Sunday, July 17, 2016

ദൈവത്തിന്‍റെ ഞായറാഴ്ച
ദൈവത്തിന്റെ ഞായറാഴ്ച

കി ർ ർ ർ...... പതിവ് പോലെ വെളുപ്പിന് നാലരയ്ക്ക് അലാറം അടിച്ചു.
കഷ്ടപ്പെട്ട് സ്നൂസ് അടിച്ച് പുതപ്പിനുള്ളിലേക്ക് ഒന്ന് കൂടി ചുരുണ്ട് കിടന്നപ്പോൾ അമ്പലത്തിൽ നിന്ന് മണിയടിയോട് കൂടിയ ഭക്തിഗാനവും പള്ളിയിൽ നിന്ന് ബാങ്ക് വിളിയും, അരമനയിൽ നിന്ന് കഴിഞ്ഞ ഈസ്റ്ററിന് റിലീസായ ക്രൈസ്തവ സുപ്രഭാതവും ഒരേ സമയം കാതിലടിച്ചു.

"ഹൊ... വെളുപ്പിന് തന്നെ തുടങ്ങി... നാശം" എന്ന് മനസ്സിലോർത്ത് ദൈവം എഴുന്നേറ്റ് കമ്പ്യൂട്ടർ ഓൺ ചെയ്ത്  ഫ്രഷാവാൻ പോയി.
പ്രഭാതകർമ്മങ്ങൾ കഴിഞ്ഞ് ഒരു ബീഫ് കട്ലറ്റ് പോർക്ക് അച്ചാറില്‍ മുക്കി കടിച്ച് കൊണ്ട്  "അന്തിപുണ്യാളാ വാ ആഹാ അന്തിപുണ്യാളാ വാ" എന്ന പാട്ടും മൂളി ഫെയ്സ് ബുക്കിൽ ലോഗിൻ ചെയ്തു.

പതിവ് പോലെ ദൈവം ആദ്യം എത്ര പേർ  "ആമേൻ, ഓം നമ: ശിവായ " എന്നൊക്കെ എഴുതി തന്‍റെ വിവിധ ഫാൻസിഡ്രസ്സ് ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട് എന്ന് നോക്കി.
ഇന്നും ആയിരത്തിൽപ്പരം മണ്ടൻമാർ പുതുതായി ഉണ്ട്. തനിക്ക് ലൈക്കുകളും ഷെയറുകളും തന്ന് തന്നെ പ്രീതിപ്പെടുത്തി അനുഗ്രഹം നേടാൻ ശ്രമിക്കുന്നവരുടെ ബുദ്ധിനിലവാരത്തെ ഓർത്ത് ദൈവം ഒരു നിമിഷം കണ്ണുകൾ അടച്ച് സഹതപിച്ചു.

തുടർന്ന്, അന്യന്‍റെ ഭാര്യയുടെ തട്ടമിടാത്ത ഫോട്ടോ കണ്ട്  മനസ്സിലെ മദം പൊട്ടി  ഒഴുകി മതഗ്രന്ഥത്തിലെ സൂക്തങ്ങൾ വളളി പുള്ളി തെറ്റാതെ കോപ്പി പേസ്റ്റ് അടിച്ച് വെച്ച് അൽ-ഭക്തർ വസ്ത്രധാരണക്ലാസ്  എടുക്കുന്നത് കണ്ട്  ദൈവം അവരുടെയൊക്കെ മൊബൈല്‍ ഫോണുകളിലെ ക്ലിപ്പുകള്‍ നോക്കി നിറഞ്ഞ പുച്ഛത്തോടെ ചിരിച്ചു.

ടക് ടക് ടക് ...... ആരോ വാതിലിൽ ബഹുമാനത്തോടെ മുട്ടുന്നു. ദൈവം വാതിൽക്കൽ വെച്ചിരിക്കുന്ന കാമറയുടെ സ്ക്രീനിൽ നോക്കി. അസിസ്റ്റന്റ് ആണ്.. അനഗോ... അഹമ്മദ് നമ്പ്യാർ ഗോൺസാൽവസ്.

