"എടോ താനിത്രേം വല്ല്യ തരികിടയാരുന്നോ? താനൊരു പാവമാണെന്നാ ഞാന്‍ കരുതിയത്..
മുതലാളിയുടെ മുന്നില്‍ മാധവന് തല കുനിച്ച് നിന്നു
ഏതായാലും തന്റെ കയ്യിലിരുപ്പ് കൊള്ളാം.... അങ്ങേര് വേണ്ടെന്ന് പറഞ്ഞത് കൊണ്ട് മാത്രമാ തന്നെ ഇന്ന് പിരിച്ചു വിടാഞ്ഞത്....
അയാളുടെ സ്ഥാനത് ഞാനായിരുന്നെങ്കില്‍ ഇന്ന് തന്റെ അവസാനമായിരുന്നേനെ"
ഒന്നമര്‍ത്തി മൂളിയിട്ട് മുതലാളി തുടര്‍ന്നു
"ഓരോരുത്തന്മാര് ഇറങ്ങിക്കോളും മനുഷ്യന് പണിയുണ്ടാക്കാന്‍....ഒരൊറ്റയെണ്ണത്തിനെ വിശ്വസിക്കാന്‍ കൊള്ളില്ല... ഉം....ശരി ശരി...ഇപ്പൊ പൊക്കോ..."
മുതലാളിയുടെ മുറിയില്‍ നിന്നിറങ്ങി വന്നപ്പോള്‍ കുമാരേട്ടന് ചോദിച്ചു "എന്താ മാധവാ പ്രശ്നം? ആരാ അയാള്‍ ?"
നിറഞ്ഞു വന്ന കണ്ണുകള്‍ തുടച്ചിട്ട് മാധവന് ഒന്നും മിണ്ടാതെ ബാറില്‍ നിന്നിറങ്ങി ഇരുട്ടില്‍ ബസ്സ്റ്റാന്‍ന്റ് ലകഷ്യമാക്കി നടന്നു... കൂടെ കുമാരേട്ടനും.
ബസ്സില്‍ കയറുമ്പോഴെങ്കിലും സംസാരിക്കുമെന്ന് കരുതി സ്റ്റാന്‍ഡില്‍ എത്തും വരെ കുമാരേട്ടന് ഒന്നും ചോദിച്ചില്ല.
പക്ഷെ യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞിട്ടും മാധവന് ഒന്നും മിണ്ടിയില്ല.
ഒടുവില്‍ കുമാരേട്ടന് ചോദിക്കേണ്ടി വന്നു "മാധവാ, എന്താ സംഭവിച്ചത് ?"
പുറത്ത് ഇരുട്ടിലേക്ക് നോക്കിയിരുന്നതല്ലാതെ അയാള്‍ മറുപടിയൊന്നും പറഞ്ഞില്ല.
ആ സായാഹ്നം മാധവനൊരിക്കലും മറക്കാന്‍ കഴിയുമായിരുന്നില്ല...ജീവിതത്തില്‍ അയാളേറ്റവും അപമാനിക്കപ്പെട്ട ദിവസം.
പതിവ് പോലെ അന്ന് വൈകുന്നേരവും അയാളും കൂട്ടുകാരും തേച്ച് മിനുക്കിയ വസ്ത്രങ്ങള്‍ ധരിച്ച് തയ്യാറായിരുന്നു, അതിഥികളെ സ്വീകരിക്കാന്‍.
മറ്റുള്ളവരുടെ ജോലികള്‍ അവസാനിക്കുമ്പോഴാണല്ലോ ദിവസവും തങ്ങളുടെ ജോലി തുടങ്ങുക...മാധവന് വെറുപ്പോടെ ഓര്‍ത്തു.
ഒരു മെനുവുമായി ചെന്ന് "സര്,പ്ലീസ് ഗിവ് യുവര്‍ ഓര്‍ഡര്‍" എന്ന് പറഞ്ഞ് കുമ്പിട്ട് നില്‍ക്കേണ്ടി വരുന്ന ഈ ജോലി അയാള്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തത് കൊണ്ടാണ് സ്വീകരിച്ചത്....ഒരു കുടുംബം പുലര്‍ത്തേണ്ടത് കൊണ്ട് മാത്രം.
ഇവിടുന്നു കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ട് ജീവിക്കാനുള്ള ബുദ്ധിമുട്ട് പലതവണ മുതലാളിയോട് പറഞ്ഞതാണ്. പക്ഷെ പ്രയോജനമൊന്നുമില്ല.
