പ്രീഡിഗ്രീ കാലഘട്ടം.
മറ്റേതൊരു പ്രീഡിഗ്രീക്കാരനെയും പോലെ, ഞാനും ബുക്കും ചുരുട്ടി പോക്കറ്റില്‍ വെച്ച് അന്ന് കോളേജ് ജംഗ്ഷനില്‍ ബസ്സിറങ്ങി.
ചുറ്റുപാടും ഒന്ന് കണ്ണോടിച്ച്, പതുക്കെ കോളേജിലേക്ക് നടക്കുന്നതിനിടയില്‍ ഡിഗ്രി ഫൈനല്‍ ഇയറിന് പഠിക്കുന്ന ഒരാജാനുബാഹു ബൈക്കില്‍ പാഞ്ഞു വന്ന് എന്നെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ചവിട്ടി നിര്‍ത്തിയിട്ട് ചോദിച്ചു "ഏതാ ഗ്രൂപ്പ് ?"
ഞാന്‍: "ഫസ്റ്റ് ഗ്രൂപ്പ്"
ഉത്തരം കേട്ട് അവന്റെ മുഖത്തൊരു ഞെട്ടല്‍, ഒപ്പം "അങ്ങനെയും ഒരു ബ്ലഡ് ഗ്രൂപ്പ് ഉണ്ടോ?" എന്നൊരു ചോദ്യവും.
പ്രായം ബുദ്ധിക്കൊരു മാനദണ്ഢമല്ല എന്ന പ്രപഞ്ചസത്യം മനസ്സിലാക്കി ഞാന്‍ പറഞ്ഞു "O+ve ആണ് ബ്ലഡ് ഗ്രൂപ്പ്"
ആജാനു തുടര്‍ന്നു "ഒന്ന് പെട്ടന്ന് വരാമോ? എന്റെ അപ്പൂപ്പന് സീരിയസ് ആയി ആശുപത്രിയില്‍ കിടക്കുവാണ്, അത്യാവശ്യമായിട്ട് കുറച്ച് O+ve ബ്ലഡ് വേണം"
കൃശഗാത്രനായ ഞാന്‍ രക്തദാനം നടത്തിയാലുള്ള ഭവിഷ്യത്തുകളെപ്പറ്റി ആശങ്കാകുലനായപ്പോള്, എന്റെ ഉള്ളിലിരുന്ന് ആരോ "പോടാ പോ ... വീട്ടുകാര്‍ക്കോ ഉപകാരമില്ല. നാട്ടുകാര്‍ക്കെങ്കിലും ഉപകാരമുണ്ടാകട്ടെ" എന്നു മന്ത്രിച്ച് എന്നെ മുന്നോട്ട് നയിച്ചു.
ഞാന്‍ ബൈക്കില്‍ കയറി.
അവന് എന്നേം വെച്ച് ഏഴു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞു.
അവന്റെ വണ്ടിയോടിക്കല് കണ്ടപ്പോള്‍ "പുറകിലില്‍ ഇരിക്കുന്നവനെ ഏതെങ്കിലും പാണ്ടിലോറിക്കോ ബസിനോ നരബലി നല്‍കിക്കോളാമേ" എന്നവന് നേര്‍ച്ചയെടുത്ത പോലെ തോന്നി. ഒടുക്കത്തെ ഓടീര്.
ബൈക്കില്‍ അള്ളിപ്പിടിച്ചിരുന്ന് കൊണ്ട് ഞാന്‍ ചോദിച്ചു "ചേട്ടന്റെ ബ്ലഡ് ഗ്രൂപ്പ് ഏതാ?"
ആജാനു മറുപടി പറഞ്ഞു "O+ve."
ഇടിച്ചു പിഴിഞ്ഞാല്‍ അമ്പത് കുപ്പി നെയ്യും മൂന്നു തലമുറക്കുള്ള ചോരയും ഒരാഴ്ച ചന്തയില്‍ വില്‍ക്കാനുള്ള ഇറച്ചിയും സ്വന്തം ശരീരത്തില്‍ തന്നെയുള്ളവന്‍ കുടുംബത്ത് ഒരത്യാവശം വന്നപ്പോള്‍ പുറത്തൂന്ന് ബ്ലഡ് എടുക്കുന്നു......ബ്ലഡി ഫൂള്‍.
"നിന്റപ്പൂപ്പന് ചോര വേണേല്‍ നീ കൊടടാ" എന്ന് അലറാന്‍ തയ്യാറെടുത്തെങ്കിലും അലറിയില്ല.