ദൈവം - എന്ത് വേണം?
അനഗോ - അങ്ങേയ്ക്ക് എന്ത് വേണം?
ദൈവം - എന്നോട് എന്ത് വേണം എന്നൊക്കെ ചോദിക്കാൻ മാത്രം നീ വളർന്നോടേ?
അനഗോ - അയ്യോ അതല്ല. ഇന്നത്തെ പ്രോഗ്രാം അനുസരിച്ച് വണ്ടി ബുക്ക് ചെയ്യാനാ.. ഇന്ന് ആദ്യം എങ്ങോട്ടാ? ക്രിസ്റ്റ്യൻ പള്ളിയിലേക്കോ, അമ്പലത്തിലേക്കോ അതോ മുസ്ലിം പള്ളിയിലേക്കോ?

ദൈവം - ഇന്നെങ്ങോട്ടുമില്ല. ഇന്ന് നമുക്ക് മരിച്ചവരെ വിചാരണ ചെയ്ത് രസിക്കാം.
24  മണിക്കൂറിൽ 13 മണിക്കൂറും മെഗാസീരിയൽ കാണിക്കുന്ന ആ ചാനലിന്റെ എം.ഡിയെ കൊണ്ടു വാ ആദ്യം..
അനഗോ - അത് പറ്റില്ല അങ്ങുന്നേ... അവന്റെ ടൈം ആയില്ല.
ദൈവം - അതൊന്നും എനിക്കറിയണ്ട... എനിക്കവനെ നരകത്തിലിട്ട് ഇന്ന് പൊരിക്കണം
അനഗോ - ഇന്ന് നടക്കില്ല അങ്ങുന്നേ... കാര്യങ്ങൾ മുൻകൂട്ടി നിശ്ചയിച്ച സമയത്തേ നടക്കൂ...
ദൈവം - ഞാനാണ് പറയുന്നത് മാറ്റാൻ.
അനഗോ - മാറ്റാൻ പറ്റില്ല.
ദൈവം - എന്ത്? ഞാൻ വിചാരിച്ചാലും മാറ്റാൻ പറ്റില്ലേ?
അനഗോ - ഇല്ല
ദൈവം - പിന്നെന്തിനാടോ എന്നെ എല്ലാരും ദൈവം എന്ന് വിളിക്കുന്നത്?
അനഗോ - പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. കുറച്ച് നാളായി എനിക്കും ഇതേ സംശയം ഉണ്ട്..
ദൈവം - ങേ....???

അൽപനേരം ദൈവം ഡെസ്പായി തലയിൽ കൈ വെച്ചിരുന്നു.
ആ സമയത്ത് അനഗോ അടുക്കളയിലേക്ക് പോയി. രാവിലെ ദോശ ചുടാനുള്ള മാവ് ഫ്രിഡ്ജിൽ നിന്ന് പുറത്തെടുത്ത് വെച്ചു. തിരികെ വന്നപ്പോൾ ദൈവം എഷ്യാനെറ്റിലെ മാർക്കറ്റ് വാച്ച് പരിപാടി കണ്ട് കൊണ്ട് "ഇവൻ ഈ പറയുന്നതും ബാഹുബലിയിൽ കാലകേയൻ പറയുന്നതും മനസ്സിലാക്കാൻ ഈ ജന്മം എന്നെക്കൊണ്ടാവില്ല" എന്ന് പിറുപിറുത്ത് കുണ്ഠിതപ്പെട്ട് ഇരിക്കുകയായിരുന്നു.

അനഗോ - പോലീസ് പിടിക്കാൻ വരുന്നത് കണ്ട് ഓടുന്നതിനിടയിൽ ലോറിക്കീഴിൽ വീണ് പടമായ ഒരു  മതപണ്ഡിതൻ  വന്നിട്ടുണ്ട്.
ദൈവം - കൂപ്പിട്
അനഗോ പോയി ആളെ കൊണ്ടുവന്നു.
വന്ന ആൾ ചുറ്റിനും നോക്കി "എവിടെ സ്വർഗ്ഗം?"
ദൈവം - എന്തിനാ?
പണ്ഡിതൻ - 72 കന്യകമാരായ സുന്ദരിമാരെ കാണാൻ.
ദൈവം - മനസ്സിലായില്ല.
പണ്ഡിതൻ - മതം പറയുന്നത് പോലെ ജീവിച്ചാൽ സ്വർഗ്ഗത്തിൽ ധാരാളം സുന്ദരിമാരെ കിട്ടും എന്നാണല്ലോ ദൈവം പറഞ്ഞത്.
ദൈവം - ഞാനോ? എപ്പാാാാ???

