങ്ങനെയാകട്ടെ. 

 ഫോണ്‍ വെച്ചിട്ട് ലാഭകുമാരന്‍ "അപ്പൊ നിങ്ങള്‍ ടിവിക്കാര്‍ക്കും ഞങ്ങള്‍ ഒരു സദ്യ അറേഞ്ച് ചെയ്തിട്ടുണ്ട്. വരൂ വന്ന് ഒന്നാം പന്തിക്ക് ക്യൂ നില്‍ക്കൂ.. ഇപ്പൊ വിളമ്പിത്തരാം..."
   
സ്ക്രീനില്‍ മേക്കപ്പിട്ട അവതാരകയുടെ നിര്‍നിമേഷമായ മുഖം.
 
Director: "Camera Cut....Packup ....Escape.....!!! "

ശുഭം....

വാല്‍കഷ്ണം: ലാഭകുമാരന്‍ എന്ന പേര് തികച്ചും സാങ്കല്‍പികം മാത്രം.  D6 Inn എന്ന പേരിന്‍റെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ...

/അജ്ഞാതന്‍/
(ഇപ്പൊ കിട്ടും ഇപ്പൊ കിട്ടും  എന്ന് കരുതി  രണ്ട് മണിക്കൂര്‍ കാത്ത് നിന്ന് പ്രഥമനും പഴവും സാമ്പാറും പുളിശ്ശേരിയും മോരും ഉപ്പേരിയും അച്ചാറും ഇല്ലാതെ സദ്യ(?) കഴിച്ച ഒരു പാവം മലയാളി)


Creative Commons License
http://hiddenflash.blogspot.com by Ajnaathan is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.

Thursday, September 8, 2011

ഡിഷ്‌ ആന്റിന

കത്രിക്കടവിലെ ഫ്ലാറ്റിന്‍റെ ആറാം നിലയിലെ ബെഡ്റൂമില്‍ അന്നും പതിവ് പോലെ, ക്രഞ്ചു നല്ല ബാസുള്ള ഒരു ഏമ്പക്കം വിട്ടുണര്‍ന്നു.
ഒപ്പം ആ മുക്ര കേട്ട് ഞെട്ടിയ മിസ്സിസ് ക്രഞ്ചു എന്ന ക്രഞ്ചിയും..

അബോധാവസ്ഥയില്‍ ക്രഞ്ചുവിന്‍റെ രണ്ടാം ശബ്ദം ഉയര്‍ന്നു.. "ചായ".
ക്രഞ്ചി കണ്ണ് ചിമ്മിയുണര്‍ന്നു.
"ക്രഞ്ചുവേട്ടാ എണ്ണീക്ക്, ഇന്നല്ലേ വീട് മാറേണ്ടത്?" ക്രഞ്ചി ഓര്‍മ്മിപ്പിച്ചു.
ക്രഞ്ചു ഒരു പുലര്‍കാല കൂര്‍ക്കം മറുപടി നല്‍കി..."ഖുര്‍ര്‍ര്‍ര്‍.."

ക്രഞ്ചി അടുക്കളയില്‍ ചെന്ന് അടുപ്പത്ത് വെള്ളം വെച്ചു.

ഇന്ന് എന്തെല്ലാം ജോലികള്‍.
സാധനങ്ങള്‍ മാറ്റണം, ഓണറെ ഫ്ലാറ്റ് കാണിച്ച് അഡ്വാന്‍സ്‌ തിരികെ വാങ്ങണം, നാളത്തെ പാലുകാച്ചിന് വേണ്ട സാധനങ്ങള്‍ വാങ്ങണം... അങ്ങനെ എന്തെല്ലാം
എന്തെല്ലാം.... ക്രഞ്ചി പ്രഭാതടെന്‍ഷനില്‍ മുഴുകി.

ചായയുമായി ക്രഞ്ചി മുറിയിലെത്തിയപ്പോള്‍ ക്രഞ്ചു ഉറക്കത്തില്‍ പിച്ചും പേയും പറയുന്ന ശബ്ദം........ക്രഞ്ചി കാതോര്‍ത്തു.

"അയ്യോ ദാസേട്ടാ, കഴുത്തീന്ന് വിട്..എന്നെ തല്ലല്ലേ... ഇനി ഞാന്‍ സ്റ്റേജില്‍ പാടില്ല. ഒരബദ്ധം ഏത് ബാങ്ക് മാനേജര്‍ക്കും പറ്റും." ക്രഞ്ചു കൈകൂപ്പി കരഞ്ഞു.

"ക്രഞ്ചുവേട്ടാ...എന്തൊക്കെയാ ഈ പറയുന്നത്?... എണ്ണീക്ക്.. ദാ ചായ."

ക്രഞ്ചു ഞെട്ടിയുണര്‍ന്നു.
"നശിപ്പിച്ചു, ഞാനും ദാസേട്ടനും കൂടി ശുഭപന്തുവരാളി രാഗത്തില്‍ ഒരു പിടി പിടിക്കാന്‍ വേണ്ടി ശ്രുതി ഇട്ടു തുടങ്ങുകയാരുന്നു... അന്നേരമാ അവള്‍ടെ ചായ"

ക്രഞ്ചു പ്രഭാതത്തില്‍ തന്നെ ക്രുദ്ധനായി.

"രാഗത്തിന്‍റെ കഴുത്തീന്ന് പിടി വിടാന്‍ ആയിരിക്കുമല്ലേ ദാസേട്ടനോട് കരഞ്ഞ് പറഞ്ഞത്?" ക്രഞ്ചിയും വിട്ടില്ല.

മറുപടി കേട്ട് ക്രഞ്ചു നമ്രമുഖനായി ചായ മോന്തി.

"സാധനങ്ങള്‍ എങ്ങനെ ഷിഫ്റ്റ്‌ ചെയ്യണമെന്ന് തീരുമാനിച്ചോ?"
ക്രഞ്ചിയുടെ ചോദ്യത്തിന് ക്രഞ്ചു മറുപടി നല്‍കി "തല ഇരിക്കുമ്പോ വാല്‍ ആടരുത്....." 
ക്രഞ്ചു ബാത്രൂമിലേക്ക് മാര്‍ച്ച് ചെയ്തു.

* * * * * * * * * * * * * * * * * * * * * * * * * * *

ബാത്ത്റൂമില്‍ നിന്നിറങ്ങി വന്ന് ക്രഞ്ചു പറഞ്ഞു "പാക്കേഴ്സ് & മൂവേഴ്സ്"
ക്രഞ്ചി: ഏ?
ക്രഞ്ചു: ഈ ക്രഞ്ചു എല്ലാം അറേഞ്ച് ചെയ്തു കഴിഞ്ഞു. ഒമ്പത് മണിക്ക് അവര്‍ വരും, ലോഡിംഗ്, അണ്‍ലോഡിംഗ് എല്ലാം അവര്‍ ചെയ്യും.
പരാന്നഭോജികളായ സിഐടിയുക്കാര്‍ക്ക് ഒരു പുല്ല് പോലും ക്രഞ്ചു കൊടുക്കില്ല.
ക്രഞ്ചി: അപ്പൊ നമ്മള്‍ ഒന്നും ചെയ്യണ്ടേ?
ക്രഞ്ചു: നീ വായടച്ച് മാറി നിന്നാല്‍ മതി. ചെയ്യേണ്ടതൊക്കെ അവര്‍ ചെയ്തോളും.

ക്രഞ്ചി മുഖം വീര്‍പ്പിച്ചു.

ക്രഞ്ചു ടിവി ഓണ്‍ ചെയ്തു.
ക്രഞ്ചുവിന്‍റെ ടിവി പതിവ് പോലെ സ്ക്രീനില്‍ വെട്ടലും അവ്യക്ത ശബ്ദവും പുറപ്പെടുവിച്ചു.
അസഹ്യതയോടെ ക്രഞ്ചു: ഫ്ലാറ്റില്‍ കുഴി കുത്താനുള്ള സൗകര്യം ഇല്ല. ഉണ്ടായിരുന്നെങ്കില്‍ എന്നേ ഞാന്‍ ഈ നാശം കുഴിച്ച് മൂടിയേനെ.
ക്രഞ്ചു പ്രാതലിലേക്ക് ശ്രദ്ധ തിരിച്ചു.

