Wednesday, October 23, 2013

നീ കൊ ഞാ ചാ

പൂപ്പാറ തറവാട്ടിലെ അപ്പൂപ്പന്‍ ഒരു പാവമായിരുന്നു.
അപ്പൂപ്പന്‍റെ പലചരക്ക് കടയില്‍ സാധനം വാങ്ങാന്‍ എപ്പോ പോയാലും, മൂപ്പര്‍ പണ്ട് സി.ആര്‍.പി.എഫ് ക്യാമ്പില്‍ വെച്ച് ഒരു കിലോ കപ്പ വേവിച്ചതും അരക്കിലോ മത്തിയുടെ കറിയും ഒറ്റയിരുപ്പിന് ഒറ്റയ്ക്ക് തട്ടിയ കഥ നമ്മളോട് വിസ്തരിച്ച് പറയും, "ഇത് എന്നോട് പണ്ട് പറഞ്ഞതാ" എന്ന് നമ്മള്‍ പറഞ്ഞാലും.

പൂപ്പാറ അപ്പൂപ്പന്‍ ഒരു സ്നേഹസമ്പന്നനും ആയിരുന്നു.
എവിടുന്നോ ഒഴുകി വന്ന്, മുള്ളന്‍കൊല്ലി ഗ്രാമത്തില്‍ വേലായുധനെ പെറ്റിട്ട ശേഷം എങ്ങോട്ടോ ആ അമ്മ ഒഴുകിപ്പോയത്‌ പോലെ, നിലാവുള്ളൊരു രാത്രിയില്‍, എവിടുന്നോ വന്ന് എങ്ങാണ്ടോട്ടോ ഓടിപ്പോയൊരു ശ്വാനമാതാവ് പൂപ്പാറ അപ്പൂപ്പന്‍റെ പറമ്പിലെ പശുക്കളില്ലാത്ത പശുത്തൊഴുത്ത്, മൂപ്പരോട് പെര്‍മിഷന്‍ വാങ്ങാതെ ലേബര്‍ റൂമാക്കി ഗൈനക്കിന്‍റെ സഹായമില്ലാതെ നമ്മുടെ കഥാനായകന് ജന്മം നല്‍കി.

പിറ്റേന്ന് രാവിലെ ഉമിക്കരി പുരണ്ട പല്ലുകളുമായി, നാക്ക് വടിക്കാന്‍ ഈര്‍ക്കില്‍ തേടി പറമ്പിലെത്തിയ സീനിയര്‍ സിറ്റിസണ്‍ ശ്രീ പൂപ്പാറ, തന്‍റെ മുന്നില്‍ തേജസ്വിയായ ഒരു പട്ടിക്കുഞ്ഞിനെ കണ്ട് അമ്പരുന്നു. "എടീ സരോജം, നീയൊരു കിണ്ണത്തില്‍ കുറച്ച് പാലിങ്ങെടുത്തേ" എന്ന് ബെറ്റര്‍ ഹാഫിനോട് വിളിച്ചുപറഞ്ഞത് അവനെ ദത്തെടുക്കാന്‍ മനസ്സില്‍ ഉറപ്പിച്ച് കൊണ്ടായിരുന്നു.

പൂപ്പാറ അപ്പൂപ്പന്‍ വാത്സല്യത്തോടെ അതിനെ കയ്യിലെടുത്ത് അതിന്‍റെ കറുത്ത മുഖത്തേക്ക് നോക്കി, ഈരേഴ് പതിനാല് ലോകത്തിലും ഇന്നേ വരെ ഒരു മനുഷ്യനും പട്ടിക്കിടാന്‍ ആലോചിക്കുക പോലും ചെയ്യാത്ത ഒരു പേരും വിളിച്ചു - സുരേഷ്. (അറ്റത്ത്‌ കുമാർ ഇല്ല.)

