Thursday, October 21, 2010

ഹിന്ദിയും ദുരവസ്ഥയും

ഞാന്‍ ജന്മനാ തന്നെ അതിബുദ്ധിമാനും വിദ്യാഭ്യാസതല്പരനുമായിരുന്നു.

എന്നെ എഴുത്തിനിരുത്തിയ ദിവസം, എന്നെക്കൊണ്ട് "ഹരിശ്രീ" പറയിക്കാന്‍ അച്ഛന്‍ പതിനേഴടവും എടുത്ത്  പരാജയപ്പെടുകയും ഒടുവില്‍ അവസാനത്തെ അടവായ "ഇത് പറഞ്ഞില്ലെങ്കില്‍ ഇവന് അവലും ശര്‍ക്കരയും കൊടുക്കണ്ട" എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ "ഹരിശ്രീ" പറഞ്ഞ് തുടങ്ങി എന്നുമാണ് അസൂയാലുവായ എന്‍റെ ജ്യേഷ്ഠസഹോദരന്‍ പാടി നടക്കുന്നത്.

Entry യുടെ opposite Dysentery ആണെന്ന് ഇംഗ്ലീഷ് മാഷിനോടും., An electron is a proton എന്ന പ്രപഞ്ചസത്യം കെമിസ്ട്രി മാഷിനോടും പറഞ്ഞതിനാല്‍ സ്കൂളില്‍ അധ്യാപകരുടെ ഇടയില്‍ പ്രശസ്തനായിരുന്നു എന്‍റെ അഗ്രജന്‍.

എന്‍റെ വായനാശീലമില്ലായ്മയും തല്‍ഫലമായുണ്ടായ പൊതുവിജ്ഞാനക്കുറവും കണ്ട് സഹികെട്ട അച്ഛന്‍, ഒരു ഞായറാഴ്ച ദിവസം ഉച്ച തിരിഞ്ഞ് മുറ്റത്ത് ഗോലി കളിച്ചു കൊണ്ടിരുന്ന എന്നെ പത്രപാരായണത്തിന് നിര്‍ബന്ധിക്കുകയും, താല്പര്യക്കൂടുതല്‍ കൊണ്ട്‌ "മൊറാര്‍ജി ദേശായ് ആശുപത്രിയില്‍..." എന്ന വാര്‍ത്ത  "മെറ്റാര്‍ജി ദേശായ് ആശുപത്രിയില്‍..." എന്ന് ഞാന്‍  വായിച്ചതും...എന്‍റെ ശുഷ്കാന്തി കണ്ട് കണ്ണു നിറഞ്ഞ അച്ഛന്‍ "പോടാ...പോയി ഗോലി കളി" എന്ന് പറഞ്ഞ് കയ്യൊഴിഞ്ഞതും ചരിത്രം.

പരന്തു, ഹിന്ദി മേം മേ ബഹുത് മസ്ബൂത് ഥാ.
എന്ന് വെച്ചാല്‍, മറ്റെല്ലാ വിഷയങ്ങളും പോലെ ഹിന്ദിയിലും ഞാന്‍ മോശമായിരുന്നു
ഞാന്‍ പത്താം തരത്തില്‍ ഉഴപ്പുന്ന കാലം...
പഠിക്കുന്ന കാലം എന്ന് പറഞ്ഞാല്‍, അത് യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാവും.
നാട്ടിലെ ഹിന്ദി ട്യൂഷന്‍ മാഷ്‌ എന്‍റെ മുന്നില്‍ മുട്ട് കുത്തിയ ഒരു സംഭവം.

വ്യാകരണം പഠിച്ച് ഞാന്‍ ഒരു സൂര്‍ദാസ് ആകുമെന്ന്‌ സ്വപ്നം കണ്ട് മാതാപിതാക്കള്‍ എന്നെ ആ ഹിന്ദി ഗുരുകുലത്തിലേക്കയച്ചു.
 എന്‍റെ വിധി എന്നല്ലാതെ ക്യാ ബോലൂ ?

