Thursday, March 31, 2011

പോലീസ് സ്റ്റേഷന്‍


പോലീസ് സ്റ്റേഷനില്‍ കയറാന്‍ അവസരമുണ്ടാകാത്തവാന്‍ ഭാഗ്യവാന്‍.
സ്റ്റേഷനില്‍ വെച്ച് തല്ല് കൊല്ലാനുള്ള എല്ലാ യോഗവും ഒത്തു വന്നിട്ടും, അത് കൊള്ളാതെ ഇറങ്ങി വരുന്നവന്‍ മഹാഭാഗ്യവാന്‍.... 

 
ഓഫീസിന്‍റെ അടുത്ത് ഒരു വാടകവീട്ടില്‍ ഞങ്ങള്‍ താമസിക്കുന്ന കാലം.
ആ വീട്ടിലേക്ക് വരുന്ന വഴിയില്‍, കൂര്‍ത്ത മഞ്ഞപ്പല്ലുകളും, ചെന്നായുടെ ശൗര്യവുമുള്ള  ഒരു ശ്വാനകേസരി വിരാജിക്കുന്ന ഭാര്‍ഗവീനിലയമുണ്ട്.

രാത്രിയില്‍ താമസിച്ച് വരുന്ന ദിവസങ്ങളിലും, സെക്കന്റ്‌ ഷോ കണ്ടു മടങ്ങുന്ന അവസരങ്ങളിലും, ഈ ജന്തു അകാരണമായി ഞങ്ങളെ ആക്രമിക്കാന്‍ അക്ഷീണപരിശ്രമം നടത്താറുണ്ട്.

അപ്പോഴൊക്കെ ഓട്ടം, കല്ലെടുത്തേറ്, മുതലായ പാരമ്പര്യമുറകളുപയോഗിച്ചും, എന്‍റെ ബുദ്ധിപരമായ കണ്ടുപിടിത്തമായ ബെല്‍റ്റൂരിവീശല്‍ മാര്‍ഗത്തിലൂടെയും ഞങ്ങള്‍ രക്ഷപ്പെട്ടു.

പക്ഷെ, ഒരു നാള്‍.....

വാടകയിലെ ഓഹരി എല്ലാ മാസവും കൃത്യമായി അടയ്ക്കുന്ന ദീപക്‌ എന്ന സഹമുറിയന്‍ ഒരു രാത്രി ആ വഴി വരുമ്പോള്‍, പഴശ്ശിരാജയുടെ ഒളിപ്പോരില്‍ ആകൃഷ്ടനായ ആ നായ പിന്നാലെ ശബ്ദമുണ്ടാക്കാതെ വന്ന് ദീപക്കിന്‍റെ ദേഹത്തേക്ക് Belly Landing നടത്തി പല്ലും നഖവും ഫലപ്രദമായി ഉപയോഗിച്ച് ദീപക്കിനെ പരിക്കേല്‍പ്പിച്ചു.

അത്രെയും നാളും പട്ടിയും ഒരു മനുഷ്യജീവിയല്ലേ എന്ന് കരുതി ക്ഷമിച്ച ഞങ്ങള്‍, അപ്രതീക്ഷിത ആക്രമണത്തില്‍ മാനസികമായി തളര്‍ന്ന ദീപക്കിനെക്കണ്ട് ഈ കേസില്‍ ഇടപെടാന്‍ തീരുമാനിച്ചു.

സീന്‍ 1.
പകല്‍.
പട്ടിയുടെ വീട്. ക്ഷമിക്കണം, പട്ടിയുടെ ഉടമസ്ഥന്‍റെ വീട്.

സമൂഹത്തില്‍ മാന്യന്മാര്‍ എന്ന് സ്വയം അഭിപ്രായമുള്ള ഞങ്ങള്‍ മൂന്നാല് പേര്‍ ദീപക്കിനോടൊപ്പം പട്ടിയുടെ യജമാനനെ കാണാന്‍ ചെന്നു.

ബെല്ലിന്‍റെ ശബ്ദം കേട്ട് ആഫ്രിക്കന്‍ വനാന്തരങ്ങളിലെ ഗോത്രമൂപ്പിയെ (ഗോത്രമൂപ്പന്‍റെ സ്ത്രീലിംഗം) അനുസ്മരിപ്പിക്കുന്ന ഒരു മധ്യവയസ്ക വാതില്‍ തുറന്നു.
ഞങ്ങള്‍ മാന്യമായി കാര്യം അവതരിപ്പിച്ചു തുടങ്ങി.