കൃത്യ സമയത്ത് പാക്കേഴ്സ് & മൂവേഴ്സ് വന്നു. സാധനങ്ങള്‍ അടുക്കിത്തുടങ്ങി
ക്രഞ്ചുവും ഒരു പാക്കേഴ്സ് തൊഴിലാളിയും കൂടി ഫ്ലാറ്റിന്‍റെ ടെറസ്സില്‍ കയറി.
കൂട്ടത്തിലെ മുഴുത്ത ഡിഷ്‌ ചൂണ്ടിക്കാട്ടി ക്രഞ്ചു പറഞ്ഞു "അതാ എന്‍റെ ഡിഷ്‌"

പാക്കേഴ്സ് & മൂവേഴ്സ് പാക്കിംഗ് കഴിഞ്ഞ് മൂവാന്‍ തയ്യാറായി.
ഫ്ലാറ്റിന്‍റെ ഉടമയായ നമ്പ്യാരേട്ടനോടും കുടുംബത്തോടും ക്രഞ്ചു ദമ്പതികള്‍ യാത്ര പറഞ്ഞു.
ക്രഞ്ചു: നമ്പ്യാരേട്ടാ, ചേച്ചീ പോട്ടെ, നാളെ എല്ലാരും പാല്കാച്ചിന് വരണം.
നമ്പ്യാരേട്ടന്‍ തല കുലുക്കി.
ക്രഞ്ചു: നമ്പ്യാരേട്ടാ, ഫ്ലാറ്റില്‍   കയറി നോക്കണ്ടേ.?
നമ്പ്യാരേട്ടന്‍ ഗദ്ഗദകണ്ഠനായി. "വേണ്ട, മോനെ ഞങ്ങള്‍ക്ക് വിശ്വാസമാ"
ക്രഞ്ചു: നമ്പ്യാരേട്ടന്‍ ചെയ്ത് തന്ന ഉപകാരങ്ങള്‍ക്ക് ഞാനിപ്പോ എന്താ തരണ്ടെ?
നമ്പ്യാരേട്ടന്‍: ഒന്നും വേണ്ട, ഞങ്ങളെയൊന്നും മറക്കാതിരുന്നാല്‍ മതി. മോന്‍ നന്നായി വരും.
ക്രഞ്ചു താക്കോല്‍ നല്‍കി. നമ്പ്യാരേട്ടന്‍ അഡ്വാന്‍സും.
മിസ്സിസ് ക്രഞ്ചുവും മിസ്സിസ് നമ്പ്യാരും രംഗം കൊഴുപ്പിക്കാന്‍ കണ്ണീര്‍ തൂവി.

ക്രഞ്ചു സാന്‍ട്രോയില്‍ കയറി രണ്ട് തവണ ഇരപ്പിച്ച് പൊടി പറത്തി കുതിച്ചു. പിന്നാലെ പാക്കേഴ്സ് & മൂവേഴ്സും.

കാറോടിക്കുന്നതിനിടയിലും  ക്രഞ്ചു നമ്പ്യാരേട്ടനെ പറ്റിയോര്‍ത്തു.  "എത്ര നല്ല മനുഷ്യന്‍"
* * * * * * * * * * * * * * * * * * * * * * * * * * *
ട്രാഫിക്‌ ബ്ലോക്കില്‍ പച്ച കാത്ത് കിടക്കുമ്പോള്‍ ക്രഞ്ചി സംശയം പ്രകടിപ്പിച്ചു "ക്രഞ്ചുവേട്ടാ,അവിടെ ചെല്ലുമ്പോള്‍ ഈ സിഐടിയുക്കാര്‍ നോക്കുകൂലി ചോദിച്ച് പ്രശ്നമുണ്ടാക്കുമോ?"
ക്രഞ്ചു: ഹും, ഈ എന്നോടോ?
ഗ്ലാസ്‌ താഴ്ത്തി പുറത്തേക്ക് നീട്ടിത്തുപ്പി, ക്രഞ്ചു നോക്കുകൂലിയോടുള്ള തന്‍റെ അമര്‍ഷം പ്രകടിപ്പിച്ചു.

ക്രഞ്ചു: സപ്തസ്വരങ്ങള്‍ രാഗത്തില്‍ ചാലിച്ച് അമ്മാനമാടാന്‍ മാത്രമല്ല, നല്ല തെറി, നല്ല വൈപ്പിന്‍ തെറി വിളിക്കാനും ഈ ക്രഞ്ചുവിനറിയാം.
ക്രഞ്ചി: ഉവ്വുവ്വേ, പണ്ട് മലപ്പുറത്ത് പറ്റിയത് പോലാവും.

ആ മറുപടിയില്‍ ക്രഞ്ചു നിശബ്ദനായി.
തികട്ടി വന്ന ഓര്‍മ്മകളെ അകറ്റാന്‍ ക്രഞ്ചു സ്റ്റീരിയോയുടെ ശബ്ദം കൂട്ടി. ആക്സിലേറ്ററില്‍ ആഞ്ഞ് ചവിട്ടി.

പക്ഷെ, കാര്‍ നീങ്ങുന്നതിലും വേഗത്തില്‍ ക്രഞ്ചുവിന്‍റെ മനസ്സ് പറന്ന് മലപ്പുറത്തെ ഫ്ലാഷ്ബാക്കിലെത്തി.

രണ്ടര വര്‍ഷം മുന്‍പുള്ള ഒരു വേനല്‍ക്കാലം.
അന്ന് ക്രഞ്ചു മറ്റൊരു ബാങ്കിന്‍റെ തൊഴിലാളിയാണ്.
കൊടുത്ത ജോലിയില്‍ ക്രഞ്ചു വിയര്‍പ്പൊഴുക്കി അധ്വാനിച്ച് പണിയെടുക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ബാങ്ക് ക്രഞ്ചുവിനെ ലോണ്‍ റിക്കവറി എന്ന ദൗത്യം കൂടി ഏല്‍പിച്ചു.

മൂന്ന്‌ ദിവസം കൊച്ചിയിലും, ബാക്കി മൂന്ന്‌ ദിവസം മലപ്പുറത്തും.
ബിരിയാണികള്‍ തിന്നുന്നതിനോടൊപ്പം ക്രഞ്ചു കുറേ റിക്കവറികളും ഫലപ്രദമായി മലപ്പുറത്ത് നടത്തി.

കാശുണ്ടായിട്ടും ലോണ്‍ തിരിച്ചടക്കാതെ നടന്ന ഒരു മലപ്പുറം ഹാജിയോട്, പതിനേഴടവും പരാജയപ്പെട്ട ക്രഞ്ചു അലറി "ഇനി കാശടച്ചില്ലെങ്കില്‍ നിന്‍റെ
പുരയിടം ബാങ്കിന്‍റെ കക്ഷത്തിലിരിക്കും"

ഒന്ന് ഞെട്ടിയ ഹാജി ബോധം വീണ്ടെടുത്ത് തിരിച്ചലറി "ഞമ്മടെ പുരയിടം കക്ഷത്തില്‍ വെച്ച് ജ്ജ് മലപ്പുറം വിടുന്നത് ഞമ്മക്കൊന്ന്‌ കാണണം"
ക്രഞ്ചു: ഞാന്‍ കാണിച്ച് തരാം. എടടാ ആധാരം. .

ഹാജി തിരിഞ്ഞ് പറമ്പിലേക്ക് നോക്കി  മുക്കി അലറി "ഷുക്കൂറേ, മന്‍സൂറേ, കബീറേ, മുസ്തഫാ, ഓടി വാടാ ശെയ്ത്താന്മാരേ, കൊല്ലെടാ ഈ ഹമുക്കിനെ..."

ഹാജി തിരിഞ്ഞ് നോക്കുമ്പോഴേക്കും ക്രഞ്ചു സാന്‍ട്രോയുമായി മലപ്പുറം ജില്ലയുടെ അതിര്‍ത്തി കടന്നിരുന്നു.

പിന്നീട് മലപ്പുറം എന്ന് കേള്‍ക്കുന്നതേ മൂപ്പര്‍ക്കലര്‍ജിയാണ്.
ഗതികേടിന് എങ്ങാനം ട്രെയിനില്‍ പോകേണ്ടി വന്നാല്‍ കുറ്റിപ്പുറം മുതല്‍ പരപ്പനങ്ങാടി വരെ ക്രഞ്ചു അപ്പര്‍ ബര്‍ത്തില്‍ കയറി പുതച്ച് കിടക്കും.

കാറും ടെമ്പോയും പുതിയ വീട്ടിലെത്തിയപ്പോള്‍ ക്രഞ്ചു വര്‍ത്തമാനകാലത്തിലേക്ക് തിരിച്ചു വന്നു.

പാക്കേഴ്സ് & മൂവേഴ്സ് നല്ല ഭംഗിയായി സാധനങ്ങളൊക്കെ അടുക്കി വെച്ചു.

ബഹളമൊക്കെ കഴിഞ്ഞ് ടിവി ഓണ്‍ ചെയ്ത ക്രഞ്ചു തന്‍റെ പഴഞ്ചന്‍ ടിവിയുടെ ക്ലാരിറ്റി കണ്ട് ഞെട്ടി.