"മാധവാ..ആ മൂലയ്ക്കുള്ള ടേബിളില്‍ ആളെത്തിയിട്ടുണ്ട്..നീ പോയി ഓര്‍ഡര്‍ എടുക്ക്"
കുമാരേട്ടന് വിളിച്ച് പറഞ്ഞത് കേട്ടാണ് താന്‍ മെനുവുമായി ചെന്നത്. മേശക്കരികില്‍ എത്തിയപ്പോള്‍ മാത്രമാണ് ഇരിക്കുന്നവരുടെ കൂട്ടത്തില്‍ അയാളെ കണ്ടത് .
മുഖത്തെ ആ വലിയ മീശ.....ഞെട്ടലോടെ ആളെ തിരിച്ചറിഞ്ഞു. തിരിഞ്ഞ് നടക്കാന്‍ കഴിഞ്ഞില്ല. അതിന് മുന്‍പേ അയാള്‍ തന്നെ കണ്ടു കഴിഞ്ഞു.
"ഏയ് ബെയറര്‍, ഇവിടെ വാ", അയാളുടെ ശബ്ദത്തില്‍ തന്നോടുള്ള പരിഹാസത്തിന്റെ ചുവ നിറഞ്ഞിരുന്നു.
കുനിഞ്ഞ മുഖവുമായി താന്‍ മേശക്കരികിലെത്തി മെനു നീട്ടിയിട്ട്, "സര്, ഓര്‍ഡര്‍ പ്ലീസ്" എന്നൊരു വിധം പറഞ്ഞൊപ്പിച്ചു.
കൂട്ടത്തിലുള്ള മറ്റൊരാള്‍ മെനു വാങ്ങി തിരിച്ചും മറിച്ചും നോക്കി...എന്നിട്ട് മീശക്കാരനെ നോക്കി പറഞ്ഞു... "നമുക്ക് ബിയറില്‍ തുടങ്ങാം തോമാച്ചാ...ബാക്കി പുറകേ പറയാം...എന്താ ?"
"തോമാച്ചന്"...മറന്ന് തുടങ്ങിയിരുന്നു താന്‍ ആ പേര്..മാധവന് ഓര്‍ത്തു..
ഒളികണ്ണിട്ടു അയാളെ ഒന്ന് നോക്കിയപ്പോള്‍, ആ കണ്ണുകളിലെ പക നേരിടാന്‍ കഴിയാതെ നോട്ടം പിന്‍വലിക്കേണ്ടി വന്നു.
തുളച്ചു കയറുന്ന ആ നോട്ടം തന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു.
മെനു വാങ്ങിയ ആള് "മൂന്ന് ബിയര്‍...വേറെ കഴിക്കാനെന്താ..?" എന്ന് ചോദിച്ചത് താന്‍ കേട്ടില്ല.
തന്റെ നേരെയുള്ള ആ ചൂഴ്ന്ന നോട്ടം മാത്രമായിരുന്നു അപ്പോള്‍ മനസ്സില്‍.
അയാള്‍ ചോദ്യമാവര്‍ത്തിച്ചതും താന്‍ കേട്ടില്ല.
"പ്ഫ ചെറ്റേ, നിന്റെ തിരുമോന്ത കാണാനാണോടാ ഞങ്ങളിവിടെ വന്നത് ?"
അലര്‍ച്ച കേട്ട് താന്‍ ഞെട്ടി നോക്കിയപ്പോള്‍ കണ്ടത് തോമാച്ചനെയാണ്.
അയാള്‍ കസേരയില്‍ നിന്നെഴുന്നേറ്റു തന്റെ നേരെ വിരല്‍ ചൂണ്ടിയലറി .. "പറയെടാ...നിന്റെ മോന്ത കാണാനാണോ ഞങ്ങള്‍ വന്നതെന്ന് ?"
കോപത്താല്‍ വികൃതമായ ആ മുഖം കണ്ട് തന്റെ തൊണ്ട വരണ്ടു പോയിരുന്നു. വാക്കുകള്‍ക്കായി പരതി.."സര്, ഞാന്‍...."
ഓര്‍ഡര്‍ കൊടുത്തയാള്‍ എഴുന്നേറ്റ് "ഛെ..എന്താടോ തോമാച്ചാ ഇത്, തനിക്കെന്തു പറ്റി ?"
തോമാച്ചന് തന്റെ നേരെ തുടര്‍ന്നു "ചോദിച്ചതിന് സമാധാനം പറയെടാ.. നിന്നോടല്ലേ ചോദിച്ചത്..?"
