Friday, September 28, 2012

ഗാനമേള.


ഞാന്‍ ആറിലും ചേട്ടന്‍ പത്തിലും പഠിക്കുന്ന കാലം.

സാത്താങ്കുളത്ത് ജോലി ചെയ്തിരുന്ന കുഞ്ഞേട്ടന്‍, മാസാമാസം വീട്ടില്‍ വരുമ്പോള്‍ ഫൈവ്സ്റ്റാറിനും ജെംസിനുമൊപ്പം കൊണ്ടുവന്നിരുന്ന തമിഴ്‌ഗാനങ്ങള്‍ കേട്ട് ഞാനും ചേട്ടനും കടുത്ത എസ്.പി-ഇളയരാജ ഭക്തരായി വളരുന്ന കാലം.

ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും എന്ന് വേണ്ട, അപരിചിതരായ ആരെങ്കിലും വീട്ടില്‍ വന്നാല്‍, "ഇത് തമിഴ് മക്കളോടെ ഇടം" എന്ന് വന്നവര്‍ക്ക് തോന്നും വിധം വീട് 24x7 തമിഴ്‌ പാട്ടുകളാല്‍ മുഖരിതമായിരുന്നു.

നേരം വെളുക്കുമ്പോ "അടി രാക്കമ്മാ കയ്യെത്തട്ട്" തുടങ്ങി, ബ്രേക്ക് ഫാസ്റ്റ് ടൈമില്‍ "കറവാ മാട് പോലെ" യില്‍ എത്തി നില്‍ക്കുമ്പോള്‍, റിട്ടയേര്‍ഡ്‌ മലയാളം അധ്യാപികയായ അമ്മൂമ്മ സഹികെട്ട് പറയും "ആ രാജ എന്ന കറുത്ത കുന്തം, അവനെ ഉലക്ക കൊണ്ട് ചതച്ച് കൊല്ലണം...!"

ഇത് കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ അമ്മൂമ്മയുടെ ചെവിക്കീഴില്‍ച്ചെന്ന് " അട ജുംബാ.., മച്ചാനാ മച്ചാനാ " മുതലായ, ഇളയരാജയ്ക്ക് പോലും പിന്നീട് "ഛെ... വേണ്ടാരുന്നു" എന്ന് തോന്നിപ്പിച്ച പാട്ടുകള്‍ ഉറക്കെ പാടി അമ്മൂമ്മയെ കൂടുതല്‍ വികാരഭരിതയാക്കും.

ഒരു ദിവസം രാവിലെ ഞാന്‍ പല്ല് തേച്ചുകൊണ്ടിരിക്കുമ്പോള്‍ (വല്ല്യ ആത്മാര്‍ഥമായിട്ടൊന്നുമല്ല, വെറുതെ മറ്റുള്ളവരെ ബോധിപ്പിക്കാന്‍), ചേട്ടന്‍ ചീറിപ്പാഞ്ഞു വന്ന്, അമിതാഹ്ലാദം കൊണ്ട് പതിവിലും വികൃതമായ ശബ്ദത്തില്‍ "ഗുര്‍ളുഗുളുഗുളു" എന്നോ മറ്റോ പറഞ്ഞു.

"ങേ..?" എന്ന് നിന്ന എന്നോട് "ഡാ, എസ്.പീടെ ഗാനമേള, തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത്" എന്ന് ആവേശത്തോടെ ചേട്ടന്‍ പറഞ്ഞു.

"ഹെന്‍റമ്മേ..!" കേട്ട ഞെട്ടലില്‍ വായിലുണ്ടായിരുന്ന പകുതി പേസ്റ്റ് വയറ്റിലെത്തിയെങ്കിലും എനിക്കത് അത്ര വിശ്വാസമായില്ല.

കൂടപ്പിറപ്പാണെങ്കിലും അക്കാലത്ത് എനിക്ക് തീരെ ബഹുമാനവും വിശ്വാസവുമില്ലാത്ത ഒരാളായിരുന്നു ചേട്ടന്‍.

