Saturday, July 9, 2011

സ്വിമ്മിംഗ് പൂള്‍

നീന്തല്‍ പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത് ഒരു പഴയ ഗുദാമിലാണ്.... ബാംഗ്ലൂരിലെ ഗുരുകുല്‍ സ്വിമ്മിംഗ് പൂള്‍.

ആവശ്യം അറിയിച്ചപ്പോ മണിക്കൂറിന് അറുപത് രൂപയും സ്വിം സ്യൂട്ടും വേണമെന്ന് പറഞ്ഞു.

മാസാവസാനം കയ്യില്‍ എന്തുണ്ട് കൊടുക്കാന്‍?

ക്രെഡിറ്റ്‌ കാര്‍ഡ് ഉരച്ചു വാങ്ങിയ വെളുത്ത നീന്തല്‍ നിക്കറും, കറുത്ത തൊപ്പിയും, നീല ഗൂഗിള്‍സും ധരിച്ച് മനസ്സില്‍ ജലദേവതയെ ധ്യാനിച്ച്‌ ഒറ്റ ചാട്ടം.... ബ്ലും.

ചാടി മുഴുമിക്കും മുന്‍പേ തണുപ്പും പൊടിയും മെഴുക്കും സമാസമം ചേര്‍ന്ന വെള്ളം കുറച്ചേറെ വയറ്റിലെത്തി.

പിന്നെ വെള്ളത്തില്‍ ഫ്ലോട്ട് ചെയ്യലും നീന്തല്‍ പരിശ്രമവുമായി രണ്ട് മണിക്കൂര്‍.

സവരോം കീ സിന്ദഗി ജോ കഭി നഹീ ഖദം ഹോ ജാത്തീ ഹെ.............ഹിഹിഹിഹി

എന്നു വെച്ചാല്‍ , ഒടുവില്‍ വൈറല്‍ ഫീവറും പിടിച്ച്, നാല് നേരം മരുന്നും, മൂന്ന്‌ നേരം കഞ്ഞിയും, രണ്ട്ദിവസത്തെ ലീവും പോയി വീട്ടില്‍ സൈഡായപ്പോള്‍ സ്വസ്ഥം.. സമാധാനം.

നീന്തല്‍ പഠിക്കണമെന്ന ആഗ്രഹം പണ്ട് മുതലേയുണ്ട്.
അടുത്ത ആഴ്ച മുതല്‍, അടുത്ത മാസം മുതല്‍ എന്നൊക്കെ പ്ലാനിട്ട് നീണ്ട് നീണ്ട് പോയി. ഇതുവരെ പഠിച്ചില്ല. പക്ഷെ ചില ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.

ഓരോ ശ്രമവും എനിക്ക് ഓരോ അനുഭവമാണ്.
വര്‍ക്കല താജിലേക്ക് ഓഫീസില്‍ നിന്ന് ടൂര്‍ പോയതാണ് ഏറ്റവും നല്ല അനുഭവം.

ഒരു വശത്ത് നാലടി ആഴത്തില്‍ തുടങ്ങി മറുവശത്ത് ഏഴടി ആഴത്തില്‍ അവസാനിക്കുന്ന അതിവിശാലമായ സ്വിമ്മിംഗ് പൂള്‍.

അഞ്ചടി ആഴമുള്ള സ്ഥലത്ത് കൈകാലിട്ടടിച്ച് കുഞ്ഞോളങ്ങള്‍ നിര്‍മ്മിച്ച് ജലകന്യകനായി നിന്ന എന്‍റെ മുന്നില്‍ക്കൂടി ശ്രീമാന്‍ ജിത്ത് എന്നിലസൂയ ജനിപ്പിച്ചു കൊണ്ട് പൂളിന്‍റെ ഇങ്ങേയറ്റം മുതല്‍ അങ്ങേയറ്റം വരെ നീന്തിത്തുടിച്ച് കൊണ്ടിരുന്നു... ഭയങ്കരന്‍.