പണ്ഡിതൻ - അങ്ങനെയാ ഞങ്ങളെ ഉസ്താദ് പഠിപ്പിച്ചത്.
ദൈവം - അതവിടെ നിൽക്കട്ടെ. താനെന്തിനാ പോലീസിനെ കണ്ടപ്പോൾ ഓടിയത്. എന്താ കേസ് ?
പണ്ഡിതൻ - അത് പിന്നെ....
അനഗോ - മതം പഠിക്കാൻ വന്ന രണ്ട് ആൺകുട്ടികളെ ഇവൻ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചു. പിന്നെ കള്ളനോട്ട്, കുഴൽപ്പണം, കള്ള പാസ്പോർട്ട്, അറബികല്യാണം നടത്തൽ... സ്വർണ്ണക്കടത്ത് പിന്നെ....
ദൈവം ചെവി പൊത്തിക്കൊണ്ട് -  ഹയ്യേ മതി മതി തിർത്ത്. തനിക്കൊക്കെ മാന്യമായി വിവാഹം കഴിച്ച് ജീവിച്ച് കൂടേ?
പണ്ഡിതൻ - ഞാൻ സിംഗിളാ തമ്പുരാനേ
അനഗോ - വെറുതെയാ .. കെട്ടിയ മൂന്നെണ്ണത്തിനെ വാട്സ് ആപ്പ് വഴി ഡൈവോഴ്സ് അടിച്ചവനാ
പണ്ഡിതൻ - അതിനെന്താ? ഞാൻ കഴിഞ്ഞ പുണ്യമാസത്തിൽ എല്ലാ ദിവസവും രണ്ട് തവണ കൂടുതൽ പ്രാർത്ഥിച്ചിരുന്നു 
ദൈവം - അത് കൊണ്ട് ?
പണ്ഡിതൻ - അത് കൊണ്ട് ദൈവത്തിന് എന്നോടുള്ള ഇഷ്ടം കൂടി. അപ്പൊ എന്നെ സ്വർഗ്ഗത്തിലേക്ക് വിടും. അവിടെ സുന്ദരിമാർ ഉണ്ട്. ദൈവം അവരെ എനിക്ക് തരും
ദൈവം - അങ്ങനൊക്കെ  ചെയ്താൽ സ്വർഗ്ഗത്തിൽ എത്തും എന്ന് നിന്നോട് ആരാ പറഞ്ഞത്?
പണ്ഡിതൻ - എന്റെ ഉസ്താദ്.
ദൈവം - ഉസ്താദ് വേറെന്തൊക്കെ പറഞ്ഞു?
പണ്ഡിതൻ - നമ്മുടെ ദൈവം മാത്രമാണ് ദൈവമെന്നും മറ്റുള്ളവരൊക്കെ ഫെയ്ക്ക് ആണെന്നും സ്ത്രീകളെ പർദ്ദ ഇടീച്ചേ പുറത്തിറക്കാവൂ എന്നും നമ്മൾ രണ്ടാമത് നിക്കാഹ് കഴിച്ചാൽ ആദ്യ ബീടര് സ്വർഗ്ഗത്തിലെത്തുമെന്നുംനമ്മുടെ ഭൂമി നമ്മൾ മറ്റു മതക്കാർക്ക് വിൽക്കുത് എന്നും പറഞ്ഞു.
ദൈവം - അനഗോ.... ഈ ഉസ്താദ് ഇപ്പൊ എവിടുണ്ട്... ഒന്ന് വിളിച്ചേ
അനഗോ - നമ്മൾ അവനെയാ ദൈവമേ നാക്ക് വെട്ടിക്കളഞ്ഞ് തിളച്ച എണ്ണയിൽ മുക്കി പുറത്തെടുത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ആനേടെ കീഴിലിട്ട് ചവിട്ടിത്തേച്ച് ഇപ്പൊ തേളിന്റെ കൂട്ടിൽ ചോര കുടിക്കാൻ ഇട്ടിരിക്കുന്നത്.
ദൈവം - ഓ.... ലവൻ. അവന്റെ ശിഷ്യൻ ആണല്ലേ. ഇപ്പൊ സ്വർഗ്ഗം കാണിക്കാട്ടാ
നീ അങ്ങോട്ട് മാറിനിക്ക്......