ക്രഞ്ചു: എടീ ക്രഞ്ചീ, ഇത് കണ്ടോ നമ്മുടെ ടിവിയുടെ ക്ലാരിറ്റി. അവിടെ നമ്മുടെ ഡിഷ്‌ വേറെങ്ങോട്ടോ തിരിഞ്ഞിരുന്നതാ പ്രശ്നം. അല്ലാതെ ടിവിക്കല്ല.
ക്രഞ്ചി: ശരിയാണല്ലോ നല്ല ക്ലാരിറ്റി...ആ ഡിഷ്‌ എങ്ങനെ തിരിഞ്ഞു?
ക്രഞ്ചു: ആ എരപ്പാളി സെക്യൂരിറ്റി ഇല്ലേ? പോള്‍. അവന്‍ ആവും ചെയ്തത്. അവന്‍ മിനുങ്ങാന്‍ കാശ് ചോദിച്ചപ്പോ ഞാന്‍ കൊടുത്തില്ല. അതിനവന്‍ പണി
തന്നതാ...
ദൂരെ കത്രിക്കടവിലെ ഫ്ലാറ്റിന്‍റെ താഴെ നിന്ന പോള്‍ മൂന്ന് തവണ തുമ്മി.

രാത്രി ഉറങ്ങാന്‍ കിടന്ന ക്രഞ്ചു മുപ്പത് തവണ തുമ്മി.
"പുതിയ സ്ഥലത്തിന്‍റെയാ, മാറിക്കോളും." ക്രഞ്ചി ആശ്വസിപ്പിച്ചു.

* * * * * * * * * * * * * * * * * * * * * * * * * * * 
പിറ്റേന്ന് രാവിലെ കടവന്ത്ര പോലീസ് സ്റ്റേഷനില്‍ ഒരു പരാതി ലഭിച്ചു.

പരാതിയുടെ തലക്കെട്ട്‌: ഡിഷ്‌ ആന്റിന മോഷ്ടിക്കപ്പെട്ടു.
പരാതിക്കാന്‍‍: നമ്പ്യാര്‍,
                               കത്രിക്കടവ്.
                               (ഒപ്പ്)

/അജ്ഞാതന്‍/

Saturday, July 9, 2011

സ്വിമ്മിംഗ് പൂള്‍

നീന്തല്‍ പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത് ഒരു പഴയ ഗുദാമിലാണ്.... ബാംഗ്ലൂരിലെ ഗുരുകുല്‍ സ്വിമ്മിംഗ് പൂള്‍.

ആവശ്യം അറിയിച്ചപ്പോ മണിക്കൂറിന് അറുപത് രൂപയും സ്വിം സ്യൂട്ടും വേണമെന്ന് പറഞ്ഞു.

മാസാവസാനം കയ്യില്‍ എന്തുണ്ട് കൊടുക്കാന്‍?

ക്രെഡിറ്റ്‌ കാര്‍ഡ് ഉരച്ചു വാങ്ങിയ വെളുത്ത നീന്തല്‍ നിക്കറും, കറുത്ത തൊപ്പിയും, നീല ഗൂഗിള്‍സും ധരിച്ച് മനസ്സില്‍ ജലദേവതയെ ധ്യാനിച്ച്‌ ഒറ്റ ചാട്ടം.... ബ്ലും.

ചാടി മുഴുമിക്കും മുന്‍പേ തണുപ്പും പൊടിയും മെഴുക്കും സമാസമം ചേര്‍ന്ന വെള്ളം കുറച്ചേറെ വയറ്റിലെത്തി.

പിന്നെ വെള്ളത്തില്‍ ഫ്ലോട്ട് ചെയ്യലും നീന്തല്‍ പരിശ്രമവുമായി രണ്ട് മണിക്കൂര്‍.

സവരോം കീ സിന്ദഗി ജോ കഭി നഹീ ഖദം ഹോ ജാത്തീ ഹെ.............ഹിഹിഹിഹി

എന്നു വെച്ചാല്‍ , ഒടുവില്‍ വൈറല്‍ ഫീവറും പിടിച്ച്, നാല് നേരം മരുന്നും, മൂന്ന്‌ നേരം കഞ്ഞിയും, രണ്ട്ദിവസത്തെ ലീവും പോയി വീട്ടില്‍ സൈഡായപ്പോള്‍ സ്വസ്ഥം.. സമാധാനം.

നീന്തല്‍ പഠിക്കണമെന്ന ആഗ്രഹം പണ്ട് മുതലേയുണ്ട്.
അടുത്ത ആഴ്ച മുതല്‍, അടുത്ത മാസം മുതല്‍ എന്നൊക്കെ പ്ലാനിട്ട് നീണ്ട് നീണ്ട് പോയി. ഇതുവരെ പഠിച്ചില്ല. പക്ഷെ ചില ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.

ഓരോ ശ്രമവും എനിക്ക് ഓരോ അനുഭവമാണ്.
വര്‍ക്കല താജിലേക്ക് ഓഫീസില്‍ നിന്ന് ടൂര്‍ പോയതാണ് ഏറ്റവും നല്ല അനുഭവം.

ഒരു വശത്ത് നാലടി ആഴത്തില്‍ തുടങ്ങി മറുവശത്ത് ഏഴടി ആഴത്തില്‍ അവസാനിക്കുന്ന അതിവിശാലമായ സ്വിമ്മിംഗ് പൂള്‍.

അഞ്ചടി ആഴമുള്ള സ്ഥലത്ത് കൈകാലിട്ടടിച്ച് കുഞ്ഞോളങ്ങള്‍ നിര്‍മ്മിച്ച് ജലകന്യകനായി നിന്ന എന്‍റെ മുന്നില്‍ക്കൂടി ശ്രീമാന്‍ ജിത്ത് എന്നിലസൂയ ജനിപ്പിച്ചു കൊണ്ട് പൂളിന്‍റെ ഇങ്ങേയറ്റം മുതല്‍ അങ്ങേയറ്റം വരെ നീന്തിത്തുടിച്ച് കൊണ്ടിരുന്നു... ഭയങ്കരന്‍.

ജിത്ത് എന്‍റെ സഹമുറിയനും സഹപ്രവര്‍ത്തകനുമാണ്. പരമഭക്തന്‍. നെയ്യാറ്റിന്‍കരയുടെ അഭിമാനതാരം.
എല്ലാ വ്യാഴാഴ്ചയും P.M.G ഹനുമാന്‍ കോവിലില്‍ പോയി പ്രാര്‍ത്ഥിച്ച് തിരിച്ച് വരും വഴി ബെറോട്ടയും ബീഫും കഴിക്കും. (തിരുവനന്തപുരത്ത് പൊറോട്ടക്ക് ബെറോട്ട എന്ന് പറയും)

വ്യായാമം ചെയ്യുന്നതിനിടയില്‍ മലര്‍ന്ന് കിടന്ന് കയ്യും കാലും തറയില്‍ കുത്തി ശരീരവും തലയും മുകളിലേക്കുയര്‍ത്തി ഒരു പ്രത്യേക കസര്‍ത്ത് മൂപ്പര്‍ ചെയ്യും.
ബുദ്ധിവളര്‍ച്ചക്ക് വേണ്ടിയുള്ളതാണത്രേ...  ഭയഭയങ്കരന്‍.

"കഷ്ടം... നീന്താന്‍ അറിയില്ലല്ലേ ?" ടിയാന്‍ എന്നെ പുച്ഛത്തോടെ നോക്കി.

"വേണമെങ്കില്‍ എന്‍റെ പുറത്ത് കേറിക്കോ... ഞാന്‍ നീന്തി കാണിച്ചുതരാം"

ഹും... അമ്പത് കിലോ മാത്രം തൂക്കമുള്ള അവന്‍, അറുപത്തഞ്ച് കിലോ തൂക്കമുള്ള എന്നെ പുറത്ത് വെച്ച് നീന്താമത്രേ. എന്നോടുള്ള പുച്ഛത്തിന് ദേഹാധ്വാനമില്ലാതെ പണി കൊടുക്കാന്‍ പറ്റിയ അവസരം.
പൂളിലെ വെള്ളത്തിന്‍റെ രുചി അവനും ഒന്നറിയട്ടെ.

ഞാന്‍ അവന്‍റെ തോളില്‍ പിടിച്ച് അഡ്ജസ്റ്റ് ചെയ്ത് ഇരുന്നു കൊടുത്തു.

പക്ഷെ, എന്‍റെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് ടിയാന്‍ സുഖമായി നീന്തിത്തുടങ്ങി.... ഭീകര ഭയങ്കരന്‍.

ഒരല്‍പം കഴിഞ്ഞപ്പോള്‍ "എടാ സ്റ്റാമിന തീര്‍ന്നു" എന്നൊരു ഞരക്കം കേട്ടു. ഒപ്പം "നീ പിടിവിട്" എന്നും "ബ്ലും" എന്ന് രണ്ട് ശബ്ദങ്ങള്‍.