ജിത്ത് എന്‍റെ സഹമുറിയനും സഹപ്രവര്‍ത്തകനുമാണ്. പരമഭക്തന്‍. നെയ്യാറ്റിന്‍കരയുടെ അഭിമാനതാരം.
എല്ലാ വ്യാഴാഴ്ചയും P.M.G ഹനുമാന്‍ കോവിലില്‍ പോയി പ്രാര്‍ത്ഥിച്ച് തിരിച്ച് വരും വഴി ബെറോട്ടയും ബീഫും കഴിക്കും. (തിരുവനന്തപുരത്ത് പൊറോട്ടക്ക് ബെറോട്ട എന്ന് പറയും)

വ്യായാമം ചെയ്യുന്നതിനിടയില്‍ മലര്‍ന്ന് കിടന്ന് കയ്യും കാലും തറയില്‍ കുത്തി ശരീരവും തലയും മുകളിലേക്കുയര്‍ത്തി ഒരു പ്രത്യേക കസര്‍ത്ത് മൂപ്പര്‍ ചെയ്യും.
ബുദ്ധിവളര്‍ച്ചക്ക് വേണ്ടിയുള്ളതാണത്രേ...  ഭയഭയങ്കരന്‍.

"കഷ്ടം... നീന്താന്‍ അറിയില്ലല്ലേ ?" ടിയാന്‍ എന്നെ പുച്ഛത്തോടെ നോക്കി.

"വേണമെങ്കില്‍ എന്‍റെ പുറത്ത് കേറിക്കോ... ഞാന്‍ നീന്തി കാണിച്ചുതരാം"

ഹും... അമ്പത് കിലോ മാത്രം തൂക്കമുള്ള അവന്‍, അറുപത്തഞ്ച് കിലോ തൂക്കമുള്ള എന്നെ പുറത്ത് വെച്ച് നീന്താമത്രേ. എന്നോടുള്ള പുച്ഛത്തിന് ദേഹാധ്വാനമില്ലാതെ പണി കൊടുക്കാന്‍ പറ്റിയ അവസരം.
പൂളിലെ വെള്ളത്തിന്‍റെ രുചി അവനും ഒന്നറിയട്ടെ.

ഞാന്‍ അവന്‍റെ തോളില്‍ പിടിച്ച് അഡ്ജസ്റ്റ് ചെയ്ത് ഇരുന്നു കൊടുത്തു.

പക്ഷെ, എന്‍റെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് ടിയാന്‍ സുഖമായി നീന്തിത്തുടങ്ങി.... ഭീകര ഭയങ്കരന്‍.

ഒരല്‍പം കഴിഞ്ഞപ്പോള്‍ "എടാ സ്റ്റാമിന തീര്‍ന്നു" എന്നൊരു ഞരക്കം കേട്ടു. ഒപ്പം "നീ പിടിവിട്" എന്നും "ബ്ലും" എന്ന് രണ്ട് ശബ്ദങ്ങള്‍.

ജിത്ത് കംപ്ലീറ്റ് ജലാസനത്തിലായി.
 
പാവത്തിനെ വിട്ടുകളയാം എന്ന് തോന്നി ഞാനും പിടി വിട്ടു. മറ്റൊരു "ബ്ലും" അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നു.

വിജയീഭാവത്തോടെ  ഞാന്‍ കാല് നിലത്ത് കുത്തി തല മുകളിലേക്കുയര്‍ത്തി.

ഞെട്ടലോടെ ഞാന്‍ ആ സത്യം തിരിച്ചറിഞ്ഞു. നീന്തി നീന്തി ആ മഹാപാപി എന്‍റെ പൊക്കത്തെക്കാള്‍ ആഴമേറിയ ഭാഗത്തെത്തിയിരിക്കുന്നു. ... മാതാവേ.

മൂക്കിലും വായിലും വെള്ളം സ്വാതന്ത്ര്യത്തോടെ പാഞ്ഞു കയറി.