എങ്ങനെ ഉണ്ടാകും?

നല്ല കിടിലന്‍ വിളിപ്പേരാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കുറേക്കാലം എന്നെ "ജോണ്ടിസ്‌" എന്ന് വിളിച്ച് നടന്ന ഐറ്റം ആണ് ടിയാന്‍.

പെണ്‍കുട്ടികളെ പ്രസവിക്കുന്നത് അമ്മമാരും ആണ്‍കുട്ടികളെ പ്രസവിക്കുന്നത് അച്ഛന്‍മാരും ആണെന്ന് എനിക്ക് പറഞ്ഞ് തന്നതും മറ്റാരുമല്ല.

മൂപ്പരാണ് പറയുന്നത് ഗാനമേളേടെ കാര്യം.
"പുത്തരിക്കണ്ടം മൈതാനം" പോലും, കേട്ടാലേ അറിയാം പുളു ആണെന്ന്. "കണ്ടം എങ്ങനാ മൈതാനം ആകുന്നത്?"

ബാക്കി പേസ്റ്റ് നീട്ടിത്തുപ്പി പുച്ഛത്തോടെ നിന്ന എന്നെ, ചേട്ടന്‍ പത്രത്തിലെ പരസ്യം കാട്ടി.

ഇത്തവണ ഞാന്‍ ശരിക്കും ഞെട്ടി.
സംഗതി സത്യം തന്നെ... പക്ഷെ സംശയം മാറിയില്ല.. കണ്ടം എങ്ങനെ മൈതാനമാകും?

ആ ചോദ്യം ദിവസം മുഴുവന്‍ എന്നെ അലട്ടി കൊണ്ടിരുന്നു -   സയന്‍സ് പിരീഡില്‍ ഉണങ്ങിയ മുറിവ് കുത്തിപ്പൊട്ടിക്കുമ്പോഴും, ഇംഗ്ലീഷ് പിരീഡില്‍ ഉത്തരം പറയാന്‍ എഴുന്നേറ്റ മിറോഷ് മോഹന്‍റെ സീറ്റില്‍ കോംപസ്‌ വെയ്ക്കുമ്പോഴുമെല്ലാം.

വൈകുന്നേരം ആയപ്പോഴേക്കും ഞാന്‍ തന്നെ അതിന്‍റെ ഉത്തരം കണ്ടുപിടിച്ചു.

പുത്തരിക്കണ്ടം ആവില്ല, പൂത്തരിക്കണ്ടം ആവും. പൂത്ത അരി കണ്ടം.

അത് തന്നെ... അരി ഒക്കെ പൂത്ത് പോയത് കാരണം ഗവര്‍ണറോ മറ്റോ കണ്ടം മൈതാനമായി പ്രഖ്യാപിച്ചു കാണും.

പണ്ടേ ഞാന്‍ ഇങ്ങനെയാ... എല്ലാ സംശയങ്ങള്‍ക്കും സ്വയം ഉത്തരം കണ്ടെത്തും.

മഹാഭാരതം സീരിയല്‍ കാണുമ്പോള്‍ പാണ്ഡവര്‍ക്ക്, ഈ കൗരവര്‍ എങ്ങനെയാണ് അവര്‍ ചോദിച്ച പകുതി രാജ്യം കൃത്യമായി അളന്ന് കൊടുക്കുകയെന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു.

അതിനുള്ള ഉത്തരം സ്വയം കണ്ടെത്തിയ ശേഷമാണ് സ്ഥിതീകരിക്കാന്‍ ചാരുകസേരയില്‍ അച്ഛന്‍റെ നെഞ്ചില്‍ ചാഞ്ഞു കിടക്കുമ്പോള്‍ "പിച്ചാത്തി വെച്ച് കീറിയാല്‍ സിംഹാസനം മുറിയുമോ?" എന്ന് ചോദിച്ചത്.