ജിത്ത് കംപ്ലീറ്റ് ജലാസനത്തിലായി.
 
പാവത്തിനെ വിട്ടുകളയാം എന്ന് തോന്നി ഞാനും പിടി വിട്ടു. മറ്റൊരു "ബ്ലും" അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നു.

വിജയീഭാവത്തോടെ  ഞാന്‍ കാല് നിലത്ത് കുത്തി തല മുകളിലേക്കുയര്‍ത്തി.

ഞെട്ടലോടെ ഞാന്‍ ആ സത്യം തിരിച്ചറിഞ്ഞു. നീന്തി നീന്തി ആ മഹാപാപി എന്‍റെ പൊക്കത്തെക്കാള്‍ ആഴമേറിയ ഭാഗത്തെത്തിയിരിക്കുന്നു. ... മാതാവേ.

മൂക്കിലും വായിലും വെള്ളം സ്വാതന്ത്ര്യത്തോടെ പാഞ്ഞു കയറി.

ഞാന്‍ ഒന്ന് എത്തിച്ചാടി. തല കഷ്ട്ടിച്ച് മുകളിലെത്തി.
അര ശ്വാസം എടുക്കാനുള്ള സമയം മാത്രം. വീണ്ടും മുങ്ങി.

ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞു തുടങ്ങി.
വീണ്ടും എത്തിചാടി ഒരു നിലവിളി കൊണ്ട് വാട്ടര്‍ പൂള്‍ കളിക്കുന്ന സഹപ്രവര്‍ത്തകരെ വിളിക്കാമെന്ന് കരുതി.

പൊങ്ങി..ശ്വാസമെടുത്തു... ശബ്ദമെടുക്കും മുന്‍പ് വീണ്ടും ബ്ലും.

അവസാനശ്രമം.
അടുത്ത പൊങ്ങലില്‍ ഗാര്‍ഡിന് നേരെ കൈയുയര്‍ത്തിക്കാണിച്ചു. ആഴമുള്ള ഭാഗത്ത് നോക്കാതെ ഗാര്‍ഡ്‌ വാട്ടര്‍ പൂള്‍ കളി ആസ്വദിച്ചു നില്‍ക്കുന്നു.
ഇടയ്ക്ക് എന്‍റെ നേരെ ഒന്ന് നോക്കിയിട്ട് എന്നെ കണ്ടിട്ടും കാണാത്ത പോലെ നിസ്സംഗതയോടെ അയാള്‍ തല തിരിച്ചു.

സാമ്പത്തിക പ്രതിസന്ധി കാലമല്ലേ. അയാള്‍ക്ക്‌ അപ്രൈസല്‍ നടത്തിക്കാണില്ല. എന്‍റെ വിധി.

ഒരു രണ്ടു നിമിഷം കൂടി കഴിഞ്ഞു.

വര്‍ക്കല സിഐയുടെ നേതൃത്വത്തില്‍ ഒരു സംഘം പോലീസുകാര്‍ വന്ന്, എന്‍റെ തൂക്കത്തിലുള്ള ഡമ്മി വെള്ളത്തിലിട്ട് "ഡമ്മി ടു ദി വോള്‍" ദൂരം അളക്കുന്നത് ഞാന്‍ ഭാവനയില്‍ കണ്ടു.
പശ്ചാത്തലത്തില്‍ വാ പൊത്തി കരയുന്ന ജിത്തും സഹപ്രവര്‍ത്തകരും.

എനിക്ക് ടെന്‍ഷനായി.
ഞാന്‍ ചത്താല്‍ ഞാന്‍ ചെയ്യേണ്ടുന്ന പാപങ്ങളൊക്കെ ഇനിയാര് ചെയ്യും കര്‍ത്താവേ?

ജാതകപ്രകാരം എണ്‍പത്തഞ്ച് വയസ്സ് വരെ എനിക്ക് ബാക്കപ്പ് ഉണ്ടെന്ന് പറഞ്ഞിട്ട്, ഇത്ര പെട്ടെന്ന് എന്‍റെ ബാറ്ററി തീര്‍ത്തു തിരിച്ചു വിളിക്കാന്‍ മാത്രം ഇപ്പൊ എന്തുണ്ടായി?

അമ്മ ഉണ്ടാക്കിത്തരുന്ന ഇടിയപ്പം, മുട്ടക്കറി, അട, കൊഴുക്കട്ട, നത്തോലി വറുത്തത്, കൊഞ്ച് തീയല്‍, ഇഡലിയും സാമ്പാറും, ഒക്കെ കഴിച്ച് കൊതി തീരാത്ത എന്നെ ഇപ്പൊ കെട്ടിയെടുക്കേണ്ട എന്തത്യാവശ്യമാ ഇപ്പൊ ഉണ്ടായത്?

ഇതിനാണോ ദൈവമേ കൂര്‍ഗില്‍ എന്നെ നാല് കൊല്ലം കന്നഡ ഫുഡ്‌ തീറ്റിച്ചത്‌?
ഇതിനാണോ ദൈവമേ ചെന്നൈയിലെ കുടുസ്സു ലോഡ്ജില്‍ എന്നെ താമസിപ്പിച്ചത്?
ഇന്ന് തിരിച്ചു വിളിക്കാനാണോ എന്നെക്കൊണ്ട് ഇന്നലെ പത്ത് കിലോയുടെ പവിഴം അരിയും അമ്പത് രൂപയുടെ പച്ചക്കറിയും വാങ്ങിപ്പിച്ചത്?

പെട്ടന്ന് വെള്ളത്തിനടിയില്‍ ഒരു അശരീരി കേട്ടു. "അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോ?"
ഞാന്‍: ആരാ? കാലനാ?
കാലന്‍: അതെ ഉണ്ണീ.. അവസാന ആഗ്രഹം എന്താ?
ഞാന്‍: തനിക്കൊന്നും കണ്ണില്‍ ചോരയില്ലെടോ?
കാലന്‍: ഉണ്ടായിരുന്നു. ഈ പണിക്കിറങ്ങിയപ്പോ കണ്ണിലെ ചോര ഊറ്റി വീട്ടില്‍ വെച്ചു. മറ്റെന്തെങ്കിലും പറയാനുണ്ടോ?

ഞാന്‍: അവസാനമായി എന്ത് ചോദിച്ചാലും സാധിച്ചു തരുമോ?
കാലന്‍: ജീവന്‍ തിരിച്ചു തരുന്നതൊഴിച്ച് എന്തും.
ഞാന്‍: ശരി, ജീവന്‍ വേണ്ട. എന്‍റെ പേരില്‍ ഒരു ജീവന്‍ ആനന്ദ്‌ എല്‍ഐസി പോളിസി എടുത്തതായി രേഖയുണ്ടാക്കണം. ഒരു കോടി രൂപയുടേത്.
ആദ്യത്തെ പ്രീമിയം കാലന്‍ തന്നെ അടയ്ക്കണം. നോമിനീസ്‌ മൈ മോം & ഡാഡ്.

കുറച്ച് നേരത്തെ നിശബ്ദത.

കാലന്‍: ഡേ ചിത്രഗുപ്താ, പോര് പോര്, കൊല്ലണ്ട. ഇവനൊക്കെ അങ്ങ് വന്നാല്‍ പിന്നെ എനിക്കും തനിക്കുമൊന്നും മനസ്സമാധാനമുണ്ടാകില്ല. ലെറ്റ്‌സ് ഗോ..!

ചിത്രഗുപ്തന്‍:
അല്ല കാലന്‍ സര്‍,നമ്മുടെ IPC പ്രകാരം ഒരിക്കല്‍ തീരുമാനിച്ചാല്‍ പിന്നെ......

കാലന്‍:
എടോ, കണ്ണടച്ചാല്‍ നരകത്തിന്‍റെ വരെ പട്ടയം അടിച്ചോണ്ട് പോകാന്‍ കാത്തിരിക്കുന്ന മലയാളിയുടെ സാമ്പിള്‍ ആണിവന്‍.
ഇവന്‍ അവിടെ വന്ന് മലയാളികള്‍ക്കിടയില്‍ ടിഷ്യു കള്‍ച്ചര്‍ നടത്തിയാല്‍  താനും ഞാനുമൊക്കെ എങ്ങോട്ട് പോകും? ഇപ്പൊ കിടക്കാന്‍ നരകമെങ്കിലും ഉണ്ട്.
സോ കമോണ്‍ ഗുപ്ത്, ലെറ്റ്‌സ് ഗോ.  ഡോണ്ട് വേസ്റ്റ് ടൈം.