ഞാന്‍: ഞങ്ങള്‍ ഇവിടെ അടുത്തൊരു വീട്ടില്‍ താമസിക്കുന്നവരാണ്. ഈ വഴി നടക്കുമ്പോള്‍ ഇവിടുത്തെ പട്ടി പലപ്പോഴും ഞങ്ങള്‍ക്കൊരു ബുദ്ധിമുട്ടാകാറുണ്ട്‌. ഇന്നലെ അതീപ്പയ്യനെ കടിച്ചു. അത് കൊണ്ട് അതിനെ കെട്ടിയിട്ടാല്‍ നന്നായിരുന്നു.

പുറത്തെ സംസാരം കേട്ട് ആരാണ് വന്നതെന്ന് നോക്കാന്‍ ഗോത്രമൂപ്പിയുടെ മൂത്ത സഹോദരി എന്ന് തോന്നിക്കുന്ന മറ്റൊരു സ്ത്രീയും ഇറങ്ങി വന്നു.

ഗോത്രമൂപ്പി(തികഞ്ഞ നീരസത്തോടെ) : നിങ്ങള്‍ എവിടെ ജോലി ചെയ്യണത്?
ഞാന്‍ സ്ഥലം പറഞ്ഞു.
ഗോത്രമൂപ്പി: ഇവിടത്തെ പട്ടി ആരെയും കടിക്കാറില്ല. നിങ്ങളെ കടിച്ചത് മറ്റു വല്ല പട്ടികളുമാവും.
പറഞ്ഞിട്ട് ഗോത്രമൂപ്പി അകത്തേക്ക് കയറാന്‍ തുടങ്ങി.

ദീപക്‌: ആ കിടക്കുന്ന പട്ടി നിങ്ങളുടെ അല്ലെ? അത് തന്നെ കടിച്ചത്.
ഗോത്രമൂപ്പി: ഇവിടത്തെ പട്ടി ആരേം കടിക്കില്ലെന്ന് പറഞ്ഞില്ലേ? നിങ്ങള്‍ കുറെപ്പേര്‍ ഇത് വഴി പോകുന്നെന്ന് വിചാരിച്ച് ഞങ്ങള്‍ക്ക് പട്ടിയെ വളര്‍ത്താതിരിക്കാനൊന്നും പറ്റില്ല.

ഞാന്‍: വളര്‍ത്തണ്ട എന്നാരും പറഞ്ഞില്ല. പട്ടിയെ കെട്ടിയിടണം എന്നേ പറഞ്ഞുള്ളൂ.
ഗോത്രമൂപ്പി(രോഷാകുലയായി): നിങ്ങളുടെ സെക്യൂരിറ്റി ഞങ്ങള്‍ടെ പട്ടി ഓടിച്ചെന്ന് പറഞ്ഞ് ഇവിടെ വന്ന് ഞങ്ങളെ !@#$%^^& എന്ന് വിളിച്ചു. ഇനി നിങ്ങളും വിളിക്കാന്‍ വന്നതാകും. നിങ്ങള്‍ക്കൊന്നും സംസ്കാരമില്ലേ? നിങ്ങള്‍ ആരാണെന്നാ നിങ്ങള്‍ടെ വിചാരം?

സംഭാഷണത്തിനിടയിലെ അപ്രതീക്ഷിതമായ തെറിയുടെ രംഗപ്രവേശം ഞങ്ങളെ ഒന്ന് ഞെട്ടിച്ചു.

സമനില വീണ്ടെടുത്ത് ഞാന്‍: നിങ്ങള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകില്ലേ? നിങ്ങള്‍ക്ക് പട്ടിയെ കെട്ടിയിട്ട് വളര്‍ത്തിയാല്‍ എന്താ കുഴപ്പം?
ഗോത്രമൂപ്പിയുടെ സഹോദരി: നിങ്ങള്‍ എവിടെ താമസിക്കണത്?

ഞങ്ങള്‍ ഹൗസ് ഓണര്‍ അമ്മച്ചീടെ പേര് പറഞ്ഞു.
ഗോത്രമൂപ്പി (ഫുള്‍ ചൂടില്‍): അവള്....അവളാണ് ഞങ്ങളുടെ പട്ടികളെയെല്ലാം വിഷം വെച്ച് കൊല്ലിച്ചത്. അവള്‍ക്ക് എന്തിന്‍റെ സൂക്കേടാണ്....?

