Thursday, December 2, 2010

ഹംസദമയന്തി ആട്ടക്കഥ.

   
മുകളില്‍ എഴുതിയ പേര് കണ്ടിട്ട് ഇതൊരു കഥകളിസംബന്ധമായ പോസ്റ്റ്‌ ആണെന്ന് തെറ്റിദ്ധരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് തെറ്റിദ്ധരിക്കാനും, തിരുത്തല്‍രേഖ തയ്യാറാക്കി വായന തുടരാനും  രണ്ട് മിനിറ്റ് സമയം അനുവദിച്ചിരിക്കുന്നു.

ഈ സംഭവകഥ നടന്നത് ഒരു വ്യാഴവട്ടക്കാലത്തിന്  മുന്‍പാണ്..
അതായത്, Nokia യും Sony Ericsson നും, മറ്റ് കുത്തകകളും കേരളത്തില്‍ റേഡിയേഷന്‍ കീടനാശിനി തളിച്ച്, ഊര്‍ജ്ജിതമൊബൈല്‍കൃഷി നടത്താനുള്ള ആലോചനകള്‍ നടത്തുന്ന കാലം.

കഥാനായകനായ പ്രീഡിഗ്രി രണ്ടാം വര്‍ഷക്കാരന്, ഒന്നാം വര്‍ഷക്കാരിയായ ജൂനിയര്‍ നായികയോട് എന്തോ ഒരു "ലത്" തോന്നി.

നായികയ്ക്ക് നല്ല മുഖശ്രീ, നല്ല ചിരി...ഒപ്പം നല്ല കാച്ചിയ പൊന്നിന്‍റെ നിറവും.. (ഈ കാച്ചിയ പൊന്ന് ഞാനിത് വരെ കണ്ടിട്ടില്ല....ഒരാവേശത്തിന് എഴുതിയതാണ്...ക്ഷമി  ) ....
ചുരുക്കിപ്പറഞ്ഞാല്‍ ഒരു ശാലീനസുന്ദരിദമയന്തി...  

നായകന്‍ ആള് മണ്ടനാനെങ്കിലും ചിന്താശീലനാണ് (ചിന്ത മുഴുവന്‍ ഓളെപ്പറ്റിത്തന്നെ). 
മുഖത്ത് സദാസമയം വവ്വാലിനെപ്പോലെ ഒരു കുതൂഹല ഭാവം.
ഉമിക്കരിപ്പരുവത്തിലുള്ള മീശ ഘടിപ്പിച്ച തൊലിക്ക്, തലശ്ശേരി കോട്ടയുടെ നിറം.
  
തന്‍റെ ഉള്ളില്‍ മൊട്ടിട്ട "മുഹബത്ത്" അവളെ നേരിട്ടറിയിക്കാന്‍ അവന് കഴിഞ്ഞില്ല. 
ഓള്‍ടെ അടുത്ത് ഖല്‍ബ് തുറക്കാന്‍ ചെല്ലുമ്പോള്‍ ഓന്‍റെ  മനസ്സില്‍ ഒരു മുഖം തെളിയും...
ടൗണില്‍, സ്റ്റേഷന്‍ ലോക്കപ്പില്‍, പൂവാലന്മാരെയും പോക്കറ്റടിക്കാരെയും കുനിച്ച് നിര്‍ത്തി കൂമ്പിനിട്ടിടിക്കുന്ന അവളുടെ അച്ഛന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ വാസുദേവക്കുറുപ്പിന്‍റെ ( P.C 535 ). 

ശൂന്യാകാശം ലക്ഷ്യമാക്കി പിരിച്ച കൂര്‍ത്ത മീശ ഫിറ്റ്‌ ചെയ്ത ആ മുഖം ഓര്‍ക്കുമ്പോള്‍ത്തന്നെ ബാക്ക്ഗ്രൗണ്ടില്‍ "ഡിഷ്യും ഡിഷ്യും" എന്ന ഇടി ശബ്ദം കേട്ട് തുടങ്ങും.. 
അപ്പോള്‍ അവന്‍ ഖല്‍ബ് തുറക്കല്‍ തല്‍ക്കാലം നീട്ടിവെക്കും.
അങ്ങനെ പ്രണയം മനസ്സില്‍ സൂക്ഷിച്ച് ഒന്ന് രണ്ട് മാസം കടന്നു പോയി.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മഴക്കാലത്ത് ജലനിരപ്പുയരും പോലെ അവന്‍റെ പ്രേമം മനസ്സിലുയര്‍ന്നു വന്ന ഒരു ദിവസം, ഗത്യന്തരമില്ലാതെ കാര്യം അവതരിപ്പിക്കാന്‍ അവന്‍ ഒരു സഹപാഠിയെ ഹംസവേഷത്തില്‍ നിയോഗിച്ചു.