ചിത്രഗുപ്തന്‍: എണ്ണ തിളപ്പിക്കാന്‍ ഓര്‍ഡര്‍ കൊടുത്തിട്ടാ നമ്മള്‍ വന്നത്. ആരെങ്കിലും ചോദിച്ചാല്‍ നമ്മളെന്ത് പറയും?

കാലന്‍: ലെനിനിസ്റ്റ്‌ സംഘടനാതത്വപ്രകാരം പിബി തീരുമാനം മാറ്റിയെന്ന് പറഞ്ഞാല്‍ മതി.  വായുന്നോക്കി നിക്കാതെ പോത്തിനെ തള്ളെടോ.

"അല്ലാ ഒരു തീരുമാനം പറയാതെ അങ്ങനങ്ങ് പോയാലോ എന്ന് ഞാന്‍ ചോദിക്കും മുന്‍പേ, ആരോ എന്നെ കയ്യില്‍ പിടിച്ചു വലിച്ചു പൂളിന്‍റെ ഒരു വശത്തെത്തിച്ചു.

മൂക്ക്, വായ, ചെവി, കണ്ണ്... എല്ലാത്തിലും കമ്പ്ലീറ്റ്‌ വെള്ളം. ഒരു വിധത്തില്‍ തല കുടഞ്ഞ് ശ്വാസമെടുത്തു.

ഹോ ഈ മീനുകളെ ഒക്കെ സമ്മതിക്കണം. എങ്ങനെ ഈ വെള്ളത്തില്‍ കിടന്ന് അഡ്ജസ്റ്റ്ചെയ്യുന്നു?

"നീ ഈ വെള്ളത്തിനടിയില്‍ ഇത്ര നേരം എന്ത് ചെയ്യുവാരുന്നു?" ജിത്തിന്‍റെ ചോദ്യം.

ഒന്നും അറിയാത്തപോലെ.

"ഫ്ഫ" എന്ന് ഒന്നാട്ടാന്‍ വാ തുറന്നതാണ്. കുറെ വെള്ളം കൂടി വായില്‍ കേറിയപ്പോള്‍ ആ ഉദ്യമം പാതിവഴിയില്‍ ഉപേക്ഷിച്ചു.

പിന്നെ കുറച്ച് നാളത്തേക്ക് പൂള്‍ കാണുമ്പോ, പ്രത്യേകിച്ച് കാരണം ഒന്നുമില്ലെങ്കിലും ഞാന്‍ ഒരല്‍പം ദൂരമിട്ട് നീങ്ങി നില്‍ക്കും.

"ആ ചേമ്പിന്‍റെ കൂടെ ഇച്ചിരി പച്ചമുളക് കൂടി ഇട്ടോ...!!! " അമ്മൂമ്മയുടെ ശബ്ദം എന്നെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തി.

"ഏത് ചേമ്പാ അമ്മൂമ്മേ?" ഞാന്‍ ചോദിച്ചു.

നോ റിപ്ലൈ.

ഉച്ചയുറക്കത്തിലെ പകല്‍ക്കിനാവില്‍,  അമ്മൂമ്മ ഏതോ പാചകരംഗത്തില്‍ പങ്കെടുക്കുകയാണ്.

ഞാന്‍ ചിന്തകളിലേക്ക് തിരിച്ചു വന്നു.

ഇപ്പൊ വീണ്ടും നീന്തല്‍ പഠിക്കാനുള്ള അസ്ക്യത തുടങ്ങിയിട്ടുണ്ട്. പനി മാറിയിട്ട് വേണം തുടങ്ങാന്‍. നീന്തല്‍ സാമഗ്രികളെല്ലാം റെഡി.

 അടുത്ത തിങ്കളാഴ്ച മുതല്‍ എന്തായാലും പോയിരിക്കും.... ഉറപ്പ്.

/അജ്ഞാതന്‍/ഈ പോസ്റ്റിന്‍റെ പ്രചോദനം: ക്രിസ്മസ്സ് കേയ്ക്ക് ഫ്രം കൊടകരപുരാണം.

Tuesday, June 14, 2011

ഭരത് വേഴ്സ്റ്റ്‌ ആക്ടര്‍

ഇത് കുറച്ചുകാലം മുന്‍പേ എഴുതാനിരുന്ന പോസ്റ്റ്‌ ആണ്. ഡൂള്‍ന്യൂസ്‌.കോം നടത്തിയ അവാര്‍ഡ്‌ പ്രഖ്യാപനം ഇപ്പൊ അതിനൊരു പ്രേരണയായി.

ഹോളിവുഡിലെപ്പോലെ ഇവിടെയും ഏറ്റവും മോശമായ ചലച്ചിത്രങ്ങള്‍ക്കും ചലച്ചിത്രപ്രവര്‍ത്തകര്‍ക്കുമുള്ള അവാര്‍ഡ്‌ പ്രഖ്യാപനം നടന്ന കാര്യം ചിലരെങ്കിലും അറിഞ്ഞു കാണും.

doolnews.com എന്ന വെബ്സൈറ്റ് "മലയാളം ഫിലിം ബോര്‍ അവാര്‍ഡ്‌" എന്ന പേരില്‍ പ്രഖ്യാപിച്ച അവാര്‍ഡുകള്‍ ചുവടെ ചേര്‍ക്കുന്നു.

മോശം സിനിമ: ഏപ്രില്‍ ഫൂള്‍
ജനരോഷം ഉയര്‍ത്തിയ സിനിമ: ഖാണ്ഡഹാര്‍
മോശം സംവിധായകന്‍: വിജി തമ്പി (ഏപ്രില്‍ ഫൂള്‍)
മോശം നടന്‍: മോഹന്‍ലാല്‍ (അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്, ഒരുനാള്‍ വരും, കാണ്ഡഹാര്‍)
മോശം നടി: അര്‍ച്ചനകവി( ബെസ്റ്റ് ഓഫ് ലക്ക്), റീമ കല്ലിങ്കല്‍(ബെസ്റ്റ് ഓഫ് ലക്ക്)
മോശം തിരക്കഥാകൃത്ത്: ജഗദീഷ്(ഏപ്രില്‍ ഫൂള്‍)
മോശം ഹാസ്യനടന്‍: സുരാജ് വെഞ്ഞാറമൂട്(തസ്‌കരലഹള, ത്രീ ചാര്‍സൗബീസ്, മറ്റു നിരവധി ചിത്രങ്ങള്‍)

ജൂറി അംഗങ്ങള്‍
വി.എച്ച് നിഷാദ് (ചെറുകഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍)
മജ്‌നി (ചിത്രകാരി)
നദീം നൗഷാദ് (ഡോക്യുമെന്റിറി സംവിധായകന്‍, എഴുത്തുകാരന്‍)
മുഹമ്മദ് സുഹൈല്‍ (എഡിറ്റര്‍ ഡൂള്‍ന്യൂസ്.കോം)
ഡോ.കവിതാ രാമന്‍ (നിരൂപക)

അഞ്ച് ലോകോത്തര സിനിമകളുടെ സീഡിയും ഒരു നല്ല സിനിമ കാണുന്നതിനുള്ള തുകയായ അമ്പത് രൂപയുമാണ് അവാര്‍ഡ്.

അവാര്‍ഡ്‌ നിര്‍ണയം പ്രതീക്ഷിച്ച പോലെ തന്നെ, മോഹന്‍ലാലിലെ നടന്‍റെയും നല്ല സിനിമകളുടെയും ഘാതകരായ മോഹന്‍ലാല്‍ഫാന്‍സിനെ രോഷം കൊള്ളിച്ചിരിക്കുകയാണ്.

ജൂറിയെ തെറിവിളിക്കുക, അടുത്ത കൊല്ലം മമ്മൂട്ടിക്കാണ് ഈ അവാര്‍ഡ്‌ എന്ന് ആക്രോശിക്കുക മുതലായ കലാപരിപാടികള്‍ അവര്‍ കമന്റ്സ് വഴി ആത്മാര്‍ഥമായി നടത്തുന്നുണ്ട്. തുടര്‍ന്ന് കേട്ട് തഴമ്പിച്ച  മമ്മൂട്ടി മോഹന്‍ലാല്‍ തര്‍ക്കങ്ങളും‍.

ജൂറിയില്‍ ഭൂരിഭാഗം മുസ്ലീങ്ങള്‍ ആയതിനാലാണ്, ഖാണ്ഡഹാര്‍ ജനരോഷം ഉയര്‍ത്തിയ സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത് എന്നും, മോശം നടന്‍റെ അവാര്‍ഡ്‌ മമ്മൂട്ടിക്ക് കൊടുക്കാഞ്ഞത് എന്നും ചിലര്‍ വര്‍ഗ്ഗീയം മൊഴിയുന്നു.