കുറച്ചു നേരത്തെ സംസാരത്തിനു ശേഷം ഞാന്‍ ഹിന്ദിയുടെ ബാലപാഠങ്ങള്‍ 
(അതായത് യെ കലം ഹെ, യെ കിതാബ് ഹെ, ഏക്‌ ദോ തീന്‍ മുതലായവ)അറിയാവുന്നവനാണെന്നും, വാക്യത്തില്‍ പ്രയോഗിക്കുമ്പോളാണ് കാലിടറുന്നതെന്നും മൂപ്പര്‍ക്ക് പിടി കിട്ടി.
അദ്ദേഹം പത്തു മലയാളം വാക്യങ്ങള്‍ എനിക്ക് ഹിന്ദീകരിക്കാന്‍ പറഞ്ഞ് തന്നിട്ട് കുളിക്കാന്‍ പോയി.

ഒമ്പതെണ്ണം ഞാന്‍ എഴുതി. ഒരെണ്ണം എത്ര ആലോചിച്ചിട്ടും എനിക്ക് ഹിന്ദീകരിക്കാന്‍ പറ്റുന്നില്ല.
ആ വാചകം "ഞാന്‍ ദേഷ്യത്തെ സ്നേഹിക്കുന്നു" എന്നായിരുന്നു.
അത് കേട്ടപ്പോള്‍ തന്നെ എനിക്കെന്തോ പന്തികേട്‌ മണത്തിരുന്നു. വീണ്ടും ഒന്ന് കൂടി ചോദിച്ചതുമാണ്...
"ഞാന്‍ ദേഷ്യത്തെ സ്നേഹിക്കുന്നു"...എന്ന് തന്നെ മാഷ് തറപ്പിച്ചു പറഞ്ഞു തരികയും ചെയ്തു.

ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി...എന്തായിരിക്കും മാഷ്‌ ഉദ്ദേശിച്ചത്..?
ദേഷ്യത്തെ ആരെങ്കിലും സ്നേഹിക്കുമോ...?
ഈ മാഷ്‌ ഒരു പാവമാണെന്ന് കേട്ടിരുന്നു. 
ഇനി അതുകൊണ്ട് ഇദ്ദേഹത്തിന് ദേഷ്യത്തോടും ദേഷ്യപ്പെടുന്നവരോടും വല്ല ബഹുമാനമോ സ്നേഹമോ കാണുമോ...?
ഇനി ദൂഷ്യമാണോ ഉദ്ദേശിച്ചത്..? 
അതോ ദോഷമോ...?  ,
ഞാന്‍ തല പുകച്ച് പുകച്ച് മുറിയില്‍ പുക നിറച്ചു.

ഒടുവില്‍ തീരുമാനിച്ചു.. 
ഉത്തരം എഴുതുക തന്നെ.... 
അമിതാഭ് ബച്ചന്‍റെ അച്ഛന്‍ ഹരിവംശറായ് ബച്ചനെ മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ എഴുതി....
 "മേം ക്രോധ് കോ പ്യാര്‍ കര്‍ത്താ ഹെ"

മാഷ്‌ കുളിച്ചിട്ട് വന്ന്, ഭസ്മം പൂശി വിളക്ക് കത്തിച്ച് പ്രാര്‍ത്ഥന കഴിഞ്ഞ്  വന്ന് ഞാനെഴുതിയത് നോക്കിത്തുടങ്ങി.
പേനയെടുത്ത് ചിലത് വെട്ടിയും ചിലത് ശരിയിട്ടും, നോട്ടം നീങ്ങി താഴേക്ക് പോകുന്നതിനിടയില്‍ പെട്ടന്ന് സഡന്‍ ബ്രേക്കിട്ട് നിന്നു.