ഞാന്‍ ഒന്ന് എത്തിച്ചാടി. തല കഷ്ട്ടിച്ച് മുകളിലെത്തി.
അര ശ്വാസം എടുക്കാനുള്ള സമയം മാത്രം. വീണ്ടും മുങ്ങി.

ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞു തുടങ്ങി.
വീണ്ടും എത്തിചാടി ഒരു നിലവിളി കൊണ്ട് വാട്ടര്‍ പൂള്‍ കളിക്കുന്ന സഹപ്രവര്‍ത്തകരെ വിളിക്കാമെന്ന് കരുതി.

പൊങ്ങി..ശ്വാസമെടുത്തു... ശബ്ദമെടുക്കും മുന്‍പ് വീണ്ടും ബ്ലും.

അവസാനശ്രമം.
അടുത്ത പൊങ്ങലില്‍ ഗാര്‍ഡിന് നേരെ കൈയുയര്‍ത്തിക്കാണിച്ചു. ആഴമുള്ള ഭാഗത്ത് നോക്കാതെ ഗാര്‍ഡ്‌ വാട്ടര്‍ പൂള്‍ കളി ആസ്വദിച്ചു നില്‍ക്കുന്നു.
ഇടയ്ക്ക് എന്‍റെ നേരെ ഒന്ന് നോക്കിയിട്ട് എന്നെ കണ്ടിട്ടും കാണാത്ത പോലെ നിസ്സംഗതയോടെ അയാള്‍ തല തിരിച്ചു.

സാമ്പത്തിക പ്രതിസന്ധി കാലമല്ലേ. അയാള്‍ക്ക്‌ അപ്രൈസല്‍ നടത്തിക്കാണില്ല. എന്‍റെ വിധി.

ഒരു രണ്ടു നിമിഷം കൂടി കഴിഞ്ഞു.

വര്‍ക്കല സിഐയുടെ നേതൃത്വത്തില്‍ ഒരു സംഘം പോലീസുകാര്‍ വന്ന്, എന്‍റെ തൂക്കത്തിലുള്ള ഡമ്മി വെള്ളത്തിലിട്ട് "ഡമ്മി ടു ദി വോള്‍" ദൂരം അളക്കുന്നത് ഞാന്‍ ഭാവനയില്‍ കണ്ടു.
പശ്ചാത്തലത്തില്‍ വാ പൊത്തി കരയുന്ന ജിത്തും സഹപ്രവര്‍ത്തകരും.

എനിക്ക് ടെന്‍ഷനായി.
ഞാന്‍ ചത്താല്‍ ഞാന്‍ ചെയ്യേണ്ടുന്ന പാപങ്ങളൊക്കെ ഇനിയാര് ചെയ്യും കര്‍ത്താവേ?

ജാതകപ്രകാരം എണ്‍പത്തഞ്ച് വയസ്സ് വരെ എനിക്ക് ബാക്കപ്പ് ഉണ്ടെന്ന് പറഞ്ഞിട്ട്, ഇത്ര പെട്ടെന്ന് എന്‍റെ ബാറ്ററി തീര്‍ത്തു തിരിച്ചു വിളിക്കാന്‍ മാത്രം ഇപ്പൊ എന്തുണ്ടായി?

അമ്മ ഉണ്ടാക്കിത്തരുന്ന ഇടിയപ്പം, മുട്ടക്കറി, അട, കൊഴുക്കട്ട, നത്തോലി വറുത്തത്, കൊഞ്ച് തീയല്‍, ഇഡലിയും സാമ്പാറും, ഒക്കെ കഴിച്ച് കൊതി തീരാത്ത എന്നെ ഇപ്പൊ കെട്ടിയെടുക്കേണ്ട എന്തത്യാവശ്യമാ ഇപ്പൊ ഉണ്ടായത്?