കൂട്ടത്തിലെ മൂന്നാമന് "തോമാച്ചാ...ദേ..ആളുകളൊക്കെ ശ്രദ്ധിക്കുന്നു. താനവിടെ ഇരിക്ക്..."
അവര്‍ ഒരു വിധം തോമാച്ചനെ പിടിച്ചിരുത്തി..
ബഹളം കേട്ട് ബാറിലുണ്ടായിരുന്ന മറ്റുള്ളവരെല്ലാം കണ്ണുകള്‍ തന്റെ മേലെയായി.
മൂന്നാമന് പറഞ്ഞ ഓര്‍ഡര്‍ കുറിച്ചെടുക്കുമ്പോള്‍ തന്റെ കൈകള്‍ വല്ലാതെ വിറച്ചിരുന്നുവെന്ന് മാധവനോര്‍ത്തു..
വിക്കി വിക്കി "സോറി സര്" എന്നോരുവിധം പറഞ്ഞൊപ്പിച്ചു.
"നിന്ന് നേരം കളയാതെ പോയി പറഞ്ഞത് എടുത്തോണ്ട് വാടാ..."
തോമാച്ചന്റെ മറുപടി കേട്ട് തിരികെ നടക്കുമ്പോള്‍ രണ്ടാമന് പറയുന്നത് കേട്ടു
"ഹൊ, ഒന്ന് വിട് തോമാച്ചാ...അവന് ഒരു പാവം പയ്യന്...താനൊന്ന് അടങ്ങിയിരിക്ക്"
തിരികെ നടക്കുമ്പോള്‍ മദ്യത്തില്‍ മുങ്ങിയ അനേകം കണ്ണുകള്‍ തന്നെ വലയം ചെയ്തിരുന്നുവെന്ന് മാധവനോര്‍ത്തു.
ബിയര്‍ എടുത്തു ട്രേയില്‍ വെക്കുന്നതിനിടയില്‍ കുമാരേട്ടന് അടുത്ത് വന്ന് ചോദിച്ചു "എന്താ മാധവാ പ്രശനം ? ആരാ അത് ? നീ കടം വാങ്ങിയ വല്ലവരുമാണോ?"
ഒന്നും പറയാന്‍ കഴിഞ്ഞില്ല. തന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
കുമാരേട്ടന് "അതിങ്ങ് താ..ഞാന്‍ കൊണ്ട് പോയി കൊടുത്തോളാം" എന്ന് പറഞ്ഞ് തന്റെ സമ്മതത്തിന് കാത്ത് നില്‍ക്കാതെ കുപ്പികള്‍ വെച്ച ട്രേ വാങ്ങി നടന്നു പോയി.
ട്രേയുമായി ചെന്ന കുമാരേട്ടനെ കണ്ട തോമാച്ചന് പറയുന്നത് കേട്ടു. "നേരത്തെ വന്നവനെ വിളിക്ക്....
എനിക്ക് അവന് തന്നെ ഇവിടെ സെര്‍വ് ചെയ്ത് തരണം."
കുമാരേട്ടന് തോമാച്ചനോട് പറഞ്ഞ് നോക്കി "സര്, അവന് ഒരു പാവമാ....മൂന്നാല് മാസം മുന്‍പേ വന്നതെയുള്ളു, ഒരുപാട് പ്രാരാബ്ധമൊക്കെയുള്ളതാ..."
തോമാച്ചന്: ആണോ? എന്നാല്‍ ആ പ്രാരാബ്ധക്കാരനെ താനൊന്നു വിളിക്ക്. ഒന്ന് കാണട്ടെ
കുമാരേട്ടന്: "സര് പ്ലീസ്"
തോമാച്ചന് തുടര്‍ന്നു "ഇവിടത്തെ മാനേജര്‍ എനിക്ക് വളരെ വേണ്ടപ്പെട്ടവനാണ് ...എന്നു വെച്ചാ..ഞാനങ്ങേരോടൊന്ന് പറഞ്ഞാല്‍ താനീപ്പറഞ്ഞ പ്രാരാബ്ധവുമായി നാളെത്തൊട്ട് അവന് വീട്ടിലിരിക്കും."
കുമാരേട്ടന് ഒന്നും മിണ്ടാതെ നില്‍ക്കുന്നത് കണ്ട് തോമാച്ചന് "എടോ അവനെ വിളിക്കാന്‍ .....അതല്ല, താന്‍ വിളിച്ചില്ലെങ്കില്‍ നാളെത്തൊട്ടു വീട്ടിലിരിക്കുന്നത് അവനായിരിക്കില്ല....മനസ്സിലായോ?"