ഉള്ള ചോര അവന്റെ ഇടി കൊണ്ട് റോഡില്‍ തുപ്പുന്നതിലും നല്ലതല്ലേ വല്ല ആശുപത്രിയിലും കൊടുക്കുന്നത്..!
മാത്രമല്ല, രക്തദാനത്തിന് ശേഷം ക്ഷീണം മാറ്റാന്‍ ക്രീംബിസ്കറ്റും ലഡ്ഡുവും ഒക്കെ തരുമെന്ന കേട്ടറിവും എന്നെ മാനസികമായി രക്തദാനത്തിന് തയ്യാറാക്കി.
വൈദ്യശാസ്ത്രം ഇതുവരെ ചികിത്സ കണ്ടുപിടിച്ചിട്ടില്ലാത്ത "ലഡ്ഡുമാനിയ" എന്ന മാറാരോഗത്തിനടിമയാണ് ഞാന്‍. അന്നും..... ഇന്നും.
അങ്ങനെ പലപല ചിന്തകളുമായി ഞാന്‍ യാത്ര തുടര്‍ന്നു.
വഴിയില്‍ വെച്ച് ഒരു പാണ്ടിലോറിയുടെ അടിഭാഗം കാണാനുള്ള എല്ലാ ചാന്‍സും ഒത്തെങ്കിലും ലോറിഡ്രൈവര്‍ ബ്രേക്ക് ചവിട്ടിയത് കൊണ്ട് ഒന്നും സംഭവിച്ചില്ല.
ഡ്രൈവര്‍ തല വെളിയിലേക്കിട്ട് പരിശുദ്ധമായ ക്ലാസ്സിക് തമിഴില്‍ ആജാനുവിന്റെ കുടുംബത്തില്‍ ഇപ്പൊ ജീവിച്ചിരിക്കുന്നവരേയും മരിച്ചവരേയും ഇനി ജനിക്കാന്‍ പോകുന്നവരേയും, ആര്‍ക്കും ഒരു കുറവും തോന്നാത്ത രീതിയില്‍ തെറി കൊണ്ട് മൂടി.
ചൂട് ചെവിയും തൂത്തുകൊണ്ട് ഞങ്ങള്‍ ആശുപത്രിയിലെത്തി.
ആജാനു എന്നെ അപ്പൂപ്പന് പരിചയപ്പെടുത്തിയിട്ട് രക്തമൂറ്റാന്‍ രണ്ട് നേഴ്സുമാരെ ഏല്‍പ്പിച്ചു.
ഒരു നേഴ്സ് എന്നെ അടിമുടി നോക്കിയിട്ട് കൂടെയുള്ള കിളുന്ത് നേഴ്സിനോട് എന്തോ പറഞ്ഞു.
"ഈ ഞാഞ്ഞൂലിന്റെ ചോരയെടുത്താല്‍ ഭാവിയില്‍ കോടതി കേറേണ്ടി വരുമോ" എന്നോ മറ്റോ ആയിരിക്കും.
കിളുന്ത് നേഴ്സ് വന്ന് എന്റെ കയ്യിലെ ഞരമ്പ് തപ്പിയെടുത്ത് സിറിഞ്ച് ഞരമ്പില്‍ വെച്ചു. ഞാന്‍ കണ്ണടച്ചു.
സിറിഞ്ച് കുത്തിയിറക്കും മുന്‍പ് നേഴ്സ്: പേടിയുണ്ടോ?
ഞാന്‍: ചെറുതായിട്ട്.
നേഴ്സ്: മുന്‍പ് രക്തം കൊടുത്തിട്ടുണ്ടോ ?
ഞാന്‍: ഇല്ല.
നേഴ്സ്: പഠിക്കുവാണോ?
ഞാന്‍: അതെ.
നേഴ്സ്: എന്ത് പഠിക്കുന്നു?
ഞാന്‍: പ്രീഡിഗ്രീ.
നേഴ്സ്: പ്രീഡിഗ്രീയോ?
ഞാന്‍: അതെ.
നേഴ്സ്: അപ്പൊ വയസ്സെത്രയായി?
ഞാന്‍: പതിനാറ്.
നേഴ്സ് സിറിഞ്ച് തിരിച്ചെടുത്തു. ഞാന്‍ കണ്ണ് തുറന്നു.
നേഴ്സ്: രക്തദാനം നടത്താന്‍ കുറഞ്ഞത് പതിനെട്ട് വയസ്സെങ്കിലും വേണം.