 ദൈവം - അനഗോ... അടുത്തത് ആരാ ?
അനഗോ - പ്രമുഖാനന്ദമഠത്തിലെ സ്വാമി ആണ്.
ദൈവം - അതെന്ത് മഠം?
അനഗോ - പത്രഭാഷയാണ് അങ്ങുന്നേ. അവർക്ക് കാശും പരസ്യവും കൊടുക്കുന്ന ആൾക്കാർ ഒക്കെ പ്രമുഖർ ആണ്. അവരെപ്പറ്റി മോശം വാർത്തകൾ പ്രസിദ്ധീകരിക്കില്ല. ഒരു രക്ഷയും ഇല്ലാതെ വന്നാൽ പേര് എഴുതാതെ വാർത്ത കൊടുക്കും. പ്രമുഖ മഠം, പ്രമുഖ ആശുപത്രി, പ്രമുഖ ജുവലറി, പ്രമുഖ ഷോപ്പിംഗ് മോൾ.... അങ്ങനെയങ്ങനെ.

ദൈവം - കഷ്ടം തന്നെ. ഈ പ്രമുഖ സ്വാമീടെ കേസ് എന്താ?
അനഗോ - ദൈവം ഇതേത് നാട്ടിലാ ജീവിക്കുന്നേ? വടക്കായാലും തെക്കായാലും സ്വാമിമാരുടെ കേസ് എന്ന് പറഞ്ഞാൽ ഒറ്റ കേസേയുള്ളൂ... ബലാൽസംഗം....!!! ഈ സ്വാമിക്ക് കുറച്ച് ഭൂമി തട്ടിപ്പും സാമ്പത്തികത്തട്ടിപ്പും കൂടി സൈഡായിട്ടുണ്ട്. ദാ വന്നല്ലോ..
ദൈവം - ഉം... തന്റെ പേരെന്താ?
സ്വാമി - ജഗദ്ഗുരു പ്രേമസ്വരൂപൻ.
ദൈവം - കഷ്ടം. കയ്യിലിരിപ്പ് വെച്ച് കാമസ്വരൂപൻ എന്ന പേരായിരുന്നു ചേരുന്നത്.
അനഗോ - ശരിക്കുള്ള പേര് ബിജു എന്നാണ്.
ദൈവം - ആ പഷ്ട്. അപ്പൊ ബിജു സ്വാമീ.. ഈ ജഗദ്ഗുരു  എന്താ വീട്ടുപേരാണോ?
സ്വാമി - അല്ല. ഭക്തൻമാർക്ക് ബഹുമാനം കൂടാൻ വേണ്ടി ഞാന്‍ തന്നെ ഇട്ടതാ.
ദൈവം - ഈ ലോകത്തിന്റെ ഗുരു എന്നൊക്കെ പറയാനുള്ള വല്ല യോഗ്യതയും തനിക്കുണ്ടോ?
സ്വാമി - എനിക്കേ അതിനുള്ള യോഗ്യതയുളളൂ. ഭൂഗോളം നമ്മുടെ സൃഷ്ടിയാണ്. ഞാൻ ബ്രഹ്മമാകുന്നു.
ദൈവം അനഗോയെ നോക്കി