ഞാന്‍ മാഷിന്‍റെ മുഖഭാവം ശ്രദ്ധിച്ചു...
ആദ്യ നോട്ടത്തില്‍ വായിക്കാന്‍ പറ്റാത്തതിനാല്‍ മൂപ്പര്‍ കണ്ണാടിയൂരി ഒന്ന് തുടച്ച് വൃത്തിയാക്കി വീണ്ടും ശ്രമിച്ചു...രക്ഷയില്ല. 
 ഗാമായ ചിന്ത മൂലം മാഷിന്‍റെ പുരികം വളഞ്ഞ് വളഞ്ഞ് ഒടിയുന്ന പരുവത്തിലെത്തി.
 എന്‍റെ വാക്യം അദ്ദേഹത്തിന് വ്യക്തമായില്ലെന്നു എനിക്ക് വ്യക്തമായി..

മാഷ്‌(സൗമ്യനായി): ഇതെന്താ, നീ എഴുതിയിരിക്കുന്നത്?
ഞാന്‍: മേം ക്രോധ് കോ പ്യാര്‍ കര്‍ത്താ ഹെ..!!!
മാഷ്‌(സംശയാലുവായി): ക്രോധോ...? അതെന്താ?
ഞാന്‍(നിഷ്കളങ്കനായി): മാഷല്ലേ പറഞ്ഞത് ഞാന്‍ ദേഷ്യത്തെ സ്നേഹിക്കുന്നു എന്ന്.. ദേഷ്യത്തിന്‍റെ ഹിന്ദി ക്രോധ് എന്ന് തന്നെയല്ലേ..?

ഒരു നിമിഷം മുന്‍പ് സൗമ്യതയും സംശയവും കളിയാടിയ മുഖത്ത് ദൈന്യത നിറയുന്നത് ഞാന്‍ കണ്ടു...
പിന്നെ ചുമരിലെ ഭഗവാന്‍റെ നേരെയായി നോട്ടം.. 
മുഖത്ത് "എന്നോടെന്തിനീ പരീക്ഷണം..?" എന്ന ഭാവം.   

മാഷ്(സ്വബോധം വീണ്ടെടുത്ത്): ക്രോധ് പോലും....ഞാന്‍ പറഞ്ഞത് "ദേശത്തെ സ്നേഹിക്കുന്നു എന്നാണ്"...
"ദേശം ദേശം...ദേഷ്യമല്ല..." മാഷിന്‍റെ സ്വരം കനത്തു...കണ്ണുകള്‍ കത്തി.

"മനസ്സിലായോടാ ഹിന്ദിപ്പൊട്ടകൊണാപ്പാ" എന്ന് മൂപ്പര്‍ വിളിച്ചില്ലെങ്കിലും അങ്ങനെയെന്തോ ഒന്ന് പുള്ളി മനസ്സിലുദ്ദേശിച്ചു എന്നെനിക്കു മനസ്സിലായി.

പത്താം ക്ലാസ്സ്‌ കഴിഞ്ഞതോടെ ഞാന്‍ ഹിന്ദി കിതാബിനോട് ശുക്രിയ പറഞ്ഞ് പിരിഞ്ഞ്, പ്രീഡിഗ്രിക്ക് മാതൃഭാഷാസ്നേഹിയായി മാറി.

പക്ഷെ, ഹിന്ദി പുസ്തകങ്ങളോട് വിട പറഞ്ഞെങ്കിലും എന്നിലെ ഹിന്ദി മരിച്ചിരുന്നില്ല.

"മുഴുത്ത ബി" എന്നറിയപ്പെടുന്ന  വല്ല്യ ബച്ചനും, ഹേമാമാലിനീകാന്തനായ ധര്‍മേന്ദ്രയും, മറ്റൊരു വേന്ദ്രനായ ജിതേന്ദ്രയും, കപൂര്‍ കുലത്തില്‍ ജനിച്ച നായികാനായകന്മാരും, മസ്സിലുള്ളതും ഇല്ലാത്തതുമായ ഖാന്‍മാരും അഭിനയിച്ച സിനിമകള്‍, എന്നിലെ ഹിന്ദിച്ചെടിയുടെ ചുവട്ടില്‍ എല്ലാ വെള്ളിയാഴ്ചയും DD 1 വഴി വന്ന് വെള്ളമൊഴിച്ച് തന്നിരുന്നു.
     