എന്‍റെ ചിന്താഗതി പ്രകാരം, സഭയുടെ നടുക്കുള്ള സിംഹാസനം ഹലുവ മുറിക്കുന്ന പോലെ പകുതിയായി കീറിമുറിച്ച് ഇരുവശത്തും ഉള്ള പീഠങ്ങള്‍ കൗരവര്‍ക്കും പാണ്ഡവര്‍ക്കും ഒരേ പോലെ വീതിച്ച്‌ കൊടുക്കുന്നതാണ് ഈ പകുതി രാജ്യം കൊടുക്കല്‍.

ശോ... സൊല്ല വന്ത മാറ്റര്‍ വിട്ടു പോയാച്ച്.. മന്നിച്ചിടുങ്കോ

അന്ന് തുടങ്ങി ദിവസങ്ങളോളമുള്ള ഞങ്ങളുടെ നിരന്തരമായ അപേക്ഷ പരിഗണിച്ച്, ഗാനമേള കാണണം എന്ന ഞങ്ങളുടെ ആവശ്യം, തികച്ചും ഒരനാവശ്യം ആയിരുന്നെങ്കില്‍ക്കൂടി അച്ഛന്‍ അംഗീകരിച്ചു.

അങ്ങനെ സംഭവദിവസം വന്നെത്തി.
സംഭവസമയത്തിന് രണ്ട് മണിക്കൂര്‍ മുന്‍പ് തന്നെ ഞങ്ങള്‍ സംഭവസ്ഥലത്തെത്തി. സംഭവം കാണാന്‍ നല്ല ക്യൂ.

നല്ല മൊട്ട വെയിലില്‍, ആ നീണ്ട ക്യൂവില്‍ നിന്ന് വാടിക്കരിയുമ്പോഴും ഞങ്ങളുടെ ഹൃദയം, "എസ്.പി, എസ്.പി" എന്ന് താളത്തില്‍ മിടിച്ചു കൊണ്ടിരുന്നു.

ക്യൂവില്‍ ഞങ്ങള്‍ നിന്ന സ്ഥലത്തിനരികെ ഒരു തമിഴന്‍ പലകമേല്‍ കുറെ പുസ്തകങ്ങള്‍ വില്‍ക്കാന്‍ വെച്ചിട്ടുണ്ടായിരുന്നു.
നാന, വെള്ളിനക്ഷത്രം, വനിത, മഹിളാരത്നം, മനോരാജ്യം തുടങ്ങി മലയാളികള്‍ അത്യന്താപേക്ഷിതമായി അറിഞ്ഞിരിക്കേണ്ട GK അടങ്ങുന്നവ‌.

അക്കൂട്ടത്തില്‍ "മന്ത്രിയുടെ തന്ത്രങ്ങള്‍" ഉണ്ടായിരുന്നു... അക്കാലത്ത് ബാലരമയില്‍ ഉണ്ടായിരുന്ന പ്രശസ്തമായ ചിത്രകഥ.

അത് വേണം എന്നാഗ്രഹം ഉണ്ടായിരുന്നെങ്കിലും അച്ഛനോട് ചോദിച്ചില്ല. ഒരു വലിയ ദുരാഗ്രഹം സാധിച്ച് തന്ന അവസരത്തില്‍ അച്ഛനോട് വീണ്ടും ചോദിക്കാന്‍ ഒരു മടി.

ക്യൂവില്‍ നിന്ന പലരും പല പുസ്തകങ്ങളും മറിച്ച് നോക്കുന്നുണ്ട്.
അത് കണ്ട് ഞാനും "മന്ത്രിയുടെ തന്ത്രങ്ങള്‍" മറിച്ച് നോക്കാനെടുത്തു, അച്ഛന്‍ കാണാതെ.

പതുക്കെ പേജുകള്‍ മറിച്ച് ചിത്രങ്ങള്‍ നോക്കി നോക്കി, മെല്ലെ മെല്ലെ വായന തുടങ്ങി രസം പിടിച്ച ഞാന്‍, മറ്റുള്ളവര്‍ പുസ്തകങ്ങള്‍ മറിച്ച് നോക്കുന്നതോടൊപ്പം വാങ്ങുന്നുമുണ്ട് എന്ന് മനസ്സിലാക്കാതെ പരിസരം മറന്ന് വായനയില്‍ മുഴുകി.
തദ്വാരാ, എന്നെ നോട്ട് ചെയ്ത തമിഴന്‍ കച്ചവടക്കാരന്‍റെ കണ്ണുകളെയും ഞാന്‍ തിരിച്ചറിഞ്ഞില്ല.