ദീപക്‌: ഈ പട്ടി കാരണം എനിക്ക് ആശുപത്രിയില്‍ രണ്ടായിരത്തിയഞ്ഞൂറ് രൂപയുടെ കുത്തിവെപ്പ് എടുക്കണം. ഇതിനെ കെട്ടിയിട്ടാലെന്താ?
ഗോത്രമൂപ്പി: കാശ് പോയെങ്കില്‍ നിങ്ങള്‍ കൊണ്ട് കേസ് കൊട്. പട്ടിയെ കെട്ടിയിടാന്‍ ഞങ്ങള്‍ക്ക് സൗകര്യമില്ല.

ഞങ്ങള്‍ പറയുന്നത് എന്താണെന്ന് കേള്‍ക്കാനോ,  അതില്‍ വാസ്തവമുണ്ടോ എന്ന് ആലോചിക്കാനോ  പോലും മെനക്കെടാതെ അവര്‍ ഞങ്ങളുടെ മേല്‍ കുതിര കേറാന്‍ തുടങ്ങി.

അവരുടെ സംസാരം കേട്ടാല്‍ വീട്ടില്‍ കെട്ടിയിട്ട പട്ടിയെ ഞങ്ങള്‍ അങ്ങോട്ട്‌ ചെന്നു കടിച്ചതാണ് എന്ന് തോന്നും.

എന്തിനധികം പറയുന്നു, അഭ്യര്‍ത്ഥന നടത്താന്‍ പോയ ഞങ്ങള്‍ അവിടുന്ന് ഇറങ്ങി വരാന്‍ നേരം "നിങ്ങളുടെ ഈ പന്നപ്പട്ടി എവിടെ ചത്തു കിടന്നാലും കൊന്നത് ഞങ്ങളായിരിക്കും" എന്ന് വീട്ടുകാരോടും, "നിന്നെ ഞങ്ങള്‍ എടുത്തോളാമെടാ പട്ടീ" എന്ന് പട്ടിയോടും വെല്ലുവിളിച്ചിട്ടാണ് വന്നത്.

ബഹളം കണ്ട ഒരു നാട്ടുകാരന്‍ ഞങ്ങളോട് ചോദിച്ചു "നിങ്ങളല്ലാതെ ലോകത്താരെങ്കിലും ആ വീട്ടുകാരോട് സംസാരിക്കാന്‍ പോകുമോ? ആ പട്ടിയെക്കാള്‍ കഷ്ടമാണ് അവരുടെ കാര്യം."
തുടര്‍ന്ന് നടന്ന സംസാരത്തില്‍ ആ വീട്ടില്‍ മൂന്ന് സംസ്കാരരഹിത മധ്യവയസ്കസഹോദരിമാര്‍ മാത്രമേയുള്ളൂ എന്ന് മനസ്സിലായി.

സീന്‍ 2
സായാഹ്നം
ഹൗസ് ഓണറിന്‍റെ  വീട്.

ഞങ്ങള്‍ ചെന്ന് ഹൗസ് ഓണര്‍ അമ്മച്ചിയോട് കാര്യങ്ങള്‍ പറഞ്ഞു.
അമ്മച്ചി (ദുഖത്തോടെ): മക്കളേ... ഞാന്‍ എന്തിര് ചെയ്യാന്‍? അവളുമാര് എല്ലാരോടും പറയണത് ഞാനാണ് അവരുടെ പട്ടികളെ കൊന്നതെന്നാണ്. ഞാന്‍ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നുണ്ടോ മക്കളേ?
ഞങ്ങള്‍: ഇല്ല.
അമ്മച്ചി: പണ്ടവര്‍ക്ക് കുറെ പട്ടികളുണ്ടായിരുന്നു. അവരെല്ലാരോടും പറഞ്ഞു ഞാനാണ് അതിനെയെല്ലാം കൊന്നതെന്ന്. നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ മക്കളെ ?
ഞങ്ങള്‍: ഇല്ല

ഒന്ന് നിര്‍ത്തിയിട്ട്
അമ്മച്ചി: ഇനി എന്തര് ചെയ്യാന്‍? മക്കള്‍ ഒരു കാര്യം ചെയ്യുമോ?
ഞങ്ങള്‍: എന്താ?
അമ്മച്ചി: ഞാന്‍ കുറച്ച് വിഷം വാങ്ങിച്ചു തരാം. നിങ്ങള്‍ അതിനെ കൊല്ലാമോ...???????