ഇതിനാണോ ദൈവമേ കൂര്‍ഗില്‍ എന്നെ നാല് കൊല്ലം കന്നഡ ഫുഡ്‌ തീറ്റിച്ചത്‌?
ഇതിനാണോ ദൈവമേ ചെന്നൈയിലെ കുടുസ്സു ലോഡ്ജില്‍ എന്നെ താമസിപ്പിച്ചത്?
ഇന്ന് തിരിച്ചു വിളിക്കാനാണോ എന്നെക്കൊണ്ട് ഇന്നലെ പത്ത് കിലോയുടെ പവിഴം അരിയും അമ്പത് രൂപയുടെ പച്ചക്കറിയും വാങ്ങിപ്പിച്ചത്?

പെട്ടന്ന് വെള്ളത്തിനടിയില്‍ ഒരു അശരീരി കേട്ടു. "അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോ?"
ഞാന്‍: ആരാ? കാലനാ?
കാലന്‍: അതെ ഉണ്ണീ.. അവസാന ആഗ്രഹം എന്താ?
ഞാന്‍: തനിക്കൊന്നും കണ്ണില്‍ ചോരയില്ലെടോ?
കാലന്‍: ഉണ്ടായിരുന്നു. ഈ പണിക്കിറങ്ങിയപ്പോ കണ്ണിലെ ചോര ഊറ്റി വീട്ടില്‍ വെച്ചു. മറ്റെന്തെങ്കിലും പറയാനുണ്ടോ?

ഞാന്‍: അവസാനമായി എന്ത് ചോദിച്ചാലും സാധിച്ചു തരുമോ?
കാലന്‍: ജീവന്‍ തിരിച്ചു തരുന്നതൊഴിച്ച് എന്തും.
ഞാന്‍: ശരി, ജീവന്‍ വേണ്ട. എന്‍റെ പേരില്‍ ഒരു ജീവന്‍ ആനന്ദ്‌ എല്‍ഐസി പോളിസി എടുത്തതായി രേഖയുണ്ടാക്കണം. ഒരു കോടി രൂപയുടേത്.
ആദ്യത്തെ പ്രീമിയം കാലന്‍ തന്നെ അടയ്ക്കണം. നോമിനീസ്‌ മൈ മോം & ഡാഡ്.

കുറച്ച് നേരത്തെ നിശബ്ദത.

കാലന്‍: ഡേ ചിത്രഗുപ്താ, പോര് പോര്, കൊല്ലണ്ട. ഇവനൊക്കെ അങ്ങ് വന്നാല്‍ പിന്നെ എനിക്കും തനിക്കുമൊന്നും മനസ്സമാധാനമുണ്ടാകില്ല. ലെറ്റ്‌സ് ഗോ..!

ചിത്രഗുപ്തന്‍:
അല്ല കാലന്‍ സര്‍,നമ്മുടെ IPC പ്രകാരം ഒരിക്കല്‍ തീരുമാനിച്ചാല്‍ പിന്നെ......

കാലന്‍:
എടോ, കണ്ണടച്ചാല്‍ നരകത്തിന്‍റെ വരെ പട്ടയം അടിച്ചോണ്ട് പോകാന്‍ കാത്തിരിക്കുന്ന മലയാളിയുടെ സാമ്പിള്‍ ആണിവന്‍.
ഇവന്‍ അവിടെ വന്ന് മലയാളികള്‍ക്കിടയില്‍ ടിഷ്യു കള്‍ച്ചര്‍ നടത്തിയാല്‍  താനും ഞാനുമൊക്കെ എങ്ങോട്ട് പോകും? ഇപ്പൊ കിടക്കാന്‍ നരകമെങ്കിലും ഉണ്ട്.
സോ കമോണ്‍ ഗുപ്ത്, ലെറ്റ്‌സ് ഗോ.  ഡോണ്ട് വേസ്റ്റ് ടൈം.