എന്‍റെ പരിപാടി മെഗാസീരിയല്‍ പോലെ അന്തമില്ലാതെ നീളുന്നത് കണ്ട തമിഴന്‍, ബുക്കിന്‍റെ ഒരറ്റത്ത് പിടിച്ച് "ഉനക്കിത് വേണമാ?" എന്ന് കണ്ണുരുട്ടി ചോദിച്ചതും, പരിസരബോധം തിരിച്ചുകിട്ടിയ ഞാന്‍ പെട്ടെന്ന് ചുറ്റും നിന്നവര്‍ ചെയ്യുന്നത് പോലെ അഞ്ചാറ് പേജ് മറിച്ച് നോക്കിയിട്ട് "ഓ.. വേണ്ട" എന്ന് പറഞ്ഞ് തിരികെ വെച്ചിട്ട് "എന്നാലും ഒന്നൂടെ നോക്കട്ടെ" എന്ന് പറഞ്ഞ് മന്ത്രിയുടെ തന്ത്രങ്ങള്‍ വീണ്ടും കയ്യിലെടുത്തതും മാത്രം ഓര്‍മ്മയുണ്ട്.

"അമ്പി" അന്യനായി മാറിയത് പെട്ടെന്നായിരുന്നു.

ചുട്ട വെയിലത്ത് നിന്ന് പുസ്തകം വിറ്റ് ഉപജീവനം നടത്തുന്ന ഊരുക്ക് ഉഴൈപ്പാളി തമിഴന്‍, "യോ..എന്നാ ഇത്" എന്ന് തുടങ്ങി "ദുട്ട്, ഓസ്‌, വെക്കമില്ലയാ, പുറമ്പോക്ക്" മുതലായ വാക്കുകള്‍ ഉള്‍ക്കൊള്ളുന്ന ചെറുപ്രഭാഷണത്തിലൂടെ, തമിഴ്‌ ഭാഷയില്‍ നാടന്‍ ശീലുള്ള മധുരഗാനങ്ങള്‍ മാത്രമല്ല, കേള്‍വിക്കാരുടെ ഇദയം കുളിര്‍പ്പിച്ച് നെഞ്ചം തുടിപ്പിക്കുന്ന
തായ്തമിഴ്ത്തെറികളും പിറവിയെടുത്തിട്ടുണ്ടെന്ന് എനിക്ക് മനസ്സിലാക്കിത്തന്നു.

മൂപ്പര്‍ മറ്റാരെയോ ആണ് ഈ പറയുന്നത് എന്ന മട്ടില്‍ ഞാന്‍ വളരെ മാന്യനായി, നിക്കറിന്‍റെ പോക്കറ്റില്‍ കയ്യും തിരുകി, ആ പ്രായത്തില്‍ മുഖത്ത് വരുത്താന്‍ കഴിഞ്ഞിരുന്ന മാക്സിമം ഗൗരവം വരുത്തി, സെക്രട്ടേറിയറ്റിന് മുന്നില്‍ ദിവാന്‍ സര്‍ മാധവറാവു പ്രതിമ നില്‍ക്കും പോലെ കിഴക്കോട്ട് നോക്കി അനങ്ങാതെ നിന്നു.

"പോയ്യാ..." എന്ന് പറഞ്ഞ് അവന്‍ തേന്‍മൊഴി അവസാനിപ്പിച്ചു എന്നുറപ്പ് വരുത്തിയ ശേഷവും ഞാന്‍ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ല.