ആദ്യം പാലും, പിന്നെ കട്ടിയാഹാരവും, ഒടുവില്‍ പുഴുക്കലരിച്ചോറും കുരിയാക്കോസിന്‍റെ ഇറച്ചിക്കടയിലെ "ചൗ"വും കഴിച്ച് വളര്‍ന്ന് സുരേഷ് ആരോഗ്യദൃഢഗാത്രനായി തന്‍റെ കൗമാരത്തിലെത്തി
ചുറ്റുപാടുമുള്ള വീടുകളില്‍ അച്ചടക്കത്തോടെ വളരുന്ന ഒട്ടുമിക്ക ശ്വാനസുന്ദരിമാര്‍ക്ക് മാത്രമല്ല, പ്രത്യേകിച്ചൊരു ഉടമസ്ഥാവകാശവും, ടി.സി. നമ്പറുമൊന്നും അവകാശപ്പെടാനില്ലാത്ത ദേശാടനപെണ്‍പട്ടികള്‍ക്കും സുരേഷില്‍ ഒരു കണ്ണുണ്ടായിരുന്നു.

അവരില്‍ ചിലരെയൊക്കെ മറുനോട്ടമുണ്ടായിരുന്ന സുരേഷ്, ഒരു സുപ്രഭാതത്തില്‍ അവരെയെല്ലാം "ഛെ..ചീള് കേസുകള്‍" എന്ന് പുച്ഛത്തോടെ തള്ളിക്കളഞ്ഞത്, തെക്കേലെ പോമറേനിയന്‍ സുന്ദരി ചിഞ്ചുവിനെ കാവിലുല്‍സവത്തിന് കണ്ടതിന്‍റെ പിറ്റേന്നാണ്.

ബോഡി മുഴുവന്‍ വെളുത്ത ഗൾഫ്‌ ഗേറ്റ് വെച്ചത് പോലെ മുടിയുണ്ടായിരുന്ന ചിഞ്ചു സ്വന്തം ഗ്ലാമറില്‍ ഉള്ള ഓവര്‍കോണ്‍ഫിഡന്‍സ് മൂലം അഹങ്കാരിയായിരുന്നു.
തന്‍റെമഞ്ഞ പെയിന്റ് അടിച്ച കൂടിന് മുന്നില്‍ വന്ന് പ്രോപോസ് ചെയ്ത സുരേഷിനെ ആദ്യമൊക്കെ ചിരിച്ച് കാട്ടി പ്രോത്സാഹിപ്പിച്ച ചിഞ്ചു, ഒടുവില്‍ കാര്യത്തോടടുത്തപ്പോള്‍ തനി പെണ്ണായി.

"കാര്യങ്ങള്‍ ഉറപ്പിക്കാന്‍ കാര്‍ന്നോരെ ഇങ്ങോട്ട് വിടട്ടെ..?" എന്ന് ചോദിച്ച സുരേഷിനോട് "പശുവിന്‍പാല് പോലെ വെളുത്ത് തുടുത്ത് പൂത്തുലഞ്ഞ് നില്‍ക്കുന്ന ഞാനെവിടെ? നട്ടുച്ചയ്ക്കും ടാര്‍ റോഡില്‍ ഇറങ്ങിയാല്‍, ടാര്‍ ഏത്, നീയേത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത നീയെവിടെ? നിന്നെ കെട്ടേണ്ട ഗതികേട് എനിക്കൊരിക്കലും വരില്ല, അഥവാ അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ ഈ വീടിന്‍റെ ടെറസില്‍ കയറി പവര്‍കട്ടില്ലാത്ത നേരം നോക്കി ഇവിടത്തെ കറന്റ് കമ്പിയില്‍ ചാടിച്ചാവും. ഇത് സത്യം സത്യം സത്യം" എന്ന് പറഞ്ഞിട്ട് "പോടാ പോയി പണി നോക്ക്" എന്ന അര്‍ത്ഥത്തില്‍ രണ്ട് കുരയും നല്‍കി.

കറുത്ത ശരീരത്തില്‍ വിങ്ങുന്ന ചുവന്ന വ്രണിതഹൃദയവുമായി സുരേഷ് ഇരുളില്‍ ഓടി മറഞ്ഞു. സാധാരണ പോകും വഴിയില്‍, ഓരോ നൂറ് മീറ്ററിലും വലത്തെ പിന്‍കാല് പൊക്കി ഒന്നര സെക്കന്റ്‌ നേരം മുള്ളുന്ന സുരേഷ് അന്ന് എങ്ങും നില്‍ക്കാതെ പൂപ്പാറേടെ വരാന്തയില്‍ ചെന്ന് ഉച്ചത്തില്‍ പൊട്ടിക്കരഞ്ഞു.