ഹംസം സ്ഥലം സി.ഐ യുടെ മകനാണ്. 
സംഗതി വഷളായാല്‍, കലി തുള്ളി വരുന്ന വാസുദേവക്കുറുപ്പിനെ "മുകളില്‍" നിന്നു നിയന്ത്രിക്കാം എന്ന് നായകന്‍ കണക്ക് കൂട്ടി.
നായകന്‍റെ നിര്‍ദ്ദേശപ്രകാരം, ഹംസം ദമയന്തിയുമായി മച്ചാ മച്ചാ കമ്പനി ആയി...
ഈ വിഷയം പറയാനുള്ള സ്വാതന്ത്ര്യമായി എന്നുറപ്പായ ശേഷം, ഒരു  ദിവസം ഹംസം അവളോട്‌ സൂചിപ്പിച്ചു "നിന്നെ ഒരാള്‍ക്ക്‌ ഭയങ്കര ഇഷ്ട്ടമാണ്". 
ദമയന്തി: ആരാ അത്?
ഹംസം: അതൊക്കെ ഉണ്ട്...
ഹംസം തിരിച്ച് നായകന്‍റെയടുത്തേക്ക് പറന്നു.
  
ദമയന്തിക്ക് ആകാംക്ഷയായി. 
രണ്ട് ദിവസം അവളെ സ്ത്രീസഹജമായ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയതിന് ശേഷം ഹംസം ആളെ കാട്ടിക്കൊടുത്തു. 

മേല്‍പ്പറഞ്ഞ സൗന്ദര്യഗുണങ്ങള്‍ക്കുടമയായ നായകനാണ് തന്നെ പ്രേമിക്കുന്നത് എന്നറിഞ്ഞപ്പോള്‍, അവളുടെ മുഖം, സ്റ്റാര്‍ സിംഗറില്‍ നിന്നു പുറത്താക്കപ്പെട്ട ഒരു "ഫ്ലാറ്റ്മോഹി" ഗായികയെപ്പോലെയായി.

ഈ ഹംസം പക്ഷെ ആള് സൂത്രശാലിയും ആത്മാര്‍ത്ഥനുമായിരുന്നു. 
ദമയന്തിയുടെ ബ്രെയിന്‍ എക്സോ ഡിഷ്‌ വാഷ്‌ ബാറിട്ട് തേച്ച് കഴുകിയ ശേഷം നായകന്‍റെ സല്‍ഗുണങ്ങള്‍, മേളം മസാല ചേര്‍ത്ത് വര്‍ണ്ണിച്ച്  അവളുടെ മനസ്സില്‍ നായകനോടുള്ള ഒരു മൃദുമൂല (സോഫ്റ്റ്‌കോര്‍ണര്‍) ഹംസം ഉണ്ടാക്കിയെടുത്തു.    
ഹംസത്തിന്‍റെ നിതാന്തപരിശ്രമത്താല്‍ ദമയന്തിക്കും നായകനോട് ഒടുവില്‍ "ലത്" തോന്നിത്തുടങ്ങി.  

ഇരുവരുടെയും മനസ്സിലുള്ള "ലത്" അന്യോന്യം പറഞ്ഞ് തീര്‍ക്കാന്‍, ഹംസം ആള്‍ത്തിരക്കൊഴിഞ്ഞ ഒരു ക്ലാസ്സ്‌റൂമില്‍ ഒരു നാള്‍ ഉച്ചയ്ക്ക് അവരെ എത്തിച്ചു. എന്നിട്ട് പുറത്ത് കാവല്‍ നിന്നു.

Cut .
Camera to Classroom Interior ..

ക്ലാസ്സ്‌റൂമില്‍ ഒഴിഞ്ഞ ബഞ്ചുകള്‍, ഡെസ്കുകള്‍....
ബോര്‍ഡില്‍, കാല്‍ക്കുലസിലെ ഏതോ കണക്കിന്‍റെ അവശിഷ്ട്ടങ്ങള്‍.
നായകന്‍റെയും ദമയന്തിയുടെയും മുഖങ്ങള്‍ വലിഞ്ഞു മുറുകിയിരിക്കുന്നു...
തെരെഞ്ഞെടുപ്പിന്‍റെ  ഫലപ്രഖ്യാപനം   കാത്തിരിക്കുന്ന അണികളുടേത് പോലെ.