കുമാരേട്ടന് നിസ്സഹായനായി തിരിച്ചു വന്ന് തന്നോട് ചോദിച്ചു "നീ സത്യം പറ, അയാളാരാ? അയാള്‍ക്ക് നിന്നെ എങ്ങനറിയാം? "
മറുപടി പറയാതെ കുമാരേട്ടന്റെ കയ്യില്‍ നിന്ന് ട്രേയും വാങ്ങി താന്‍ വീണ്ടും മേശക്കരികിലെത്തിയപ്പോള്‍, തോമാച്ചന് ഒരു സിഗരറ്റിനു തീ കൊളുത്തിയിട്ട് തന്നെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
താന്‍ വീണ്ടും അവിടെയെത്തിയപ്പോള്‍ മറ്റ് മേശകളിലുള്ളവരുടെ ശ്രദ്ധ വീണ്ടും തന്റെ നേരെയായി.
കുപ്പിയില്‍ നിന്ന് ബിയര്‍ ഗ്ലാസ്സിലേക്ക് പകര്‍ന്നു കൊണ്ടിരുന്ന തന്നെ നോക്കി തോമാച്ചന് കൃത്രിമ ഭവ്യതയില്‍, "ഇവിടെയിരുന്നു പുക വലിക്കുന്നത് കൊണ്ട് സാറിന് പരാതി വല്ലോം ഉണ്ടോ ആവൊ?" എന്ന് ചോദിക്കുമ്പോള്‍ അയാളുടെ കൂടെയുള്ളവരും തന്നെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു.
താനാരാണെന്ന് തോമാച്ചന് അവരോട് പറഞ്ഞ് കാണണം
തന്റെ മൗനം തോമാച്ചനെ കൂടുതല്‍ കരുത്തനാക്കിയെന്നു തോന്നുന്നു "നിനക്ക് വലിയ പ്രാരാബ്ധമൊക്കെയാണെന്ന് കേട്ടല്ലോ... വീട്ടിലാരൊക്കെയുണ്ട് ?"
മറുപടി കാണാഞ്ഞ് തോമാച്ചന് കൂടുതല്‍ ഉച്ചത്തില്‍ "ചോദിച്ചത് കേട്ടില്ലെടാ...?"
രംഗം വഷളാവാതിരിക്കാന്‍ മറുപടി പറയേണ്ടി വന്നു.."ഞാനും..."
തോമാച്ചന്..."ഞാനും...? "
മുഴുമിപ്പിക്കേണ്ടി വന്നു "ഞാനും ഭാര്യയും"
പറഞ്ഞ് തീരും മുന്‍പേ തോമാച്ചന്റെ അടുത്ത ചോദ്യം വന്നു "വേറാരുമില്ലേ ? നീയെന്താ ഭൂമിയില്‍ നിന്ന് പൊട്ടി മുളച്ചതാണോ? "
തൊട്ടപ്പുറത്തുള്ള മേശയില്‍ നിന്ന് ഒരു കുടിയന് അത് കേട്ട് ആസ്വദിച്ച് പൊട്ടിച്ചിരിച്ചു.
കൂട്ടത്തിലെ മൂന്നാമന് ഇടപെട്ടു "വിട് തോമാച്ചാ...ഇനിയിപ്പം നമുക്ക് .......അല്ല...ഒന്നുമല്ല ....പോട്ടെ"
എന്നിട്ട് തന്നോട് പറഞ്ഞു "എടോ താന്‍ പോ...., എന്നിട്ട് വേറെ ആരെയെങ്കിലും പറഞ്ഞ് വിട് ".
കുമാരേട്ടനാണ് ബാക്കി ഓര്‍ഡറുകളെല്ലാം എടുത്തത്. ബില്ലിന്റെ പണം വെക്കുന്നതോടൊപ്പം തോമാച്ചന് അതില്‍ ഒരു ടിഷ്യു പേപ്പറില്‍ എന്തോ എഴുതുന്നത് കണ്ടു, എന്നിട്ട് നേരെ മാനേജറുടെ മുറിയിലേക്ക് പോയി.
കുറച്ചു സമയത്തിനു ശേഷം ഇറങ്ങി വന്ന് തന്നെ വെറുപ്പോടെയോന്നു നോക്കിയിട്ട് ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.
"വാ, ഇറങ്ങേണ്ട സ്ഥലമായി" കുമാരേട്ടന്റെ ശബ്ദം മാധവനെ ചിന്തകളില്‍ നിന്നുണര്‍ത്തി.