ചിത്രഗുപ്തന്‍: എണ്ണ തിളപ്പിക്കാന്‍ ഓര്‍ഡര്‍ കൊടുത്തിട്ടാ നമ്മള്‍ വന്നത്. ആരെങ്കിലും ചോദിച്ചാല്‍ നമ്മളെന്ത് പറയും?

കാലന്‍: ലെനിനിസ്റ്റ്‌ സംഘടനാതത്വപ്രകാരം പിബി തീരുമാനം മാറ്റിയെന്ന് പറഞ്ഞാല്‍ മതി.  വായുന്നോക്കി നിക്കാതെ പോത്തിനെ തള്ളെടോ.

"അല്ലാ ഒരു തീരുമാനം പറയാതെ അങ്ങനങ്ങ് പോയാലോ എന്ന് ഞാന്‍ ചോദിക്കും മുന്‍പേ, ആരോ എന്നെ കയ്യില്‍ പിടിച്ചു വലിച്ചു പൂളിന്‍റെ ഒരു വശത്തെത്തിച്ചു.

മൂക്ക്, വായ, ചെവി, കണ്ണ്... എല്ലാത്തിലും കമ്പ്ലീറ്റ്‌ വെള്ളം. ഒരു വിധത്തില്‍ തല കുടഞ്ഞ് ശ്വാസമെടുത്തു.

ഹോ ഈ മീനുകളെ ഒക്കെ സമ്മതിക്കണം. എങ്ങനെ ഈ വെള്ളത്തില്‍ കിടന്ന് അഡ്ജസ്റ്റ്ചെയ്യുന്നു?

"നീ ഈ വെള്ളത്തിനടിയില്‍ ഇത്ര നേരം എന്ത് ചെയ്യുവാരുന്നു?" ജിത്തിന്‍റെ ചോദ്യം.

ഒന്നും അറിയാത്തപോലെ.

"ഫ്ഫ" എന്ന് ഒന്നാട്ടാന്‍ വാ തുറന്നതാണ്. കുറെ വെള്ളം കൂടി വായില്‍ കേറിയപ്പോള്‍ ആ ഉദ്യമം പാതിവഴിയില്‍ ഉപേക്ഷിച്ചു.

പിന്നെ കുറച്ച് നാളത്തേക്ക് പൂള്‍ കാണുമ്പോ, പ്രത്യേകിച്ച് കാരണം ഒന്നുമില്ലെങ്കിലും ഞാന്‍ ഒരല്‍പം ദൂരമിട്ട് നീങ്ങി നില്‍ക്കും.

"ആ ചേമ്പിന്‍റെ കൂടെ ഇച്ചിരി പച്ചമുളക് കൂടി ഇട്ടോ...!!! " അമ്മൂമ്മയുടെ ശബ്ദം എന്നെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തി.

"ഏത് ചേമ്പാ അമ്മൂമ്മേ?" ഞാന്‍ ചോദിച്ചു.

നോ റിപ്ലൈ.

ഉച്ചയുറക്കത്തിലെ പകല്‍ക്കിനാവില്‍,  അമ്മൂമ്മ ഏതോ പാചകരംഗത്തില്‍ പങ്കെടുക്കുകയാണ്.

ഞാന്‍ ചിന്തകളിലേക്ക് തിരിച്ചു വന്നു.

ഇപ്പൊ വീണ്ടും നീന്തല്‍ പഠിക്കാനുള്ള അസ്ക്യത തുടങ്ങിയിട്ടുണ്ട്. പനി മാറിയിട്ട് വേണം തുടങ്ങാന്‍. നീന്തല്‍ സാമഗ്രികളെല്ലാം റെഡി.

 അടുത്ത തിങ്കളാഴ്ച മുതല്‍ എന്തായാലും പോയിരിക്കും.... ഉറപ്പ്.

/അജ്ഞാതന്‍/ഈ പോസ്റ്റിന്‍റെ പ്രചോദനം: ക്രിസ്മസ്സ് കേയ്ക്ക് ഫ്രം കൊടകരപുരാണം.