മന്ത്രിയുടെ തന്ത്രങ്ങള്‍ നോക്കിയിട്ട് അടുത്തുണ്ടായിരുന്ന "കപീഷ്" കൂടി ഒന്ന് മറിച്ച് നോക്കണമെന്നുണ്ടായിരുന്നു. പക്ഷെ നോക്കിയില്ല.

തിരിച്ച് ചെല്ലും മുന്‍പ് ഏതെങ്കിലും തമിഴന്‍റെ കയ്യീന്ന് തലയ്ക്ക് മാട്ടും വാങ്ങീട്ടേ വരുകയുള്ളു എന്ന് ബെറ്റ്‌ വെച്ചിട്ടൊന്നുമല്ലല്ലോ നമ്മള് രാവിലെ വീട്ടീന്നിറങ്ങിയത്.

വാല്‍കഷ്ണം:
സ്റ്റേജില്‍ നിന്നും അരക്കിലോമീറ്ററോളം ദൂരെയിരുന്ന് എസ്.പിയെ, രണ്ട് രൂപ നാണയത്തിന്‍റെ സൈസിലാണ് കണ്ടതെങ്കിലും പരിപാടി മൊത്തത്തില്‍ എന്‍ജോയബിള്‍ ആയിരുന്നു, തമിഴന്‍ പിന്നാലെയെങ്ങാനം വരുന്നുണ്ടോ എന്ന ചിന്ത എന്നെ ഇടയ്ക്കിടെ അസ്വസ്ഥനാക്കിയിരുന്നെങ്കിലും.

ഗാനമേള കണ്ടതിനേക്കാള്‍ സംതൃപ്തി തോന്നിയത്, തിരിച്ച് സ്കൂളില്‍ ചെന്ന്, ഞങ്ങള്‍ ഗാനമേള ഏറ്റവും മുന്‍പിലിരുന്നു കണ്ടു എന്നും, ഞങ്ങള്‍ വിളിച്ച് പറഞ്ഞ മൂന്ന് പാട്ടുകള്‍ എസ്.പി. പാടി കേള്‍പ്പിച്ചിട്ടാണ് പരിപാടി നിര്‍ത്തിയതെന്നും കൂടെ പഠിച്ചിരുന്ന "മറ്റു മണ്ടന്മാരെ" പറഞ്ഞ് വിശ്വസിപ്പിച്ച പ്പോഴാണ്.


/അജ്ഞാതന്‍/

Friday, September 14, 2012

സംവരക്ഷണം

ഏമാന്‍: എല്ലാരും വന്നോ?

സദസ്സ്: വന്നേ.

ഏമാന്‍: ഷൂസ് കൊണ്ട് ഏറു കൊണ്ടവന്‍ വന്നോ?

സദസ്സ്: ഉവ്വേ.

ഏമാന്‍: ചെവിക്കുറ്റിക്ക് തല്ല് കൊണ്ടവനോ?

സദസ്സ്: എല്ലാരും വന്നേമാനേ.

ഏമാന്‍: ശരി, എല്ലാരും വന്നത് നന്നായി. നമ്മുടെ ഭരണം കൊണ്ട് ജനങ്ങള്‍ കുത്തുപാളയെടുത്ത് കുന്തം വിഴുങ്ങി ഇരിക്കുവാണെന്ന്
നമ്മള്‍ക്കെല്ലാര്‍ക്കും അറിവുള്ളതാണല്ലോ.

സദസ്സ് അഭിമാനം കൊണ്ട് മന്ദഹസിച്ചു.

ഏമാന്‍: അത് കൊണ്ട് അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് നമ്മുടെ സംവരക്ഷണക്കാരെയെങ്കിലും കയ്യിലെടുക്കണമെന്ന് കൊച്ചമ്മ
പറഞ്ഞിട്ടുണ്ട്.

സദസ്സ്: നമുക്ക് കൊച്ചുമുതലാളിയെ വിട്ടാലോ?

ഏമാന്‍: അങ്ങുത്തരപ്രദേശത്തെ തെരഞ്ഞെടുപ്പ് ഫലം കണ്ട ശേഷം കൊച്ചമ്മ അവനെ തറവാടിന് പുറത്തെ കാറ്റ് കൊള്ളിച്ചിട്ടില്ല.