നായകന്‍ കണ്ണടച്ച്,കഴുത്തിലെ ഉറുക്കില്‍ മുറുകെ പിടിച്ച് വാസുദേവക്കുറുപ്പിനെ മനസ്സില്‍ നിന്ന് ആട്ടിയോടിച്ചു.
എന്നിട്ട് മുരടനക്കി മൗനം മുറിച്ചു.
ദമയന്തി പ്രതിമയെപ്പോലെ, നിലത്ത് വീണ് കിടക്കുന്ന ചോക്ക് പൊടിയില്‍ 
നോക്കിയിരിക്കുന്നു.

നായകന്‍: ഹംസം എന്‍റെ  ആത്മാര്‍ത്ഥ സുഹൃത്താണ്...അവന്‍ എല്ലാം പറഞ്ഞല്ലോ അല്ലേ? 
ദമയന്തി മൗനം.
നായകന്‍: ഒരുപാട് കാലമായി (രണ്ട് മാസം) മനസ്സില്‍ കൊണ്ട്‌ നടക്കുന്നു....ഇന്നാണ് ഒന്ന് സംസാരിക്കാന്‍ കഴിഞ്ഞത്.  
ദമയന്തിയുടെ ചുണ്ടിന്‍റെ മൂലയില്‍ ഒരു പുഞ്ചിരിയുടെ എത്തിനോട്ടം.
നായകന്‍: എന്നെ ഇഷ്ടമാണല്ലോ അല്ലെ?
ദമയന്തിയുടെ കണ്ണുകളില്‍ നാണം വിടര്‍ന്നു. കവിളുകള്‍ തുടുത്തു.

അത് കണ്ട് ഉള്‍പുളകത്തോടെ 
നായകന്‍: എന്നോടൊന്നും പറയാനില്ലേ?
ദമയന്തി മൗനം തുടര്‍ന്നു..
നായകന്‍: ഒന്നും....?  

നിലത്ത് നിന്നു കണ്ണെടുക്കാതെ, പതിഞ്ഞ ശബ്ദത്തില്‍ 
ദമയന്തി: നമ്മള്‍ രണ്ടും അല്ലാതെ ഈ കാര്യം വേറാരും അറിയരുത്.
നായകന്‍: ഉറപ്പ്, ആ തെണ്ടി ഹംസം പോലും അറിയില്ല.
ദമയന്തി: എന്‍റെ വീട്ടില്‍ ഒരിക്കലും ഇത് സമ്മതിക്കില്ല.
നായകന്‍: എന്‍റെ വീട്ടിലും സമ്മതിക്കില്ല...അവരാരും അറിയരുത്.

ദമയന്തി: നമ്മള്‍ രണ്ട് മതത്തിലുള്ളവര്‍ ആണ്..എനിക്കാലോചിച്ചിട്ട് പേടിയാകുന്നു.
നായകന്‍: ഒരു കൊല്ലത്തെ കാര്യം അല്ലേ? പേടിക്കണ്ട...ആരുമറിയില്ല.
ദമയന്തി: ഒരു കൊല്ലമോ? അപ്പൊ കല്യാണസമയത്തോ? 
കാര്യം മനസ്സിലാവാതെ നായകന്‍: കല്യാണമോ? ആരുടെ കല്യാണം?
ദമയന്തി: നമ്മുടെ കല്യാണം.
ഞെട്ടലോടെ നായകന്‍: നമ്മുടെ കല്യാണമോ?
ദമയന്തി: അതേ.
പരുങ്ങിക്കൊണ്ട് നായകന്‍: അല്ല...ഞാന്‍..... ഞാന്‍ ഉദ്ദേശിച്ചത് ഈ വരുന്ന ഒരു കൊല്ലത്തേക്ക് മാത്രം പ്രേമിക്കുന്ന കാര്യമാണ്...!!! 

ഠിം....ഠിം.....ഠിം....!!!
ദമയന്തിയുടെ മനസ്സിലെ പ്രണയകുടീരം കോമണ്‍ വെല്‍ത്ത് ഗെയിംസിന് കെട്ടിയ മേല്‍പ്പാലം പോലെ തകര്‍ന്നു.

നയവഞ്ചകനായ കഥാനായകനെ സുരേഷ് കല്‍മാഡിയോടോ അതൊ സ്പെക്ട്രം രാജയോടോ ഉപമിക്കേണ്ടത്‌ എന്നാലോചിച്ച് കൊണ്ട്‌ അവള്‍ ക്ലാസ്സ്‌ റൂമിന് പുറത്തേക്ക്.
Cut
Camera to Corridor       
   
പല്ല് കടിച്ചമര്‍ത്തി ക്ലാസ്സ്‌ റൂമില്‍ നിന്നു വെളിയിലേക്ക് ഇറങ്ങി വരുന്ന ദമയന്തിയുടെ മുഖം (ക്ലോസപ്പ് ഷോട്ട്).
അവളുടെ മുഖം, വിക്കിലീക്സ് വഴി വിവരങ്ങള്‍ ചോരുന്നതറിഞ്ഞ അമേരിക്കയുടേത് പോലെ വാടിയിരുന്നു.       