ആ ചെടിയെ ഞാന്‍ മൂടോടെ പിഴുതെറിയുന്നത് എന്‍ജിനിയറിംഗ് കാലത്താണ്.
ഹോസ്റ്റലിലെ സമാധാനപ്രിയനായ ഒരു ബംഗാളി പയ്യനോട് "ബംഗാള്‍ സേ ആനേവാലാ മേരാ ദോസ്ത്" എന്ന് പറഞ്ഞ് തുടങ്ങിയ ഞാന്‍ "കിന്‍തു, പരന്തു, ക്യോംകി, ഇസ് ലിയേ, ഹമാരേ ദേശീയ ത്യോഹാര്‍ ഓണം ഹെ, പിതാജീ നേ ബോലാ കീ..." എന്നീ വ്യാകരണപദങ്ങളും പ്രയോഗങ്ങളും ഉപയോഗിച്ച് സംസാരിച്ചു തുടങ്ങി അഞ്ച് മിനിട്ട് കഴിയും മുന്‍പേ അവന്‍ എന്നെ മുറിക്ക് പുറത്തിറക്കി "Please don't kill Hindi" എന്ന് പറഞ്ഞു മുറി പൂട്ടി.

അവന്‍റെ വികാരം ഞാന്‍ മനസ്സിലാക്കുന്നു.
പക്ഷെ, പണ്ടൊരു ഓട്ടോഡ്രൈവറോട് "ബാക്കി കയ്യിലിരിക്കട്ടെ" എന്നതിനെ തര്‍ജ്ജമ ചെയ്തു "ബാക്കി ഹാത് മേം ബൈഠിയേ " എന്ന് പറഞ്ഞപ്പോള്‍ അയാള്‍ക്ക്‌ തോന്നിയത് എന്താവും.....?                                               
(Note : അത് പറഞ്ഞത് ഞാനല്ല കേട്ടോ)

ദുരവസ്ഥ 
പതിനഞ്ച് വര്‍ഷം മുന്‍പ് നടന്ന ഈ സംഭവത്തില്‍ പ്രതിപാദിക്കുന്ന വ്യക്തിയെ, ഇപ്പൊ കയ്യില്‍ കിട്ടിയാലും ഞാന്‍ രണ്ട് പൂശും.
ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലം.
എഴില്‍ പഠിക്കുന്ന പിള്ളേര്‍ക്ക് സ്കോളര്‍ഷിപ്പ് പരീക്ഷ എന്നൊരു ഏര്‍പ്പാടുണ്ട്‌.
ഇംഗ്ലീഷ്, മലയാളം, കണക്ക് എന്നിവയോടൊപ്പം വിദ്യാര്‍ത്ഥികളുടെ സാമൂഹ്യപരിജ്ഞാനത്തെയും നിഷ്കരുണം ചോദ്യം ചെയ്യും എന്നാണെന്‍റെയോര്‍മ്മ. 

S.S.L.C പരീക്ഷ എഴുതുന്ന ചേട്ടന്മാരുടെ കൂടെയിരുത്തിയാണ് ഈ പരീക്ഷ എഴുതിക്കുന്നത്.
രണ്ട് S.S.L.C ക്കാരുടെ ഇടയില്‍ ഒരു സ്കോളര്‍ഷിപ്പ്കാരന്‍ എന്ന ക്രമത്തിലാണ് ഇരുപ്പ്.