ഞങ്ങള്‍ റൂംമേറ്റ്സ് തമ്മില്‍തമ്മില്‍ നോക്കി അന്ധാളിച്ച് വാ തുറന്നു.

ഞങ്ങള്‍: അതൊന്നും വേണ്ട... ഞങ്ങള്‍ പോലീസില്‍ പരാതി കൊടുക്കട്ടെ?
അമ്മച്ചി: എന്നാല്‍ അത് മതി മക്കളേ. അല്ലാതിപ്പോ എന്തര് ചെയ്യാന്‍?
ഞങ്ങള്‍: എങ്കില്‍ അമ്മച്ചി മോനെ വിളിച്ച് ഒന്ന് പറഞ്ഞേക്കുമോ, ഞങ്ങള്‍ പരാതി കൊടുക്കുന്നുണ്ടെന്ന്?
അമ്മച്ചിയുടെ മകന്‍ പോലീസില്‍ ഒരു പ്രമുഖ ഉദ്യോഗസ്ഥനാണ്.

അമ്മച്ചി: ആ... അത് ഞാന്‍ പറയാം.
അമ്മച്ചി ഫോണ്‍ എടുത്ത് വിളിച്ചു.
അമ്മച്ചി (ഫോണില്‍) : മക്കളേ, അമ്പിളിക്കൊന്ന്‍ ഫോണ്‍ കൊടുത്തെ...
ഞങ്ങള്‍: അമ്മച്ചീ.... മോനോട് പറഞ്ഞാല്‍ മതി.
അമ്മച്ചി(ഞങ്ങളോട്): വോ.. മോനോട് തന്നെ, എന്‍റെ മോനെ ഞാന്‍ വിളിക്കണ പ്യാരാണ് അമ്പിളി.

അമ്പിളി...പോലീസ്കാരന് പറ്റിയ പേര്...ഞങ്ങള്‍ മനസ്സിലോര്‍ത്തു.

അപ്പുറത്ത് ഏമാന്‍ അറ്റന്‍ഡ് ചെയ്തു.
അമ്മച്ചി: അമ്പിളീ, എടേ നമ്മടെ വാടകവീട്ടില് താമസിക്കുന്ന ഒരു പട്ടിയെ ലവളുമാരുടെ വീട്ടിലെ പട്ടി കടിച്ചു.
ദീപക്‌(വിവര്‍ണമായ മുഖത്തോടെ): പട്ടിയെയല്ല... എന്നെയാണ് അമ്മച്ചീ കടിച്ചത്.
അമ്മച്ചി: വോ തന്നെ, അമ്പിളീ എടേ.. പയ്യനെയാണ് കടിച്ചത്.

നൂറുകൂട്ടം പണിക്കിടയില്‍ ഒരു ചീളുകേസ് കൂടി കേട്ട ദേഷ്യത്തില്‍
അമ്പിളി: വല്ല വേഷോം വാങ്ങിച്ച് കൊടുത്ത് കൊല്ല്.
അമ്പിളി ഫോണ്‍ വെക്കാനൊരുങ്ങി.
അമ്മച്ചി: അമ്പിളീ, ഡേ വെക്കാതെ, ചോദിക്കട്ടെ?
അമ്പിളി(ഈര്‍ഷ്യയോടെ): എന്താ?
അമ്മച്ചി: വെഷം നീ വരുമ്പോ കൊണ്ട് വരുമോടേ...?

പോലീസ് നിഘണ്ടുവില്‍ മാത്രമുള്ള ഒരു പദം പറയാന്‍ തുടങ്ങിയിട്ട്, അങ്ങേത്തലയ്ക്കല്‍ തന്‍റെ Delivered Mother (പെറ്റമ്മ) ആണല്ലോ എന്നോര്‍ത്ത് അമ്പിളി ഫോണ്‍ വെച്ചു.

അമ്മച്ചി(ചമ്മല്‍ പുറത്തു കാട്ടാതെ): മക്കളേ, നിങ്ങളൊരു കാര്യം ചെയ്യ്. നിങ്ങള്‍ കൊണ്ട് പരാതി കൊട്, ഇവിടത്തെ സ്റ്റേഷനില്‍ എന്‍റെ ച്യാച്ചീടെ മോനുണ്ട്. വിളിച്ച് പറഞ്ഞേക്കാം.

ഞങ്ങള്‍ ഓക്കേ പറഞ്ഞിറങ്ങി.

സീന്‍ മൂന്ന്.
രാത്രി.
പോലീസ് സ്റ്റേഷന്‍.