അനഗോ - ടോ... താൻ ദൈവത്തോടാ സംസാരിക്കുന്നത് എന്നോർമ്മ വേണം.
സ്വാമി - ക്ഷമിക്കണം, ഞാൻ ആശ്രമത്തിൽ എന്റെ മണ്ടൻ ഭക്തൻമാരുടെ മുൻപിൽ ആണെന്നോർത്ത് പറഞ്ഞതാ.
ദൈവം - ഇപ്പൊഴത്തെ കേസ് എന്താ? ഇൻകം ടാക്സ് വെട്ടിച്ചതാണോ?
അനഗോ - ആശ്രമം, ആശുപത്രി എന്നിവയുടെ ആദായനികുതി വെട്ടിപ്പും, ശമ്പളം കൂട്ടാൻ സമരം ചെയ്ത നഴ്സ്മാരെ ഗുണ്ടകളെ വിട്ട് ആക്രമിച്ചതും പുത്രകാമേഷ്ടിയാഗം എന്ന് പറഞ്ഞ് ആശ്രമത്തിൽ വന്ന ഭക്തയെ കേറിപ്പിടിച്ചതും.
സ്വാമി - കേറിപ്പിടിച്ചതല്ല. ദൈവീകമായ ഒരു  സംഗമമാണ് ഞാൻ ഉദ്ദേശിച്ചത്. പക്ഷേ വിവരമില്ലാത്ത  ഭക്ത നിലവിളക്ക് എടുത്ത് തലയ്ക്ക് അടിച്ചു കളഞ്ഞു. അങ്ങനെ ഞാനിവിടെ എത്തി.

അനഗോ - കേസ് ഇനിയുമുണ്ട്. ഈ ആശ്രമത്തിലെ പഴയ അന്തേവാസിയായ വിദേശവനിതയെ പീഡിപ്പിച്ച കേസും അവരുടെ ആത്മകഥ നിരോധിക്കാൻ രാഷ്ട്രീയ ഇടപെടൽ നടത്തിയ കേസും പിന്നെ സൈഡായിട്ട് ഹിന്ദു ഭീകരത പ്രോല്‍സാഹിപ്പിക്കലും.
സ്വാമി - അതേ.... ഈ സ്വർഗ്ഗം എവിടായിട്ട് വരും?
ദൈവം - താനും സ്വർഗ്ഗത്തിലോട്ടാണോ? എന്താ ഉദ്ദേശം?
സ്വാമി - നമുക്ക് ഉർവ്വശി രംഭ മേനകമാരെ കാണാൻ തിടുക്കായി. എവിടെ മിടുക്കികൾ??
ദൈവം അനഗോയെ നോക്കി
അനഗോ - അവര് പഴങ്കഞ്ഞി കുടിക്കുവാ... വന്നാൽ ഉടൻ അങ്ങോട്ട് പറഞ്ഞ് വിടാം. ഇപ്പൊ ആ പണ്ഡിതന്റെ അടുത്ത് നിൽക്ക്.
സ്വാമി - ശരി. പെട്ടെന്ന് ആയിക്കോട്ടെ. വരുമ്പോൾ കുറച്ച് ചഷകം കൂടി കൊടുത്തു വിട്ടോളൂ.  ഇവിടെ പശു ഉണ്ടോ? ബോറടി മാറ്റാന്‍ ഒരു ഗോപൂജയും യാഗവും  നടത്താമായിരുന്നു.
ദൈവം ബീഫ് കട്ലറ്റ് കടിച്ച പല്ലിറുമ്മി...

അനഗോ - അടുത്തത് ഒരു വികാരിയാ
ദൈവം - അതും പീഡകനാണോ?
അനഗോ - ഉവ്വ്. സ്പെഷ്യൽ പ്രാർത്ഥന ഉണ്ടെന്ന് പറഞ്ഞ് ഒരു 16കാരിയെ പള്ളിയിലേക്ക് വിളിപ്പിച്ചിട്ട്....
ദൈവം - മതി, നിർത്ത്
അനഗോ ആളെ കൊണ്ടുവന്നു
വികാരി - ദൈവമേ നീ വലിയവനാണ്. നിനക്കായി ഞാൻ ഭൂമിയിൽ ഒരുപാട് നന്മകൾ ചെയ്തു. ആയിരങ്ങളെ മതം മാറ്റി. കൂടുതൽ പള്ളികൾ പണിയിപ്പിച്ചു. വിശ്വാസികളിൽ കൂടുതൽ ദൈവചിന്ത കുത്തി വെച്ച് അവരെ മറ്റ് മതാചാരങ്ങളിൽ നിന്നകറ്റി. അവർക്കായി ഞാൻ തുലാഭാരവും ശയനപ്രദക്ഷിണവും അരവണയും കൊണ്ടുവന്നു. മറ്റ് മതങ്ങളുടെ ആരാധനാരീതികൾ അനുഷ്ഠിച്ചവരോട് ഞങ്ങൾ മരണശേഷം പകരം വീട്ടി. സമൂഹമാധ്യമങ്ങളിൽ, ഭാഗ്യം ലഭിക്കും എന്ന് പ്രലോഭിപ്പിച്ചും നിർഭാഗ്യം വരുമെന്ന് ഭീഷണിപ്പെടുത്തിയും വിശ്വാസികളെക്കൊണ്ട് അങ്ങയുടെ ചിത്രങ്ങൾ ഞങ്ങൾ പ്രചരിപ്പിച്ച് അങ്ങയെ ഞങ്ങൾ കൂടുതൽ ഹൃദയങ്ങളിൽ എത്തിച്ചു. എവിടെ സ്വർഗ്ഗത്തിൽ അങ്ങയുടെ സമീപത്തുള്ള എന്റെ സ്ഥാനം?
എവിടെ വീഞ്ഞ്? എവിടെ മാലാഖമാർ?