ബസ്സില്‍ നിന്നിറങ്ങിയപ്പോള്‍ മഴ ചാറിത്തുടങ്ങിയിരുന്നു.
നടക്കാന്‍ തുടങ്ങിയപ്പോള്‍ കുമാരേട്ടന് വീണ്ടും ചോദിച്ചു "മാധവാ..നീ ഇനിയെങ്കിലും സത്യം പറ..എന്താ ഉണ്ടായത് ?"
മാധവന് കുമാരേട്ടനെ നോക്കി ഒരു നിമിഷം ആലോചിച്ചു...കുമാരേട്ടന് സ്വന്തം ജ്യേഷ്ഠനെപ്പോലെയാണ്, കുറച്ചു മാസങ്ങളുടെ പരിചയമേ ഉള്ളെങ്കിലും അയാള്‍ക്ക് കുമാരേട്ടനെ ഇഷ്ടമായിരുന്നു. വന്നതാരാണെന്ന് കുമാരേട്ടനില്‍ നിന്ന് മറയ്ക്കേണ്ട കാര്യമില്ല.
മാധവന് പോക്കറ്റില്‍ നിന്ന് തോമാച്ചനെഴുതിയ ആ ടിഷ്യു പേപ്പര്‍ എടുത്തു കുമാരേട്ടന് നല്കി.
കയ്യിലിരുന്ന ടോര്‍ച്ച് അതിലേക്കു തെളിയിച്ചു കുമാരേട്ടന് വായിച്ചു തുടങ്ങി.
അതില്‍ ഇങ്ങനെ എഴുതിയിരുന്നു
"ഞാന്‍ ഇന്നിവിടെ യാദൃശ്ചികമായി വന്നതല്ല. നിന്നെ കാണാന്‍ തന്നെയാണ് വന്നത്......നിന്നെ ഈ കോലത്തില്‍ കണ്ണ് നിറയെ കാണാന്‍.
സ്നേഹിച്ചു വളര്‍ത്തിയ മകളെ തട്ടിയെടുത്ത്, അവളെക്കുറിച്ചുള്ള സ്വപ്നങ്ങളെ ചവിട്ടിയരച്ച ഒരുവനോട് ഒരച്ഛന് ഇതിലും മാന്യമായി പെരുമാറാന്‍ കഴിയില്ല.....
നീ അനുഭവിച്ചു തുടങ്ങിയിട്ടേയുള്ളൂ....."
വായിച്ചു കഴിഞ്ഞ് കുമാരേട്ടന് തന്നെ നോക്കി.
കണ്ണുകള്‍ നിറഞ്ഞത് കൊണ്ട് മാധവന് കുമാരേട്ടന്റെ മുഖം ഒരു മൂടല്‍ പോലെയേ കാണാന്‍ കഴിഞ്ഞുള്ളൂ.
ഒരു മിന്നലിന്റെ അകമ്പടിയോടെ ചാറ്റല്‍മഴ ശക്തിയാര്‍ജ്ജിച്ച് തുടങ്ങി.
"അയാള്‍......അയാളുടെ മകളെയാണോ നീ ..?" കുമാരേട്ടന്റെ ചോദ്യം മുഴുവന്‍ കേള്‍ക്കാന്‍ മാധവന് നിന്നില്ല... അയാള്‍ തിരിഞ്ഞ് നടന്നു...
വഴിവിളക്കുകളുടെ അരണ്ട പ്രകാശത്തില്‍, വിജനമായ തെരുവീഥിയിലൂടെ നടന്നു പോകുന്ന മാധവനെ കുമാരേട്ടന് ഒരു നിമിഷം നോക്കി നിന്നു.
ദൂരെയെവിടുന്നോ ഒരു രാത്രിവണ്ടിയുടെ നേര്‍ത്ത ശബ്ദം കേള്‍ക്കാം.
മാധവന് പതുക്കെ ഇരുളില്‍ മറഞ്ഞു....
മഴ ശക്തിയായി പെയ്തു തുടങ്ങിയപ്പോള്‍ ടിഷ്യു പേപ്പര്‍ ചുരുട്ടിയെറിഞ്ഞ് കുമാരേട്ടനും നടന്നു.
മകളെ നഷ്ടപ്പെട്ട ഒരച്ഛന്റെ വേദന പകര്‍ത്താനുപയോഗിക്കപ്പെട്ട ആ ടിഷ്യു പേപ്പര്‍ മഴത്തുള്ളികള്‍ വീണ് കുതിര്‍ന്നു.
/അജ്ഞാതന്‍/

http://hiddenflash.blogspot.com by Ajnaathan is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.