പരാതിയൊക്കെ തയ്യാറാക്കി ഞങ്ങള്‍ സ്റ്റേഷന് മുന്നിലെത്തി.
അകത്ത് കയറണോ എന്ന് സ്റ്റേഷനാങ്കണത്തില്‍ നിന്ന് രണ്ടു വട്ടമാലോചിച്ചു.

ഒടുവില്‍, ആദ്യരാത്രിയില്‍ നവവധു കയറുന്ന ചങ്കിടിപ്പോടെ വലത് കാല്‍ വെച്ച് ഞങ്ങള്‍ അകത്ത് കയറി... ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു.

സിനിമയില്‍ സുരേഷ്ഗോപിയുടെ ഓഫീസ് റൂം പോലെ കംപ്യൂട്ടറും ഗ്ലോബും ഭൂപടവും ഗാന്ധിജിയും ഒന്നുമില്ല.

വിശാലമായ മുറി, കുറേ കസേരകളും അവയ്ക്കരികെ മേശകളും അതിന്മേല്‍ മങ്ങിയ നിറമുള്ള ഫയലുകളും, മൂലയ്ക്ക് ഇടി കൊള്ളാന്‍ തയ്യാറായി നില്‍ക്കുന്ന മൂന്നു പ്രതികളും.

എത്രയും പെട്ടന്ന് തിരിച്ചിറങ്ങി വരാന്‍ തോന്നുന്ന അന്തരീക്ഷം.

അമ്മച്ചീടെ ബന്ധുവിനെക്കണ്ട് പരാതി കൊടുത്ത് കാര്യം പറഞ്ഞു.
മറ്റൊരു പോലീസുകാരന്‍ പരാതി മുഴുവന്‍ വിസ്തരിച്ച് വായിച്ചിട്ട് "ഇതില്‍ ആര്‍ക്കെതിരെയാണ് പരാതി എന്നെഴുതിയിട്ടില്ലല്ലോ"
ഞങ്ങള്‍: പലരോടും ഞങ്ങള്‍ അന്വേഷിച്ചു. അവിടുള്ള ആര്‍ക്കും ആ വീട്ടുകാരുമായി ഒരു ബന്ധവുമില്ല. അതാ പേരെഴുതാഞ്ഞത്.
പോലീസ്: എന്ന് പറഞ്ഞാല്‍, ഞങ്ങള്‍ ആര്‍ക്കെതിരെയാണ് ഇപ്പൊ അന്വേഷിക്കണ്ടത് ?
ഞങ്ങള്‍ വിനയം അഭിനയിച്ച് കൊണ്ട് നിശബ്ദം നിന്നു.

പോലീസ്: ആ വീട്ടില്‍ താമസിക്കുന്ന ഒരാളുടെയെങ്കിലും പേരറിയുമോ?
ദീപക്‌: അറിയാം. ജിമ്മി.
പോലീസ്കാരന്‍ (പരാതിയിന്മേല്‍ ജിമ്മി എന്നെഴുതിയിട്ട്) : അതാരാ ? ഗൃഹനാഥന്‍ ആണോ?
ദീപക്‌: അല്ല. പട്ടിയാ... !!!

പോലീസുകാരന്‍ ദീപക്കിനെ അടിമുടി ഒന്ന് നോക്കി. ദീപക്‌ മുഖം താഴ്ത്തി.

പോലീസുകാരന്‍ (മറ്റൊരു പോലീസുകാരനെ ചൂണ്ടി) "ഇത് ദാമുസര്‍... ആ വീടിരിക്കുന്ന സ്ഥലം ഇദ്ദേഹത്തിന് പറഞ്ഞു കൊടുക്കണം. ഇദ്ദേഹം വന്ന് അന്വേഷിക്കും."
ഞങ്ങള്‍ സ്ഥലം പറഞ്ഞു കൊടുത്തു.

എല്ലാം മനസ്സിലാക്കിയ ദാമുസാര്‍ കണ്ണില്‍ ക്രോധാഗ്നി കത്തിച്ച്  മീശ പിരിച്ച് "ഈ സ്റ്റേഷന്‍റെ അതിര്‍ത്തിയില്‍ ഇനി പട്ടികള്‍ തിന്നാനും കുരയ്ക്കാനും, പിന്നെ വല്ലപ്പോഴും കോട്ടുവായിടാനും മാത്രമേ വായ തുറക്കൂ" എന്ന് ഞങ്ങള്‍ക്ക് ഉറപ്പ് തന്നു.