കിട്ടിയ അവസരത്തില്‍ കുറേപ്പേര്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പൃഥ്വിരാജിനെയും തെറി വിളിക്കുന്നുണ്ട്. കാര്യങ്ങളുടെ പോക്ക്
ഇങ്ങനെയാണെങ്കില്‍ പൃഥ്വിരാജ് മലയാളം സിനിമയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആകുന്നതിന് പകരം മലയാളം തെറിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആവുകയാകും അഭികാമ്യം.

ഇത് മോഹന്‍ലാലിന്‍റെ അഭിനയത്തിന്‍റെ കുഴപ്പമല്ല, മറിച്ച് നല്ല തിരക്കഥകളും സംവിധായകരെയും തെരഞ്ഞെടുത്തതിലാണ് മോഹന്‍ലാലിന്
കുഴപ്പം പറ്റിയത് എന്ന് വേറെ ചിലര്‍ ന്യായീകരിക്കുന്നു. (മുപ്പത് കൊല്ലം അഭിനയിച്ചിട്ടും നല്ല തിരക്കഥ തെരഞ്ഞെടുക്കാന്‍ അറിയില്ലെങ്കില്‍
ഈ പണി നിര്‍ത്തുകയാവും നല്ലത്)

എന്‍റെ അഭിപ്രായത്തില്‍, വാനപ്രസ്ഥത്തിന് ശേഷം, മോഹന്‍ലാല്‍ മുന്‍പ്‌ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള എത്ര കഥാപാത്രങ്ങള്‍ ചെയ്തു വിജയിപ്പിച്ചു എന്ന് ചോദിച്ചാല്‍ ഒറ്റക്കയ്യന്‍ ഗോവിന്ദച്ചാമിക്ക് പോലും വിരലില്‍ എണ്ണിപ്പറയാന്‍ പറ്റും. ബാക്കിയെല്ലാം പഴയ വീഞ്ഞുകള്‍.

അതേ സമയം മോഹന്‍ലാലിന്‍റെ നാലിലൊന്ന് ഫ്ലെക്സിബിലിറ്റി മാത്രം കൈമുതലായുള്ള മമ്മൂട്ടി, തന്‍റെ പരിമിതമായ കഴിവുകള്‍ പരമാവധി ഉപയോഗപ്പെടുത്തി രാജമാണിക്യവും പാലേരി മാണിക്യവും പ്രാഞ്ചിയേട്ടനും ഒക്കെ അഭിനയിച്ച് വിജയിപ്പിക്കുന്നു. ഇതിനിടയില്‍ ദ്രോണയും പോക്കിരിരാജയും അണ്ണന്‍തമ്പിയും വന്ദേമാതരവും ചട്ടമ്പിനാടും പോലുള്ള കടുത്ത ദ്രോഹങ്ങള്‍ മറന്നു കൂടാ.

മമ്മൂട്ടി, ഫാന്‍സിനെ തൃപ്തിപ്പെടുത്താന്‍ സിനിമകള്‍ ചെയ്യുന്നതിനോടൊപ്പം തന്നെ, ഉള്ളിലെ നടനെയും മെച്ചപ്പെടുത്താന്‍ കഥയും കഥാപാത്രങ്ങളും തേടുന്നു, അഭിനയിക്കുന്നു.
മോഹന്‍ലാല്‍ കൂടുതല്‍ തടിയനായി, കുറേക്കൂടി ചെറുപ്പക്കാരായ നടികളോടൊപ്പം ആടിപ്പാടി സ്വയം അപഹാസ്യനായി ഉള്ളിലെ നടനെ
അനുദിനം ഇല്ലാതാക്കുന്നു.

ഡിയര്‍ മോഹന്‍ലാല്‍ ഫാന്‍സ്‌,
മോഹന്‍ലാലിലെ നടന്‍റെ ഈ അധപതനത്തിന് നിങ്ങള്‍ക്ക് അഭിമാനിക്കാം.
മൂപ്പരടെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍, ബ്ലാക്കില്‍ ടിക്കറ്റ്‌ എടുക്കാനും, കട്ടൗട്ടില്‍ പൂമാല അണിയിക്കാനും, ആനപ്പുറത്ത് പടമെഴുന്നള്ളിക്കാനും, എത്ര തല്ലിപ്പൊളിപ്പടങ്ങള്‍ കണ്ടാലും പിന്നെയും കാണാനും കയ്യടിക്കാനും, രണ്ട് ദിവസം കൊണ്ട് തന്നെ മുടക്കുമുതല്‍ തിരിച്ചു നല്‍കാനും നിങ്ങള്‍ കുറേപ്പേര്‍ അക്ഷീണം നടക്കുമ്പോള്‍, മൂപ്പര്‍ക്ക് നല്ല തിരക്കഥ അന്വേഷിച്ച് മെനക്കെടേണ്ട ആവശ്യമൊന്നുമില്ല.

വല്ലപ്പോഴുമെങ്കിലും കഴിവിനെ ഉപയോഗപ്പെടുത്തുന്ന പകല്‍ നക്ഷത്രങ്ങള്‍ പോലെയുള്ള സിനിമകള്‍ നിങ്ങള്‍ പാടെ അവഗണിച്ച് അടുത്ത റെഡ്‌ ചില്ലീസിന് വേണ്ടി കാത്തിരിക്കുന്നത് മൂപ്പരിലെ നടനെ നല്ല സിനിമകളില്‍ നിന്ന് കൂടുതല്‍ അകറ്റുന്നുണ്ടാകും.

അപ്രിയ ലാലേട്ടാ,
താങ്കള്‍ ഒരു കൊല്ലം ഏഴോ എട്ടോ പടങ്ങളില്‍ അഭിനയിച്ചില്ലെങ്കില്‍ ഇവിടെ ഒരുത്തനും ജീവനൊടുക്കില്ല. താങ്കളുടെ താരമൂല്യവും കുറയില്ല.

ഭേദപ്പെട്ട ഒന്നോ രണ്ടോ സിനിമകള്‍ മതിയാകും. ഇപ്പൊ മലയാള സിനിമയ്ക്ക് താങ്കളെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ ഉപകാരമാകും അത്.

അപ്പൊപ്പിന്നെ, ചെയ്യേണ്ട പടങ്ങള്‍ നീ സെലക്ട്‌ ചെയ്തിട്ട്, ബാക്കി പടങ്ങള്‍ അഭിനയിച്ചാല്‍ കിട്ടേണ്ടിയിരുന്ന കോടികള്‍ നിന്‍റെ തറവാട്ടില്‍ നിന്ന് കൊണ്ടുത്തന്നാല്‍ മതി എന്ന് താങ്കളോ താങ്കളുടെ ഫാന്‍സ്‌ കോമരങ്ങളോ എന്നോട് പറഞ്ഞേക്കാം.

പണ്ട് ചിത്രവും വരവേല്‍പും കിരീടവും എന്നിങ്ങനെ, അഭിനയിക്കുന്നതില്‍ തൊണ്ണൂറു ശതമാനം സിനിമകളും മികച്ചതായിരുന്നപ്പോള്‍ തെരഞ്ഞെടുത്തതും കോടികള്‍ കൊടുത്തതും എന്‍റെ തറവാട്ടില്‍ നിന്നല്ല എന്ന് ഞാനും ഓര്‍മ്മിപ്പിച്ചു കൊള്ളട്ടെ.

മറ്റവാര്‍ഡുകളുടെ കാര്യത്തില്‍ സംശയങ്ങള്‍ കാര്യമായില്ല. മോശം നടി അര്‍ച്ചനാ കവിക്ക്‌ ഇത് കൊടുക്കാന്‍ മമ്മി ആന്‍ഡ്‌ മീ കൂടി പരിഗണിക്കാമായിരുന്നു. ഒപ്പം ശിക്കാറിലെ മൈഥിലിയേയും.

സുരാജിന്‍റെ കാര്യത്തില്‍ അഭിനയിച്ച ഒട്ടു മിക്ക ചിത്രങ്ങളിലേയും മോശം പ്രകടനത്തിന് എന്ന് പറയുകയായിരുന്നു ഉചിതം.

ഈ അവാര്‍ഡ്‌ പ്രഖ്യാപനത്തിന് സ്വാഗതം പറയുന്നതിനൊപ്പം ജൂറിയോട് ഒന്ന് ചോദിച്ചോട്ടെ.
മോഹന്‍ലാലിന് ഈ അവാര്‍ഡ്‌ കൊടുക്കും മുന്‍പ് സദ്ഗമയ എന്ന ചിത്രത്തിലെ സുരേഷ് ഗോപിയുടെയും, ഒരു സ്മോള്‍ ഫാമിലിയിലെ രാജസേനന്‍റെയും ഏപ്രില്‍ ഫൂള്‍, എഗൈന്‍ കാസര്‍ഗോഡ്‌ കാദര്‍ഭായി, സീനിയര്‍ മാന്‍ഡ്രേക്ക് എന്നീ ചിത്രങ്ങളിലെ ജഗദീഷിന്‍റെയും അഭിനയം കണ്ടിരുന്നുവോ ?