ദൈവം - അനഗോ, നരകത്തിന്റെ  ഇരുമ്പ് വാതിൽ തുറക്ക്. എന്നിട്ട്  ഇവരെ മൂന്നിനേം അതിലിട്.

മൂവർസംഘം - ദൈവമേ ഞങ്ങൾ എല്ലാം അങ്ങേയ്ക്ക് വേണ്ടിയല്ലേ ചെയ്തത്.  ഞങ്ങൾക്ക് സ്വർഗ്ഗം തരൂ

ദൈവം - ഫ്ഭ നിർത്തെടാ. നീയൊക്കെ ഭൂമിയിൽ സകല വൃത്തികേടുകളും കാണിച്ച് നടന്നിട്ട് കുറേത്തവണ പ്രാർത്ഥിച്ച് കുറേ വർഗ്ഗീയവാദികളേം മണ്ടൻമാരെയും സൃഷ്ടിച്ച് മതം വളർത്തിയാൽ നിനക്കൊക്കെ സ്വർഗ്ഗത്തിൽ സ്ഥാനവും തന്ന് കള്ളും പെണ്ണും ഒപ്പിച്ച് തരാൻ ഞാനെന്താടാ മൂന്നാംകിട #%&$## ആണെന്ന് കരുതിയോ?
ദൈവം ഡാ......

അനഗോ, ഈ മൂന്നിന്റേം കയ്യും കാലും തല്ലി ഒടിച്ച് തിളച്ച എണ്ണയിലിട്ട്  പൊരിച്ച് പുറത്തെടുത്ത്  കഴുത്ത് വരെ പെട്രോൾ ഒഴിച്ച് കത്തിച്ച് ആ ചാരം കലക്കിയ വെള്ളം ഒരു കുട്ടകത്തിൽ നിറച്ച് വെയ്ക്ക്. നാളെ ഇവന്റെയൊക്കെ ശിഷ്യൻമാർ വരുമ്പോൾ അതിൽ മുക്കി കൊല്ലണം

അനഗോ - ദൈവമേ... അടിപൊളി
ദൈവം - എന്നിട്ട് നീ എന്റെ ബാത്ത് ടബ്ബിൽ തിളച്ച വെള്ളം ഒഴിച്ച് വെക്ക്
അനഗോ - അയ്യോ അതെന്തിനാ?
ദൈവം - ഇത് പോലുള്ള ചെറ്റകളെ സൃഷ്ടിച്ച് ഭൂമിയിലേക്ക് അയച്ച് പാവങ്ങളെ വഴി തെറ്റിച്ചതിന് എനിക്കും വേണ്ടേ ഒരു ശിക്ഷ..... ദൈവം സഹായിച്ച് ബാക്കി ഗ്രഹങ്ങളിൽ ഒന്നും ഇവറ്റകളെ സൃഷ്ടിക്കാൻ തോന്നിയില്ല...

അനഗോ - ങേ... ദൈവം സഹായിച്ചെന്നോ? അതേത് ദൈവം???
ദൈവം - ങേ... നീയത്ആ കേട്ടോ... ... ആർക്കറിയാം... ഏതായാലും നീ ഇതിനി ആരോടും പറയാന്‍ നിക്കണ്ട....!!!!

/അജ്ഞാതന്‍/

2 comments: