പണ്ട് മുതലേയുള്ള ആഗ്രഹമാണ് ഒരു പോലീസുകാരനെ എന്റെ ലൈസന്‍സ് കാണിക്കുക എന്നത്.
ഈ ആഗ്രഹം ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ഉണ്ടാകുന്ന വല്ല മഹാരോഗത്തിന്റെ ലക്ഷണമാണോ എന്നറിയില്ല.
പണ്ട് ലൈസന്‍സ് ഇല്ലാത്ത കാലത്ത് ബൈക്ക് ഓടിച്ചതിന് പോലീസ് പിടിച്ചപ്പോഴാണ് ഇത് തുടങ്ങിയത്. ലൈസന്‍സ് എടുത്തിട്ട് വേണം ഇവന്മാരെയൊക്കെയൊന്ന് "കാണിച്ച് കൊടുക്കാന്‍" എന്ന് ഞാനന്ന് മനസ്സിലുറപ്പിച്ചു.
പക്ഷെ ലൈസന്‍സ് എടുത്ത ശേഷം, ഇത് വരെ ഒരു പോലീസുകാരനും എന്നെ വഴിയില്‍ തടഞ്ഞിട്ടില്ല. തുടിക്കുന്ന ഹൃദയവുമായി എന്റെ ലൈസന്‍സ് കാത്തിരുന്നു.
തിരുവനന്തപുരത്ത് ഇന്നലെ ഒരു കല്യാണം കൂടി, ചില്ലറ കറക്കവും നടത്തി, മുറിയില്‍ ഒതുങ്ങാനായിരുന്നു എന്റെ പ്ലാന്‍. പക്ഷെ നിമിത്തം മറ്റൊന്നായിരുന്നു.
ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ ഇന്നലെ നാട്ടിലേക്ക് വരേണ്ടി വന്നു.
സാധാരണ നമ്മുടെ വണ്ടി സ്റ്റാന്റ് വിടുന്നത് കഴക്കൂട്ടത്ത് നിന്നായതിനാല്‍ എന്റെ സ്ഥിരം നാട്ടില്പോക്ക് കഴക്കൂട്ടം വെഞ്ഞാറമ്മൂട് കൊട്ടാരക്കര റൂട്ടിലാണ്.
ഇത്തവണ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടതിനാല്‍ റൂട്ട് നാലാഞ്ചിറ വെമ്പായം വഴിയാക്കിയത് മണ്ണന്തല ഫോര്‍ ട്രാക്ക് റോഡില്‍ കൂടി ഒന്ന് പറത്താന്‍ വേണ്ടി കൂടിയായിരുന്നു.
പക്ഷെ, ഈപ്പറഞ്ഞ ഫോര്‍ ട്രാക്ക് റോഡിന്റെ ഒരു ട്രാക്ക്, മൊത്തമായും ചില്ലറയായും പാര്‍ക്കിംഗിന് വേണ്ടി പലരും കൈവശപ്പെടുത്തുകയും ബാക്കിയുള്ള റോഡില്‍ കൂടി നെഞ്ചും വിരിച്ച് ഏഴ് ടൂറിസ്റ്റ് ബസ്സുകള്‍ "Road is for Tourist Bus, Other vehicles should follow us" എന്ന തത്വം ഉറച്ച് വിശ്വസിച്ച് നിരങ്ങുകയും ചെയ്തപ്പോള്‍ "തേര്‍ഡ്- ഫോര്‍ത്ത്- തേര്‍ഡ് -ഫോര്‍ത്ത്" എന്നിങ്ങനെ ഗിയര്‍ മാറി പ്രാന്തായ ഞാന്‍ ഫോര്‍ ട്രാക്ക് ഡ്രൈവിംഗ് സ്വപ്നം മറന്ന് "ഈ കുരിശ് റോഡ് എങ്ങനേലും ഒന്ന് തീര്‍ന്നാല്‍ മതിയായിരുന്നു" എന്ന അവസ്ഥയിലെത്തി.
ഒടുവില്‍ ചേതോഹരമായി സപ്ത ടൂറിസ്റ്റ് ബസ്സുകളെയും ഓവര്‍ടേക്ക് ചെയ്ത് എന്റെ സ്വതസിദ്ധമായ ഡ്രൈവിംഗ് സ്റ്റൈലില്‍ ഞാന്‍ സുഖമായി ഓടിച്ച് വരുമ്പോള്‍ വിശ്വപ്രസിദ്ധമായ വാളകത്തിന് അടുത്ത് വെച്ച് ഒരു പോലീസുകാരന് എന്നോട് വണ്ടിയൊതുക്കാന്‍ കൈ കാട്ടി.
ഞാന്‍ സന്തോഷത്തോടെ വണ്ടി നിര്‍ത്തി.
ഞാന്‍ ആഗ്രഹിച്ച മുഹൂര്‍ത്തം. ഇതാ സമാഗതമായിരിക്കുന്നു.