കണ്ടിരുന്നെങ്കില്‍ മോഹന്‍ലാലിന് ഇത് കിട്ടുമായിരുന്നു എന്ന് തോന്നുന്നില്ല. ഒപ്പം ഖാണ്ഡഹാറിനും.

മോഹന്‍ലാല്‍ എന്ന താരത്തിന്‍റെ ആരാധകര്‍, മോഹന്‍ലാല്‍ എന്ന നടന്‍റെ ശവപ്പെട്ടിയില്‍ ആണിയടിക്കുന്ന  Cultural & Welfare Programs ഇനിയെങ്കിലും നിര്‍ത്തട്ടെ എന്ന പ്രാര്‍ത്ഥനയോടെ നിര്‍ത്തുന്നു.
   
/അജ്ഞാതന്‍/

Tuesday, May 31, 2011

ക്ഷണക്കത്ത്


ബസ്‌ ഇരച്ച് കൊണ്ട്‌ ചുരം കയറുമ്പോള്‍, ഷട്ടര്‍ അല്‍പം പൊക്കി അലക്സ്‌ പുറത്തേക്ക് നോക്കി....
കുന്നിന്മുകളിലെ പള്ളി ചെറുതായി കണ്ടു തുടങ്ങിയിരിക്കുന്നു.

മഴവെള്ളം ബസ്സിനുള്ളിലേക്ക്‌ തെറിച്ചപ്പോള്‍, ഷട്ടര്‍ തിരികെ താഴ്ത്തി അയാള്‍ കണ്ണുകളടച്ചു.

കാലം കുറെയായി താനിതുവഴി വന്നിട്ട്.... അയാള്‍ മനസ്സിലോര്‍ത്തു.
കൃത്യമായി പറഞ്ഞാല്‍ നാല് വര്‍ഷങ്ങള്‍.

അവളുടെ വിവാഹത്തിനാണ് അവസാനമായി ആ പള്ളിയില്‍ വന്നത്... ആദ്യമായും.

വിവാഹം നിശ്ചയിച്ച കാര്യം തന്നോടവള്‍ പറഞ്ഞപ്പോള്‍, ആ ഇടറിയ ശബ്ദത്തില്‍ കേട്ട വേദന ഇപ്പോഴും തന്‍റെ കാതുകളിലുണ്ട്..

പോകേണ്ട എന്നാണ് ആദ്യം കരുതിയത്. പക്ഷേ, പോയി.

അവളെ നഷ്ടപ്പെട്ടു എന്ന് തനിക്ക് പൂര്‍ണമായി ഉള്‍ക്കൊള്ളണമെങ്കില്‍, അവള്‍ മറ്റൊരാളുടേതാകുന്നത് കാണണമെന്ന് അന്ന് തനിക്ക് തോന്നി.

ദൂരെ നിന്ന് അവള്‍ കാണാതെ താന്‍ ആ വിവാഹം കണ്ടു.

പള്ളിയുടെ പടികള്‍ തിരിച്ചിറങ്ങുമ്പോള്‍ മനസ്സില്‍ ഒന്നേ  പ്രാര്‍ത്ഥിച്ചുള്ളൂ..
"താന്‍ കൊടുക്കാനാഗ്രഹിച്ച സ്നേഹം, തനിക്ക് കൊടുക്കാന്‍ കഴിയാതെ പോയ സ്നേഹം, അതവള്‍ക്ക് നല്‍കാന്‍ അവന് കഴിയട്ടെ."

പിന്നീടൊരിക്കലും അവള്‍ക്കെഴുതുകയോ അവളെപ്പറ്റിയറിയാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല... അവളും.

നാട് വിട്ട് മരുഭൂമിയിലെത്തിയ നാളുകളില്‍, അവള്‍ ഉള്ളില്‍ മായാത്ത ഒരു വേദനയായിരുന്നു.
നാല് വര്‍ഷക്കാലത്തെ മണലാരണ്യത്തിലെ ഉരുകുന്ന വെയിലും പൊള്ളുന്ന മണല്‍ക്കാറ്റും തന്ന അനുഭവങ്ങള്‍, തന്നെ വേദനകള്‍ നേരിടാനും മറക്കാനും കഴിയുന്നൊരു മനുഷ്യനാക്കി മാറ്റി.

കാലം മായ്ച്ച വേദനകളുടെ കൂട്ടത്തില്‍ അവളും മറഞ്ഞു.....ആ വേര്‍പാടും..

തന്‍റെ വിവാഹക്ഷണക്കത്ത് കിട്ടും മുന്‍പ് തന്നെ, അവളെയാണ് ആദ്യം ക്ഷണിക്കേണ്ടത് എന്ന് തീരുമാനിച്ചിരുന്നു.

"To Mrs. & Mr. Antony" എന്നെഴുതിയ ക്ഷണക്കത്ത് അയാള്‍ വെറുതെ കയ്യിലെടുത്ത് നോക്കി.
തന്നെക്കാണുമ്പോള്‍... ഇത് കൊടുക്കുമ്പോള്‍..... അവളെങ്ങനെയാകും പ്രതികരിക്കുക...?

"പള്ളിമുക്ക് പള്ളിമുക്ക്....." കണ്ടക്ടറുടെ ശബ്ദം അലക്സിനെ ചിന്തകളില്‍ നിന്നുണര്‍ത്തി.

ക്ഷണക്കത്ത് ബാഗില്‍ ഭദ്രമായി തിരികെ വെച്ച് അയാള്‍ ബസ്സില്‍ നിന്നിറങ്ങി.

മഴയുടെ ശക്തി അപ്പോഴും കുറഞ്ഞിട്ടുണ്ടായിരുന്നില്ല.
വഴിയരികില്‍ കണ്ട ചായക്കടയുടെ തിണ്ണയിലേക്ക് കയറി നിന്ന്, മരുഭൂമിയില്‍ താന്‍ കാണാന്‍ കൊതിച്ച മഴയെ അയാള്‍ കൗതുകത്തോടെ നോക്കി.

ശക്തിയായി വീശിയ കാറ്റ് മുഖത്തേക്ക് വെള്ളം തെറിപ്പിച്ചപ്പോള്‍ അയാള്‍ അറിയാതെ പുഞ്ചിരിച്ചു..... മുഖത്ത് ആരോ ഇക്കിളിപ്പെടുത്തുന്ന പോലെ.

"ഒരു ചായയെടുക്കട്ടെ"
ശബ്ദം കേട്ട്, അലക്സ്‌ തിരിഞ്ഞു നോക്കി... ചായക്കടക്കാരനാണ്.

"ഉം"

"ഇവിടെ ആദ്യായിട്ടാണെന്ന് തോന്നുന്നു."

"അതെ"

"എവിടുന്നാ?"

അലക്സ്‌ മറുപടിയൊന്നും പറഞ്ഞില്ല..

"ആരെക്കാണാനാ? " ചായക്കടക്കാരന്‍ വിടുന്ന ഭാവമില്ല.

"ആന്‍റണി..." അലക്സ്‌ പറഞ്ഞു.

കടയിലുണ്ടായിരുന്നവര്‍ പരസ്പരം നോക്കി.

ആരും മിണ്ടുന്നില്ലെന്ന് കണ്ട് അലക്സ്‌ "ഇവിടെ അടുത്തെവിടെയോ അല്ലേ വീട്? നടക്കാനുള്ള ദൂരമേയുള്ളോ?"

നാട്ടുകാരിലൊരാള്‍ "ആന്‍റണിയുടെ ആരാ?"

അലക്സിന് എന്തോ പന്തികേട് തോന്നി.

നാട്ടുകാരന്‍ "മൂപ്പരെക്കാണണമെങ്കില്‍ നേരെ സബ്ജയിലിലേക്ക് വിട്ടോ.. ആളവിടെ ഇനി കുറച്ച് കാലം കാണും.. കൊലക്കേസാ ! "
 
തിരികെ നടക്കുമ്പോള്‍ ചായക്കടക്കാരന്‍റെ വാക്കുകള്‍ അലക്സിന്‍റെ കാതില്‍ മുഴങ്ങുന്നുണ്ടായിരുന്നു. " സ്റ്റൌ പൊട്ടിത്തെറിച്ചതാ... ആ പെണ്ണിന് പണ്ടാരോടോ പ്രേമമുണ്ടായിരുന്നെന്നറിഞ്ഞ മുതല്‍ ആ ദുഷ്ടന്‍ അവളെ കൊല്ലാകൊല ചെയ്യുകാരുന്നു. ചെലപ്പോ സഹികെട്ട് അവള്‍ തന്നെ ചെയ്തതാവും. അത്രയ്ക്ക് ദ്രോഹിച്ചിട്ടുണ്ട്. അതിന്‍റെ കാലക്കേട്, ഏതോ നല്ല തറവാട്ടില്‍ പിറന്നതാ... പറഞ്ഞിട്ടെന്താ...അതിനിത്രേ വിധിച്ചുട്ടുള്ളൂ."