ഞങ്ങള്‍ ആശ്വാസത്തോടെ പതുക്കെ പുറത്തേക്കിറങ്ങി.
അപ്പോഴാണ്‌ അത് സംഭവിച്ചത്, ഇടി കൊള്ളാനുള്ള എല്ലാ സാഹചര്യവും ഒത്തിണങ്ങിയത് ഒരു നിമിഷം കൊണ്ടായിരുന്നു.    

പുറത്തേക്കിറങ്ങിയ  ദീപക്‌ തിരികെച്ചെന്ന് ദാമുസാറിന്‍റെ തോളില്‍ കൈ വെച്ച് വളരെക്കാലത്തെ പരിചയമുള്ളത് പോലെ ഒരു ചിരിയും ചിരിച്ച് പറഞ്ഞു. .. "അതേയ്, കേസോക്കെ എടുത്ത് പ്രശ്നമൊന്നും ഉണ്ടാക്കണ്ട കേട്ടോ...!!! "

ഏത് സമാധാനപ്രിയനായ പോലീസ്കാരനേയും ഇടിപ്രേമിയാക്കാന്‍ പ്രാപ്തമായ ഡയലോഗ്.
"പോലീസ് സ്റ്റേഷനില്‍ കേസ് എടുക്കാനല്ലെങ്കില്‍ പിന്നെ പാലടയുണ്ണാന്‍  വന്നതാണോടാ" എന്ന മട്ടില്‍ ദാമുസാര്‍ ഒരു കൂര്‍ത്ത നോട്ടം നോക്കി.
"സര്‍, അവന്‍ അങ്ങനെയല്ല ഉദ്ദേശിച്ചത്, ഇങ്ങനെയാണ്" എന്നൊക്കെപ്പറഞ്ഞു ഒരു വിധത്തില്‍ തടി തപ്പി.

രണ്ട് ദിവസം കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ ഗോത്രമൂപ്പീഗൃഹത്തിന്‍റെ ഉള്ളില്‍ നിന്നൊരു ഡയലോഗ് കേട്ടു... "നമ്മള്‍ടെ വീട്ടില്‍ വന്ന് നമ്മളോട് ബഹളം വെച്ചതും പോര.. നമ്മുക്കെതിരെ കേസും കൊടുത്തിരിക്കുന്നു.. അഹങ്കാരികള്‍"

അത് കേള്‍ക്കാത്ത ഭാവത്തില്‍ മുന്നോട്ട് നടക്കുമ്പോള്‍ എന്തോ ഒന്ന് കിലുങ്ങുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് മുറ്റത്ത് തുടലില്‍ ബന്ധനസ്ഥനായ ജിമ്മിയെ ആണ്... ഇന്നലെ വരെ സ്വതന്ത്രനായ ജിമ്മി.

പാവം ജിമ്മി. പാവം ദീപക്. ദാമുസാറും പാവമായിരുന്നു.

/അജ്ഞാതന്‍/


Creative Commons License


10 comments:

 1. good one..Keep writing
  (lechi)

  ReplyDelete
 2. പോലീസെ സ്റ്റേഷനില്‍ അപ്പൊ പട്ടിക് എതിരെ ഉള്ള കേസ് എടുകുമ്മല്ലേ

  ReplyDelete
 3. നന്നായിട്ടുണ്ട് :) പ്രതകിച്ചു ആ ഭാഷയിലെ നര്‍മ്മം :)

  ReplyDelete
 4. പാവം പട്ടി

  ReplyDelete
 5. "Late aayi vanthalum latest aayi varuven........" - അജ്ഞാതന്‍

  അജ്ഞാതന്‍ ki jai ....
  അജ്ഞാതന്‍ ki jai.... :) :)

  ReplyDelete
 6. പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്ത് അവസാനം കെട്ടു നടന്നു(പട്ടിയുടെ)

  നിങ്ങളുടെയുമൊക്കെ കെട്ട് ഇങ്ങനൊക്കെത്തന്നെ നടക്കുമായിരിക്കും ല്ലേ....

  ReplyDelete
 7. visham vekkunnathayirunnu kurach koode rasam ulla parupadi - DON frm blr

  ReplyDelete
 8. police case aakumonnu bhayam kondu viracha aaganubhahuvaya deepakinte mukam ippozhum chiri padarthunnuuu.....

  ReplyDelete
 9. as usual...kollaam. keep writing.

  ReplyDelete