സദസ്സ്: അപ്പൊ എന്ത് ചെയ്യും?

ഏമാന്‍: സമൂഹത്തില്‍ തുല്യത ഉറപ്പ് വരുത്താനും, എല്ലാ വിഭാഗക്കാരുടെയും ഒരു പോലെയുള്ള ഉന്നമനത്തിന് വേണ്ടിയും കുറച്ച് മേഖലകളില്‍ കൂടി കൊണ്ടുവരേണ്ട മാറ്റങ്ങളെപ്പറ്റിയുള്ള നിര്‍ദ്ദേശങ്ങള്‍ കൊച്ചമ്മ തന്നിട്ടുണ്ട്.
ഞാന്‍ അതോരോന്നായി വായിക്കാം.

ഗതാഗതം.

1. സംവരക്ഷണക്കാര്‍ക്ക് ഇരുചക്രവാഹനം ഓടിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമല്ല.

2. പക്ഷെ കാര്‍ ഓടിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. ലൈസന്‍സ്‌ കിട്ടാന്‍ സംവരക്ഷണക്കാര്‍ "H"ന് പകരം "I" ഓടിച്ച് കാണിച്ചാല്‍ മതി.

3. അപകടം ഉണ്ടാ(ക്കി)യാല്‍ കുറ്റം ആരുടേതായാലും, അപകടമുണ്ടായത് ആരുമായാണോ, അവനില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങി സംവരണക്ഷകന് നല്‍കണം.

എതിര്‍പാര്‍ട്ടിയും സംവരക്ഷണക്കാര്യത്തില്‍ തത്തുല്യയോഗ്യനാനെങ്കില്‍ നഷ്ടപരിഹാരം അപകടം നടന്ന സ്ഥലത്തിന് ഏറ്റവും അടുത്ത് താമസിക്കുന്ന സംവരക്ഷണം ഇല്ലാത്തവന്‍റെ കയ്യില്‍ നിന്ന് വാങ്ങി കൊടുക്കും.

4. സംവരക്ഷണക്കാരന് റെഡ് സിഗ്നല്‍ ബാധകമല്ല.

5. സ്പീഡ് ലിമിറ്റിന്‍റെ കാര്യം പ്രത്യേകം പറയേണ്ടല്ലോ. മറ്റുള്ളവര്‍ക്ക് 70 കി.മി യും സംവരക്ഷണന് 120 കിമിയും.

ആരോഗ്യം.
1. സംവരക്ഷണന് എല്ലാ ആസ്പത്രികളിലും ചികിത്സ ഫ്രീ.

2. ലേബര്‍ റൂമില്‍ സംവരക്ഷണകളുടെ സുഖപ്രസവം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ മറ്റുള്ള ഗര്‍ഭിണികളുടെ കേസ് പരിഗണിക്കാവൂ.

3. സംവരക്ഷണന്‍ ഡോക്ടര്‍ക്ക് തന്‍റെ കൈപ്പിഴ കൊണ്ട് വര്‍ഷം 25 രോഗികളുടെ വരെ മരണം അനുവദനീയമാണ്.

സിനിമ. 
1. ഒരു സിനിമയില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങളില്‍ 40% പേര്‍ സംവരക്ഷണക്കാര്‍ ആയിരിക്കണം.

2. നായകന്‍ സംവരക്ഷണക്കാരന്‍ അല്ലെങ്കില്‍ നായിക സംവരക്ഷണക്കാരി ആയിരിക്കണം. അത് പോലെ തിരിച്ചും.
യുഗ്മഗാനങ്ങള്‍ പാടുന്ന ഗായകരുടെ കാര്യത്തിലും ഇത് ബാധകമാണ്. സംവരക്ഷണന് രണ്ട് പിച്ച് താഴ്ത്തി പാടിയാലും മതി.

3. സംസ്ഥാന/ദേശീയ അവാര്‍ഡുകളിലും 70% സംവരക്ഷണം ഉണ്ടാകും.