എന്‍റെ തൊട്ട് പുറകിലത്തെ ബഞ്ചിലിരുന്ന ഒരു മഞ്ഞ നിക്കറിട്ട ഗഡിയാണ് കഥാനായകന്‍...പേരോര്‍ക്കുന്നില്ല.
പരീക്ഷാഹാളില്‍ കേറുന്നതിനു മുന്‍പ് തന്നെ, ഇംഗ്ലീഷ് ഗ്രാമര്‍ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കാണിച്ചു കൊടുക്കണമെന്ന് അവന്‍ എന്നോടപേക്ഷിച്ചു. 
പരോപകാരമേ പുണ്യത്തില്‍ വിശ്വസിച്ചിരുന്ന ഞാന്‍ "ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും" എന്നോര്‍ത്ത് അത് സമ്മതിച്ചു.
പരീക്ഷ തുടങ്ങി...ഉടമ്പടി പ്രകാരം ഞാന്‍ അവനെ സഹായിച്ചു, 
ആ ശവി ഫോട്ടോസ്റ്റാറ്റ് മെഷീന്‍ കോപ്പി എടുക്കുന്ന കൃത്യതയോട് കൂടി എല്ലാം പകര്‍ത്തിയെഴുതി..

മലയാളം ചോദ്യങ്ങള്‍ക്കിടയില്‍ ഒരു "ചേരുംപടി ചേര്‍ക്കുക" ഉണ്ടായിരുന്നു.
ഒരു ഭാഗത്ത്‌ കവിതകളും മറുഭാഗത്ത്‌ കവികളും....
അറിയാവുന്ന ചേരുംപടികള്‍ ചേര്‍ത്ത് കഴിഞ്ഞപ്പോള്‍ ഒന്ന് മാത്രം ബാക്കി.
"ദുരവസ്ഥ" എന്ന കവിത ആരെഴുതിയതാണ് എന്നെനിക്കൊരു പിടിയുമില്ല.
അപ്പുറത്ത് കുമാരനാശാനും വള്ളത്തോളും.

കുറേ ആലോചിച്ചിട്ടും പിടി കിട്ടാഞ്ഞപ്പോള്‍ ഞാന്‍ മെല്ലെ തിരിഞ്ഞ് ആ പീതവര്‍ണ്ണ നിക്കര്‍ധാരിയോട് ദുരവസ്ഥ ആരുടെ കൃതിയാണെന്ന് ചോദിച്ചു.
അവന്‍ ഉത്തരം പറഞ്ഞു തന്നില്ലെന്നു മാത്രമല്ല...എന്നെ നോക്കിയത് പോലുമില്ല...
എന്‍റെ ചോദ്യം കേട്ട ഭാവവുമില്ല.....നന്ദി കെട്ടവന്‍.
ഞാന്‍ വീണ്ടും ഒന്ന് ഭാഗ്യം പരീക്ഷിച്ചു "ഡേ..ആരാ ഈ ദുരവസ്ഥ എഴുതിയത്"

കണ്ണിച്ചോരയില്ലാത്ത ആ ഹിമാറ് പറഞ്ഞ മറുപടി ഇതായിരുന്നു. 
"ദുരവസ്ഥ എഴുതിയത് മൈക്കിള്‍ ഫാരഡെ"
ഇത് പറഞ്ഞിട്ട് അവന്‍ എഴുത്ത് തുടര്‍ന്നു.

ഇത് കേട്ട് അവന്‍റെ അടുത്തിരുന്ന S.S.L.C പരീക്ഷയെഴുത്തുകാരന്‍ പരീക്ഷ മറന്ന് പൊട്ടിച്ചിരിച്ചതും, കാരണമന്വേഷിച്ച ടീച്ചര്‍ കാര്യമറിഞ്ഞ് എന്നെ നോക്കി, സാരിത്തുമ്പ് കൊണ്ട്‌ വാ പൊത്തിച്ചിരിച്ചതും ചരിത്രം...
എന്‍റെ ഒരു ദുരവസ്ഥയേ....  
  
/അജ്ഞാതന്‍/