നട്ടപ്പാതിരയ്ക്ക് മോങ്ങല്‍ കേട്ടുണര്‍ന്ന പൂപ്പാറ പുറത്തിറങ്ങി വന്ന് "മിണ്ടാതിരിക്കെടാ !%#@%@നേ" എന്ന് ആജ്ഞാപിച്ച് സുരേഷിനെ തൊഴിച്ച് മുറ്റത്തേക്കെറിഞ്ഞു .
മേഘപാളികള്‍ മൂടിയ ചന്ദ്രനെ നോക്കി നിശബ്ദനായി തേങ്ങിക്കൊണ്ട്‌ സുരേഷ് നേരം വെളുപ്പിച്ചു.

സമാധാനമായി ഒന്ന് സംസാരിക്കാൻ പറ്റിയാൽ ചിഞ്ചുവിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ കഴിയും എന്ന ശുഭപ്രതീക്ഷയോടെയാണ് സുരേഷ് പിറ്റേന്ന് രാവിലെ എഴുന്നേറ്റത്. തന്‍റെ വാക്കുകൾ കൊണ്ട് എങ്ങനെ ചിഞ്ചുവിന്‍റെ മനസ്സ് കുഞ്ചാക്കോയെ കണ്ട ശാലിനിയെപ്പോലെയാക്കാം എന്ന് ചിന്തിച്ചു കൊണ്ട് വൈകുന്നേരം വരെ സുരേഷ് പറമ്പില്‍ അലഞ്ഞ് തിരിഞ്ഞ് നടന്നു.

സന്ധ്യയായി. പതുക്കെ ഇരുള്‍ പരന്നു തുടങ്ങി.
മിസ്സിസ് പൂപ്പാറ പൂജാമുറിയിലേക്കും മിസ്റ്റര്‍ പൂപ്പാറ "മധുപുരി" ഷാപ്പിലേക്കും നീങ്ങിയ തക്കം നോക്കി സുരേഷ് ശബ്ദമുണ്ടാക്കാതെ ചിഞ്ചുവിന്‍റെ കൂട്ടിന് പിന്നിലെത്തി.

രണ്ട് സിമ്പിള്‍ മണം പിടിക്കൽ ടെസ്റ്റിംഗ് നടത്തി ചിഞ്ചു കൂട്ടിലില്ല എന്ന് കണ്ടുപിടിച്ച സുരേഷ്, കൂട്ടില്‍ കയറി ഒളിച്ചിരുന്നു. തലേന്നത്തെ ഉറക്കക്ഷീണം കൊണ്ടോ, അതോ ഇളം ചാറ്റല്‍ മഴയോടൊപ്പം വന്ന തണുത്ത വൃശ്ചിക കാറ്റേറ്റിട്ടോ, വന്ന കാര്യം സാധിച്ചിട്ട്‌, പറ്റിയാൽ ഒരുമ്മയും വാങ്ങണം എന്നോർത്ത് കള്ളച്ചിരിയുമായി "ടിപ് ടിപ് ബര്‍സാ പാനി" മൂളിക്കൊണ്ടിരുന്ന സുരേഷ് കൂട്ടിലിരുന്ന് ഒന്ന് മയങ്ങിപ്പോയി.

എന്തോ കിരികിരാ ശബ്ദം കേട്ടാണ് സുരേഷ് കണ്ണ് തുറന്നത്. കൂടിന്‍റെ വാതിലടഞ്ഞതാണ്.. സുരേഷ് പുഞ്ചിരിയോടെ ചിഞ്ചുവിനായി കൂട്ടിനുള്ളില്‍ പരതി.
കൂട്ടില്‍ ചിഞ്ചുവില്ല, കുറേ പോമറേനിയന്‍ പൂടകള്‍ മാത്രം.
"ഇല്ലോളം താമയിച്ചാലും വരാണ്ട് എവിടെ പോകാൻ..?" എന്നാലോചിച്ച് കോട്ടുവായിട്ട്‌ പുറത്തേക്ക് നോക്കിയ സുരേഷ്, പുറത്തെ കാഴ്ച കണ്ട്, തുറന്ന വായ അടയ്ക്കാൻ കഴിയാതെ ഒരു നിമിഷം ഞെട്ടി നിന്ന് പോയി.