സ്പോര്‍ട്സ്
1. ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ സംവരക്ഷണക്കാര്‍ക്ക് വേണ്ടി ഗ്രൗണ്ടില്‍ ഒരു ചെറിയ ബൗണ്ടറി വരയ്ക്കണം.
അവര്‍ക്ക് ഫോറിനും സിക്സിനും ആ ബൗണ്ടറി മതി.

2. സംവരക്ഷണക്കാരന്‍ എറിയുന്ന ഓവറില്‍ മൂന്ന് ബോള്‍ മതി. എറിയുന്ന വൈഡിനും നോബോളിനും റണ്‍ ഉണ്ടാവില്ല.

3. ഫുട്ബോള്‍  കളിക്കുമ്പോള്‍, സംവരക്ഷണക്കാരന്  പ്രത്യേകം, വലിയ ഗോള്‍ പോസ്റ്റ്‌ വേണം.

4. കളിക്കിടയില്‍ സംവരക്ഷണനെ മഞ്ഞയോ ചുവപ്പോ കാര്‍ഡ്‌ കാണിക്കാന്‍ പാടില്ല.

5. സംവരക്ഷണന്‍ റഫറിക്ക് ആരെ വേണെമെങ്കിലും റെഡ്‌ കാര്‍ഡ്‌ കാണിച്ച് പുറത്താക്കാം, വേണമെങ്കില്‍ കളി കാണുന്നവനെ വരെ.
(കട്: മൊത്തം ചില്ലറ)

വിദ്യാഭ്യാസം.
ഇനി ആനുകൂല്യം നല്‍കിയാല്‍ സന്തോഷം കൊണ്ട് അവര്‍ തന്നെ എന്നെ തല്ലിക്കൊല്ലും.

മറ്റുള്ളവ
1. സംവരക്ഷണന്‍റെ വിവാഹപ്രായം പതിനെട്ടും സംവരക്ഷണയ്ക്ക് പതിനാറും.

2. ബിവിറെജിന് മുന്നില്‍ സംവരക്ഷണക്കാര്‍ക്ക് പ്രത്യേകം ക്യൂ ഉണ്ടാകും. 10% ഡിസ്കൗണ്ടും.

3. സംവരക്ഷണക്കാരന്‍ വിവരാവകാശ നിയമത്തിന്‍റെ പരിധിക്കുള്ളില്‍ വരില്ല.

4. തീവണ്ടി ബര്‍ത്തുകളില്‍ 90% സംവരക്ഷണം. മറ്റുള്ളവന്‍ RACയില്‍ ഇരുന്ന് പോയാല്‍ മതി.

ഏമാന്‍: എങ്ങനെയുണ്ട് കാര്യങ്ങള്‍? സദസ്സെന്താ ഒന്നും മിണ്ടാതെ ഞെരിപിരി കൊള്ളുന്നത്‌?

സദസ്സ്: ഞെരിപിരി അല്ല ഏമാനേ, പുളകം കൊണ്ട് വീര്‍പ്പ് മുട്ടി ആനന്ദം കൊണ്ട് ശ്വാസം മുട്ടുന്നതാ... തെരഞ്ഞെടുപ്പില്‍ നമ്മളൊരു കലക്ക് കലക്കും. അടുത്ത ഭരണവും നമുക്ക് തന്നെ. ഹിയ്യട ഹിയ്യാ....

ഏമാന്‍: ഇത് കൊണ്ടും ഏറ്റില്ലെങ്കില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്നെ സംവരക്ഷണന് ഇന്ധനവിലയില്‍ ഇളവും ഗ്യാസ് കുറ്റികളുടെ എണ്ണത്തില്‍ വര്‍ദ്ധനയും കൊടുക്കും. ഹല്ല പിന്നെ, എക്ണോമിക്സ് പഠിച്ചവനോടാ കളി...

/അജ്ഞാതന്‍/Creative Commons License
http://hiddenflash.blogspot.com by Ajnaathan is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.