അവളുടെ കാഴ്ചപ്പാടില്‍ വരാന്തയില്‍ ഹംസം ചിറകു വിടര്‍ത്തി ഒരു കള്ളച്ചിരിയും ചിരിച്ചു നില്‍ക്കുന്നു.
ഹംസം: ചെലവു വേണം കേട്ടോ..? ചുളുവില്‍ തങ്കപ്പെട്ട ഒരു പയ്യനെ കിട്ടിയതിന്..
അത് പറഞ്ഞിട്ട് ഹംസം പൊട്ടിച്ചിരിച്ചു.

ദമയന്തി ഹംസത്തിന്‍റെ  അടുത്തേക്ക്‌ നടന്നെത്തി..
ഹംസം: നാണിക്കുകയൊന്നും  വേണ്ട...ഇനി സംസാരമൊക്കെ നേരിട്ട്...എന്നാലും സഹായം വല്ലതും വേണമെങ്കില്‍ പറയാന്‍ മടിക്കണ്ട കേട്ടോ ???

ദമയന്തി ഹംസത്തിന്‍റെ  മുഖത്തേക്ക് സകലശക്തിയുമെടുത്ത് "പ്ഫ്ഫ.!!!!." എന്ന് നീട്ടി ഒരാട്ട്. 
എന്നിട്ട് തിരിഞ്ഞ് എങ്ങോട്ടോ ഒരു നടത്തം.

ഇപ്പൊ ക്ലോസപ്പില്‍ ഹംസത്തിന്‍റെ മുഖം...

സ്ക്രീനില്‍ തെളിയുന്ന ടൈറ്റിലുകള്‍    
"ദമയന്തി ഹംസത്തെ ആട്ടി."
"ഹംസദമയന്തി ആട്ടകഥ ഇവിടെ പൂര്‍ണമാകുന്നു."
"ശുഭം."

10 comments:

  1. അവളുടെ മുഖം, വിക്കിലീക്സ് വഴി വിവരങ്ങള്‍ ചോരുന്നതറിഞ്ഞ അമേരിക്കയുടേത് പോലെ വാടിയിരുന്നു. 'കൊള്ളാം മാഷെ നന്നായിട്ടുണ്ട്

    ReplyDelete
  2. hmmm upamakal athi gambeeram........

    ReplyDelete
  3. ഉമിക്കരിപ്പരുവത്തിലുള്ള മീശ ഘടിപ്പിച്ച തൊലിക്ക്, തലശ്ശേരി കോട്ടയുടെ നിറം


    മേല്‍പ്പറഞ്ഞ സൗന്ദര്യഗുണങ്ങള്‍ക്കുടമയായ നായകനാണ് തന്നെ പ്രേമിക്കുന്നത് എന്നറിഞ്ഞപ്പോള്‍, അവളുടെ മുഖം, സ്റ്റാര്‍ സിംഗറില്‍ നിന്നു പുറത്താക്കപ്പെട്ട ഒരു "ഫ്ലാറ്റ്മോഹി" ഗായികയെപ്പോലെയായി.

    ഇനിയും ഇനിയും അനവധിയുണ്ട് എടുത്ത് ക്വോട്ടാന്‍

    ഗുഡ് വര്‍ക്ക്.........

    ReplyDelete
  4. ha ha ha .....

    ishtapettu ....

    improving post by post......

    By

    Nav
    Hyderabad

    ReplyDelete
  5. remix കഥ നന്നായിരിക്കുന്നു....പഴയ കാലത്തെ ഓര്‍മകളെ പുതിയ കാലത്തിന്റെ അഴിമതി ആരോപണങ്ങള്‍ കൊണ്ടു ഉപമിച്ചത്....വളരെ നന്നായിരിക്കുന്നു.....

    ReplyDelete
  6. kollam...climax alpam koode nannvamarunnu..
    ബോര്‍ഡില്‍, കാല്‍ക്കുലസിലെ ഏതോ കണക്കിന്‍റെ അവശിഷ്ട്ടങ്ങള്‍ ee prayogam ugran..kollam..keep it up..

    ReplyDelete
  7. hamsam നായകനെ ഒന്ന് തോണ്ടി വിട്ടിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോകുന്നു .ഉപമകള്‍ കിടിലന്‍

    ReplyDelete