ചിഞ്ചുവിന്‍റെ  കൂടിന്‍റെ പരിസരത്തെവിടെയെങ്കിലും തന്നെക്കണ്ടാൽ ഓടിച്ചിട്ട്‌ കല്ലെറിയുന്ന ദുഷ്ടൻ സുജിത്ത് - ചിഞ്ചുവിന്‍റെ ലോക്കൽ ഗാർഡിയൻ അതാ മുണ്ടും മടക്കിക്കുത്തി നിൽക്കുന്നു. ഒപ്പം ഒരു സഹായിയും. രണ്ടിന്റേം കയ്യില്‍ നല്ല നീളൻ കമ്പുകൾ.
പെട്ടു എന്ന് മനസ്സിലാക്കിയ സുരേഷ്, കൂടുതൽ തകർന്ന് പോയത് പുറത്ത് തന്നെ നോക്കി "തല്ലിക്കൊല്ലണ്ണാ അവനെ" എന്ന ഭാവവുമായി നിൽക്കുന്ന ചിഞ്ചുവിനെ കണ്ടപ്പോളാണ്.

"എടീ വഞ്ചകീ" എന്ന് പിറുപിറുത്തു തീരും മുൻപേ,  കൂടിന്‍റെ മുൻഭാഗത്തെ കമ്പികൾക്കിടയിലൂടെ സുരേഷിന് ഇടനെഞ്ചില്‍ ആദ്യത്തെ കുത്ത് കിട്ടി. കോപവും വേദനയും കൊണ്ട് "ഗിർർ...ർർ" എന്നലറിയ സുരേഷിന്, അതിന്‍റെ വേദന  തീരും മുന്‍പേ കൂടിന്‍റെ പിന്നിലെ ദ്വാരത്തില്‍ നിന്ന് സഹായിയുടെ വക അടുത്ത കുത്ത് കിട്ടി, രണ്ട് ദിവസം മുൻപ് മൃഗാശുപത്രിയില്‍ നിന്ന് ഇന്‍ജക്ഷന്‍ കിട്ടിയ അതേ സ്ഥലത്ത് തന്നെ.

തൽസ്ഥാനത്ത് മൂന്നാമത്തെ കുത്ത് കൂടി കിട്ടിയപ്പോഴേക്കും, "ഗിർർ...ർർ" എന്നലറിക്കൊണ്ടിരുന്ന സുരേഷ് "എന്നെ കൊല്ലല്ലേ, ഞാൻ പൊക്കോളാം" എന്നർത്ഥം വരുന്ന "ഔ..ഔ...ഔ.." എന്ന ശബ്ദത്തിൽ കേണു കരഞ്ഞു... ആര് കേൾക്കാൻ?

തുടര്‍ന്നുള്ള അഞ്ച് മിനിറ്റ് നേരം കൊണ്ട് സുരേഷ്, കുത്ത് വാങ്ങല്‍, കരച്ചില്‍, കുത്ത് വന്ന ഭാഗത്തേക്ക് തിരിഞ്ഞ് നോക്കല്‍, വീണ്ടും കുത്ത് വാങ്ങല്‍, കരച്ചില്‍, വീണ്ടും തിരിഞ്ഞ് നോക്കല്‍ എന്ന നാടന്‍ കല, നോണ്‍സ്റ്റോപ്പായി അവതരിപ്പിച്ച് കൊണ്ടിരിക്കേ, സഹായിയുടെ വക പള്ളക്ക് അപ്രതീക്ഷിതമായ് കിട്ടിയ കുത്തേറ്റ് സുരേഷ് തല കറങ്ങി വീണു.