ബസ്സ് ചുരമിറങ്ങുമ്പോള്‍ അലക്സ്‌, ക്ഷണക്കത്ത് ചുരുട്ടി പുറത്തേക്കെറിഞ്ഞു.

ഹെയര്‍പിന്‍ ബെന്റുകള്‍ തിരിയുന്നതിനിടയിലെപ്പോഴോ അയാള്‍ തിരിഞ്ഞു നോക്കി.

കുന്നിന്‍മുകളിലെ പള്ളി ഒരു പൊട്ട് പോലെ ചെറുതായി അപ്പോഴും കാണാമായിരുന്നു. മെല്ലെ മെല്ലെ അതയാളുടെ കണ്ണില്‍ നിന്ന് മറഞ്ഞു.

/അജ്ഞാതന്‍/

Tuesday, May 17, 2011

ലിജു എന്ന നിഷ്കളങ്കന്‍.

"കൊല പണ്ണിടുവേന്‍ റാസ്കല്‍.....ഉനക്ക്‌ എവ്വളവ് ധൈര്യം ഇരുക്കെടാ അയോഗ്യ.?......."   പൊതുവേ ശാന്തനായ പ്രിന്‍സിപ്പല്‍ പോറ്റിസാറിന്‍റെ പതിവില്ലാത്ത ഗര്‍ജ്ജനം കേട്ട്, ഓടിവന്ന സ്റ്റാഫുകളെ തള്ളിമാറ്റി ലിജു സര്‍വ്വശക്തിയുമെടുത്ത് പുറത്തേക്കോടി.

ലിജു നിഷ്കളങ്കനായിരുന്നു.

അല്ലെങ്കില്‍ കാല്‍ക്കുലസ് ക്ലാസ്സില്‍, കണക്ക് പകര്‍ത്തിയെഴുതുമ്പോള്‍, ബോര്‍ഡിലെ മാറാത്ത പാട് കണ്ടിട്ട്, "ആ രണ്ട് ഇക്വേഷന്‍റെ ഇടയില്‍ എന്തിനാ സാറേ ഒരു വെളുത്ത വര ?" എന്നവന്‍ ചോദിക്കുമായിരുന്നില്ല.

കെമിസ്ട്രിക്ലാസ്സില്‍, മാഷ്‌ ഒരു ഓര്‍ഗാനിക് കോമ്പൌണ്ട് ബോര്‍ഡില്‍ വരച്ച്, അതില്‍ ചൂണ്ടി "പേര് പറ" എന്ന് ലിജുവിനോട് നിര്‍ദ്ദേശിച്ചപ്പോള്‍, തന്‍റെ പേരാണ് ചോദിക്കുന്നതെന്ന് കരുതി "ലിജു" എന്നും, "ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍" എന്നോ മറ്റോ പ്രതീക്ഷിച്ച മാഷ്‌, "ലിജു" എന്ന ഉത്തരം കേട്ട് ഞെട്ടി നിന്നപ്പോള്‍, "ലിജുലിജുലിജു" എന്നുമവന്‍ തറപ്പിച്ച് പറയുമായിരുന്നില്ല.


സുവോളജി ലാബില്‍ അവന്‍ കൊന്ന് കീറിപ്പഠിച്ച തവള, ലാബ് കഴിഞ്ഞപ്പോള്‍ പരസഹായമില്ലാതെ ചാടിപ്പോയത് ഇന്നും തെളിയാത്ത പ്രഹേളികയാണ്..

HODയുടെ ഒപ്പിട്ട് വീണയുടെ റെക്കോര്‍ഡില്‍ പ്രണയലേഖനമെഴുതിയതും, ഫിസിക്സ്‌ ലാബിലെ ന്യൂട്ടന്‍റെ ചിത്രത്തില്‍ മീശ വരച്ച് ചുണ്ടില്‍ ബീഡി തിരുകി, താഴെ "ആരുണ്ടെടാ എന്നോടും ഐന്‍സ്റ്റീനിനോടും കളിക്കാന്‍?" എന്നെഴുതിയതും, വാര്‍ഡന്‍റെ മുറിയിലേക്ക് കത്തിക്കാത്ത മാലപ്പടക്കം എറിഞ്ഞിട്ട് "ഇതെന്താ മാരണം പൊട്ടാത്തത് ?" എന്ന് ചിന്തിച്ച് വെളിയില്‍ കാത്തുനിന്നതും, ലിജുവിന്‍റെ ലീലകള്‍ ആയിരുന്നുവെങ്കിലും, കെമിസ്ട്രി ലാബിലെ പിപ്പെറ്റും ബ്യൂററ്റും പൊട്ടിച്ചതില്‍ അവന് പങ്കില്ലായിരുന്നു.

ലിജു കുറ്റാരോപിതനായത് തികച്ചും സ്വാഭാവികമായിരുന്നു.

ഓഫീസ് മുറിയില്‍ വെച്ച് അധ്യാപകര്‍ പ്രിന്‍സിപ്പലിന്‍റെ നേതൃത്വത്തില്‍ മാറി മാറി ചോദ്യം ചെയ്തപ്പോള്‍, ലിജു മൗനം പാലിച്ചു..... ലാബിലെ അക്രമത്തിന് പിന്നില്‍ ആരാണെന്ന് അറിയാമായിരുന്നുവെങ്കിലും.

ചോദ്യംചെയ്യലിനിടയിലെപ്പോഴോ‍, പോറ്റിസാറിന് കുടിക്കാന്‍, പ്യൂണ്‍ മേശപ്പുറത്ത് ചായ കൊണ്ട് വെച്ചു.

ചോദ്യങ്ങളാല്‍ പീഡിപ്പിക്കപ്പെട്ട് സ്വബോധം നഷ്ടപ്പെട്ടതോ, അതോ ഏതോ ഉച്ചക്കിറുക്കിന്‍റെ ആരംഭലക്ഷണമോ..എന്തോ

ഉപബോധമനസ്സിലെ ഏത് ചേതോവികാരത്തിന് അടിമപ്പെട്ടാണെന്നറിയില്ല, മേശയ്ക്കടുത്ത് നിന്ന ലിജു ആ ചായയെടുത്ത് ഒരു കവിള്‍ കുടിച്ചു !!!!

പോറ്റിസാറടക്കം സകലരും സ്തബ്ധരായി ചുറ്റിനും നില്‍ക്കുന്നത്, ലിജു ഒരു നിമിഷം അറിഞ്ഞില്ല.
"How dare you...?" എന്ന പോറ്റിസാറിന്‍റെ ചോദ്യമാണ് ലിജുവിനെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്.

സംഗതികള്‍ അവിടെയും തീര്‍ന്നില്ല. . 

സംഭവത്തിന്‍റെ ഗൗരവം മനസ്സിലാക്കിയ ലിജുവിന്‍റെ തലച്ചോറിലെ Reflex Action, അതിലും ഭീകരമായിരുന്നു.
വായിലൊഴിച്ച ചായ തിരികെ കപ്പിലേക്ക് refill ചെയ്തിട്ട്, "സോറി സര്‍, സാറിന് കൊണ്ട് വന്നതാണല്ലേ.. സാര്‍ കുടിച്ചോളൂ." എന്ന് പറഞ്ഞു ലിജു, കപ്പ്‌ മേശപ്പുറത്ത് പോറ്റിസാറിന്‍റെ അടുത്തേക്ക്‌ നീക്കിവെച്ചു.

ലിജുവിന്‍റെ സ്വബോധവും അബോധവും ഒന്നിനൊന്ന് അലമ്പാണെന്ന് തിരിച്ചറിഞ്ഞ പോറ്റിസാര്‍, മുണ്ട് മടക്കിക്കുത്തി തമിഴ്‌ തുടങ്ങിയതും, പരിപൂര്‍ണ്ണസ്വബോധം തിരിച്ചുകിട്ടിയ ലിജു ഇറങ്ങി ഓടിയതും സ്വാഭാവികം.

ഷര്‍ട്ടിന്‍റെ കോളര്‍ കൊണ്ട്, മേല്‍ച്ചുണ്ടില്‍ പറ്റിയ പത തുടച്ച് ഓടുമ്പോള്‍, ലിജു മനസ്സിലോര്‍ത്തു......"നല്ല കടുപ്പം.."


/അജ്ഞാതന്‍/Creative Commons License
http://hiddenflash.blogspot.com by Ajnaathan is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.