കഴിഞ്ഞ ആഴ്ച ചങ്ങനാശ്ശേരി ആലപ്പുഴ റോഡില്‍ ഇത് പോലെ പോലീസ് കൈ കാണിച്ചു നിര്‍ത്തി. ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ പൊക്കോളാന്‍ കൈ കാട്ടി. അന്ന് മമമോഹം നടന്നില്ല. വല്ലാത്ത ചതിയായിപ്പോയി.
ഇത്തവണയെങ്കിലും കൈ കാണിച്ചത് വെറുതെയാവല്ലേ എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ട് ഞാനിറങ്ങി.
ലൈസന്‍സ് ഉണ്ട്, ആര്.സി. ബുക്ക് ഉണ്ട്, ഇന്‍ഷുറന്‍സ് ഉണ്ട്. കൂടാതെ ഞാന്‍ സീറ്റ് ബെല്‍റ്റില്‍ ബന്ധനസ്ഥനുമാണ്. ഹിയ്യട ഹിയ്യാ.. ഇന്ന് ഞാന്‍ കലക്കും.
ഞാന്‍ സുസ്മേരവദനനായി എസ്.ഐ യെ സമീപിച്ച് പേപ്പര്‍ നീട്ടി. "പെട്ടെന്ന് നോക്കീട്ട് ആളെ വിട്... പോയിട്ട് പണിയുണ്ട് " എന്ന മട്ടില്‍ നിന്നു.
എന്റെ ആത്മവിശ്വാസം കണ്ടാവാം, എസ്.ഐ പറഞ്ഞു "പേപ്പര്‍ ഒന്നും വേണ്ട സര്...!!!"
കേരളാ പോലീസിന്റെ ഒരു നിഗമന ശക്തിയേ. എന്നെ കണ്ടപ്പോഴേ മാന്യനാണെന്ന് അവര്‍ മനസ്സിലാക്കിയിരിക്കുന്നു.. "സര്" എന്നും വിളിച്ചു.
"അപ്പൊ ഓക്കേ" എന്ന് പറഞ്ഞ് സ്ലോമോഷനില്‍ തിരികെ രണ്ടടി വെച്ച എന്നെ പിന്തുടര്ന്ന് എസ്.ഐയുടെ ശബ്ദം വന്നു.
"അതേയ്, ഒരു മുന്നൂറ് രൂപ അടച്ചിട്ട് പോയാ മതി"
"എന്തൂട്ട് തേങ്ങയ്ക്കാടോ ഉവ്വേ തനിക്ക് മുന്നൂറ് കൂവ?" എന്ന ചോദ്യം മനസ്സിലും "എന്തിനാണ് സര്?" എന്ന ചോദ്യം വായിലുമായി എസ്.ഐ യെ തിരിഞ്ഞ് നോക്കിയ ഞാന്‍, ആ ജീപ്പിനുള്ളില്‍ പൂച്ച ചകിരി കടിച്ച് പിടിച്ച പോലെ മീശയുള്ള ഒരു പോലിസുകാരനെയും, അയാളുടെ അടുത്ത് ഒരു കറുത്ത കുന്ത്രാണ്ടത്തെയും, അതില്‍ ചുവന്ന നിറത്തില്‍ "87 km/h" എന്ന് തെളിഞ്ഞിരിക്കുകയും, ഒരു സെക്കന്റ് കൊണ്ട് കണ്ടതിനാല്‍, "ഓവര്‍സ്പീഡ്" എന്ന് എസ്.ഐ പറയുന്നതിന് മുന്‍പ് തന്നെ ഞാന്‍ കാശെടുത്ത് നീട്ടി.
മുന്നൂറ് പോയെങ്കിലും ഞാന്‍ ആശ്വസിച്ചു.
"ആരടെ #%$#%$^ വായുഗുളിക വാങ്ങിക്കാനാടാ ^%$&*$*&$%^&%$, നീ പോകുന്നേ?" എന്ന് ചോദിച്ചില്ലല്ലോ..
രസീതും വാങ്ങി തിരികെ നടന്നപ്പോള്‍ കേരളാ പോലീസിന്റെ കരസ്പര്‍ശമേറ്റ് ശാപമോക്ഷം ലഭിക്കാന്‍ കാത്തിരുന്ന എന്റെ ലൈസന്‍സ്, അതിന്റെ ദുര്‍വിധിയെ ഓര്‍ത്ത് വിതുമ്പിയിട്ടുണ്ടാവാം...
വാല്‍കഷ്ണം: പോലീസ് കൈ കാണിച്ചത് വെറുതെയാവല്ലേ എന്ന് പ്രാര്‍ത്ഥിച്ചത് വെറുതെയായില്ല.
/അജ്ഞാതന്‍/

http://hiddenflash.blogspot.com by Ajnaathan is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.