"ചത്തെങ്കിൽ നമുക്ക് ആരും കാണാതെ കുഴിച്ചിടാം" എന്ന് പറഞ്ഞ് കൂട് തുറന്ന സഹായിയെ ഭയപ്പെടുത്തിക്കൊണ്ട് സുരേഷ് സർവ്വശക്തിയുമെടുത്ത് പുറത്തേക്കോടി രക്ഷപ്പെട്ടു.
ഓടുന്നതിനിടയില്‍ സുരേഷ് ചിഞ്ചുവിനെ നോക്കി കുരച്ച് അലറി "നീ കൊ ഞാ ചാ"

ശാന്തമായ കുറച്ച് മാസങ്ങൾക്ക് ശേഷം...

അഹങ്കാരിയായ ചിഞ്ചുവിനെ വീട്ടുകാർ സുരേഷിനെക്കാൾ കറുത്ത ഒരു പോമറേനിയന് ചിഞ്ചുവിന്‍റെ സമ്മതം നോക്കാതെ കെട്ടിച്ചു കൊടുത്തു.

"ചിഞ്ചുവില്ലാതെ എനിക്കൊരു ജീവിതമില്ല" എന്ന് അടുത്ത ഫ്രണ്ട്സിനോടൊക്കെ പറഞ്ഞിരുന്ന സുരേഷ്, തന്‍റെ സ്വീറ്റ് ഹാർട്ടിന് സംഭവിച്ച ദുരന്തത്തിൽ ദുഃഖം സഹിക്കവയ്യാതെ, അന്ന് തന്നെ പോയി കിഴക്കേതിലെ വറീത് മാപ്ലേടെ സാറമോളെ കെട്ടി, പൂപ്പാറെ അപ്പൂപ്പന് "സുമേഷ്" എന്ന് പേരിടാൻ ഒരു പുത്രനെ നൽകി.

വാൽകഷ്ണം 1  - പൂപ്പാറെ അപ്പൂപ്പന്റെ വീട്ടിൽ സുരേഷിനും സുമേഷിനും ശേഷം ഇനിയൊരു ആണ്‍ തരി ഉണ്ടായാൽ അതിന് സുജിത്ത് എന്ന് പേരിടുമോ എന്ന് ഭയന്ന് ചിഞ്ചുവിന്റെ മുതലാളി സുജിത്ത് ഇന്നും ആശങ്കയോടെ ജീവിക്കുന്നു.

വാൽകഷ്ണം 2  - സുരേഷിനെ പിന്നിൽ നിന്ന് കുത്തിയ ആ സഹായി ഞാനായിരുന്നു.

/അജ്ഞാതന്‍/

Creative Commons License
http://hiddenflash.blogspot.com by Ajnaathan is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.

13 comments:

  1. It was really funny, i enjoyed it - Don Blr,

    ReplyDelete
  2. good one. Really enjoyed it. Nishad

    ReplyDelete
  3. Very Funny:) Njoyed a lot:)

    ReplyDelete
  4. നിഷ്കളങ്ക പ്രണയത്തെ കുത്തി നോവിച്ച കാപാലികാ.. ബ്ലോഗ്‌ സൂപ്പർ

    ReplyDelete
  5. അപ്പോ പരിശുദ്ധപ്രേമത്തില്‍ നഞ്ചുകലക്കിയ വഞ്ചനക്കഥയാണല്ലേ...

    കൊള്ളാം.. നന്നായി എഴുതിയിട്ടുണ്ട്... അഭിനന്ദനങ്ങള്‍.

    ReplyDelete
  6. Kollam.... :) :) :). Chitra

    ReplyDelete
  7. പിന്നില്‍ നിന്ന് കുത്തിയ വഞ്ചകാ ,നിന്നെ ചരിത്രം വെറുതെ വിടില്ല

    ReplyDelete
  8. വളരെ മോശമായിപ്പോയി
    ഒരു പാവം പ്രണയത്തെ അലങ്കോലമാക്കിയില്ലേ
    വളരെ മോശമായിപ്പോയി

    ReplyDelete
  9. ഇജ്ജു ഒരു ക്രൂരന്‍ തന്നെ; സുരേഷിന്‍റെ കണ്ണില്‍പ്പെടാതെ വേഗം രക്ഷപ്പെട്ടോ.. @@

    ReplyDelete
  10. ഇനി പിന്നിൽ നിന്ന് കുത്തിയ ആ സഹയഉദെ പെരു അവുമൊ

    ReplyDelete