കൊച്ചുവെളുപ്പാന്‍കാലത്ത് ഇതിനാണോ ഇവിടെ വരെ കെട്ടിയെഴുന്നള്ളിയത് എന്നാലോചിച്ച് ഒരു നിമിഷം ഞാനിരുന്നു.
എഴുന്നേറ്റ് പോകുന്നില്ല എന്ന് കണ്ടപ്പോള്‍ ആ പീക്കിരിപ്പെണ്ണ് ഒരന്യപുരുഷനായ എന്റെ മുഖത്ത് നോക്കി പറയാന്‍ പാടില്ലാത്ത ഒരു ഡയലോഗടിച്ചു "തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല."
എന്റെ പൗരുഷത്തെ ഒരു പെണ്ണ് ചോദ്യം ചെയ്തതില്‍ അപമാനിതനായി ഞാന്‍ തിരിച്ച് അപ്പൂപ്പന്റെ മുറിയിലെത്തി.
അവിടെ ആജാനുവും അപ്പൂപ്പനും ഒപ്പം ദുഖഭാവം അഭിനയിച്ച് കുറച്ച് ബന്ധുസ്ത്രീകളും പുതിയ രണ്ട് നേഴ്സുമാരും.
ആജാനു: ഇത്ര പെട്ടന്ന് കഴിഞ്ഞോ ?
ഞാന്‍ മറുപടി രഹസ്യമായി ആജാനുവിനോട് പറയും മുന്‍പ് കിളുന്ത് പിന്നാലെ വന്ന് എല്ലാരും കേള്‍ക്കെ പരസ്യപ്രസ്താവന നടത്തി "നിങ്ങള്‍ കൊണ്ട് വന്ന ഡോണര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല."
കിട്ടിയ അവസരം മുതലെടുത്ത് കിളുന്ത് എന്റെ ശവത്തില്‍ ദാക്ഷണ്യമില്ലാതെ ആഞ്ഞു കുത്തി.
താഴ്ന്ന തല പതുക്കെയുയര്‍ത്തി ഞാന്‍ ഒളികണ്ണിട്ട് പരിസരം വീക്ഷിച്ചു.
ശോകാഭിനയം മറന്ന് ബന്ധുസ്ത്രീകള്‍ വാ പൊത്തിച്ചിരിക്കുന്നു.
നേഴ്സ്മാര് ഞാന്‍ കാണാതിരിക്കാന്‍ ഭിത്തിക്ക് നേരെ തിരിഞ്ഞ് നിന്ന് ചിരിക്കുന്നു.
ഒരാശ്വാസത്തിനായി ഞാന്‍ ആ അപ്പൂപ്പനെ നോക്കി.
തന്നെ കൊണ്ടുപോകാന്‍ കാലന് വെളിയില്‍ പോത്തിനെ സ്റ്റാര്‍ട്ട് ചെയ്തു നില്പ്പുണ്ടെന്നറിഞ്ഞിട്ടും കിളവനും ചിരി നിയന്ത്രിക്കാന്‍ പറ്റുന്നില്ല.
രക്തം ദാനം ചെയ്യാതെ തന്നെ ശരീരത്തില്‍ ക്ഷീണം പടരുന്നത് ഞാനറിഞ്ഞു.
ഇതിലും ഭേദം ആ പാണ്ടിലോറിയുടെ കീഴില്‍ പെട്ട് ഇഹലോകവാസം വെടിയുകയായിരുന്നു.
കൂടുതല്‍ ചിരികള്‍ കാണാന്‍ വയ്യാതെ ഞാന്‍ പുറത്തിറങ്ങി ആദ്യം കണ്ട ബസ്സില്‍ത്തന്നെ ചാടിക്കയറിയിരുന്നു.
തൊട്ടടുത്തിരിക്കുന്നവന്റെ കയ്യില്‍ ഒരു "മലയാള മനോരമ" പത്രം.
അത് വാങ്ങി ഞാനൊരിക്കലും നോക്കാത്ത "ദിവസഫലം" വെറുതെ ഒന്ന് നോക്കി.
അതില്‍ എന്റെ ദിവസഫലം കിറുകൃത്യമായിരുന്നു.
"കാര്യവിജയം, ധനലാഭം, ഇഷ്ടഭക്ഷണയോഗം, സമൂഹത്തില്‍ ബഹുമാനിക്കപ്പെടാനുള്ള അവസരം എന്നിവയുണ്ടാകും"
/അജ്ഞാതന്‍/

http://hiddenflash.blogspot.com by Ajnaathan is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.